സയലന്റ് മാര്യേജ് – ദാമ്പത്യത്തിന്റെ മരണാവസ്ഥ

0
112

Fasil Shajahan

സയലന്റ് മാര്യേജ് എന്ന ഒരു പദമുണ്ട്. ജോലിക്കു പോകുമ്പോൾ നിശ്ശബ്ദത. ജോലി കഴിഞ്ഞു വന്നാലും നിശ്ശബ്ദത. ഭക്ഷണം കുക്ക് ചെയ്യുമ്പോൾ നിശ്ശബ്ദത. ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോഴും നിശ്ശബ്ദത. ഒരുമിച്ചു ടിവി കാണുമ്പോൾ നിശ്ശബ്ദത. കിടപ്പറയിലേയ്ക്കു പോകുമ്പോൾ നിശ്ശബ്ദത.ദാമ്പത്യത്തിന്റെ മരണാവസ്ഥ.

തനിച്ചായിരിക്കുമ്പോൾ മാത്രം, തങ്ങളുടേതു മാത്രമായ ലോകത്തായിരിക്കുമ്പോൾ മാത്രം, ജീവൻ വെക്കുന്ന മൃത മനസ്സുകൾ. സുഹൃത്തുക്കളുടെ ഫോൺ കോളുകളിൽ അവർ ഒറ്റയ്ക്കൊറ്റയ്ക്കു പൊട്ടിച്ചിരിക്കും. അവരുടേതു മാത്രമായ സ്വകാര്യ ഇടങ്ങളിൽ അവർ അവരായി മാറും. ഒരുപാടു സംസാരിക്കും. നിറഞ്ഞു പൊട്ടിച്ചിരിക്കും.ഒരുമിച്ചായിരിക്കുമ്പോൾ ഒരു ശ്മശാന മൂകത അവരെ വന്നു മൂടും. പരസ്പരം ഒന്നും പറയാനില്ലാത്ത ദമ്പതികൾ. ഇതിനെയാണ് സയലന്റ് മാര്യേജ് എന്നു പറയുന്നത്.

5 Reasons Why Silent Treatment Is The Worst Thing In A ...അവരുടെ കുഞ്ഞുങ്ങളുടെ കുസൃതികളിൽ അവർ ഒറ്റയ്ക്കൊറ്റയ്ക്ക് നിന്ന് ഒരുമിച്ചു പൊട്ടിച്ചിരിക്കും. പണ്ടു ഒരുമിച്ചു ചിരിച്ചവർ.ഒരൊറ്റ പുസ്തകം ഒരുമിച്ചു വായിച്ചവർ.. ഒരുമിച്ചു സിനിമ കണ്ടവർ .ആരെങ്കിലും വീട്ടിലേയ്ക്കുവന്നാൽ അവരോടൊപ്പം സന്തോഷവും കളിയും ചിരിയും ബഹളവും നിറയും. അവരിറങ്ങിപ്പോയാൽ നിശ്ശബ്ദത വീണ്ടും ഭരണമേറ്റെടുക്കും.കഥകൾ തീർന്നു പോയവർ.
മക്കളിൽ ശിഷ്ടകാല മോഹങ്ങളും സന്തോഷങ്ങളും ഇൻവസ്റ്റ് ചെയ്തവർ. യാന്ത്രികതയുടെ തുരുത്തുകളിൽ മനസ്സമാധാനം കണ്ടെത്തിയവർ.

സമൂഹത്തിനു മുന്നിൽ ഹരിതാഭമായ ഒരുമ അഭിനയിച്ചു വീടകം മരുഭൂവായി മാറിപ്പോയവർ.പുകയും പൊട്ടലും ചീറ്റലും അവസാനിച്ച , ഉഷ്ണ യുദ്ധം മതിയാക്കിയ, ഒരിക്കലുമവസാനിക്കാത്ത ശീതയുദ്ധ ഭൂമിക.ഈഗോയും അംഗീകരിക്കായ്മയും പുച്ഛവും സാഡിസവും കോംപ്ലക്സും സംശയ രോഗവും മറച്ചു പിടിക്കലും ഒളിഞ്ഞുനോട്ടവും ആധിപത്യ ബോധവും പകയും  വാശിയും തുടങ്ങി ഭൂമിയിലെ സർവ്വ മാനസിക രോഗങ്ങളും പരസ്പരം ഇല്ലാതാക്കുന്ന, സ്വയം ഇല്ലാതാകുന്ന, ഒരുമിച്ചു ജീവിക്കുന്ന, ഒരുമിച്ചു യാത്ര ചെയ്യുന്ന ഭൂമിയിലെ ദൈർഘ്യമേറിയ മനോഹരമായ രണ്ടു കള്ളങ്ങൾ.