എഴുതിയത്‌ Dr Manoj vellanad,  Dr Navajeevan

ഗ്രഹണാഘാതം

സൂര്യഗ്രഹണത്തെ പേടിക്കണോ?

വേണം.

ആരൊക്കെ?

അന്ധവിശ്വാസികൾ മാത്രം.

അതെ, സൂര്യഗ്രഹണത്തെ പേടിക്കേണ്ടവർ ഇതെന്തോ ദിവ്യത്ഭുതമെന്നോ വരാൻ പോകുന്ന പ്രകൃതിദുരന്തത്തിന്റെ സൂചനയെന്നോ കരുതുന്ന അന്ധവിശ്വാസികൾ മാത്രമാണ്. സൂര്യഗ്രഹണമെന്നാൽ സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ വരിയിൽ വരുന്നത് കൊണ്ട്, ഒരു താൽക്കാലിക മറയുണ്ടാവുന്നത് മാത്രമാണെന്ന് ഇന്ന് നമുക്കറിയാം. അതുകൊണ്ട് മനുഷ്യർക്കോ, ഭൂമിയിലെ ഏതെങ്കിലും ജീവികൾക്കോ സൂര്യഗ്രഹണം കാരണം ഒരു പ്രശ്നവുമുണ്ടാവില്ല.

🌞ങേ..? പുറത്തിറങ്ങിയാൽ സൂര്യനിൽ നിന്നു വരുന്ന മാരകരശ്മികളേറ്റ് നമ്മൾ ചത്തുപോവില്ലേ..? ആ അൾട്രാവയലൊറ്റൊക്കെ ഡേഞ്ചറസാന്ന് പറഞ്ഞിട്ട്?!

ആ പറഞ്ഞത് പൊട്ടത്തരമാണ്. സൂര്യഗ്രഹണ സമയത്തുള്ളതും സാധാരണ സൂര്യൻ, അതേ ചന്ദ്രൻ, അതേ ഭൂമി, അതേ നമ്മൾ ഒക്കെ തന്നെ. സാധാരണ ദിവസം വരുന്ന രശ്മികൾ തന്നെയാണന്നും വരുന്നത്. അതോ, എന്നത്തേക്കാട്ടിലും കുറഞ്ഞ അളവിലും. അവരെ പറ്റി ചെറുതായിട്ടൊന്ന് പറഞ്ഞു തരാം.

സൂര്യപ്രകാശമെന്ന് പറഞ്ഞാൽ, നമ്മൾ കണ്ണുകൊണ്ടറിയുന്ന ദൃശ്യപ്രകാശം മാത്രമല്ലാ. സൂര്യനിൽ നിന്നും കിലോമീറ്റേഴ്സ് & കിലോമീറ്റഴ്സ് സഞ്ചരിച്ചെത്തുന്ന സൂര്യാംശുവിലെ ‘ചൂടി’ന് കാരണം ഇൻഫ്രാറെഡ് തരംഗങ്ങളാണ്. അവ നമുക്ക് കാണാൻ പറ്റില്ല. അതുപോലെ കാണാൻ പറ്റാത്ത മറ്റൊരാളുണ്ട്. ഇൻഫ്രാറെഡ് തരംഗങ്ങൾ കാരണമുള്ള ‘ഒടുക്കത്തെ ചൂടി’നെ പറ്റി നമ്മൾ വാചാലരാവുമ്പോൾ, യഥാർത്ഥ വില്ലൻ ദൃശ്യപ്രകാശത്തിന് പിന്നിൽ മറഞ്ഞിരുന്ന് ചിരിക്കുകയാണ്. അയാളാണ്, സാക്ഷാൽ അൾട്രാവയലറ്റ് (UV). സൂര്യാഘാതമൊക്കെ ഏൽക്കുമ്പോൾ തൊലി പൊള്ളുന്നത്, ചൂടുകൊണ്ടല്ലാ, UV രശ്മികൾ കാരണമാണ്.

സൂര്യന്, അൾട്രാവയലറ്റമ്മയിൽ മൂന്ന് മക്കളാണുള്ളത്. UV-A, UV-B, UV-C എന്നൊക്കെയാണ് അവരുടെ പേരുകൾ. ഇതിൽ UV-C എന്ന വഴക്കാളി, ഭൂമിയിലേക്കുള്ള സഞ്ചാരപാതയിൽ ഓസോൺ പാളിയുമായുള്ള യുദ്ധത്തിൽ അകാലമൃത്യു വരിക്കും. അവൻ മരിച്ചില്ലായിരുന്നേൽ ഇവിടെ സീൻ ഇതിലും ഡാർക്കായേനെ. UV-B-യും യുദ്ധത്തിൽ മുറിവേറ്റ് പരിക്ഷീണനായാണ് ഭൂമിയിലെത്തുന്നത്. ഇവിടെത്തുമ്പോൾ 95-98 ശതമാനം UV-A-യും 2-5 ശതമാനം UV-B യും മാത്രേ കാണൂ. സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ കൂടി ഇടയ്ക്കു കയറുന്നതിനാൽ ഈ രശ്മികളുടെ അളവ് പിന്നേം കുറവായിരിക്കും.

അതുകൊണ്ട് സാധാരണ ദിവസം പുറത്തിറങ്ങുന്നതിലും സേഫാണ് ഗ്രഹണസമയത്ത് പുറത്തിറങ്ങാൻ.

🌞പേടിക്കേണ്ടതില്ലെങ്കിൽ പിന്നെന്തിനാണീ കണ്ണട വയ്ക്കൂ, സുരക്ഷിതരാകൂ എന്നൊക്കെ വിളിച്ചു കൂവുന്നത്?

ബ്രോ, സൂര്യഗ്രഹണമെന്നത് നിങ്ങടെ ലൈഫിൽ സംഭവിക്കാൻ സാധ്യതയുള്ള അപൂർവ്വമായൊരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ്. അത് നിങ്ങൾക്ക് കാണണ്ടേ? കാണണ്ടെങ്കിൽ നിങ്ങൾ കണ്ണടയെ പറ്റി ബേജാറാവുകയേ വേണ്ട. പക്ഷെ, കൗതുകം കൂടിയിട്ട് കണ്ണട വയ്ക്കാതെ പുറത്തിറങ്ങി ഗ്രഹണസൂര്യനെ തുറിച്ച് നോക്കരുത്. കാഴ്ച നഷ്ടപ്പെട്ടേക്കാം.

കാരണം, സാധാരണ ദിവസങ്ങളിൽ ദൃശ്യപ്രകാശത്തിന്റെ തീവ്രത കാരണം, സെക്കന്റുകളിൽ കൂടുതൽ നമുക്ക് സൂര്യനെ നേരിട്ട് നോക്കാൻ കഴിയില്ല. കൃഷ്ണമണി പെട്ടന്ന് ചുരുങ്ങുകേം ചെയ്യും. ഗ്രഹണസമയത്ത് പക്ഷെ, ആ തീവ്രതയില്ലാത്തത് കാരണം സൂര്യനെ നമുക്ക് പുല്ലുവിലയായിരിക്കും. ചുമ്മാ നോക്കി നിക്കാൻ തോന്നും. കൃഷ്ണമണി വിടർന്ന് വിലസി നിൽക്കും. അദൃശ്യരായ UV രശ്മികളുടെ അളവ് സാധാരണയിലും കുറവാണെങ്കിലും, ഉള്ളത് മൊത്തം കണ്ണിലെ റെറ്റിനയിൽ ചെന്ന് വീഴും. കാഴ്ചയുടെ ഫ്യൂസ് കേടാവാൻ അതുമതി.

🌞 കണ്ണിന് എങ്ങനെയാ കേട് പറ്റുന്നത് എന്നത് അറിയണമെങ്കിൽ ഇത് വായിച്ചുനോക്കൂ.

Solar Retinopathy (സോളാർ റെറ്റിനോപ്പതി) എന്ന് പറയുന്ന അവസ്ഥയാണ് കാരണം.
ഗ്രഹണ സൂര്യകിരണങ്ങളിലെ UV രശ്മികൾ കണ്ണിനുള്ളിലെ നേത്രകലകളുടെ താപനില ഉയർത്തുന്നു. വളരെ ചെറിയ കൃഷ്ണമണി ദ്വാരത്തിലൂടെ (3mm) സൂര്യനെ നേരിട്ട് നോക്കിയാൽ 4°C വരെ ചൂട് ഉയരും. ഇത് ഒരൊറ്റ നോട്ടത്തിൽ നിന്നും ഉള്ളതാണ് എന്നോർമ്മ വേണം. 90 സെക്കൻഡ്ന് മുകളിൽ ഇങ്ങനെ നോക്കി നിന്നാൽ താപനില ക്രമാതീതമായി ഉയരുകയും ഒടുവിൽ നേത്രപടലത്തിലെ (Retina) കലകൾക്ക് നാശം സംഭവിക്കുകയും ചെയ്യും (photochemical effect). കൃഷ്ണമണി സ്ഥിരമായി വികസിച്ചു (Dilated) നിൽക്കുന്നവരിൽ കൃഷ്ണമണിയുടെ വികാസം 7mm വരെയോ അതിന് മുകളിലോ ആകാം. ആ അവസ്ഥയിൽ ‘ഗ്രഹണ കിരണങ്ങൾ ‘ അകത്തു പ്രവേശിച്ചാൽ 22°C എങ്കിലും താപം ഉയരാം.

ലക്ഷണങ്ങൾ സാധാരണ ഒന്ന് മുതൽ നാല് മണിക്കൂറിനുള്ളിൽ ആരംഭിക്കും.
• ഒരു കണ്ണിലോ രണ്ട് കണ്ണിലോ കാഴ്ചക്ക് മങ്ങൽ അനുഭവപ്പെടുക (decreased vision)
• നാം കാണുന്ന വസ്തുക്കളുടെ രൂപം, വലുപ്പം മുതലായവ വികൃതമായി തോന്നുക. (Metamorphopsia).
• നമ്മുടെ കാഴ്ചമണ്ഡലത്തിൽ കറുത്ത പൊട്ട് പോലെയുള്ള ഇരുട്ട് അനുഭവപ്പെടുക (scotoma)
• വിശദമായ പരിശോധനയിൽ നേത്രപടലത്തിലെ കാഴ്ചകലകൾ കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്ന ഭാഗമായ പീതബിന്ദു (macula) യിൽ ചാര കളറിലുള്ള വട്ടത്താൽ അതിരിട്ട മഞ്ഞ പൊട്ട് പോലെയുള്ള ഭാഗം കാണപ്പെടും. അത് കലകൾ നശിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. ‘ഗ്രഹണകിരണങ്ങളെ’ നേത്രകവചങ്ങൾ ഉപയോഗിക്കാതെ എന്തോരം നേരം നോക്കി എന്നത് അനുസരിച്ചിരിക്കും നശിപ്പിക്കപ്പെട്ട കാഴ്ചകലകളുടെ സാന്നിധ്യം. OCT ടെസ്റ്റ്‌ വഴി കൃത്യമായി ഇത് അറിയാൻ പറ്റും. ഈ നശിക്കപ്പെട്ട കലകൾ തിരികെ കിളിർത്തു വരാൻ സമയമെടുക്കും. കാഴ്ചയിൽ നല്ലമാറ്റം വരാൻ സാധാരണ 6 മാസത്തോളമെടുക്കും..പക്ഷെ, അപ്പോഴും രണ്ടും, മൂന്നും ലക്ഷണങ്ങൾ അങ്ങനെ തന്നെ ഉണ്ടാകാം.

ചികിത്സ.

• പ്രത്യേക ചികിത്സ ഇല്ല എന്ന് തന്നെ പറയാം. • ഗ്രഹണ സമയത്ത് സൂര്യനെ നോക്കുമ്പോൾ കണ്ണിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ തുടർന്ന് നോക്കുന്നത് ഉടൻ നിർത്തണം.

• നന്നായി ജനങ്ങളെ ബോധവൽക്കരിക്കുകയാണ് അപകടങ്ങൾ കുറയ്ക്കാൻ ചെയ്യേണ്ടത്.

• നേത്രപടലത്തിലെ കലകൾക്ക് നാശനഷ്ടം ഉണ്ടായവർക്ക് സ്റ്റിറോയ്ഡ് ഗുളികകൾ നൽകാറുണ്ട്.

• നല്ല ക്വാളിറ്റിയുള്ള solar filters ഉപയോഗിക്കണം. UV, IR കിരണങ്ങൾ പ്രതിരോധിക്കാനുതകും വിധമായിരിക്കണം അത്. (ISO 12312-12)

• എന്താണ് സോളാർ ഫിൽട്ടർ?

സൂര്യനിൽനിന്നുള്ള ഹാനികരമായ രശ്മികളെ തടയുന്ന ഫിലിം അല്ലെങ്കിൽ കണ്ണടകളെയാണ് സോളാർ ഫിൽറ്റർ എന്ന് വിളിക്കുന്നത്. അവ കണ്ണട രൂപത്തിൽ ആകാം അല്ലെങ്കിൽ ബൈനോക്കുലർ, ഫോൺ അല്ലെങ്കിൽ ക്യാമറ കവർ ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഫിലിം പോലെ ആവാം. പക്ഷേ ഇവ ഒരു സ്റ്റാൻഡേർഡ് കമ്പനിയിൽനിന്നും ഉണ്ടാക്കി, ഐ എസ് ഒ സർട്ടിഫിക്കറ്റ് കൂടി ഉള്ളവയാണ് എന്ന് ഉറപ്പുവരുത്തണം. ഇതിൽ ഐഎസ്ഒ 12312 – 2 എന്ന നമ്പർ എഴുതിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. കണ്ണടയിലോ ഫിലിമിലോ എന്തെങ്കിലും പോറലോ അടയാളങ്ങളോ വീണിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കണം. കണ്ണട ധരിക്കുന്നതിനു മുമ്പായി സൂര്യനിൽ നിന്ന് മാറി മുഖം ഒരു വശത്തേക്ക് തിരിച്ച് പിടിച്ച് കണ്ണട ധരിച്ച ശേഷം മാത്രം സൂര്യനിലേക്ക് നോക്കുക. കണ്ണട അഴിച്ചു മാറ്റുമ്പോഴും ഇതേപോലെ മുഖം സൂര്യനിൽ നിന്നും മാറ്റി ഒരു വശത്തേക്ക് തിരിച്ചു വെച്ച ശേഷം മാത്രമേ കണ്ണട അഴിക്കാവൂ. സൺഗ്ലാസുകൾ എത്ര നല്ല ക്വാളിറ്റി ഉള്ളതാണെങ്കിലും സൂര്യഗ്രഹണം കാണാൻ ഉപയോഗിക്കാൻ പാടില്ല. വീട്ടിൽ ലഭ്യമായ മറ്റ് ഫിലിമുകൾ x-ray ഫിലിമുകൾ തുടങ്ങിയവയൊന്നും ഇതിനു വേണ്ടി സുരക്ഷിതമല്ല. ബൈനോക്കുലർ, ടെലസ്കോപ്പ്, മൊബൈൽ ഫോൺ ക്യാമറ ഇവയിലൂടെ സൂര്യഗ്രഹണം നോക്കുന്നത് വളരെ അപകടകരമാണ്. സൂര്യഗ്രഹണം അതിനു വേണ്ടിയുള്ള പ്രത്യേക കണ്ണട വെച്ചിട്ട് ആണെങ്കിലും ഇത്തരത്തിലുള്ള ഉപകരണങ്ങളിലൂടെ നോക്കുകയാണെങ്കിൽ അവയുടെ അറ്റം സോളാർ ഫിൽട്ടർ കൊണ്ട് കവർ ചെയ്യണം. മൊബൈൽ ഫോൺ ക്യാമറ കൊണ്ട് സൂര്യഗ്രഹണം പകർത്തണമെന്ന് നിർബന്ധമുള്ളവർ രണ്ടു കാര്യങ്ങൾ ചെയ്യണം
ഒന്ന് – സ്പെഷ്യൽ കണ്ണട ഉപയോഗിക്കണം
രണ്ട് – മൊബൈൽഫോൺ ക്യാമറയുടെ ഭാഗത്ത് സോളാർ ഫിലിം ഒട്ടിക്കണം.

🌞പിന്നെ, ഗ്രഹണസമയത്ത് അതുകാരണം ഈ ലോകത്ത്, ഒരു മാറ്റവും സംഭവിക്കുന്നില്ല. നിങ്ങൾ സാധരണ ആ സമയത്ത് ചെയ്യുന്നതെന്തും ചെയ്യാം. ഏതു ഭക്ഷണം വേണേലും കഴിക്കാം. വെള്ളം കുടിക്കാം. മൂടിപ്പുതച്ചുറങ്ങാം. ഏണീം പാമ്പും കളിക്കാം. സെക്സ് ചെയ്യാം. യാത്ര ചെയ്യാം. സമരത്തിന് പോകാം. ബിവറേജസിൽ ക്യൂ നിൽക്കാം. ഡാൻസ് ചെയ്യാം. പഠിപ്പിക്കാം. പഠിക്കാം. ഓപറേഷൻ ചെയ്യാം. മൊബൈലിൽ സംസാരിക്കാം. അങ്ങനെ ഇഷ്ടമുള്ളതെന്തും ചെയ്യാം. നഗ്നനേത്രങ്ങൾ കൊണ്ടോ, കൗതുകം മൂത്ത് പഴയ Xray ഫിലിമിലൂടെയോ സൂര്യനെ നോക്കാതിരുന്നാ മാത്രം മതി.

🌞പ്രിയപ്പെട്ടവരെ, സൂര്യഗ്രഹണമെന്ന് പറഞ്ഞാലിന്ന് പഴയപോലെ അന്ധവിശ്വാസങ്ങൾ നിറഞ്ഞ, പേടിപ്പെടുത്തുന്ന ഒരു പ്രകൃതിദുരന്തമല്ലാ. ശരിയായ അറിവിലൂടെ, എന്നാൽ സുരക്ഷിതമായി ആഘോഷിക്കേണ്ടൊരു പ്രപഞ്ച പ്രതിഭാസമാണ്. കണ്ണുകളെ സുരക്ഷിതമാക്കി നമുക്കിതാഘോഷിക്കാം.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.