നമ്മുടെ ഫേസ്ബുക് പോസ്റ്റ്‌ അപ്ഡേറ്റുകള്‍ ഇരുപത്തിയഞ്ചു പേരില്‍ ഫെസ്ബുക്കി ഒതുക്കി കളയുന്നുണ്ടോ ? ഇതിലെ സത്യം എന്താണ്? 

0
289

ഫാസിൽ ഷാജഹാൻ എഴുതുന്നു

ഫേസ്ബുക്ക് ആല്‍ഗരിതവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ആദ്യമൊക്കെ അവഗണിച്ചിരുന്നു. എങ്കിലും അതിന്‍റെ പ്രളയ പ്രവാഹം കണ്ടതു കൊണ്ടു വളരെ വ്യക്തമായി ചിലകാര്യങ്ങള്‍ പറഞ്ഞു തരാം. എന്തെങ്കിലുമൊക്കെ പരസ്പരം മിണ്ടിയില്ലെങ്കിൽ നമ്മുടെ പ്രൊഫൈൽ കാഴ്ച 26 പേരിൽ ഫേസ്ബുക്ക് ഒതുക്കിക്കളയും എന്നതാണ് ഇപ്പോൾ പരന്നു കൊണ്ടിരിക്കുന്ന കഥയും ആകെ മൊത്തം ടോട്ടൽ ചുരുക്കം. സത്യവും അസത്യവും ഉള്‍ക്കൊള്ളിച്ച ഈ ആരോപണം ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള ഒന്നാണ്. ഖബറടക്കം കഴിഞ്ഞ വിഷയമാണ് ഇപ്പോള്‍ പലരും തോണ്ടിയെടുത്തു ജോളിയാക്കുന്നത്.

എന്താണ് ഇതിലെ സത്യമെന്നും അസത്യമെന്നും ആദ്യമേ വേര്‍തിരിച്ചു പറഞ്ഞു തരാം. അസത്യം ഇതാണ്, നമ്മുടെ പോസ്റ്റ്‌ അപ്ഡേറ്റുകള്‍ ഇരുപത്തി അഞ്ചോ ഇരുപത്തി ആറോ പേരില്‍ ഫെസ്ബുക്കി ഒതുക്കി കളയുന്നു. ഇനി ഇതിലെ സത്യം എന്താണ്?  ഫേസ്ബുക്ക് അങ്ങിനെ നമ്മളെ ഒതുക്കുന്നുണ്ട്. അതുപക്ഷേ നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്ന രീതിയിലല്ല. ഫേസ്ബുക്ക് മാത്രമല്ല, ഗൂഗിളും ഇൻസ്റ്റാഗ്രാമും തുടങ്ങി ഒട്ടു മിക്ക ഓണ്‍ലൈന്‍ രാജാക്കന്മാരും ഇതേ വഴിയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. എന്തിനാണ് അവരിങ്ങനെ ചെയ്യുന്നത് എന്ന് പറയാം. ഇത്തരം വേദികള്‍ എല്ലാം തന്നെ നമുക്ക് ഉപയോഗപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായി ഇതെല്ലാം ബിസിനെസ്സ് ആണ്. പ്രോഫിറ്റ് ഇല്ലാതെ എന്തു ബിസിനസ്?  അതിനു വേണ്ടി പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചു, ഒരേ അഭിരുചിയുള്ള ആളുകളെ ഒന്നിച്ചു കൂട്ടുന്ന ക്ലോസ്ഡ് സര്‍ക്യൂട്ടുകള്‍ ഇവര്‍ ഉണ്ടാക്കി തുടങ്ങി.

ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം ഒരു പിസ്സ കഴിക്കുന്ന ഫോട്ടോ ഞാന്‍ ഇടുന്നു. അതില്‍ നൂറു കമന്റുകള്‍ വരുന്നു. ഒരു മാസം കഴിഞ്ഞു ഞാന്‍ ഒരു ഷവര്‍മ കഴിക്കുന്ന ഫോട്ടോ ഇടുന്നു. അതിലും നിരവധി കമന്റുകള്‍ വരുന്നു… ഞാന്‍ ഇതു തന്നെ ആവര്‍ത്തിക്കുന്നു. അപ്പോള്‍ ആല്‍ഗരിത സോഫ്റ്റ്‌വെയറിന് എന്തൊക്കെ മനസ്സിലാകും? ഞാനൊരു ഭക്ഷണ പ്രിയനാണ്. അതില്‍ സ്ഥിരമായി കമന്റ് ഇടുന്നവരും ഭക്ഷണ പ്രിയരാണ്. അതോടു കൂടി നമ്മെ ആ സോഫ്റ്റ്‌വെയര്‍ ഒരു ക്ലോസ്ഡ് സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തും. അതോടു കൂടി ഞാനെപ്പോള്‍ ഭക്ഷണത്തിന്റെ വിശേഷം ഇട്ടാലും അത് ഭക്ഷണ പ്രിയരുടെ വാളിലും കാണിക്കും. ഇനി ഇതില്‍ എവിടെയാണ് ബിസിനെസ്സ്?

പറയാം… ഈ ക്ലോസ്ഡ് സര്‍ക്യൂട്ടില്‍ ഉള്ളവരുടെയെല്ലാം ഫേസ്ബുക്കില്‍ വരുന്ന പരസ്യങ്ങളില്‍ ഒട്ടു മിക്കതും ഭക്ഷണവുമായി ബന്ധപ്പെട്ടവയോ റെസ്റ്റോറന്റുകളുമായി ബന്ധപ്പെട്ടവയോ ആയിരിക്കും. അതിനാല്‍ തന്നെ പരസ്യം നല്‍കിയവര്‍ക്ക് കൂടുതല്‍ ക്ലിക്ക് ബൈറ്റുകള്‍ അഥവാ ഹിറ്റ്‌സുകള്‍ ലഭിക്കും.

ചുരുക്കത്തില്‍ ഒരേ അഭിരുചിക്കാരുടെ കോടാനു കോടി ക്ലോസ്ഡ് സര്‍ക്യൂട്ടുകളാണ് എല്ലാ ഓൺലൈൻ രാജാക്കന്മാരുടെയും ബിസിനസ്. ഫേസ്ബുക്ക് ഇതിലേയ്ക്ക് സീരിയസ്സായി കാലെടുത്തു വെക്കാന്‍ തുടങ്ങിയത് 2017 ഓടു കൂടിയാണ്.
നമ്മുടെ പൌരത്വ ബില്ലിന്‍റെ കാര്യം തന്നെ എടുക്കാം. അതിനെ അനുകൂലിക്കുന്നവര്‍ അതിനെ അനുകൂലിക്കുന്നവരെ ആണ് കൂടുതലും കാണുക. എതിര്‍ക്കുന്നവര്‍ എതിര്‍ക്കുന്നവരെയും. എന്നു വെച്ചു രണ്ടും കാണുന്നവർ ഇല്ല എന്ന് ഇപ്പറഞ്ഞതിന് അർത്ഥമില്ല.
എന്റെ കാര്യം തന്നെ എടുക്കുക. കഴിഞ്ഞ ദിവസത്തെ ഒരു പോസ്റ്റില്‍ എനിക്കു കിട്ടിയത് 985 കമന്‍റുകള്‍ ആണ്. പിറ്റേ ദിവസം ഇട്ടതിനു കിട്ടിയത് 30 കമന്‍റും. ഇതില്‍ നിന്നും എന്താണ് മനസ്സിലാവുന്നത്?

വെറും കുത്തും കോമയും കലക്റ്റ് ചെയ്തതു കൊണ്ടു മാത്രം കൂടുതല്‍ ആളുകളുടെ വാളിലെയ്ക്ക് നമ്മുടെ പോസ്റ്റുകള്‍ എത്തില്ല. അതിന്റെ പിറകില്‍ ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. മ്യൂച്ച്വല്‍ ഫ്രണ്ട് ലിസ്റ്റ് ഒരു പ്രധാന ഘടകമാണ്. ഓണ്‍ലൈനില്‍ വളരെ ആക്റ്റീവ് ആയ ഫ്രണ്ട്സ് ആണ് നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളത് എങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്കും ലഭിക്കും. അവര്‍ നമ്മുടെ വാളില്‍ മാത്രമാണ് കമന്റും ലൈക്കും ഷെയറും തരുന്നുള്ളൂ എങ്കില്‍ അതിനെ കൊണ്ടു വലിയ കാര്യമില്ല. എല്ലായിടത്തും പാഞ്ഞെത്തുന്ന കുട്ടിക്കരങ്ങൻമാരോടാണ് ഓണ്‍ലൈന്‍ രാജാക്കന്മാര്‍ക്ക് കമ്പം.

മറ്റൊരു ഘടകം നമ്മള്‍ സ്വയം തന്നെ നമ്മെ എത്ര ആക്റ്റീവ് ആക്കി നിറുത്തുന്നു എന്നതാണ്. നാം സ്ഥിരമായി പോസ്റ്റ്‌ ഇടുന്നവര്‍ ആണോ? നാം സ്ഥിരമായി നമ്മുടെ സൗഹൃദ ലിസ്റ്റില്‍ ഉള്ളവരോട് ചാറ്റ് ചെയ്യുന്നവരാണോ? സ്ഥിരമായി കമന്ടും ലൈക്കും ഷെയറും ഒക്കെ ചെയ്യുന്നവരാണോ? ഇതാണ് മറ്റുള്ളവരുടെ വാളില്‍ നമ്മളെ കാണിക്കാന്‍ മാനദണ്ഡമാക്കുന്ന മറ്റൊരു ഘടകം. ഇവിടെയും ഓണ്‍ലൈന്‍ കിങ്ങ്സ് നോക്കുന്നത് സജീവന്മാരെ ആണ്.

ചിലര്‍ നമ്മുടെ സുഹൃത്തുക്കള്‍ ആയിരിക്കില്ല. പക്ഷെ അവരുടെ പോസ്റ്റ്‌ നമ്മുടെ വാളില്‍ വരുന്നത് കാണാം. അതിനു കാരണം നമ്മുടെ മ്യൂച്ച്വല്‍ ഫ്രണ്ട്സില്‍ പെട്ട നിരവധി പേര്‍ അയാളുടെ വാളില്‍ സജീവന്മാര്‍ ആണ് എന്നുള്ളതാണ്. എന്നാല്‍ ഈ ആല്‍ഗരിതം നൂറു ശതമാനം ശരിയായാണോ പ്രവര്‍ത്തിക്കുന്നത്? അല്ലേയല്ല. അതുകൊണ്ടാണ് നിരന്തര ബന്ധം ഉള്ളവരുടെ പോലും, അവര്‍ നമ്മുടെ സീ ഫസ്റ്റിലും ക്ലോസ് ഫ്രണ്ട് ലിസ്റ്റിലും ഫോളോവിങ്ങിലും ഉണ്ടായിട്ടു പോലും ചിലപ്പോള്‍ നമുക്ക് നോട്ടിഫിക്കേഷനുകള്‍ ലഭിക്കാത്തത്. ഇക്കാര്യത്തില്‍ ഈയിടെയായി ഫേസ്ബുക്ക് തികഞ്ഞ അബദ്ധമാണ്.

ഇനി നമ്മുടെ പോസ്റ്റുകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയും കൂടുതല്‍ പേരുടെ വാളുകളില്‍ കാണാന്‍ വേണ്ടിയും കുത്തും കോമയും കളക്റ്റ് ചെയ്യാനായി ഓടിപ്പായുന്നത് കൊണ്ടു വല്ല ഗുണവും ഉണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്. അതുവരെയും മിണ്ടാതിരുന്നവര്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് കാണുമ്പോള്‍ ആല്‍ഗരിത സോഫ്റ്റ്‌വെയര്‍ അവരെ സജീവന്മാരായി തെറ്റിദ്ധരിക്കും. കുറച്ചൊക്കെ ഉണര്‍വ്വ് നമ്മുടെ വാളിനു ഉണ്ടാവും. പക്ഷേ അത് സ്ഥായിയല്ല. ഇനിയും കൂടുതല്‍ അറിയണം എന്നുള്ളവര്‍ക്ക് കഴിഞ്ഞ വര്ഷം ഞാന്‍ എഴുതിയ പോസ്റ്റ്‌ ആദ്യ കമന്റില്‍ കാണാം

പ്രത്യേക ശ്രദ്ധക്ക് : സാധാരണക്കാർക്കു പോലും മനസ്സിലാവുന്നതിനു വേണ്ടി സാങ്കേതിക സങ്കേതങ്ങൾ പരമാവധി ഒഴിവാക്കി എഴുതിയ എഴുത്താണ് ഇത്. കൃത്യമായ വിവരങ്ങൾക്ക് ഗൂഗിൾ അമ്മായിയെ സമീപിക്കുക