നേതാക്കളുടെ അധികാരമോഹം, അണികൾക്ക് കോവിഡ് പ്രതിരോധപവർത്തനങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല

52

Fasil Shajahan

2003-ൽ ഈ ഡെങ്കിപ്പനി കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിക്കുകയും 1560 പേരെ രോഗബാധിതരാക്കുകയും 35 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു കൊണ്ടിരുന്ന സമയത്ത് ആന്റണിയെ താഴെയിറക്കി ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി ആക്കുന്ന തിരക്കിലായിരുന്നു കോൺഗ്രസ്. സ്വന്തം ഇമേജ് നിലനിരുത്താന്‍ ആന്‍റണിയും ആന്റണിയെ താഴെയിറക്കാന്‍ എ ഗ്രൂപ്പു തന്നെയും മുന്നിട്ടിറങ്ങിയ, കേരളം അതുവരേയ്ക്കും ദർശിച്ച ഏറ്റവും നീണ്ട കാലത്തെ ആ സംഘടനാ വിഴുപ്പലക്കലിൽ ഭരണ സംവിധാനം ജനങ്ങളുടെ ആരോഗ്യ കാര്യം അപ്പാടെ മറന്നു പോയി.

കാര്യമായ ഭരണതല കോർഡിനേഷൻ ഇല്ലാതെ കുറ്റിക്കാടുകള്‍ക്കിടയില്‍ പൂപ്പല് പിടിച്ചു നില്‍ക്കുന്ന മഞ്ഞപ്പെയിന്‍റടിച്ച ചോര്‍ന്നൊലിക്കുന്ന പബ്ലിക് ഹെൽത്ത് കെട്ടിടങ്ങളിൽ ഡെങ്കിപ്പനിക്കാർ ഇരിക്കാനും കിടക്കാനും ഇടമില്ലാതെ അക്കാലത്തു വലഞ്ഞു. ഇപ്പോൾ കൊറോണ കാലത്തും ജനങ്ങളെ കുറിച്ചല്ല, മറിച്ചു രാഷ്ട്രീയ ലാഭമുണ്ടാക്കുന്നതിൻറെ തിരക്കിലാണ് കോൺഗ്രസ് നേതൃത്വം. മോന്തായം വളഞ്ഞുകിടന്നാല്‍ അതുമായി ബന്ധിക്കപ്പെട്ടുകിടക്കുന്ന കഴുക്കോലുകള്‍ നേരെയാവണമെന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല.

അതുകൊണ്ടു തന്നെ ലക്ഷക്കണക്കിനായ കോൺഗ്രസ് പ്രവർത്തകരും അതിശക്തമായി ഇടപെടാൻ ശേഷിയുള്ള പോഷക സംഘടനകളും കൊറോണ പ്രതിരോധത്തിൽ തങ്ങളുടേതായ സംഭാവനകൾ അർപ്പിക്കാൻ കഴിയാതെ മരവിച്ചു നിൽപ്പാണ്. കൊറോണയുടെ തൊട്ടു മുമ്പ്, ഒരു ജനാധിപത്യ സമൂഹം അപ്പാടെ ഏറ്റെടുത്ത പൗരത്വ ബിൽ വിഷയത്തിൽ മുല്ലപ്പള്ളി വക തുടക്കം കുറിച്ച ചക്കളത്തിപ്പോരിൽ കേരളത്തിലെ വലിയ ഒരളവോളം മുസ്ലിം പ്രാതിനിധ്യമുള്ള കോൺഗ്രസ്, ആ വിഷയത്തിൽ ക്രിയാത്മക നേതൃത്വം നൽകാൻ ശേഷിയില്ലാതെ വെറുതെ സമയം കളഞ്ഞു.

ഒരു കാലത്ത് കോൺഗ്രസ് ഗ്രൂപ്പുകളിലെ തമ്മിലടി അസഹ്യമായപ്പോൾ, ഏതു പുലിക്കുട്ടിയായ കോണ്ഗ്രസ് പ്രവര്‍ത്തകനും എല്ലാ കാലത്തും ആദരിച്ചു വണങ്ങുന്ന ഹൈക്കമാന്‍റിന്റെ പവറില്‍ കേരളത്തില്‍ എത്തിയ മധ്യസ്ഥനാണ് രമേഷ് ചെന്നിത്തല. പക്ഷേ കേരളം പിന്നീട് കണ്ടത് മറ്റൊരു സംഘടനാ ലോബിയിങ് ആണ്. ഐ വിഭാഗവുമായി വിലപേശി അതേ രമേഷ് ചെന്നിത്തല തന്നെ ഗ്രൂപ്പു പോരുകളുടെ നെടും തൂണായി മാറി. ഇതിനിടയില്‍ സാമുദായിക കാര്‍ഡുകളും ചെന്നിത്തല പല തവണ പുറത്തെടുത്തു നോക്കിയെങ്കിലും വിജയിച്ചില്ല. അതിനു ഏറ്റവും നല്ല രണ്ടു ഉദാഹരണങ്ങള്‍ ആണ് അനാഥശാല വിവാദവും ശബരിമല പ്രശ്നവും.

അനാഥ ശാലാ വിവാദത്തില്‍ മനുഷ്യക്കടത്തു നടത്തുന്നു എന്നും പറഞ്ഞു സംഘപരിവാരങ്ങളെ പോലും ചെന്നിത്തല പിന്നിലാക്കി. ആ വിവാദം അപ്പാടെ തേഞ്ഞു മാഞ്ഞു പോയി. പറഞ്ഞു വന്നത് ഓരോ സംസ്ഥാനത്തും കോൺഗ്രസ് എങ്ങിനെ ജനങ്ങളുടെ മനസ്സിൽ നിന്നും മാഞ്ഞു പോയി എന്നു പറയാൻ വേണ്ടിയാണ്. ഓരോ സംസ്ഥാനത്തുമായാണ് കോൺഗ്രസ് ഇല്ലാതായത്. അല്ലാതെ ഇന്ത്യയിൽ ഒന്നിച്ചങ്ങു ഇല്ലാതായതല്ല. ഓരോ സംസ്ഥാനത്തും നീണ്ടകാലം കട്ടിലിൽ കിടന്നു ഊർദ്ധശ്വാസം വലിച്ചു മസ്തിഷ്ക മരണം സംഭവിച്ചപ്പോഴൊക്കെ, അതിനു കാരണമായ ജനകീയ നേതൃത്വത്തിന്റെ അഭാവം ഇപ്പോൾ കേരളത്തിലാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.

യുഡിഎഫ് എന്ന സംവിധാനം പോലും ഉമ്മൻചാണ്ടിക്കു ശേഷം ഉണ്ടെന്നു തോന്നാറില്ല. അല്ലെങ്കിൽ അനുഭവപ്പെടാറില്ല.പ്രവാസലോകത്ത് എക്കാലവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അതിശക്ത സാന്നിധ്യം അറിയിച്ചിരുന്ന കെ എം സി സി ഇൻകാസ് തുടങ്ങി നിരവധി അനവധിയായ ഇതര വലതുപക്ഷ, കോൺഗ്രസ് അനുകൂല ഘടകങ്ങൾക്ക് നേതൃത്വം നൽകേണ്ടവർ ഈ കൊറോണ കാലത്ത് രാഷ്ട്രീയ ജ്വരത്തിൽ മുങ്ങിനിൽക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

സ്വാതന്ത്ര്യസമരം നടക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്നു ചോദിക്കുന്നതു പോലെ, ഒരു സമൂഹം കോവി ഡ് ഭയത്തിലും വരാനിരിക്കുന്ന സാമ്പത്തിക, തൊഴിൽ രാഹിത്യ മാന്ദ്യത്തിന്റെ ഭീതിയിലും പെട്ട് ഉഴറിയപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് സമീപ ഭാവിയിൽ തന്നെ കോൺഗ്രസ് നേതൃത്വം മറുപടി പറയേണ്ടി വരും. നിലവിലെ കൊറോണ പ്രതിരോധങ്ങളെ രാഷ്ട്രീയമായി തളർത്താനല്ല, ക്രിയാത്മകമായി ഒന്നിച്ചു നേരിടാനുള്ള നേതൃതല പ്രതിപക്ഷ ഇടപെടലുകളാണ് കോൺഗ്രസിൽ നിന്നും പ്രതീക്ഷിക്കുന്നത്.