ഒരു മുസ്ലിം സ്ത്രീയായിരുന്ന ഞാൻ ബന്ധം പിരിയൽ പ്രക്രിയയിലൂടെ പടച്ചോന്റെ സിംഹാസനം പിടിച്ചു കുലുക്കി

209

Fidha Thasni Salim
(ആരുണിനി)

ഒരു ശരാശരി മുസ്ലിം സ്ത്രീ

പിരീഡ്‌സ് ആവുന്നത് മുതലോ അല്ലെങ്കിൽ അതിനും മുൻപ് വളർച്ച തുടങ്ങുന്നത് മുതലോ ചില വലിയ കുത്തുവാക്കുകളോടെയാണ് ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ഒരു കൊച്ചു പെൺകുട്ടി കടന്നുവരിക….എന്നാൽ 7 വയസ് മുതൽ കുത്തുവാക്കുകളുടെ കൂടെ പട്ടാള ചിട്ട പോലെ ചെറുതല്ലാത്ത രീതിയിൽ പർദ്ദ ഇട്ട് നടക്കാനും ഓതാനും നിസ്കരിക്കാനും എന്തിനേറെ സലാം തൊട്ട് ബിസ്മി വരെ പഠിപ്പിക്കാനും തുടങ്ങും, പെണ്ണ് മറയ്ക്കേണ്ടത്, പെണ്ണിന്റെ ഹൈള്, നിഫാസ്, മതിയ്, വദിയ്, ഭർത്താവിനോട് ഉമ്മയോട് ഉപ്പയോട് നാട്ട്കാരോട് അങ്ങനെ കുറേ ഏറെ കടമകളും നിയമങ്ങളും കൊണ്ട് വരിയാൻ തുടങ്ങും

പണ്ട് മദ്രസയിൽ പാട്ട് പാടാൻ പേര് കൊടുത്തപ്പോ പേര് വെട്ടി കളഞ്ഞിട്ട് പെൺകുട്ടികൾ അതൊന്നും ചെയ്യരുത് എന്ന് ഉസ്താദ് പറഞ്ഞു. സ്റ്റേജ് പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ ഇസ്ലാമിലെ പെൺകുട്ടിക്ക് അനുവാദമില്ല പോലും കുറച്ച് കഴിഞ്ഞ് എന്നോട് പോലും ചോയ്ക്കാതെ എന്റെ പേര് “ഖുർആൻ പാരായണ” മത്സരത്തിന്റെ ലിസ്റ്റിൽ കിടക്കുന്നത് കണ്ടപ്പോ ഞാൻ ചോദിച്ചു ഇതാര് തന്ന് എന്ന്, പള്ളിയിലെ സധർ ഉസ്താദ് തന്നതാണെന്ന് പറഞ്ഞപ്പോ ഉസ്താദിനോട് ഞാൻ ചോദിച്ചു പെൺകുട്ടികൾക്ക് സ്റ്റേജ് പ്രോഗ്രാം പറ്റില്ലല്ലോ ഉസ്താദേ എന്ന്.  അന്ന് മുതൽ കുറേ ചോദ്യങ്ങൾ ഉള്ളിൽ ചോദിക്കാൻ തുടങ്ങി. സ്കൂളിൽ 8 ൽ പഠിക്കുമ്പോ ആണ് ആദ്യമായിട്ട് പിരീഡ്‌സ് ആകുന്നത്. അതുവരെ സ്കൂളിലെ എല്ലാ പ്രോഗ്രാമുകൾക്കും സജീവമായി നിന്ന എന്നെ പിന്നെ ഉമ്മിച്ച പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് കർശനമായി വിലക്കി.

ആ സമയത്ത് എന്നെ പിന്നീട് മദ്രസയിൽ പോകേണ്ടതില്ലെന്നും വിലക്കി.എന്നിട്ടും മദ്രസയിൽ പോയിരുന്നതിന് കുടുംബത്തിലും അയൽ വീടുകളിലുമുള്ള താത്തമാർ കളിയാക്കാൻ തുടങ്ങി. അങ്ങനെയാണ് മദ്രസ പോക്ക് നിർത്തുന്നത്പാട്ട് പഠിക്കാൻ നല്ല ആഗ്രഹമുണ്ടായിരുന്നു, പ്രായപൂർത്തിയായ പെണ്ണിന്റെ സ്വരം അന്യപുരുഷൻ കേൾക്കുന്നത് വ്യഭിജാരത്തിന് തുല്യമാണത്രേ, സംഗീതം ഹറാം ആണത്രേ, ക്ലാസ്സിക്കൽ ഡാൻസ് കണ്ട് കളിക്കേം ഒക്കെ ചെയ്തിരുന്ന സമയത്ത് വല്ലാണ്ട് നിർബന്ധം പിടിച്ചിട്ടുണ്ട് പഠിക്കാൻ വിടാൻ. അതിനും വിധിവിലക്കുകൾ ഇസ്ലാമിൽ ശക്തമാണ്

വയലിൻ പഠിക്കണമെന്നതും മറ്റൊരു തീവ്ര ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. ഒമ്പതിൽ പഠിക്കുന്നതോട് കൂടി ആകെ പങ്കെടുക്കാൻ അനുവാദം കിട്ടിയിരുന്ന എഴുത്തു മത്സരങ്ങൾക്കും വിലക്ക് വീണു. അലഞ്ഞു തിരിഞ്ഞു നടക്കാൻ പാടില്ല പോലും പെങ്കുട്യോൾ. അവസാനമായി കിട്ടുന്ന സർട്ടിഫിക്കറ്റ് ഒരു സ്കോളർഷിപ് എക്സാമിന്റേതാണ്. പിന്നത്തെ സർട്ടിഫികേറ്റ് കല്യാണത്തിന്റെതും. ഇസ്ലാമിലെ സ്ത്രീയുടെ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻന്റെ പ്രായപരിധി 16 ആണ്. ഇപ്പൊ ഒരു 7 കൊല്ലം ആയിട്ടാണ് സർക്കാർ കാരണം 18 ആയത് .കുറേ കരഞ്ഞു കാല് പിടിച്ചിട്ട് പോലും ഇസ്ലാമിലെ പുരുഷനിർമിത നിയമങ്ങൾ കാരണം ഒന്നിലേക്കും എത്തിപ്പെടാൻ സാധിച്ചില്ല.ഉറക്കെ മിണ്ടാൻ പാടില്ല, മുടി കാണാൻ പാടില്ല, സുഗന്ധം ഉപയോഗിക്കാൻ പാടില്ല, ഇടുന്ന വസ്ത്രം ഷേപ്പ് ആക്കാൻ പാടില്ല, ഹാഫ് സ്ലീവ് പാടില്ല, മുടി പോലും പുറത്ത് കാണാൻ പാടില്ല…

അപ്പൊ പിന്നെ ഒരു പെണ്ണ് എന്നതിന് സത്യത്തിൽ എന്ത് വിലയാണ് ഇസ്ലാം കല്പിച്ചിട്ടുള്ളത്. ശ്വാസമെടുക്കാൻ പോലും എത്രത്തോളം നിയമങ്ങളാണ്.പിരീഡ്‌സ് ആയാൽ ഖുർആൻ തൊടലും ചുമക്കലും ഹറാം ആണത്രേ, നമസ്കാരത്തിൽ ഇളവ് കൊടുത്തത്ത്രേ, ആ സമയത്തെ നോമ്പ് പിന്നത്തേക്ക് പിടിച്ച് വീടിയാൽ മതിയത്രേ. എന്തൊക്കെ തരം ഇരട്ട താപ്പുകളാണ്
ഉപ്പയുടെ, ഭർത്താവിന്റെ, സഹോദരന്റെ അനുവാദമില്ലാതെ പുറത്ത് പോകാൻ, മുടി മുറിക്കാൻ, പുരികം ത്രെഡ് ചെയ്യാൻ, കയ്യിൽ മൈലാഞ്ചി കൊണ്ട് ചിത്രം വരക്കാൻ, തലയിൽ ഹിജബിനുള്ളിൽ മുടി പൊക്കി വെച്ചാൽ മുഴച്ചിരിക്കുന്നതിന്, എന്തിനേറെ ആൺകുട്ടിയുടെയും പെൺകുട്ടിയുടേം മൂത്രം വരെ ശുദ്ധിയാക്കുന്നതിലുള്ള അപാകതകൾ – ഇവ എല്ലായിടത്തും സ്ത്രീക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന മതമാണ് ഇസ്ലാമത്രേ

ഒരു മുസ്ലിം സ്ത്രീ ഒരു മരക്കഷ്ണത്തിന് തുല്യമാണ്. ഇഷ്ടമുള്ളപ്പോൾ വെട്ടിക്കീറി അടുപ്പത്ത് വെക്കാൻ പാകത്തിന് വളർത്തി എടുക്കും. എപ്പഴെങ്കിലും ചില്ല പടർന്നാൽ വെട്ടി ഒതുക്കും. മരമാകും മുൻപ് തന്നെ പലരും വന്ന് കണ്ടു പോകും. ഈ ആൾടെ കൂടെ എന്നെ വിൽക്കല്ലേ എന്ന് പറയാൻ പോലും ആകാതെ വെട്ടിമുറിക്കപ്പെട്ട് ഒരു കയർ മഹാറായിട്ട് മറ്റൊരിടത്തേക്ക് കൊണ്ടുപോകും. ശേഷം ദ്രവിക്കുന്നത് വരെയോ അല്ലെങ്കിൽ ആ മരത്തിന്റെ അവസാനചാറ് കൊണ്ടുപോലും എന്തൊക്കെ നേട്ടമുണ്ടാക്കാമോ അതെല്ലാം നേടിയെടുക്കും. അപ്പോഴും വാ അടക്കപ്പെട്ട് വളർത്തിയ മരം ഒന്നും മിണ്ടാതെ എല്ലാം സഹിക്കുംപക്ഷെ എനിക്ക് കിട്ടിയ അവസാന കലോത്സവ സർട്ടിഫിക്കറ്റിൽ നിന്ന് മാരേജ് സെര്ടിഫിക്കറ്റിലേക്ക് പോയപ്പോ ആ സർട്ടിഫിക്കറ്റ്ലേക്ക് ഒതുങ്ങാൻ തത്കാലം മനസില്ലായിരുന്നു. അവിടുന്നും ഞാനൊരു സർട്ടിഫിക്കറ്റ് നേടിയെടുത്തത് എന്റെ ഡിവോഴ്സ് സർട്ടിഫിക്കറ്റ് ആണ്. അവിടെയും സ്ത്രീക്ക് സ്വാതന്ത്ര്യം “കൊടുക്കുന്ന” ഇസ്ലാമിന്റെ വിധികൾ വളരെ കിടുവാണ്. സിംഹാസനം കുലുങ്ങുമത്രേ

ശെരിക്കും പറഞ്ഞാൽ ഒരു മുസ്ലിം സ്ത്രീയായിരുന്ന ഞാൻ ബന്ധം പിരിയൽ എന്ന പ്രക്രിയയിലൂടെ പടച്ചോന്റെ സിംഹാസനം പിടിച്ചു കുലുക്കി ഇസ്ലാമിന്റെ ഭാരമുള്ള ഭാണ്ഡം അഴിച്ചുവെച്ച് എനിക്ക്‌ വേണ്ടി ജീവിച്ചു തുടങ്ങി.അല്ലേലും ഈ കല്യാണം, ഡിവോഴ്സ് ഒക്കെ overrated മണ്ണാങ്കട്ടകളാണ്. ഇത്തിരി വെള്ളം മോളിൽ വീഴും വരെയുള്ള കട്ടിയെ കാണു. പറ്റില്ലെങ്കിൽ അതുവരെയുള്ളത് കഴുകി ആ മണ്ണാങ്കട്ടക്ക് മേലെ ഒഴിചിട്ട് അടിപൊളി ആയിട്ട് ഇങ് ഇറങ്ങി നടന്നേക്കണം എന്റെ പെണ്ണുങ്ങളെ.ഡിവോഴ്സ് അത്ര പെട്ടെന്ന് സാധ്യമാവില്ലെന്നറിയാം. എങ്കിലും വളരെ ചെറുതിലെ തന്നെ വീട്ടുകാരുടെ പോലും സപ്പോർട്ട് ഇല്ലാതെ നേടിയെടുത്ത ചെറിയ എക്സ്പീരിയൻസ് കൊണ്ട് പറയാണ്, നിങ്ങൾക്കിനിയും മുന്നോട്ട് ജീവിക്കാനുണ്ട്. ജീവിതം നഷ്ടമായെന്ന് കരുതി നിസ്കാരപായയിൽ കിടന്ന് കരഞ്ഞു മറുപടി തരാത്ത ദൈവത്തെയും നോക്കി കാലം കഴിക്കല്ലേ. ഇങ്ങട് നമ്മളെ കൺസിഡർ ചെയ്യാത്ത, റെസ്‌പെക്ട് ചെയ്യാത്ത, വാല്യൂ ചെയ്യാത്ത ഒരിടങ്ങളും നമ്മുടേതല്ല.

ഇനി അതിനെ നിങ്ങൾ ത്യാഗം എന്ന് വിളിക്കുന്നെങ്കിൽ ഒന്നാലോചിച്ച് നോക്കിയേ അതിനപ്പുറം പൊട്ടത്തരം വേറെ ഉണ്ടോന്ന്.
നിങ്ങൾ വന്നിട്ട് പടിച്ചൊരു ജോലി വാങ്ങി നോക്ക്. ആ പൈസ കൊണ്ട് ഒരു നേരത്തെ വിശപ്പിന് കൊടുക്ക്. അല്ലെങ്കിൽ ഏതെങ്കിലുമൊരു കുട്ടീനെ പഠിക്കാനോ മറ്റൊ ഹെല്പ് ചെയ്യ്. അവർക്ക് നമ്മൾ എല്ലാം ആയിരിക്കും. അത്രേം നാളും ത്യാഗം ചെയ്തിട്ടും ഉണ്ടാക്കിയ കറിക്ക് ഉപ്പില്ലെന്ന് പറയുന്നതിന് പകരം ഒരു നേരത്തെ അന്നം കൊണ്ട് നിങ്ങൾ ദൈവം ആകുന്നത് കാണാൻ നിങ്ങൾക്ക് തന്നെ സാധിക്കും.
മുന്നോട്ട് നിങ്ങൾക്ക് ഇനിയും മറ്റൊരു പാർട്ണറേയും തിരഞ്ഞെടുക്കാൻ ലേഷമല്ല ഒട്ടും പ്രയാസം ഇല്ല. പരസ്പരം റെസ്‌പെക്ട് ചെയ്യുന്ന ഒരു മനുഷ്യനെ കണ്ടെത്തി മതത്തിന്റെയും സോസൈറ്റിയുടെയും വേലിക്കെട്ടുകൾ പൊളിച്ചിട്ടങ്ങട് ജീവിക്ക് 😍♥️😍 ന്റെ പെണ്ണുങ്ങളെ ന്നിട്ട് അടിപൊളി ആയിരിക്ക്