സിനിമ സൃഷ്ടിക്കുന്ന രണ്ട് തരം പെങ്ങന്മാർ

210

Pramod Kizhakkummuri‎ എഴുതുന്നു 

സിനിമ സൃഷ്ടിക്കുന്ന രണ്ട് തരം പെങ്ങന്മാർ

കാലാകാലങ്ങളായി നമ്മുടെ സിനിമക്ക് ഉണ്ടായിരുന്ന പ്രത്യേകതയാണ് പെങ്ങന്മാരെ രണ്ട്
തരത്തിൽ കാണുന്നത്.മിക്കതിലും രണ്ട് പെങ്ങന്മാർ ഉള്ള സിനിമകളിൽ,അല്ലെങ്കിൽ രണ്ടിൽ കൂടുതൽ ഒക്കെ ഉള്ള സന്ദർഭങ്ങളിലൊക്കെ ഇളയ പെങ്ങൾക്ക് നല്ലവൾ എന്ന സ്ഥാനം കൊടുത്തു കൊണ്ടും മൂത്തവൾക്ക് ജീവിത സാഹചര്യം മനസ്സിലാക്കാത്ത ,കാശ് പിടുങ്ങാൻ വരുന്ന ,അലിവ് ഇല്ലാത്ത, ഹൃദയം ഇല്ലാത്തവൾ എന്നുള്ള തരത്തിലുമുള്ള ലേബലും കൊടുത്തു വരുന്നു.ഒത്തിരി ചിത്രങ്ങൾ ഈ സമാനത ഉള്ളത് ഉണ്ട്.നായകനായ ഏട്ടനെ മനസ്സിലാക്കുന്ന ഉത്തമ പെങ്ങൾ ആയി സിനിമ ഇളയവളെ കണക്കാക്കുന്നു.

1 ടിപി ബാലഗോപാലൻ MA എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ഉണ്ട് ഇത്തരം രണ്ട് പെങ്ങന്മാർ.മൂത്തവൾ KPAC ലളിതയും ഇളയവൾ മറ്റൊരു നടിയും.ഭർത്താവിന്റെ കൂടെ നിന്ന് കൊണ്ട് വലിയ ജോലിയും ശമ്പളവും ഒന്നും ഇല്ലാത്ത ആങ്ങളയെ ഇസ്‌കി ജീവിക്കുക എന്നതും ഒരു സന്ദർഭത്തിലും
അയാളെ സപ്പോർട്ട് ചെയ്യാത്ത ഒരു പെങ്ങളായി അവർ മാറുന്നു. എന്നാൽ അനിയത്തി ആവട്ടെ ചേട്ടൻറെ എല്ലാ സങ്കടങ്ങളും മനസ്സിലാക്കി നല്ലവണ്ണം പെരുമാറുന്നതായി ഒരുക്കിവെച്ചിരിക്കുന്നു

2 സത്യൻ അന്തിക്കാട് ന്റെ തന്നെ സന്ദേശം എന്ന ചിത്രത്തിലും ചേച്ചിയായി കെപിഎസി ലളിതയും അനിയത്തിയായി മാതുവും അഭിനയിക്കുന്നു.വീട്ടുകാരുടെ പ്രശ്നങ്ങളൊന്നും തന്നെ മനസ്സിലാക്കാതെ
ഭർത്താവിനോടൊപ്പം വന്നു സ്ത്രീധന ബാക്കിയും മറ്റും ചോദിച്ചു വാങ്ങുന്നവൾ ആയി ചിത്രീകരിച്ചിരിക്കുന്നു .എന്നാൽ അനിയത്തി വീട്ടുകാരുടെ കൂടെ നിൽക്കുന്നവൾ ആയും ചേട്ടൻറെ എല്ലാ കാര്യങ്ങളും ചെയ്യുന്ന നല്ല പെങ്ങൾ ആയിട്ടും മാറുന്നു

3 കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം എന്ന പടത്തിലും ഉണ്ട് ഈ ഒരു ചെയ്തി.മൂത്തവൾ വീട്ടുകാരെയും ഏട്ടനെയും അവരുടെ കഷ്ടപ്പാടുകളും മനസ്സിലാക്കാതെ വെറുപ്പിക്കുന്നവൾ ആയി മാറുമ്പോൾ സുനിത ചെയ്‌ത അനിയത്തി കഥാപാത്രം നല്ലവൾ ആണ്.

4 പ്രിയദർശന്റെ വെള്ളാനകളുടെ നാട് അനിയന്റെ തകർച്ചയിൽ സ്വന്തം ഭർത്തക്കന്മാരോട് ചേർന്ന് കുത്തി നോവിച്ചു കൊണ്ടിരിക്കുന്ന മൂത്ത പെങ്ങളെ കാണാൻ സാധിക്കും.എന്നാൽ ലിസി ചെയ്ത അനിയത്തി മാത്രമാണ് ആ വീട്ടിൽ നായകനായ ഏട്ടന്റെ താങ്ങ്.

5 സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിലും ഉണ്ട് വീടിനെ മനസ്സിലാക്കാത്ത സാഹചര്യങ്ങൾ മനസ്സിലാക്കാത്ത മൂത്തവളും ,എല്ലാം മനസ്സിലാക്കി ചെയ്യുന്ന ഇളയവളുo.

6 വീണ്ടും ചില വീട്ടുകാര്യങ്ങളിലെ റോയ് ടെ അനിയത്തി ചേട്ടന്റെ ദുഃഖങ്ങളെ മനസ്സിലാക്കിയവൾ ആയിരുന്നു.

ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങൾ അനുഭവിച്ചു തുടങ്ങിയത് കൊണ്ടായിരിക്കുമോ മൂത്ത പെങ്ങൾ ഇത്തരം പെരുമാറ്റം നടത്തുന്നത്.പരുക്കൻ ജീവിത സഹചര്യങ്ങൾ അനുഭവിച്ചു തുടങ്ങിയാൽ അനിയത്തി കുട്ടിയും ഇത്തരം മാറ്റങ്ങൾക്ക് വിധേയമാകുമോ….?

സിനിമ ജീവിതത്തിന്റെ അടയാളപ്പെടുത്തൽ ആണ് എന്ന് പറയാറുണ്ടല്ലോ,അങ്ങനെ ഉള്ള ഒരു കണ്ടെത്തൽ ആണോ സംവിധായകരുടെയും എഴുത്തുകാരുടെയും ഇത്തരം ഒരു പാത്ര സൃഷ്ടി….അങ്ങനെയെങ്കിൽ എല്ലാത്തരം ജീവിതങ്ങളിലും ആളുകളിലും എല്ലാ തരം വാസനകളും ഉണ്ട് എന്ന് അടയാളപ്പെടുത്തുകയല്ലേ ശരിക്കും ചെയ്യേണ്ടത്!

NB: ആങ്ങളമാർ രാത്രി വൈകി വീട്ടിലേക്ക് കേറി വരുമ്പോ ആരും അറിയാതെ വാതിൽ തുറന്ന് കൊടുക്കുന്നത് അനിയത്തി കുട്ടി തന്നെ ആയിരിക്കും മിക്കപ്പോഴും…

© Pramod Kizhakkummuri

Advertisements