Preetha GP writes…
ഇന്നെന്റെ ഒരു കൂട്ടുകാരി പറയുകയുണ്ടായി അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ വച്ചുണ്ടായ ഒരു സംഭവം. എല്ലാവരും കൂടി പുറത്തു പോയി ആഹാരം കഴിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഏഴു വയസ്സുകാരി മകൾ ഡ്രസ് ചെയ്ഞ്ചു ചെയ്തു പുറത്തു പോകാൻ. അവളുടെ അമ്മ അവളോടു “ടീ അച്ഛന്റെ മുമ്പിലാണോടി തുണി മാറുന്നതെന്നു ” പല്ലു കടിച്ചു.
നിങ്ങൾക്കൊക്കെ , അതായത് ആർഷ ഭാരത സംസ്കാരക്കാർക്കു ഇത് വളരെ സ്വാഭാവികമായി തോന്നുന്നുണ്ടാകും. നിങ്ങൾക്ക് ഉയർന്ന മത ധാർമ്മികതാ വാദികൾക്കും ഇത് വളരെ സാധാരണമായിരിക്കും.
പക്ഷേ ആ ഒറ്റ പ്രസ്ഥാവനയിലൂടെ ആ സ്ത്രീ / അമ്മ സ്ത്രീകൾക്കു നേരെയുള്ള സകല വയലൻസിനും നീതീകരണം ഉണ്ടാക്കുക ആയിരുന്നു. പരസ്പര ബഹുമാനമോ, അവനവനോടു പോലും ബഹുമാനമില്ലാത്ത ഒരു കുടുംബത്തിന്റെ നേർച്ചിത്രമാണത്.
ആ വീട്ടിലെ സഹോദരർ ഉൾപ്പടെയുള്ള ആൺകുട്ടികൾ ലഭിച്ച സന്ദേശം എന്താണ്. സ്വന്തം മകളുടെ വസ്ത്രം മാറുന്നത് കണ്ടാൽ പോലും ലൈംഗീക ചോദനയുണ്ടാകുന്ന അച്ഛൻ വരെ സ്വഭാവികമാണ്. അപ്പോൾ അന്യപുരുഷന്മാരുടെ കാര്യത്തിൽ സംശയമേ വേണ്ട. നിയന്ത്രിക്കേണ്ടതും, മറക്കേണ്ടതും സ്ത്രീയാണെന്ന് മകളോടുള്ള ശകാരത്തിലൂടെ അമ്മ ഉറപ്പിക്കുന്നു. മകൾ ചെയ്ത പ്രവർത്തി തെറ്റാണന്നും. ഇത് അച്ഛനു നേരെയുള്ള അപമാനമായി അച്ഛനോ ആൺമക്കൾക്കോ തോന്നില്ല. ഉദ്ധരിക്കപ്പെടാതെ സംരക്ഷിക്കപ്പെടാനുള്ള സ്പെഷ്യൽ പ്രിവിലേജിലാണ് പുരുഷന്റെ അഭിമാനം മുഴുവനും. ഇത് കേട്ടിരുന്ന അച്ഛനു, അതും കുടുംബത്തിനു പുറത്തുള്ള സ്ത്രീയുടെ മുമ്പിൽ, അതൊരപമാനമായേ തോന്നിയില്ല.
അച്ഛന്റെ മടിയിൽ കൊഞ്ചി വളർന്ന ഏഴു വയസ്സുകാരി കുട്ടി എത്ര പെട്ടന്ന് മുനിയെ വശീകരിക്കാനിറങ്ങിയ മേനകയായി, അത്രയും ആളുകളുടെ മുമ്പിൽ. ആ കുഞ്ഞു മനസ്സിലേറ്റ മുറിവ് എത്ര വലുതായിരിക്കും. സ്വശരീരത്തോട് അവൾക്കു പിൽക്കാലത്തു തോന്നുന്നതെന്താകും. ആ വീട്ടിലെ ആൺകുട്ടികൾക്ക് സ്ത്രീ ശരീരത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും എന്തു ബോധമാണാ കുലസ്ത്രീ പകർന്നു നല്കിയത്.
പല ഓൺലൈൻ വാർത്തകളുടേയും താഴെക്കാണുന്ന വയലൻസ്, പ്രത്യേകിച്ചു സ്ത്രീ ലൈംഗീകതയുമായി ബന്ധപ്പെടുത്തി കാണുന്ന വയലൻസ് വായിച്ചാൽ തോന്നും ഏതു തരം കുടുംബമായിരിക്കും ഇവരുടേത്. ലൈംഗീകതയെ എങ്ങനെ ഇത്ര വികൃതമായ അവതരിപ്പിക്കാൻ കഴിയും. തീർച്ചയായും അച്ഛനും അമ്മയും ഒന്നിച്ചിരിക്കുകയോ, കെട്ടിപ്പിടിക്കയോ ചെയ്യുന്ന വീട്ടിലെ കുട്ടികളാകില്ല.
സ്ത്രീ ലൈംഗീകതയെ “സുഖിച്ചു ” എന്ന പദം കൊണ്ട് അധിക്ഷേപിക്കുന്നതു കണ്ടാൽ ലൈംഗീക സുഖം സ്ത്രീ ചെയ്യുന്ന എന്തോ തെറ്റാണന്ന് ഇവർ വിശ്വസിക്കുന്നതെന്നു തോന്നും . എന്റെ അമ്മ സുഖിച്ചല്ല ഞങ്ങളുണ്ടായതെന്നവർ ഉറച്ചു വിശ്വസിക്കുന്നതു പോലെ. അമ്മയെ അച്ഛൻ ബലാൽസംഗം ചെയ്തുണ്ടാക്കിയവരാണ് ഞങ്ങൾ എന്നു വിളിച്ചു പറയുന്നതുപോലെ.
ഇത്ര കണ്ടു ലൈംഗികതയെ പാപവൽക്കരിക്കുന്ന ഒരു സമൂഹം എങ്ങനെ ഇവിടെയുണ്ടായി. സ്ത്രീ ലൈംഗീകതയെ . അമ്മ ശവാസനത്തിൽ കിടന്നുണ്ടായ മക്കൾ .