ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം
ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിൽ അംഗമാകാൻ തമിഴ് നടൻ സൂര്യക്കും ബോളിവുഡ് താരം കാജോളിനും ക്ഷണം. തെന്നിന്ത്യയിൽ നിന്ന് ആദ്യമായി ഓസ്കാർ അക്കാദമിയിലേക്ക് ക്ഷണം ലഭിക്കുന്ന താരമാണ് സൂര്യ. എല്ലാ വർഷവും ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഓസ്കാർ അവാർഡുകൾക്ക് വോട്ടു ചെയ്യാൻ ഈ അംഗങ്ങൾക്ക് അർഹതയുണ്ടാകും. 2021ൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി സൂര്യയുടെ ‘സൂരരൈ പോട്ര്’ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. മാത്രവുമല്ല നേരത്തെ സൂര്യയുടെ ‘ജയ് ഭീം’ ഓസ്കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രദർശിപ്പിച്ചിരുന്നു. മലയാളിയായ റിന്റു തോമസും (‘റൈറ്റിങ് വിത്ത് ഫയര്‍’ സംവിധായിക) ഈ പട്ടികയില്‍ ഇടംപിടിച്ചു. സംവിധായകരായ സുഷ്മിത് ഘോഷ്, എഴുത്തുകാരിയും ചലച്ചിത്ര നിര്‍മാതാവുമായ റീമ കഗ്തി എന്നിവര്‍ ഉള്‍പ്പടെ 397 പുതിയ അംഗങ്ങളെയാണ് ഈ വര്‍ഷം അക്കാദമി അംഗത്വം നല്കാന് ക്ഷണിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാത്രി അക്കാദമി വെബ്സൈറ്റില്‍ വന്ന പ്രസ്താവനയിലാണ് നാടക-ചലച്ചിത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ കലാകാരന്മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്.