അച്ഛൻ ഡ്രൈവർ മകൾ കണ്ടക്ടർ

40

അച്ഛൻ ഡ്രൈവർ മകൾ കണ്ടക്ടർ

ഘണ്ഠാകർണൻ ബസിൽ കയറുന്നവരെല്ലാം ഡ്രൈവർ ഗോപകുമാറിനോട് ചോദിക്കും. ഇതാരാ പുതിയ കണ്ടക്ടർ. എന്റെ മകൾ ശ്രദ്ധ- മറുപടി പറഞ്ഞ് ഗോപി അഭിമാനത്തോടെ മകളുടെ മുഖത്തേയ്ക്ക് നോക്കും. 25 വർഷമായി ഇരിങ്ങാലക്കുട-ആമ്പല്ലൂർ – എറവക്കാട് റൂട്ടിലോടുന്ന ഘണ്ഠാകർണൻ ബസിന്റെ ഉടമയും ഡ്രൈവറുമാണ് പടിയൂർ സ്വദേശി കാറളത്തുവീട്ടിൽ ഗോപകുമാർ. മകൾ കെ.ജി. ശ്രദ്ധയാണ് കണ്ടക്ടർ.

പ്ലസ്ടു കഴിഞ്ഞ് സി.എ. ഇന്റർമീഡിയറ്റ്‌ പാസ്സായി ഫൈനലിന്‌ തയ്യാറെടുക്കുകയായിരുന്നു ശ്രദ്ധ. അതിനിടെയാണ് കോവിഡിന്റെ വരവ്. മൂന്നുമാസം ബസ് ഓടിയില്ല. മൂന്നുവർഷം മുമ്പാണ് പഴയ വണ്ടി മാറ്റി പുതിയതെടുത്തത്.മാസം മുപ്പതിനായിരം രൂപ വായ്പാ തിരിച്ചടവുണ്ട്. അതു മുടക്കാനാകാത്തതോടെ വണ്ടി റൂട്ടിലിറക്കി. യാത്രക്കാർ കുറവായതിനാൽ ജീവനക്കാരെവെച്ച് ഓടിച്ചാൽ പ്രതിസന്ധിയാകും. അച്ഛന്റെ സങ്കടം മനസ്സിലായതോടെ മക്കൾ ശ്രദ്ധയും രാംജിത്തും ഒപ്പം കൂടി.

“ഞങ്ങൾക്ക് ഈ വണ്ടിയല്ലാതെ വേറെ വരുമാനമില്ല, വേറൊരാളെ വെച്ചാൽ കൊടുക്കാൻ അച്ഛന്റെ കൈയിൽ പൈസയില്ല. അതോണ്ടാണ് കണ്ടക്ടറായത്. ആദ്യം ഒരു പകപ്പുണ്ടായിരുന്നു. ഇപ്പോ കുഴപ്പല്ല്യാ,എക്‌സ്പീരിയൻസായില്ലേ…. ആദ്യദിവസങ്ങളിൽ ഫെയർ സ്റ്റേജ് കടലാസിൽ എഴുതി കൈയിൽ വെച്ചായിരുന്നു യാത്രക്കാരെ സമീപിച്ചിരുന്നത്. ആളുകൾ അധികമില്ലാത്തതിനാൽ വലിയ പ്രശ്‌നമില്ല. എന്തെങ്കിലും സംശയം വന്നാ അച്ഛനോട് ചോദിക്കും. പിന്നെ യാത്രക്കാരും സഹായിച്ചു.” ചിരിയോടെ ശ്രദ്ധ പറയുന്നു.

മകളെക്കുറിച്ച് അഭിമാനമുണ്ടെന്ന് ഗോപകുമാർ. കണ്ടക്ടറാവാൻ സഹായിക്കാൻ അവൾ തന്നെയാണ് മുന്നോട്ടുവന്നത്. ഞാൻ നിർബന്ധിച്ചിട്ടേയില്ല. മക്കൾക്കറിയാവുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മാത്രമല്ല, അവർക്കും പഠിക്കാനും മറ്റും കാശ് ചെലവുണ്ടല്ലോ.