എന്നെപോലെ തന്നെ ലിംഗം ഉള്ള ഒരുവനെയാണ് എനിക്ക് സ്വപ്നത്തിൽ പോലും കാണാൻ കഴിയുന്നത്, അവനോടാണെന്റെ പ്രേമവും കാമവും, എനിക്ക് ഹവ്വയോട് ഒന്നും തന്നെ കഴിയുന്നില്ല

0
271

Fidha Thasni Salim

ആദത്തിന് ഹവ്വയെ ഇണയായി കൊടുത്ത് ദൈവം ക്രൂരത കാട്ടിയിരിക്കുന്നു.തന്റെ പ്രണയമോ ലൈംഗീകതയൊ ഒന്നും തന്നെ ആദത്തിന് ഹവ്വയോട് തുറന്ന് പ്രകടിപ്പിക്കാനെ കഴിയുന്നില്ല…..
“എന്താണ് നിങ്ങൾക്കെന്നോട് ഒരു സ്നേഹവും ഇല്ലാത്തത്.. ഒന്ന് തൊടുക പോലും ചെയ്യാത്തത്.. നിങ്ങൾ വളരെ ദുഖത്തോടെ ഇരിക്കുന്നതാണ് എനിക്ക് കാണാൻ കഴിയുന്നത്…”
മറുപടി ഒന്നും പറയാതെ ആദം പിന്നെയും ഒഴിഞ്ഞു മാറിയിരിക്കുന്നു.മുപ്പതാമത്തെ ദിവസം ഹവ്വ വീണ്ടും ചോദ്യം ആവർത്തിച്ചു….
“ദൈവകൽപന അല്ലെ, എനിക്ക് നിങ്ങളും നിങ്ങൾക്ക് ഞാനും എന്നുള്ളത്….നിങ്ങളെന്താണ് പിന്നെയും ഒഴിവാക്കുന്നത്”
ഇത്തവണ ആദം ഹവ്വയുടെ കാൽക്കലേക്ക് വീണ് പൊട്ടിക്കരഞ്ഞു.നിസ്സഹായനായി സഹായിക്കണേ എന്ന് കണ്ണുകളിൽ എഴുതി വെച്ച് ഓരോ തുള്ളികളിലും അത് ചേർത്ത് പുറത്തേക്കൊഴുകി ഹവ്വയുടെ കാലിൽ തട്ടും വിധം…..

“എന്റെ മനസ്സിൽ ഉള്ള എന്റെ ഇണക്ക് ഒരിക്കലും തുടുത്ത മാറിടങ്ങൾ ഇല്ല…എന്നെപോലെ തന്നെ ലിംഗം ഉള്ള എന്റെ തന്നെ രൂപമുള്ള ഒരുവനെയാണ് എനിക്ക് സ്വപ്നത്തിൽ പോലും കാണാൻ കഴിയുന്നത്…അവനോടാണെന്റെ പ്രേമവും കാമവും ഉണ്ടാകുന്നത്…
എനിക്ക് ഹവ്വയോട് ഒന്നും തന്നെ കഴിയുന്നില്ല, പ്രണയത്തോടെ ഒന്ന് നോക്കാൻ പോലും കഴിയുന്നില്ല…”

ഹവ്വ ദീർഘനേരം ചിന്തിച്ചതിന് ശേഷം ആദ്യത്തെ പരിഹാരം ഉണ്ടാക്കുന്നു….നീതികേട്‌ കാണിച്ച ദൈവത്തെ ധിക്കരിക്കാൻ…
വിലക്കപ്പെട്ട കനിയിലേക്ക് അവളുടെ കണ്ണുകൾ ഉടക്കി…നന്നേ പേടിച്ചിരുന്ന പുരുഷത്വത്തിന്റെ ആവരണങ്ങൾ ഒന്നുമില്ലാത്ത, കരഞ്ഞുകൊണ്ടിരുന്ന, സ്വയം ഒരു പ്രശ്നപരിഹാരം കാണാൻ കഴിയാഞ്ഞ ആദത്തിനോട് അവൾ ആ പഴം കഴിക്കാനാവശ്യപ്പെട്ടു….
അതിന് വേണ്ട ധൈര്യം ഹവ്വയുടെ കണ്ണുകളിൽ നിന്ന് തന്നെ അവൾ ആദത്തിന് പകർന്നു കൊടുത്തു….കനി കഴിച്ചതിന്റെ പേരിൽ ദൈവത്തിന്റെ സ്വർഗ്ഗവും എന്നാൽ ഹവ്വക്കും ആദമിനും നരകവുമായിരുന്ന ആ സ്വർഗ്ഗരാജ്യം അവർക്ക് വിലക്കപ്പെട്ടു….
പുറം തള്ളപ്പെട്ട അവർ ഭൂമിയിലേക്ക് പറിച്ചു നടപ്പെട്ടു..അവിടെ പരിണാമം സംഭവിച്ച ഒരുപാട് മനുഷ്യന്മാരുണ്ടായിരുന്നു..
ദൈവത്തിന്റെതല്ലാത്ത ഡാർവിന്റെ പരിണാമത്തിന്റെ ഫലമായ കുറേ മനുഷ്യന്മാർ….അതിലൊരുവൻ ആദത്തിന്റെ സ്വപ്നങ്ങളിൽ കടന്ന് വരാറുള്ളവനും…😍ഹവ്വ മറ്റൊരാളുമായി പ്രണയത്തിലാകുന്നു..😍
അവരുടെ സന്താനപരമ്പരകളിൽ പരിണമിച്ചവരുടെ അംശവും “നീതിയില്ലാത്ത ദൈവം” സൃഷ്ടിച്ച ഹവ്വയുടെ അംശവും കാണപ്പെട്ടു..