പൗരത്വ ബില്ലിനെ കുറിച്ചും മോദി ഭരണത്തെ കുറിച്ചും അറബ് ലോകം എങ്ങനെ ചിന്തിക്കുന്നു ?

229

ഫാസിൽ ഷാജഹാൻ

പൗരത്വ ബില്ലിന്റെ അറബ് പ്രതിധ്വനികള്‍:

പന്ത്രണ്ടു കൊല്ലമായി ഈജിപ്ഷ്യനായ അറബ് വംശജനാണ് എന്‍റെ മാനേജര്‍. അദ്ദേഹത്തിന്‍റെ മക്കള്‍ ഹിന്ദി പ്രത്യേക വിഷയമായി പഠിക്കുന്നു എന്നു മുമ്പൊരിക്കല്‍ അറിഞ്ഞപ്പോള്‍ വലിയ അത്ഭുതം തോന്നി.

അദ്ദേഹം പറഞ്ഞത് ഇനിയുള്ള ലോകം ഇന്ത്യയുടെയും ചൈനയുടെയും ആയിരിക്കുമെന്നും അറബ് വംശജരിൽ വലിയൊരു വിഭാഗം ഇങ്ങിനെ മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും ചില അറബ് സ്കൂളുകളില്‍ ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്നും ആണ്.

പൊതുവേ ഫ്രഞ്ച് , ഇംഗ്ലീഷ്, ജര്‍മ്മന്‍ ഭാഷകളാണ് ഇത്രയും കാലം വരെയും അവര്‍ പ്രാമുഖ്യം നല്‍കിക്കൊണ്ടിരുന്ന ഭാഷകള്‍.

അതിൽ നിന്നുമുള്ള വലിയ ഒരു വ്യതിചലനത്തിൽ തങ്ങളുടെ വരും തലമുറകളെ ഹിന്ദി പഠിപ്പിക്കണമോ അതോ ചൈനീസ് പഠിപ്പിക്കണമോ എന്ന ആശയക്കുഴപ്പമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ.

എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി മറിയുകയാണ്.

തൊണ്ണൂറുകളുടെ അവസാനത്തോടു കൂടി ലോക ജനതയുടെ മുമ്പിൽ നെഞ്ചു വിരിച്ചു നടക്കാന്‍ ആരംഭിച്ച ഇന്ത്യക്കാരെ അറബ് വംശജര്‍ ഇപ്പോള്‍ കാണുന്നത് പാകിസ്താനിയെയും നേപ്പളിയെയും ശ്രീലങ്കനെയും ബംഗ്ലാദേശുകാരനേയും അഫ്ഗാനിയെയും പോലെത്തന്നെയുള്ള മറ്റൊരു പ്രശ്ന കലുഷിതരാജ്യക്കാരായാണ്.

ഇന്ത്യയെ കുറിച്ച് മൂന്നു നാലു വര്‍ഷങ്ങളായി അറബ് നാടുകളിലെ ടെലിവിഷനുകളിലും പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും വരുന്ന വാര്‍ത്തകളും ചര്‍ച്ചകളും ചിത്രങ്ങളും കാണുമ്പോള്‍ ഏതൊരു ഇന്ത്യക്കാരനും സങ്കടമോ മരവിപ്പോ മാത്രമേ തോന്നൂ.

തൊണ്ണൂറുകളുടെ അവസാനം തൊട്ടു ഒരു ഗ്ലോബലൈസ്ഡ് ഗ്രാമ
സൊസൈറ്റിയായി മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒരു രാജ്യം അറബികളുടെ മുന്നില്‍ ഇപ്പോൾ കുറച്ചു കാലമായി തല താഴ്ത്തി നില്‍പ്പാണ്.

മോഡി അധികാരത്തില്‍ വന്ന ഉടനെ ഉണ്ടായതൊന്നുമല്ല ഈ അവസ്ഥ. മോഡി അധികാരത്തില്‍ ഏറിയ സമയത്ത് അവര്‍ക്കും മോഡി ഒരു ഹീറോ ആയിരുന്നു. അദ്ദേഹത്തിന്‍റെ അറബ് വിദേശ പര്യാടനങ്ങളില്‍ ഇത് കൃത്യമായി പ്രതിഫലിക്കുന്നത് കാണാമായിരുന്നു.

ഇറാനും ഖത്തറും യു എ ഇ യുമടക്കമുള്ള രാജ്യങ്ങളിലെ അറബ് നേതാക്കള്‍ ക്യൂ നിന്നു അദ്ദേഹത്തിനു ചുവന്ന പരവതാനികള്‍ വിരിച്ചു. മില്യന്‍ റിയാലുകളുടെ നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചു. അറബ് മാധ്യമങ്ങള്‍ മത്സരിച്ചു മോഡിയെ വാഴ്ത്തി.

പൊടുന്നനെ നോട്ടു നിരോധന മാറാ രോഗം പിടിപെട്ട ഒരു മഹല്‍ രാജ്യം നാലുകാലില്‍ നിന്നു കുഴഞ്ഞാടി നില്‍ക്കുന്നതു കണ്ടപ്പോഴും അവര്‍ക്കു കാര്യമൊന്നും വ്യക്തമായിരുന്നില്ല. കുറെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പൂട്ടിപ്പോയത് അവര്‍ കണ്ടു എന്നു മാത്രം.

നോട്ടു നിരോധനത്തിന്റെ ഓട്ടയടക്കാന്‍ ഓട്ടപ്പാച്ചില്‍ നടത്തുന്ന മോഡിക്ക് നിലവിൽ പ്രഖ്യാപിക്കപ്പെട്ട അറബ് നിക്ഷേപങ്ങളുടെ കാര്യത്തില്‍ യാതൊരു ഫോളോ അപ്പും നടത്താന്‍ നേരവും കിട്ടാതായതോടു കൂടി എല്ലാ പ്രഖ്യാപനങ്ങളും മുട്ടയില്‍ തന്നെ ചത്തു.

അവിടുന്നങ്ങോട്ട് ഇന്ത്യയില്‍ നിന്നും നിരന്തരം ബഹളങ്ങള്‍ മാത്രമാണ് അവര്‍ക്കു കേള്‍ക്കാന്‍ കഴിഞ്ഞത്.

എങ്കിലും എന്താണു സംഭവിക്കുന്നത്‌ എന്ന് അല്‍പമെങ്കിലും അവര്‍ നേരിട്ട് അറിഞ്ഞു തുടങ്ങിയത് യാതൊരു പ്രൊമോഷനും ഇല്ലാതെ അറബ് ലോകകമാസകലം സ്വയം വളര്‍ന്നു പടര്‍ന്നു പന്തലിച്ചു കൊണ്ടിരുന്ന യോഗയുടെ അഡ്രസിംഗ് ഹിന്ദുത്വ സംഘടകള്‍ ഏറ്റെടുത്തതു മുതലാണ്‌.

ശാസ്ത്രീയവും നാച്ചുറലും ഹെല്‍ത്തിയുമായ ഒരു മെഡിറ്റേഷന്‍ സിസ്റ്റം അങ്ങിനെ കേവലമൊരു മത ആചാരമായി തെറ്റിദ്ധരിക്കപ്പെട്ടു. എത്രയോ യോഗാ സെന്‍ററുകള്‍ പ്രധാന വരുമാനമായ അറബ് കസ്റ്റമേഴ്സിനെ ലഭിക്കാതെ അടച്ചു പൂട്ടി.

ക്ഷേത്രങ്ങളും ചര്‍ച്ചുകളും സിനഗോഗുകളും ഉണ്ടാക്കി ഇന്ത്യയുടെ നാനാത്വത്തെ മാതൃകയാക്കി ഖത്തറും യു എ ഇ യും അടക്കമുള്ള അറബ് രാജ്യങ്ങള്‍ മുന്നോട്ടു കുതിക്കുമ്പോള്‍ അതിനു വിപരീതമായ കഥകളാണ് അവരിപ്പോള്‍ ഇന്ത്യയില്‍ നിന്നും കേള്‍ക്കുന്നത്.

മതമോ ജാതിയോ നിറമോ നോക്കാതെ എണ്‍പത്തി അഞ്ചില്‍ അധികം രാജ്യങ്ങളില്‍ നിന്നും ഉള്ള പൗരന്മാര്‍ ജോലി ചെയ്യുന്ന ജിസിസി രാജ്യങ്ങളില്‍ ഇപ്പോഴുള്ള ചര്‍ച്ച മുഴുവന്‍ ഇന്ത്യയില്‍ നിന്നും മുസ്ലിംകളെ നിഷ്കാസനം ചെയ്യാന്‍ ആരംഭം കുറിച്ചിരിക്കുന്നു എന്നാണ്.

മുസ്ലിം വിരുദ്ധ സ്വഭാവം ഉൾക്കൊള്ളുന്ന ബില്ലിനെതിരായ ആംനസ്റ്റി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ വേദികളുടെയും ഐക്യരാഷ്ട്ര സഭയുടെയും അമേരിക്കയിലെയും യൂറോപ്പിലെയും മുഖ്യധാരാ മാധ്യമങ്ങളിലെയും റിപ്പോർട്ടുകളാണ് അറബ് മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.

ഇന്ത്യയിലെ ടൂറിസം സ്തംഭനത്തിലാണെന്ന് സൗദി ഭരണകൂടം തങ്ങളുടെ പൗരന്മാരെ അറിയിച്ചു കഴിഞ്ഞു.

64 വര്‍ഷം പഴക്കമുള്ള പൗരത്വ നിയമത്തില്‍ മുസ്ലിങ്ങളെ ഒഴിവാക്കി വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഇന്ത്യ എന്നാണ് ഖത്തറിലെ ചാനൽ അല്‍ ജസീറ എഴുതിയത്.

സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന്‌ 57 മുസ്ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഓർഗനൈസേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോ–-ഓപ്പറേഷൻ (ഒഐസി) വ്യക്തമാക്കി.

മനുഷ്യന് തന്റെ മുഖം എന്നതു പോലെയാണ് ഒരു രാഷ്ട്രത്തിന് അതിന്റെ വിദേശ ഇമേജ്. സ്വന്തം രാജ്യത്തെ പൗരന്മാർ തന്നെ ഒരു ഭരണകൂടത്താൽ അരക്ഷിതത്വ ബോധത്തിൽ വീഴുമ്പോൾ ഏതു വിദേശ രാജ്യമാണ് നമുക്ക് റെസ്പക്ട് നൽകുക?

ഈ തിരിച്ചറിവിലാണ് ഗത്യന്തരമില്ലാതെ ബിൽ മുസ്ലിം വിരുദ്ധമല്ലെന്ന് ഒ.ഐ.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളെ ബോധ്യപ്പെടുത്താൻ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ ശ്രമം തുടങ്ങിയത്. അതെത്ര കണ്ടു വിജയിക്കും എന്നത് കണ്ടറിയുക തന്നെ വേണം.

 

Advertisements