Vennur Sasidharan

Film: A SHORT FILM ABOUT LOVE(1988)
Running time:86 minutes
Country:Poland
Language:Polish
Directed by:Krzysztof Kieślowski
Written by:Krzysztof Piesiewicz
Starring:Grażyna Szapołowska,Olaf Lubaszenko
Cinematography:Witold Adamek
Edited by:Ewa Smal

ബൈബിൾ പഴയ നിയമത്തിലെ ക്രിസ്തുവിന്റെ പത്ത് കൽപ്പനകളെ ആധാരമാക്കി പോളിഷ് ടെലിവിഷന്റെ ആവശ്യപ്രകാരം ക്രിസ്റ്റഫ് കീസ്ലോവ്സ്കി സംവിധാനം ചെയ്ത ഓരോ മണിക്കൂർ ദൈർഘ്യമുള്ളതും പത്ത് ഭാഗങ്ങൾ ഉൾപ്പെടുന്നതുമായ “ഡെക്ക ലോഗ് ” ചലച്ചിത്ര സമാഹാരത്തിലെ ആറാമത്തെ സിനിമയാണ് “എ ഷോർട്ട് ഫിലിം എബൗട്ട് ലൗ “. പത്തു കൽപ്പനകളിലെ ” നീ വ്യഭിചരിക്കരുത് ” എന്നതിനെ അടി സ്ഥാനമാക്കിയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

കീസ്ലോവ്സ്കിയെ ആഗോളതലത്തിൽ സ്വീകാര്യനാക്കിയത് എ ഷോർട്ട് ഫിലിം എബൗട്ട് ലൗ, എ ഷോർട്ട് ഫിലിം എബൗട്ട് കില്ലിംഗ് എന്നീ ചിത്രങ്ങളാണെന്ന് പറയപ്പെടുന്നു.വിഖ്യാത സംവിധായകൻ അന്തോണിയോണി ഡെക്കലോഗ് ചലച്ചിത്ര സമാഹാരത്തോടുള്ള തന്റെ ഒടുങ്ങാത്ത ഇഷ്ടം തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.പന്ത്രണ്ട് തവണയിലധികം അദ്ദേഹം സെക്ക ലോഗ് കണ്ടിട്ടുണ്ടത്രേ!ഹിച്ച് കോക്കിന്റെ റിയർ വിന്റോ എന്ന സിനിമയുടെ പോളിഷ് പതിപ്പാണ് “എ ഷോർട്ട് ഫിലിം എബൗട്ട് ലൗ ” എന്ന് പറയപ്പെടുന്നു. ഗ്വിസപ്പേ തൊർണാ തോറയുടെ മലേന എന്ന ചിത്രവുമായി ചില സമാനതകളും ചിത്രത്തിനുണ്ട്. മൂന്ന് ചിത്രത്തിലും ” ഒളിഞ്ഞു നോട്ടം (വോയറിസം ) ഒരു പ്രധാന വിഷയമായി കടന്നുവരുന്നുണ്ട്.

പ്രണയത്തെ രണ്ട് വിപരീത ധ്രുവങ്ങളിൽ നിന്ന് വിശകലനം ചെയ്യുന്ന കീ സ്ലോവ്സ്കി ആത്യന്തികമായി പറഞ്ഞു വയ്ക്കുന്നത് ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠവും, പവിത്രവുമായ ഒരു വികാരമാണ് പ്രണയം എന്നു തന്നെയാണ്.പ്രണയത്തിൻ്റെ നിഷ്ക്കളങ്കവും,നിസ്വാർത്ഥവും, നിരുപാധികവുമായ രൂപം തോമെക്ക് എന്ന യുവാവിലൂടെ ആവിഷക്കരിക്കുമ്പോൾ പ്രണയമെന്നാൽ രതി മാത്രമാണ് എന്നും ശേഷിക്കുന്ന വ്യാഖ്യാനമെല്ലാം അയഥാർത്ഥമാണെന്നും മഗ്ദയിലൂടെ വ്യക്തമാക്കുന്നു. ഒരേ വികാരത്തിൻ്റെ രണ്ട് വ്യത്യസ്ഥ വ്യാഖ്യാനങ്ങൾ സിനിമയിലുണ്ടെങ്കിലും യഥാർത്ഥ പ്രണയം കാമ നിബദ്ധമല്ല എന്ന് സംവിധായകൻ അടിവരയിട്ട് സ്ഥാപിച്ചെടുക്കുന്നുണ്ട്.

വറുതിയുടെയും, നിരാശയുടെയും, അരാജകത്വത്തിൻ്റെയും സോവിയറ്റ് കാലഘട്ടത്തിലെ പോളണ്ടിൻ്റെ ഒരു സാമൂഹ്യരേഖയാണ് ചിത്രം എന്നതാണ് സിനിമയുടെ രാഷ്ട്രീയ പ്രാധാന്യം.സമകാലിക ലോകക്രമത്തിൽ ബൈബിളിന്റെ നൈതികവും, ധാർമ്മികവും, അസ്തിത്വപരവുമായ സ്വാധീനം മനുഷ്യരിൽ ഏപ്രകാരം പ്രവർത്തിക്കുന്നു എന്ന അന്വേഷണമാണ് ഡെക്കലോഗുകൊണ്ട് പോളീഷ് ടെലിവിഷൻ ഉദ്ദേശിച്ചത്. ഹിച്ച് കോക്കിന്റെ “റിയർ വിന്റോ ” യിലേതു പോലെ പതിയെ വളർന്നു വികസിക്കുന്ന കഥാപാത്രങ്ങളുടെ ആഴത്തിലുള്ള രൂപരേഖയോ , ഗ്വിസപ്പേ തൊർണാതോറയുടെ “മലേന ” യിലേതു പോലെ കഥയിൽ അനേകം അടുക്കുകളോ ഇതിൽ നമുക്ക് കണ്ടെത്താനാവില്ല. എന്നാൽ പരിമിതമായ കഥാപാത്രങ്ങളിലൂടെ ഋജുവായ ആഖ്യാനഘടന ഉപയോഗിച്ച് പ്രണയത്തെക്കുറിച്ചും,രതിയെക്കുറിച്ചും പുതിയ ചോദ്യങ്ങളും,ഉത്തരങ്ങളും പുതിയ ഉൾക്കാഴ്ച്ചകളും ചിത്രം മുന്നോട്ടു വയ്ക്കുന്നു.

വാഴ്സയിലെ ഒരപ്പാർട്ട്മെന്റിൽ വളർത്തമ്മയോടൊപ്പം കഴിയുകയാണ് 19 കാരനും അന്തർമുഖനുമായ തോമെക്ക്. പോസ്റ്റോഫീസിൽ ഗുമസ്തനായി ജോലി നോക്കുന്ന അവന് മുകൾ നിലയിലെ തന്റെ കിടപ്പുമുറിക്കെതിരെയുള്ള അപ്പാർട്ട്മെന്റിലെ താമസക്കാരിയായ മഗ്ദ എന്ന 30 വയസ്സുകാരിയോട് ഉള്ളിൽ അഭിനിവേശമുണ്ട്. എന്നും രാതി 8.30 ന് ജനലിലൂടെ ബൈനോക്കുലർ ഉപയോഗിച്ച് മഗ്ദയെ നിരീക്ഷിക്കുകയാണ് അവന്റെ പ്രധാന പരിപാടി. പിന്നീടത് ടെലസ്കോപ്പിലൂടെ ആവുന്നു. ഓരോ ദിവസം കഴിയുംതോറും തോമെക്കിന് മഗ്ദയോടുള്ള പ്രണയം ഏറി വരികയാണ്. രാത്രി വൈകി അവളെ ഫോൺ ചെയ്ത് നിശ്ശബ്ദനായി നിന്ന് അവളുടെ ശബ്ദം ശ്രവിക്കുക, മണിയോർഡർ ഉണ്ടെന്ന വ്യാജ സന്ദേശം എഴുത്തുപെട്ടിയിൽ നിക്ഷേപിച്ച് അവളെ പോസ്റ്റോഫീസിലേയ്ക്ക് വരുത്തുക, പാൽക്കാരൻ പയ്യൻ എന്ന വ്യാജേന അവളുടെ വീട്ടു വാതിക്കലെത്തി അവളെ നേരിൽ കാണാൻ ശ്രമിക്കുക എന്നിങ്ങനെ മഗ്ദയുമായി അടുക്കാൻ തോമെക് പല മാർഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. ആദ്യമൊക്കെ മഗ്ദയ്ക്ക് തോമെക്കിനോട് നീരസമായിരുന്നെങ്കിലും പിന്നീടവൾക്ക് അവനോട് സ്നേഹവും സഹാനുഭൂതിയും തോന്നുന്നു. ഒരു രാത്രി തന്റെ പങ്കാളിയുമായി രതിയിൽ ഏർപ്പെടാനുള്ള ശ്രമത്തിലായിരുന്ന മഗ്ദ പെട്ടെന്ന് കട്ടിൽ തോമെക്കിന് നിരീക്ഷിക്കാൻ പാകത്തിന് ജനലോരത്തേയ്ക്ക് പിടിച്ചിടുകയും പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. എന്നാൽ തോ മെക്ക് അത് കാണാതിരിക്കാൻ മുഖം തിരിക്കുകയാണ് ചെയ്യുന്നത്.

ഒരിക്കൽ തോമെക്ക് തന്റെ കുറ്റങ്ങളെല്ലാം മഗ്ദയോട് ഏറ്റുപറയുക മാത്രമല്ല,ഉള്ളിൽ അടക്കിവച്ചിരുന്ന പ്രണയവും തുറന്ന് പറയുന്നു. എന്നാൽ മഗ്ദയാവട്ടെ പ്രണയം മിഥ്യയാണെന്നും രതി മാത്രമാണ് തഥ്യ എന്നും ഉപദേശിച്ച് അവനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ അവൻ പിന്തിരിയാൻ ഒരുക്കമല്ലായിരുന്നു. ഒരു ദിവസം തന്റെ ഒപ്പം കഫേയിലേയ്ക്ക് ഐസ്ക്രീം കഴിക്കാൻ അവൻ അവളെ ക്ഷണിക്കുന്നു. അപ്പോഴേയ്ക്കും അവൾ അവന്റെ പ്രണയം തിരിച്ചറിഞ്ഞിരുന്നു . കഫേയിൽ വച്ച് സമീപത്തെ ടേബിളിൽ പ്രണയം കൈമാറുന്ന ഇണകളെ ചൂണ്ടി മഗ്ദ തോമെക്കിന് പ്രണയത്തിന്റെ ബാല പാഠങ്ങൾ പകർന്നു നൽകുന്നു. മാത്രമല്ല രാത്രി കിടപ്പറയിലേയ്ക്ക് ആനയിക്കുകയും അവനെ രതിയിലർപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ മഗ്ദയെ സ്പർശിച്ചപ്പോൾ തന്നെ അവന് രതി മൂർച്ഛ സംഭവിക്കുന്നു.തോമെക്കിൽ വലിയ കുറ്റബോധമാണതുണ്ടാക്കിയത്. അവനെ സംബന്ധിച്ച് പ്രണയത്തിനിടയിലെ രതി പാപമായിരുന്നു.വീട്ടിലെത്തിയ അവൻ പശ്ചാതാപ വിവശനായി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. തക്കസമയത്ത് വളർത്തമ്മ കണ്ടതിനാൽ അവനെ അവർ ഉടൻ ആശുപത്രിയിലാക്കുന്നു. മഗ്ദയാവട്ടെ തോമെക്കിനെ കാണാതെ വിഷമത്തിലാവുന്നു. ബൈനോക്കുലറിലൂടെ ആവന്റെ മുറിയിലേക്കവൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും അവനെ കാണുന്നില്ല. അക്ഷമയോടെ അവൾ അവൻ മറന്നു വച്ച കോട്ട് നൽകാനെന്ന വ്യാജേന തോമെക്കിന്റെ വീട്ടിലെത്തുകയും വളർത്തമ്മയോട് അവനെ അന്വേഷിക്കുകയും ചെയ്യുന്നു. എന്നാൽ അവർ വ്യക്തമായി ഒന്നും പറയുന്നില്ല.ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തിയ തോമെക്ക് ഒരിക്കലും മഗ്ദയെ കാണാൻ കൂട്ടാക്കുന്നില്ല. ഒരു ദിവസം മഗ്ദ തോമെക്കിനെ കാണാൻ പോസ്റ്റോഫീസിൽ എത്തിയെങ്കിലും അവന്റെ മുഖത്തെ അപരിചിതഭാവം അവളെ ഖിന്നയാക്കി.

എന്തുകൊണ്ടാണ് പ്രണയം എന്ന സങ്കൽപ്പത്തെ മഗ്ദ അവിശ്വാസിക്കുന്നതും , സ്നേഹമെന്ന വികാരത്തെ അവൾ പൂർണ്ണമായും നിരാകരിക്കുന്നതും എന്ന് ചിത്രം വ്യക്തമാക്കുന്നുണ്ട്.തന്റെ പങ്കാളികളിൽ നിന്നുള്ള തിക്താനുഭവങ്ങളാണ് അതിനവളെ പ്രേരിപ്പിച്ചത്.ആണും പെണ്ണും തമ്മിൽ രതിക്കപ്പുറം ഒന്നുമില്ല എന്ന് മഗ്ദ തോമെക്കിനോട് സംശയലേശമെന്യേ വ്യക്തമാക്കുന്നത് അതുകൊണ്ടാവണം. എന്നാൽ തോമെക്കാവട്ടെ പ്രണയത്തെ മഹത്വവൽക്കരിക്കുകയും അതിൽ നിന്ന് രതിയെ ഒഴിവാക്കുകയും ചെയ്യുന്നു. ആഴമേറിയതും , നിഷ്ക്കളങ്കവുമായ പ്രണയത്തിന്റെ സമഗ്ര രൂപം നിലവിലുണ്ടോ എന്ന അന്വേഷണമാണ് തോമെക്കിലൂടെ സംവിധായകൻ അന്വേഷിക്കുന്നത്.മന:ശ്ശാസ്ത്രപരമായി തോമെക്കിന്റേയും, മഗ്ദയുടെയും മനസ്സിന്റെ ആഴങ്ങളിലാണ് സംവിധായകൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ആക്ഷേപ ഹാസ്യത്തിന്റെയും , നർമ്മത്തിന്റെയും , നാടകീയതയുടെയും സാധ്യതകൾ വിദഗ്ദ്ധമായി ഉപയോഗിച്ചാണ് കീസ്ലോവ്സ്കി തോമെക്കിന്റേയും, മഗ്ദയുടെയും പ്രണയ സങ്കൽപ്പങ്ങൾ അവതരിപ്പിക്കുന്നത്. ഏകാന്തതയും, അന്തർമുഖത്വവുമാണ് തോ മെക്കിനെ വോയറിസത്തിലേയ്ക്ക് നയിക്കുന്നത്. റിയർ വിന്റോയിലെ ജിമ്മി സ്റ്റു വർട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തേയും മലേനയിലെ കൗമാരക്കാരനേയും വോയറിസത്തിന്റെ ഉപാസകരാക്കുന്നതും ഇതു തന്നെയാണ്.പക്ഷെ എ ഷോർട്ട് ഫിലിം എബൗട്ട് ലൗ എന്ന ചിത്രത്തിൽ ഇതിൽ നിന്ന് വിഭിന്നമായി വോയറിസത്തിന്റെ ഇര തന്നെ വോയറിസ്റ്റാവുന്നതിലെ വൈരുദ്ധ്യം വിശകലനം ചെയ്യുന്നുണ്ട്. ഒരേ സമയം വോയറിസം സിനിമയിലെ ഒരു പ്രധാന വിഷയമാണെങ്കിലും യഥാർത്ഥത്തിൽ സുരക്ഷിതമായ ഒരകലത്ത് ഇരുന്നു കൊണ്ട് പുറം ലോകത്തെ ഒരു ദൃശ്യപരമ്പരയായി വീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു കൗമാരക്കാരന്റെ ആദർശപരമായ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കഥ കൂടിയാണ് സിനിമ പറയുന്നത്.

ക്യാമറയുടെ വീക്ഷണ കോൺ സവിശേഷമായ രീതായിലാണ് കീ സ്ലോവ്സ്കി ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. തോമക്കിന്റെ ആത്മഹത്യാശ്രമം വരെ അവന്റെ കാഴ്ചപ്പാടിലുള്ള (POV ) മഗ്ദയുടെ വോയറിസ്റ്റിക് ഷോട്ടുകളാണ് സിനിമയിലുടനീളം. എന്നാൽ തോമെക്ക് ആശുപത്രിയിലായശേഷം ദൃശ്യങ്ങൾ മഗ്ദയുടെ പോയിന്റ് ഓഫ് വ്യൂവിലേയ്ക്ക് പരിണമിക്കുന്നു. വോയറിസത്തിന്റെ ഇര വോയറാവുന്ന വൈരുദ്ധ്യാവസ്ഥ.നീലയും , ചുവപ്പുമാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാന നിറങ്ങൾ. കഥാപാത്രങ്ങളുടെ വിഷാദാത്മകതയും, ഏകാന്താവസ്ഥയും പ്രേക്ഷകരിലേയ്ക്ക് സംക്രമിപ്പിക്കാൻ നീല നിറത്തിന്റെയും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന പ്രണയ ഭാവത്തെ പ്രേക്ഷകരിലേക്കെത്തിക്കാൻ ചുവപ്പ് നിറത്തിന്റെയും സമർത്ഥമായ പ്രയോഗം വലിയ പങ്ക് വഹിക്കുന്നുണ്ട്.

AWARDS:

1988 ലെ അസോസിയേഷൻ ഓഫ് പോളിഷ് ഫിലിം മേക്കേഴ്സ് ക്രിട്ടിക് അവാർഡ്, സാവോ പോളോ ഫിലിം ഫെസ്റ്റിവലിൽ ഓഡിയൻസ് പുരസ്ക്കാരം, സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ OCIC പുരസ്ക്കാരം എന്നിവ ഉൾപ്പെടെ പതിനൊന്നോളം പുരസ്ക്കാരങ്ങൾ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അറുപത്തി ഒന്നാമത് ഓസ്കാർ പുരസ്ക്കാരത്തിന് ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും ലഭിക്കുകയുണ്ടായില്ല.

Notable films of the director:
Decalog(1989-90),Blind chance(1987),The double life of veronidue(1991),A Short film about love(1988),A Short film about killing(1988)Three colours:Blue(2993),Three colours:red(1994),No end(1985),Three colours:White(1994),Camera buff(1979)

Leave a Reply
You May Also Like

ഗുണ്ടാ സ്റ്റീഫന്‍, മലയാള സിനിമയിലെ പ്രതിനായകര്‍ (ഭാഗം 16)

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ…

‘കുറുക്കൻ’ ലിറിക്കൽ വീഡിയോ ഗാനം

‘കുറുക്കൻ’ ലിറിക്കൽ വീഡിയോ ഗാനം വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന…

ആരാച്ചാര്‍, പ്രതിയെ തൂക്കിലേറ്റും മുന്പ് അയാളുടെ കാതില്‍ എന്താണ് മന്ത്രിക്കുന്നത് ?

ആരാച്ചാര്‍, പ്രതിയെ തൂക്കിലേറ്റും മുന്പ് അയാളുടെ കാതില്‍ എന്താണ് മന്ത്രിക്കുന്നത് ? അറിവ് തേടുന്ന പാവം…

“ആസിഫ്, റോഷൻ മഹാവീര്യർക്കും തെക്കൻ തല്ലിനും ശേഷം നിങ്ങൾ ചെയ്ത വേഷങ്ങൾ വീണ്ടും അടയാളപ്പെടുത്തുന്നു”

നടനും സംവിധായന് എഴുത്തുകാരനുമായ മധുപാലിന്റെ കുറിപ്പ് ഒരു ചലച്ചിത്രം ജീവിതത്തിന്റെ നേർ പകർപ്പ് ആവുന്നത് അത്…