പരിഹരിക്കാന്‍ കഴിയില്ലെന്നു തോന്നിയൊരു വിഷയം മറ്റൊരാളുടെ ഇടപെടല്‍ മൂലം ലളിതമായി പരിഹരിക്കപ്പെട്ടേക്കാം

370

Fasil Shajahan

ഇടപെടണം

ഒരു വൃദ്ധന്‍ മരണപ്പെട്ടു. അദ്ദേഹം എഴുതിവെച്ച മരണ പത്രം മക്കള്‍ വായിച്ചു. ആകെയുള്ള സ്വത്തിന്‍റെ നേര്‍ പകുതി മൂത്ത മകന്. അതിന്‍റെ പകുതി രണ്ടാമത്തെ മകന്. അതിന്റേയും പകുതി മൂന്നാമത്തെ മകന്.

ഏഴു ഒട്ടകങ്ങള്‍ മാത്രമായിരുന്നു സ്വത്തായി ബാക്കി ഉണ്ടായിരുന്നത്. അതിനെ എങ്ങിനെ പകുത്തെടുക്കും?

അങ്ങിനെ അവര്‍ ദരിദ്രനായ ഒരു പണ്ഡിതനെ സമീപിച്ചു. പരിഹാരമായി അദ്ദേഹത്തിനു ആകെയുണ്ടായിരുന്ന ഒരു ഒട്ടകം അദ്ദേഹം അവര്‍ക്കു നല്‍കി. അങ്ങിനെ എട്ടു ഒട്ടകമായി.

അതില്‍ നാലെണ്ണം മൂത്ത മകന്‍ എടുത്തു. അതിന്റെ പകുതിയായ രണ്ടു ഒട്ടകം രണ്ടാമത്തെ മകനു ലഭിച്ചു. അതിന്റെയും പകുതി, അതായത് ഒരു ഒട്ടകം മൂന്നാമത്തെ മകനും ലഭിച്ചു. പിന്നെയും ബാക്കിയായ ഒരു ഒട്ടകത്തെ ആ പണ്ഡിതനു തന്നെ തിരികെ ലഭിച്ചു.

പരിഹരിക്കാന്‍ കഴിയില്ല എന്നു തോന്നിയ ഒരു വിഷയം മറ്റൊരാളുടെ ഇടപെടല്‍ മൂലം എത്ര ലളിതമായി പരിഹരിക്കപ്പെട്ടു എന്നു കാണിക്കാനാണ് ഇക്കഥ ഇവിടെ പറഞ്ഞത്!

ഇക്കഥയ്ക്കു നമ്മുടെ ജീവിതവുമായി നല്ല ബന്ധമുണ്ട്. നിനച്ചിരിക്കാതെയാണ്‌ ഓരോരോ പ്രശ്നങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഇടിത്തീ പോലെ വന്നു വീഴുന്നത്. റോഡ്‌ ആക്സിഡന്റ് ഒക്കെ സംഭവിക്കുന്നതു പോലെ!

എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങിപ്പോകുന്ന നിമിഷങ്ങള്‍ ആണവ.

അപ്പോൾ അതുവരെ തോന്നാതിരുന്ന ഒരു ഒറ്റപ്പെടല്‍ നാം അനുഭവിച്ചേക്കാം. ക്ഷണിക്കാത്ത അതിഥിയായി ഡിപ്രഷൻ നമ്മെ കീഴടക്കി കളഞ്ഞേയ്ക്കാം. മറ്റൊരാളോടു മനസ്സ് തുറക്കാന്‍ ആഗ്രഹിച്ചാലും ഈ ലോകത്തോടു തന്നെ നമുക്ക് അവിശ്വാസം തോന്നാം.

നാലാളറിഞ്ഞാല്‍ നഷ്ടപ്പെടുന്ന മാനത്തെ കുറിച്ചു നാം വ്യാകുലരായേക്കാം. മനസ്സു തുറന്നാൽ ഉപകാരത്തിനു പകരം അതു പാരയാകുനതിനെ കുറിച്ചു ഭയപ്പെട്ടേക്കാം…

വല്ലാത്തൊരു അവസ്ഥയാണത്.

മുമ്പൊന്നും മനുഷ്യർക്കിടയിൽ ഇങ്ങിനെ ഒരവസ്ഥ ഇത്രയധികം ഉണ്ടായിരുന്നില്ല. മനുഷ്യര്‍ക്കിടയില്‍ അവിശ്വാസം കൂടിക്കൂടി വന്നതില്‍ പിന്നെ ഇതൊക്കെ ഇങ്ങിനെയായി. മറ്റൊരാളെ ആശ്രയിച്ചു ജീവിക്കേണ്ട അവസ്ഥ കുറഞ്ഞപ്പോള്‍ പരസ്പര ബന്ധങ്ങളും കുറഞ്ഞു.

പക്ഷേ വലിയ വലിയ കെണികളില്‍ പെടുമ്പോള്‍ നമുക്ക് ഒറ്റയ്ക്ക് നിവര്‍ത്തിയെടുക്കാന്‍ പറ്റാത്ത വിധം ചുരുണ്ടു കൂടി കിടന്നു കളയും ചില കോംപ്ലിക്കേഷനുകൾ.

അവിടെ ആരെങ്കിലുമൊക്കെ നമ്മുടെ കൂടെ ഉണ്ടായേ തീരൂ.

വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാനും, പ്രശ്ന പരിഹാരങ്ങൾക്കായി കൂടെ യാത്ര ചെയ്യാനും, പേപ്പര്‍ വര്‍ക്കുകള്‍ ശരിയാക്കാനും, നിയമോപദേശങ്ങള്‍ ലഭിക്കാനും, പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള താല്‍ക്കാലിക സാമ്പത്തിക സഹായങ്ങള്‍ സംഘടിപ്പിക്കാനും ഒക്കെയായി ആരെങ്കിലുമൊക്കെ നമ്മുടെ കൂടെ വേണം.

ആരാണീ “ആരെങ്കിലുമൊക്കെ?”

അതു നമ്മള്‍ തന്നെയാണ്. മുകളിലെ കഥയിലെ ഒട്ടകം നല്‍കിയ പണ്ഡിതനെ പോലെ നമ്മളും മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെടണം. സഹായികളാവണം.

ആരെങ്കിലും നമ്മുടെ അടുത്തു വന്നു ജോലി സംബന്ധമായോ, ആരോഗ്യ സംബന്ധമായോ, ദാമ്പത്യ പ്രശ്നങ്ങള്‍ ആയോ മറ്റെന്തെങ്കിലുമായോ സമീപിക്കുമ്പോള്‍, നമ്മള്‍ ഒഴിഞ്ഞു മാറരുത്. നമ്മളെ കൊണ്ടാവുന്ന പോലെ നാം അനുഭാവവും ആര്‍ദ്രതയും പുലര്‍ത്തണം. കുറ്റപ്പെടുത്തലുകളും ഉപദേശ വര്‍ഷ പേമാരികളും ഒഴിവാക്കണം.

വീണു കിടക്കുന്നവന്‍റെ മനസ്സില്‍ നിറയെ മുറിവുകളായിരിക്കും. അവിടെ വാക്കുകള്‍ കൊണ്ടെങ്കിലും മരുന്നു പുരട്ടി കൊടുക്കാൻ നമുക്കു കഴിയണം. അത്തരം നിമിഷങ്ങളിലാണ് ഹൃദയങ്ങൾക്കു ഇത്രയുമധികം പരിമളം പടർത്താനാവുമെന്ന് നാം അനുഭവിക്കുക!

കടുപ്പം നിറഞ്ഞ എന്തെങ്കിലുമൊരു പ്രശ്നത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്തവര്‍ ആരും തന്നെ നമ്മളില്‍ ഉണ്ടാവില്ല.

അപ്പോഴൊക്കെയും ചില കൈകള്‍ നമ്മെ സഹായിക്കാന്‍ എത്തിയിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത, വിലയൊടുക്കാനാവാത്ത സാന്നിധ്യമായി ചിലരെയൊക്കെ നമുക്ക് അനുഭവപ്പെട്ടിരുന്നു.

അങ്ങിനെയാണ് നാം “ഇന്നിൽ” എത്തിച്ചേർന്നത്.

ഇതേ വികാരം നാം മറ്റുള്ളവരോടും കാണിക്കണം. നമ്മുടെ അതിര്‍ത്തികള്‍ക്കും അപ്പുറത്തുള്ള വിഷയങ്ങളിലും നമ്മള്‍ ഇടപെട്ടു കൊണ്ടേയിരിക്കണം.

നേരത്തെ പറഞ്ഞ കഥയിൽ പണ്ഡിതന് തിരികെ ലഭിച്ച ഒട്ടകത്തെപ്പോലെ, നാം മറ്റുള്ളവർക്കായി ചെലവഴിക്കുന്ന ഉപകാരങ്ങൾ നാമറിയാത്ത വഴികളിലൂടെ നമുക്കു തിരിച്ചു ലഭിക്കുക തന്നെ ചെയ്യും.. മനുഷ്യ കുലത്തിന്റെ ഓരോ കഥയും അതാണ്… അതു മാത്രമാണ്.