പ്രസവം കൊണ്ടു രണ്ടു മതത്തിൽ ജനിച്ചു പോയി എന്ന ഒരൊറ്റ കാരണത്തിൽ വെറുപ്പിന്റെ ഐഡിയോളജിയെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കളോടു സഹതാപമുണ്ട്

121
ഫാസിൽ ഷാജഹാൻ
പ്രസവം കൊണ്ടു രണ്ടു മതത്തിൽ ജനിച്ചു പോയി എന്ന ഒരൊറ്റ കാരണത്തിന്റെ പേരിൽ, ഒരു രാജ്യം ഇതുവരെയും നേടിയ എല്ലാ തരത്തിലുമുള്ള നൻമയെയും ഇല്ലാതാക്കുന്ന വെറുപ്പിന്റെ ഐഡിയോളജിയെ സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കളോടു സഹതാപമുണ്ട്.
നിങ്ങൾക്കെന്താണ് സംഭവിച്ചത്? നിങ്ങളിതുവരെയും സംവദിച്ചിരുന്നവരുടെ മുഖമൊന്ന് ഓർത്തു നോക്കൂ..
ആണുങ്ങൾ…
പെണ്ണുങ്ങൾ..
സുഹൃത്തുക്കൾ..
നാട്ടുകാർ..
സഹ തൊഴിലർ..
അയൽവാസികൾ..
സഹവർത്തികൾ..
നാളിതുവരെയും അവരും ഇവരും നിങ്ങളും സഹകരിച്ച ജീവിത മേഖലകൾ വെറുതെയൊന്നു സങ്കൽപ്പിച്ചു നോക്കൂ..
മനുഷ്യരെന്ന ഒരൊറ്റ മുഖത്തിൽ ഇത്രയും കാലവും ആമുഖങ്ങളില്ലാതെ പരസ്പപരം പുഞ്ചിരിച്ചവർ !
എത്രയെത്ര കാരുണ്യ പ്രവർത്തനങ്ങളിൽ നാം കൈകോർത്തിരിക്കുന്നു!
ആരോടെല്ലാം ജാഗ്രതയില്ലാതെ നമ്മൾ മിണ്ടിയിരിക്കുന്നു!
എങ്ങിനെയാണ് നേരമിരുട്ടി പുലർന്നപ്പോൾ ഉണ്ടായ ഒരു നിയമത്തിന്റെ പേരിൽ ഒരു വലിയ മറവിയുടെ ആഴക്കടലിലേയ്ക്കു നിങ്ങൾ ആണ്ടു പോയത്?
സ്വയം നഷ്ടപ്പെടുത്തിക്കൊണ്ട്, ഇത്രയും നാൾ നാം അനുഭവിച്ച സുന്ദരമായ പാരസ്പര്യം വേണ്ടെന്നു വെച്ചു കൊണ്ട്, ആർക്കു വേണ്ടിയാണ് നിങ്ങൾ പണിയെടുക്കുന്നത്?
സ്നേഹത്തിന്റെയും സഹവർത്തിത്തത്തിന്റെയും ഒരുമയുടെയും കൂട്ടായ്മകളുടെയും ഭാഷ മറന്ന് വെറുപ്പിന്റെ പ്രത്യയശാസ്ത്രം എങ്ങിനെയാണ് നിങ്ങൾക്ക് അഭികാമ്യമാകുന്നത്?
ഒരു ജനസമൂഹത്തെ യോജിപ്പിക്കുകയും ചേർത്തു പിടിക്കുകയും ആത്മവിശ്വാസപ്പെടുത്തുകയും ചെയ്യുന്ന വാക്കുകളും അസ്ഥിരപ്പെടുത്തുകയും ആശങ്കയിലകപ്പെടുത്തുകയും ചെയ്യുന്ന വാക്കുകളും തമ്മിലുള്ള അന്തരം മനസ്സിലാക്കാനുള്ള ശേഷി എങ്ങിനെയാണ് നിങ്ങൾക്ക് അന്യമായിപ്പോയത്?
ആരെയൊക്കെ നഷ്ടപ്പെടുത്തിയാണ് നിങ്ങൾ മറ്റേതോ ഒരു സ്വപ്ന ലോകത്തെ വിഭാവനം ചെയ്യുന്നത് എന്ന് ഓർത്തു നോക്കിയിട്ടുണ്ടോ?
കൂടെ പഠിച്ചവർ..
പ്രണയിച്ചവർ..
ഒരുമിച്ചു കളിച്ചവർ..
ഒന്നിച്ചു യാത്ര ചെയ്തവർ..
ഒരേ ദുഃഖത്തിൽ, ഒരേ സന്തോഷത്തിൽ, ഒരേ വിഷമസന്ധിയിൽ അറിഞ്ഞോ അറിയാതെയോ കൈകോർത്തവർ..
ഒരു സിനിമ എടുത്തു നോക്കൂ, അതിലാരൊക്കെയാണ് ഉള്ളത്? എതെങ്കിലുമൊരു പാട്ട് എടുത്തു നോക്കൂ, അതിന്റെ രചയിതാവും കമ്പോസറും മിക്സറും സിംഗറും ആരൊക്കെയാണ്?
നിങ്ങളുടെ മകളുടെ വിവാഹത്തിന്, നിങ്ങളുടെ വീടിന്റെ പാലു കാച്ചിലിന്, നിങ്ങളോടൊപ്പം തീസീസുകൾ പ്രിപ്പയർ ചെയ്തതിന്, യുവജനോൽസവങ്ങൾക്ക്, എല്ലാം എല്ലാം എല്ലാവരുമുണ്ടായിരുന്നു.
ആരൊക്കെയോ നമ്മെ നമ്മളല്ലാതാക്കി മാറ്റുമ്പോൾ നമുക്കെന്താണ് പകരം കിട്ടുന്നത്?
“നമ്മൾ” എന്ന അസ്തിതിത്വം ഇല്ലാതാക്കി നാമെന്തു നേടിയാലും അതുകൊണ്ടു എന്തു കിട്ടുമെന്നാണ് നിങ്ങൾ സ്വപ്നം കാണുന്നത്?
കുറേ നിലവിളികൾ..
എവിടെയൊക്കെയോ ചിന്തിയ ചോരകൾ…
അപ്രമാദിത്യങ്ങൾ..
അന്യതകൾ…
പരസ്പരമറിയാതെ പോകുന്ന കുറേ നൊമ്പരങ്ങൾ…കണ്ണുനീരുകൾ.. അലച്ചിലുകൾ.. വേർപെടലുകൾ…
ഒരു രോഗം വന്നാൽ, കടം വന്നാൽ, ഒരു ജോബ് ട്രാൻസ്ഫഫർ ആവശ്യമെന്നു വന്നാൽ, ഒരു അങ്ങാടിയിൽ പോയി കുറച്ചു നേരം വർത്തമാനം പറഞ്ഞിരിക്കണമെന്നു തോന്നിയാൽ, ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനും ചന്തയ്ക്കുംക്കും ഉൽസവത്തിനും പുസ്തകമേളയ്ക്കും ഒരുമിക്കണമെന്നു തോന്നിയാൽ നമുക്കൊക്കെ വേണ്ടത് നമ്മൾ തന്നെയാണ്.
ആർക്കോ വേണ്ടി നമ്മൾ പരസ്പപരം അൺ ഫ്രണ്ട് ചെയ്യുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും ബ്ലോക്കുകയാണ്. എന്നും മിണ്ടിയവരുമായി സംശയത്തിലാവുകയാണ്. അന്യോന്യം നിരീക്ഷണത്തിലകപ്പെടുകയാണ്.
നാമല്ലാത്ത മറ്റാരോ ആസ്വദിക്കാൻ പോകുന്ന സന്തോഷമാണ് ഓരോ വിഭജനവുമെന്ന് മനസ്സിലാക്കുക. ഈ വിഭജനത്തെ വെറുമൊരു “രാഷ്ട്രീയമായി” നിസ്സാരമാക്കാതിരിക്കുക.
ആർക്കു വേണ്ടിയാണ് നാം ദ്വീപുകളായി മാറുന്നത് എന്ന് ചിന്തിച്ചു നോക്കുക.
ജീവിതത്തിലെ നിറങ്ങളും വർണ്ണ വസന്തങ്ങളും അത്യാവശ്യങ്ങളും മാറ്റി വെച്ച് ഒരു കൂട്ടം ജനങ്ങൾ തെരുവിൽ അലമുറയിടുന്നത് എന്തിനാണെന്ന് അന്വേഷിക്കുക.
നമുക്കു വേണ്ടത് ചേർത്തു പിടിക്കാൻ പ്രേരിപ്പിക്കുന്ന ഐഡിയോളജികളാണ്. ഇടപഴകാനും ഐക്യപ്പെടാനും ഒരുമിച്ചു മുന്നേറാനും പ്രചോദനമേകുന്ന സംവിധാനങ്ങളാണ്. ഞാനെന്നും നീയെന്നും ഇവരെന്നും അവരെന്നും ചൂണ്ടിക്കാണിക്കുന്നതിനു പകരം നമ്മൾ എന്നു അനുഭവിപ്പിക്കുന്ന ചിന്താധാരകളാണ്.
നാമമാത്രമായ ഒരായുസ്സിൽ വെറുപ്പിന്റെ, അകൽച്ചയുടെ, അപ്രമാദിത്യത്തിന്റെ വാഹകരാവണോ അതോ സ്നേഹത്തിന്റെയും ആർദ്രതയുടെയും വാൽസല്യത്തിന്റെയും വക്താക്കളാകണോ എന്ന് തീരുമാനിക്കേണ്ടത് അവരവർ തന്നെയാണ്.
സ്നേഹപൂർവ്വം
ഫാസിൽ ഷാജഹാൻ