നാടക- ചലച്ചിത്ര അഭിനേതാവ് കടുവാക്കുളം ആന്റണിയുടെ 86-ാം ജന്മവാർഷികം
മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന സിനിമയിൽ “നിങ്ങളിതുവരെ പുറപ്പെട്ടില്ലേ…… ഹലോ ഇത് ഞങ്ങള്‍ അങ്ങോട്ട് വിളിച്ച ഫോണല്ലേ….. ഹോ കണ്‍ഫൂഷനായല്ലോ…. ഞങ്ങള്‍ അരമണിക്കൂര്‍ മുന്നേ പുറപ്പെട്ടു….എന്താ ഒരു മണിക്കൂര്‍ മുന്നേ പുറപ്പെടണോ…. ഞാനത് പറഞ്ഞ് ഒരു മണിക്കൂര്‍ മുന്നേ ആക്കി” മുതലായ സംഭാഷണത്തിലൂടെ ശ്രദ്ധേയനായ, ഹാസ്യരസ പ്രദാനമായ വേഷങ്ങളിലൂടെ ശ്രദ്ധേയനായ മലയാളത്തിലെ പ്രമുഖനായ ഒരു നാടക- ചലച്ചിത്ര അഭിനേതാവാണ് കടുവാക്കുളം ആന്റണി.
1936 നവംബർ 9 ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ കർഷക ദമ്പതികളായിരുന്ന തൊമ്മന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. ബാല്യത്തിൽ കുടുംബം കോട്ടയം ജില്ലയിലെ കടുവാക്കുളത്തേക്ക് കുടിയേറി. ഇതിനു ശേഷമാണ് ‘കടുവാക്കുളം ആന്റണി’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തിൽ താല്പര്യമുണ്ടായിരുന്നു. മികച്ച ഫലിതബോധം അന്നേ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ധനകാര്യ സ്ഥാപനം അദ്ദേഹം നടത്തിയിരുന്നെങ്കിലും അഭിനയത്തോടായിരുന്നു അടങ്ങാത്ത മോഹം. തുടർന്ന് ബിസിനസ് ഉപേക്ഷിച്ച് അഭിനയത്തിനിറങ്ങി. ഏഴുവർഷത്തോളം വിവിധ നാടകങ്ങളിൽ അഭിനയിച്ചു. നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ വിശ്വകലാകേന്ദ്രസമിതിയുടെയും നാഷണൽ തീയറ്റേഴ്സിന്റെയും നാടകങ്ങളിലാണ് കൂടുതൽ അഭിനയിച്ചത്. പിന്നീട് ഒരിയ്ക്കൽ ആന്റണിയുടെ അഭിനയം കണ്ട ജോസ് പ്രകാശ് ആന്റണിയെ അഭിനയ രംഗത്തേയ്ക്ക് കൊണ്ടുവരികയായിരുന്നു.
1961-ൽ ഭക്തകുചേല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആന്റണി 300-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1968-ൽ മലയാളത്തിലെ ആദ്യ മുഴുനീള ഹാസ്യചിത്രമായ വിരുതൻ ശങ്കുവിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രം അവതരിപ്പിച്ചു. ‘സ്നേഹദീപം’ (1962), ‘ശ്രീരാമ പട്ടാഭിഷേകം’ (1962), ‘സ്നാപകയോഹന്നാൻ’ (1963), ‘പുന്നപ്ര വയലാർ’ (1968) എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചു. ‘കായംകുളം കൊച്ചുണ്ണി’ (1966) എന്ന ചിത്രത്തിലെ കടുവാച്ചേരി ബാവ, ‘തിരുവാഭരണം’ എന്ന ചിത്രത്തിലെ അമിട്ട് ആന്റണി എന്നിവ പ്രധാന വേഷങ്ങളിൽ പെടുന്നു. 1995-ൽ ‘മാന്നാർ മത്തായി സ്പീക്കിങ്’ എന്ന ചിത്രത്തിൽ വളരെ ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം തദവസരത്തിൽ ഇന്നസെന്റുമായി നടത്തുന്ന ഫോൺ സംഭാഷണങ്ങൾ കേരളത്തിൽ ഇന്നും ശ്രദ്ധേയമാണ്. 1997-ൽ പുറത്തിറങ്ങിയ ‘അടിവാരം’ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. നടിയായിരുന്ന ബിയാട്രീസാണ് ഭാര്യ. 2001 ഫെബ്രുവരി 4-ന് അന്തരിച്ചു.