നമ്മുടെ നാടിന്‍റെ ശൈലിയില്‍ പ്രതീക്ഷിക്കുന്നതു കൊണ്ടാണ് ഇവിടെയുള്ള വിവരങ്ങള്‍ അത്രയും സുതാര്യതയില്‍ നമുക്കു ലഭിക്കാത്തത്

44

ഫാസിൽ ഷാജഹാൻ

സുഹൃത്തുക്കളെ, ഖത്തറുമായി ബന്ധപ്പെട്ടു വളരെ നല്ല വാര്‍ത്തകള്‍ ആണ് അറിയാന്‍ കഴിയുന്നത്. ഒരു തരത്തിലുമുള്ള ഭയത്തിന്‍റെയും ആവശ്യമില്ല.കൃത്യമായ മോണിറ്ററിങും ഫോളോഅപ്പും ഡിറ്റക്ഷനും വ്യക്തികളുടെ കോണ്ടാക്ട് റൂട്ട് മാപ്പ് തയ്യാറാക്കലും കറക്റ്റീവ് ആക്ഷനും നാമറിയാതെ തന്നെ നടക്കുന്നുണ്ട്. ഈ മാസം കഴിയുന്നതോടു കൂടി ശുഭവാര്‍ത്തകള്‍ നമുക്കു കേട്ടു തുടങ്ങാനാവും.
അടഞ്ഞിരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയ ഉടനെ തുറക്കും. രോഗവ്യാപനത്തിന്‍റെ മുഖ്യ സോഴ്സ് വിമാന യാത്ര ആയതിനാല്‍ വിമാന സര്‍വ്വീസുകള്‍ എന്ന് ആരംഭിക്കും എന്നത് ഇപ്പോള്‍ പറയാന്‍ പറ്റില്ല.

ഏതെങ്കിലും ഒരു പ്രദേശത്തോ ഷോപ്പിങ് മാളിലോ മറ്റേതെങ്കിലും സ്ഥാപത്തിലോ കൊറോണ ബാധിച്ചവരുടെ സാന്നിധ്യം ബോധ്യപ്പെട്ടാല്‍ അതു പരിപൂര്‍ണ്ണമായും ക്ലോസ് ചെയ്തു ഫ്യൂമിഗേഷനു വിധേയമാക്കുന്നുണ്ട്. പരിസരത്തെ റോഡുകള്‍ അടക്കം. കൂടുതല്‍ പേര്‍ അടങ്ങുന്ന താമസ സ്ഥലങ്ങള്‍ ഡിവൈഡ് ചെയ്യുകയും മാറ്റി പാര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. വിദേശി എന്നോ സ്വദേശി എന്നോ വ്യത്യാസമില്ലാതെ തന്നെയാണ് ഈ മാറ്റി പാര്‍പ്പിക്കലുകള്‍ ഒരുക്കിയിരിക്കുന്നത്.തീർച്ചയായും ഇതൊന്നും ഒരൊറ്റ രാത്രി പുലരുന്നതിനിടയിൽ ചെയ്ത കാര്യങ്ങളല്ല. ഇനിയും പൂർത്തിയാകാനുമുണ്ട്.

എടുത്തു പറയട്ടെ, ഏതാണ്ട് ഇതേ നല്ല വാര്‍ത്തകള്‍ തന്നെയാണ് എല്ലാ ജിസിസികളില്‍ നിന്നും വരാനിരിക്കുന്നത്.കേരളത്തിലേതിനു സമാനമായ രീതിയിലല്ല ഗള്‍ഫ് നാടുകളില്‍ കൊറോണ വ്യാപനം കണ്ടെത്തലും ചികില്‍സയും ഒന്നും നടക്കുന്നത്. ഗൾഫു നാടുകളിൽ വ്യക്തിരഹസ്യങ്ങള്‍ ഒരു തരത്തിലും പുറത്തു വിടുന്നില്ല. സ്വയം ആര്‍ക്കെങ്കിലും വെളിപ്പെടുത്തണം എന്നുണ്ടെങ്കില്‍ വെളിപ്പെടുത്താം എന്നേയുള്ളൂ.എങ്കില്‍ തന്നെയും പോസിറ്റീവ് ആയ കാര്യങ്ങള്‍ അല്ലാതെ മറ്റൊന്നും വെളിപ്പെടുത്താന്‍ ആര്‍ക്കും അനുവാദമില്ല. ഗൾഫു രാജ്യങ്ങളുടെ ക്രൈസിസ് മാനേജ്മെന്‍റിന്റെ ശൈലി അങ്ങിനെയാണ്.

അതിനെ നമ്മുടെ നാടിന്‍റെ ശൈലിയില്‍ പ്രതീക്ഷിക്കുന്നതു കൊണ്ടാണ് ഇവിടെയുള്ള വിവരങ്ങള്‍ അത്രയും സുതാര്യതയില്‍ നമുക്കു ലഭിക്കാത്തത്. പക്ഷേ ബഹറൈന്‍ ആയാലും സൌദി ആയാലും ദുബായ് ആയാലും കുവൈത്ത് ആയാലും ഖത്തര്‍ ആയാലും ഒമാൻ ആയാലും ഭയപ്പെടാനില്ല. നിലവിലെ കാലതാമസങ്ങളും പ്രയാസങ്ങളും ഏതൊരു പാന്‍ഡമിക് അതിരോഗവ്യാപന ഘട്ടത്തിലും ഏതൊരു രാജ്യത്തും സംഭവിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ്. ലോകത്തിലെ ഒരു രാജ്യവും അതിൽ നിന്നും മുക്തമല്ല.

കൊറോണ വിഷയത്തില്‍ രോഗം ലോകം മുഴുവനുമായതു കൊണ്ടു പണം കൊടുത്താലും ചികില്‍സാ സംവിധാനങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. അതു മാസ്ക് ആയാലും ബെഡ് ആയാലും അവിടുന്നങ്ങോട്ട് ഏതൊരു മെറ്റീരിയല്‍സ് ആയാലും. അവ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങള്‍ തന്നെ അവരുടെ സ്വന്തം ആവശ്യത്തിനായി ഇത്തരം സാധനങ്ങളുടെ കയറ്റുമതി സപ്ലൈ കുറച്ചിട്ടുണ്ട്. എങ്കില്‍ തന്നെയും അതിനെ മറികടക്കാന്‍ ജിസിസികള്‍ക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്. രോഗവ്യാപനവുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ ഓരോ ദിവസവും പുറത്തു വിടുന്നതിന്റെ അടിസ്ഥാനം പുതിയ പുതിയ കൊറോണ രോഗികള്‍ ഉണ്ടാകുന്നു എന്നതല്ല. മറിച്ച് വിവിധ കാര്യങ്ങള്‍ മുന്‍നിറുത്തിയും ജനങ്ങളുടെ മാനസികാവസ്ഥ കണക്കിലെടുത്തും അവ പുറത്തു വിടുന്നു എന്നേയുള്ളൂ. ഏതൊരു നല്ല ഭരണാധികാരിയുടെയും ചുമതല ഒരു പ്രശ്നത്തെ നേരിടുന്നതോടൊപ്പം ജനങ്ങളുടെ പരിഭ്രാന്തി ഒഴിവാക്കുക എന്നതും കൂടിയാണ്.

കേരളത്തില്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം അതിനാല്‍ തന്നെ ലോകത്തിന് തന്നെ മാതൃകയാണ്. ക്രൈസിസ് മാനേജ്മെന്‍റിന്‍റെ പ്രവര്‍ത്തന മേഖലകളില്‍ പബ്ലിക് പാനിക്നെസ്സ് ഒഴിവാക്കുക എന്നത് ഒരു പ്രധാന ദൌത്യമാണ്. ഇതിന് വിവിധ ജിസിസികള്‍ക്ക് വിവിധ രൂപങ്ങള്‍ ഉണ്ട്. അതിനെ ബേസ് ചെയ്തു മാത്രമേ ഓരോ വാര്‍ത്തയും അവര്‍ പൊതുജനത്തിനായി പുറത്തു വിടുന്നുള്ളൂ.
അതിനാല്‍ ഭയപ്പെടാതിരിക്കുക. ഈ രോഗാവസ്ഥയെ നാം മറികടക്കുക തന്നെ ചെയ്യും. അതും അതിവിദൂരമല്ലാത്ത ഭാവിയില്‍. അടുത്ത മാസം പകുതി കൊണ്ടു തന്നെ.

സാമ്പത്തികവും വ്യാവസായികവും തൊഴില്‍പരവുമായ തകര്‍ച്ചകള്‍ തീര്‍ച്ചയായും ലോകത്തെ ഓരോ രാജ്യവും നേരിടേണ്ടി വരും. കാരണം ലോക് ഡൌണ്‍ ലോകത്തെ തന്നെ മരവിപ്പിച്ചിട്ടുണ്ട്. ഒട്ടും ശീലമില്ലാത്ത ഗൃഹത്തടവ് മാനസികമായും സാമ്പത്തികമായും ശരിക്കും അസ്വസ്ഥത ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്. ശമ്പളം മുടങ്ങലും നിര്‍ബന്ധിത അവധി നല്‍കലും പിരിച്ചു വിടലുകളും എല്ലാം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടിയാല്‍ ഒരു മാസം കൂടിയേ ലോകത്തിന് ഇതൊക്കെയും താങ്ങാന്‍ കഴിയൂ. അതു എന്നെയും നിങ്ങളെയും തൊട്ടു തലോടി പോവുക തന്നെ ചെയ്യും. നമ്മുടെ കീശ കാലിയാകും.

എന്നിരുന്നാലും ഇപ്പോള്‍ നമ്മുടെ മുമ്പിലെ പ്രധാന പ്രശ്നം കൊറോണയാണ്. ആ വിഷയത്തില്‍ ഭയപ്പെടാതിരിക്കുക. നമ്മുടെ ജാഗ്രത തുടരുക. സോഷ്യല്‍ ഡിസ്റ്റന്‍സിങും സ്റ്റേ അറ്റ് ഹോമും സസ്പെക്റ്റഡ് കേസുകളിലെ ക്വാറന്റ്റയിനും തന്നെയാണ് കൊറോണ പ്രതിരോധത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. പിന്നെ വിമാന യാത്രാ നിരോധനവും കൊറോണ രോഗികളെ കണ്ടെത്തലും ചികില്‍സകളും. ഒരു മാസം കൊണ്ടു നമുക്കു ഈ രോഗത്തെ അതിജീവിച്ചേ പറ്റൂ. ബാക്കിയെല്ലാം പിന്നീടു മാത്രം ശരിയാക്കിയെടുക്കാനാവുന്ന കാര്യങ്ങളാണ്. നിലവിലെ രീതിയില്‍ തുടര്‍ന്നാല്‍ മാത്രം മതി, നാം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും. ഒരു മാസം കൊണ്ട് !