ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ , രശ്മിക മന്ദാന തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹനു രാഘവപുടി അണിയിച്ചൊരുക്കിയ ചിത്രമാണ് സീതാരാമം. 80 കോടിയോളം ആഗോള ഗ്രോസ് നേടിയ കുറുപ്പിന്റെ കളക്ഷനെയും മറികടന്നു ദുൽഖറിന്റെ ഏറ്റവും വലിയ വിജയചിത്രമായി സീതാരാമം . എന്നാൽ ഇതോടെ റൊമാൻസ് സിനിമകളിൽ അഭിനയം നിര്‍ത്തുന്നു എന്ന് ദുൽഖർ പറഞ്ഞിരുന്നു. അതിനെ എതിർക്കുകയാണ് സീതാരാമത്തിലെ നായികാ മൃണാൾ. റൊമാന്‍സ് നിര്‍ത്തുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ മൃണാൾ, വേണമെങ്കില്‍ ഒരു ബ്രേക്ക് എടുത്തിട്ട് വീണ്ടും റൊമാന്റിക് സിനിമകൾ ചെയ്യണമെന്നാണ് ദുൽഖറിനോട് പറയുന്നത്.ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മൃണാൾ ഈ പ്രതികരണം നടത്തിയത്.
ദുൽഖർ പ്രണയ ചിത്രങ്ങൾ ചെയ്യുന്നില്ല എന്നൊരു തീരുമാനമെടുത്താല്‍ താൻ അപ്സെറ്റാവുമെന്നും തനിക്ക് റൊമാന്‍സ് ഇഷ്ടമാണ് എന്നും മൃണാൾ പറഞ്ഞു. റൊമാന്‍സ് നിര്‍ത്തുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നത് നിർത്തണമെന്നും, അത് തങ്ങളുടെ ഹൃദയം തകർക്കുമെന്നും മൃണാൾ കൂട്ടിച്ചേത്തു. ഏതായാലും താൻ റൊമാന്റിക് ചിത്രങ്ങൾ ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തുന്നില്ലെന്നും നല്ല സ്ക്രിപ്റ്റുകള്‍ വരികയാണെങ്കില്‍ റൊമാന്റിക് ചിത്രങ്ങൾ ചെയ്യാൻ തന്നെയാണ് പ്ലാനെന്നുമാണ് ഇപ്പോൾ ദുൽഖർ പറയുന്നത്.