ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നാണ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഉണ്ടാകുന്നത് . എന്നാൽ ഇന്ത്യയുടെ ചലച്ചിത്രവ്യവസായം എന്നറിയപ്പെടുന്ന ബോളീവുഡിൽ നിന്നും അത്തരം സിനിമകൾ ഉണ്ടാകുന്നില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേര് സംസാരിക്കുന്ന ഭാഷയിലെ സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ലോകനിലവാരത്തിലെ സിനിമകൾ ഉണ്ടാകാത്തതിൽ പരിഭവം പറയുന്നത് മറ്റാരുമല്ല.. സാക്ഷാൽ അജയ് ദേവ്ഗൺ തന്നെ. പാൻ ഇന്ത്യൻ രീതിയിൽ ചിത്രങ്ങളെടുക്കാൻ ബോളിവുഡിലെ സംവിധായകർ ശ്രമിക്കുന്നില്ലെന്ന് നടനും സംവിധായകനുമായ അജയ് ദേവ്ഗൺ തുറന്നു പറഞ്ഞിരിക്കുന്നു. താൻ സംവിധാനം ചെയുന്ന റൺവേ 34 എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറക്കുന്ന വേളയിൽ ആണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
”ബോളിവുഡ് സിനിമകൾ അടക്കിവാഴുന്ന ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യൻ സിനിമകൾ ജനപ്രീതിയാർജിക്കുന്നു. സ്വന്തം ഭാഷയ്ക്ക് പുറത്തുള്ള പ്രേക്ഷകരേക്കൂടി ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യയിൽ നിന്നുള്ള ചലച്ചിത്രകാരന്മാർ തിരക്കഥകൾ തയ്യാറാക്കുന്നത് .ബോളിവുഡ് സിനിമകൾ ദക്ഷിണേന്ത്യയിൽ എത്തുന്നില്ല എന്നല്ല അതിനർത്ഥം. വലിയ രീതിയിൽ തിയേറ്ററുകളിലെത്തിക്കാൻ ഇതുവരെ ആരും ശ്രമിച്ചതായി കാണുന്നില്ല. ദക്ഷിണേന്ത്യൻ സിനിമകൾ ഉത്തരേന്ത്യയിൽ ഇറക്കാൻ അവർ ഉത്തരേന്ത്യയിൽ ജനപ്രീതിയുള്ള താരങ്ങളെ ഉൾപ്പെടുത്തുന്നു. അങ്ങനെയവർ പാൻ ഇന്ത്യൻ സിനിമകൾ ഉണ്ടാക്കുന്നു” അജയ് പറഞ്ഞു.
ആർ ആർ ആറിൽ അജയ്ദേവ് ഗണും ആലിയയും കെജിഎഫിൽ സഞ്ജയ് ദത്തും രവീണ ടണ്ഠനും അഭിനയിച്ചിരുന്നു. ഇത് നോർത്ത് ഇന്ത്യയിൽ കൂടി ചിത്രങ്ങൾക്ക് സ്വീകാര്യത ലഭിക്കാൻ ഇടയാകുന്നു. ഇതു പേരെടുത്തുപറയാതെ പരാമര്‍ശിച്ചുകൊണ്ടാണ് അജയ് ദേവ്ഗണിന്റെ വാക്കുകൾ.