ഞാനും ബ്ലഡി തന്തയും എന്റെ ട്യൂഷൻ ടീച്ചറും. 

831

പുറംലോകത്തെക്കുറിച്ചു ഒരാശങ്കയും ഇല്ലാതെ ഗർഭപാത്രത്തിന്റെ സ്വാഭാവിക ചൂടിൽ മയങ്ങികിടക്കവേ ചുവന്ന നിറത്തിലെ ഒരു സ്‌ക്രീനിലെന്നപോലെ ഞാൻ കണ്ടിരുന്നോ എന്നറിയില്ല, അച്ഛന്റെ നിഴൽ മറ്റൊരുവളോടൊപ്പം അകന്നുപോകുയത്. അമ്മയുടെ ശരീരത്തിൽ നിന്നറിഞ്ഞിരുന്നോ എന്നറിയില്ല, വിലാപശബ്ദങ്ങൾ, അതിന്റെ വേപഥു. ഒക്കെയും കണ്ടുംഅനുഭവിച്ചും കാണണം. അതുകൊണ്ടാകും നടേശനെന്നുള്ള പേരിന്റെ പ്രഥമാക്ഷരമായ ‘എൻ’ വഹിച്ചുകൊണ്ടുനടക്കുന്നതിൽ പിൽക്കാലത്തു നാണക്കേടും ജുഗുപ്സയും തോന്നിത്തുടങ്ങിയത്.

പരമനാറിയായ പിതാവിന്റെ കയ്യിലിരുപ്പുകൾ ഒന്നടങ്കം കിട്ടിയ എനിക്ക് അതുകൊണ്ടുതന്നെ വിവാഹംകഴിച്ചു ഒരു സ്ത്രീയെ കഷ്ടത്തിലാക്കാൻ മനസും ഇല്ലായിരുന്നു. അയാളിൽ നിന്നും വ്യത്യസ്തനായത് മനുഷ്യത്വം,സ്‌നേഹം എന്ന കാരണങ്ങൾകൊണ്ടായിരുന്നു. കുമരകത്തെവിടെയോ, വിവാഹപൂർവ്വ ബന്ധത്തിലെ ഒരു സ്ത്രീയും മക്കളുമായി ഇപ്പോഴും അയാളുണ്ടെന്ന് ചില പാണന്മാർ പാടിനടന്നിരുന്നു. ഇന്നും നിയമപരമായ വിവാഹബന്ധം മുറിയ്ക്കാൻ സാധിക്കാതെ ‘അമ്മ അയാളെ മറന്നുജീവിക്കുമ്പോൾ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഞാൻ ‘അച്ഛൻ’ എന്ന വാക്കിനെ നാവിനും ഹൃദയത്തിനും നൽകാതെ ജീവിക്കുന്നു.

(ഫ്‌ളാഷ്ബാക്കിൽ ആരും സെന്റിയാകേണ്ട.)

രാശിയെന്നും ശിവയെന്നും പേരുകൾകിട്ടിയപ്പോൾ നടേശനെയും വൃത്തികെട്ട ഇനിഷ്യലിനെയും ഞാൻ മറന്നുവെങ്കിലും, നടേശന്റെ ‘എൻ’ എന്നിലൊരു തൊന്തരവും അപമാനവുമായി നാണംകെട്ടു പറ്റിപ്പിടിച്ച കാലങ്ങളിലൊന്നിൽ ആ ഇനിഷ്യൽ കൊണ്ടുണ്ടായ ഒരേയൊരു ഗുണം ഞാനോർത്തുപോകുകയാണ്. അച്ഛനെന്ന നിലയിൽ ആ മനുഷ്യനെക്കൊണ്ടുണ്ടായ ഒരേയൊരു ഗുണം.

പ്രീഡിഗ്രി ക്ലാസിൽ അല്പം കാലംതെറ്റി പഠിക്കാൻ ചെന്നിരുന്ന ഞാൻ ഒരു ശരാശരി പഠിത്തക്കാരൻ ആയിരുന്നു. ഇരുപതാംവയസിലെ പ്രീഡിഗ്രി പഠനം. ഒരു പാരലൽ കോളേജിലായിരുന്നു. നിറയെ കൗമാരക്കാരികളായ സുന്ദരികൾ ക്‌ളാസിലുണ്ടായിരുന്നെങ്കിലും അവരിലൊന്നും കണ്ണുടക്കാതെ ക്ലാസിൽ വിരസഗർത്തത്തിൽ ആണ്ടുപോയ എന്റെ മുന്നിലേക്ക് എക്കണോമിക്സ് പഠിപ്പിക്കാൻ വന്നത് കവിതയെന്നു പേരായ കവിതപോലെ മനോഹരിയായ ടീച്ചറായിരുന്നു. ശാലീനതയുടെ അവസാനവാക്ക്. രൂപവും ഭാവവും എല്ലാം ആകർഷണീയം. ക്ലാസ് സമയങ്ങളിൽ പഠിത്തത്തിൽ ശ്രദ്ധിക്കുന്നു എന്ന വ്യാജേന ഞാൻ ടീച്ചറെ തന്നെ നോക്കിയിരിക്കും. ആഴ്ചയിൽ മൂന്നുദിവസമുള്ള എക്കണോമിക്സ് ക്ലാസ് വരാനായി കാത്തിക്കും. ടീച്ചറെ കാണാൻ മാത്രമല്ല. അവർ ഹാജർ എടുക്കുമ്പോൾ കിട്ടുന്ന അനിർവചനീയമായ സുഖത്തിനുവേണ്ടിയും.

മനോഹരമായ ശബ്ദത്തിൽ ഹാജർ എടുക്കാൻ ടീച്ചർ പേരുകൾ വിളിക്കുമ്പോൾ എന്റെ ഹൃദയസ്പന്ദനം കൂടുമായിരുന്നു. എന്റെ ഊഴം ഇതാ വരാറായി. അങ്ങനെ പതിവുപോലെ ടീച്ചറിൽ നിന്നും ആ പേരെങ്ങനെ മുഴങ്ങും. “എൻ.രാജേഷ്…” അതുകേട്ടു ഞാൻ നോക്കുമ്പോൾ ടീച്ചർ രണ്ടുകയ്യും നീട്ടിയങ്ങനെ നിൽക്കുന്നതുപോലെ തോന്നും.ഏതോ പൂന്തോട്ടത്തിലേക്കു ടീച്ചറുടെ കൈയുംപിടിച്ചു കൊണ്ടോടാൻ മനസ് ശരീരത്തോട് ആവശ്യപ്പെടും. എന്റെ ട്യൂഷൻ ടീച്ചർ എന്ന കമ്പിസിനിമയെ ഓർത്ത് സ്ലോമോഷനിൽ ടീച്ചറേ… എന്നുവിളിച്ചുകൊണ്ടു മുന്നോട്ടു ഓടാനായും. അതൊരു വല്ലാത്ത നിർവൃതിയാണ്. ഈവിധ സ്വപ്നങ്ങളിലൂടെ അഭിരമിച്ചുകൊണ്ട് ഞാൻ ടീച്ചർ ഹാജർബുക്ക് മടക്കുമ്പോൾ ആണ് വർത്തമാനകാല ലോകത്തിന്റെ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നത്.

എന്നാലും എന്റെ തന്തേ…നടേശാ…താങ്കളുടെ പേരിന്റെ പ്രഥമ അക്ഷരമായ ‘എൻ’ മാത്രമെങ്കിലും എനിക്കുപയോഗപ്പെട്ടല്ലോ… മനസിലായില്ലേ തന്തേ ? ‘എൻ’ എന്നാൽ എന്റെ എന്നല്ലേ അർഥം. ടീച്ചർ എൻ.രാജേഷ് എന്ന് വിളിക്കുമ്പോൾ ഞാൻ കേട്ടിരുന്നത്
എന്റെ രാജേഷേ…എന്നായിരുന്നു. ടീച്ചറോട് ‘എന്തോ..’എന്നുള്ള എന്റെ മനസ് കൊണ്ടുള്ള ഒരായിരം പ്രതികരണങ്ങൾ. അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചത് ഞാൻമാത്രമേ അറിഞ്ഞിരുന്നുള്ളൂ എങ്കിലും, ഇതിലുമധികം ഒരു മകനെ സുഖിപ്പിക്കാൻ ഒരു തന്തയ്ക്കും ആകില്ലെന്നു എന്നെനിക്കുറപ്പുണ്ട്. പേരിൽ ‘എൻ’ എന്ന ഇനിഷ്യൽ ഇല്ലാത്തതുകൊണ്ടാകണം ക്ലാസിൽ ഞാനൊഴികെ എല്ലാവന്മാരും എക്കണോമിക്‌സിൽ ആനമുട്ട വാങ്ങി തോറ്റത്. ആ ഒരൊറ്റ കാര്യത്തിന് നന്ദിയുണ്ട് ബ്ലഡി തന്തേ.