ഗുരു തെറ്റും പികെ ശരിയും ആകുന്നതെങ്ങനെ ?

393

എഴുതിയത്  : Rahul Vijayan

1997 -ൽ പുറത്തിറങ്ങിയ ഗുരുവും 2014 -ൽ പുറത്തിറങ്ങിയ PK യും താരതമ്യം ചെയ്യുക എന്ന ദുസ്സാഹസമല്ല ഉദ്ദേശിക്കുന്നത് , രണ്ടിലും പൊതുവായി പറഞ്ഞിട്ടുള്ള ചില ആശയങ്ങളെ ഒന്നു വിലയിരുത്തുന്നു എന്നുമാത്രം .

ഗുരുവും PK യും സുപരിചിതങ്ങളായ ചലച്ചിത്രങ്ങളാകയാൽ ഇവയുടെ കഥാംശം വിവരിക്കുന്നതിൽ നിന്നും പിന്മാറുന്നു .

ആദ്യമായി ‘ ഗുരു ‘ എങ്ങനെയാണ് ഒരു തെറ്റായി മാറുന്നത്..എന്നുനോക്കാം .

ഒന്നാമതായി ഗുരു ഒളിച്ചുകടത്തുന്ന സ്ത്രീവിരുദ്ധതയും സ്ത്രീ അടിമത്തബോധവും നാം കാണേണ്ടതുണ്ട് .
പാതിവൃത്യമഹിമയും സദാചാരമൂല്യങ്ങളും എത്രമേൽ അത്യന്താപേഷിതമാണെന്ന് വൈദേഹി എന്ന സിതാരയുടെ കഥാപാത്രം തൻറെ വിദ്യാർത്ഥികളോടു പറയുന്നത് ഓർക്കുന്നുണ്ടോ..?
നല്ല കുടുംബവും തന്മൂലം നല്ല സമൂഹവും തദ്വാരാ നല്ല രാഷ്ട്രവും കെട്ടിപ്പടുക്കുന്നത് സ്ത്രീയുടെ ചുമലിലാണെന്നും അതിനവൾ പ്രതിജ്ഞാബദ്ധയാണെന്നും ഗുരുവിൻറെ ദർശനങ്ങൾ .. കുട്ടികൾക്കായി വ്യാഖ്യാനിച്ചുകൊടുക്കുന്നുണ്ട് വൈദേഹി .

[ഇതേ സംവിധായകൻറെ തന്നെ ഋഷിവംശം എന്ന സ്ത്രീവിരുദ്ധ ആർഷഭാരത സംഘിപ്പടവും ഈ അവസരത്തിൽ ഓർത്തുപോകുന്നു ]

സ്ത്രീപുരുഷ സമത്വത്തേക്കുറിച്ചോ ,മനുഷ്യ ജീവനുകളുടെ തുല്യതയേക്കുറിച്ചോ അവൾക്കോ അവളുടെ ഗുരുവിനോ യാതൊരു ചുക്കും അറിയില്ല എന്നത് വ്യക്തം .

രണ്ടാമതായി.., ‘ ദൈവമുണ്ട് ‘ എന്ന് നിസംശയം പറഞ്ഞുപോകുന്ന.. മതവിശ്വാസിയുടെ ഫാൻറസി പടമാണ് ഗുരു എന്നതിനാൽ മറ്റൊരുപാട് സംഗതികളിലേക്ക് കടക്കുന്നില്ല എങ്കിലും ..’അന്ധമായ ‘ എന്ന വിവക്ഷയിൽ ശാസ്ത്രത്തെ അവതരിപ്പിച്ച് അപമാനിച്ചത് ഇവിടെ എടുത്തു പറയാതെ വയ്യ .

മനസ്സിൻറെ മഞ്ഞിടിഞ്ഞ് രഘുരാമൻ എത്തിപ്പെടുന്ന താഴ്വരയിലെ ശബ്ദശാസ്ത്രജ്ഞനായ ശ്രവണകൻ , അദ്ദേഹത്തിൻറെ പര്യവേഷണ വേളയിൽ കേൾക്കുന്ന കിളിനാദത്തെ ..താഴ്വരയെ ആക്രമിക്കാൻ പോന്ന ഒരു അണുസംഘാതമായി തെറ്റിദ്ധരിച്ച നിമിഷം രഘുരാമൻ അതൊരു പക്ഷിയാണെന്ന് വെളിപ്പെടുത്തുന്നു .

തന്നോട് സംവദിക്കുന്നത് അഭൗമമായ ഏതോ ദുഷ്ടശക്തിയെന്ന് കരുതുന്ന ശ്രവണകൻ രഘുരാമൻറെ ചോദ്യങ്ങൾക്കുമുന്നിൽ പതറിപ്പോകുന്നുണ്ട് .

” നിങ്ങളേപ്പോലെ അന്ധമാണ് നിങ്ങളുടെ ശാസ്ത്രമെന്നും , ജനനമരണങ്ങൾ , ജന്മജന്മാന്തരങ്ങൾ, പുണ്യപാപങ്ങൾ ഇവയൊക്കെ ശാസ്ത്രനിർവ്വചനത്തിന് അതീതമാണെന്നും ” ഏതൊരു വിശ്വാസിയെയും പോലെ രഘുരാമനും വിളിച്ചു പറയുന്നുണ്ട് .

സത്യത്തിൽ ജനനവും മരണവും ശാസ്ത്രം എത്രയോ മുമ്പേ നിർവ്വചിച്ച വിഷയങ്ങളാണ് . നാം കൃത്രിമ ജീൻ വരെ നിർമ്മിച്ചു . വന്ധ്യരെ മാതാപിതാക്കളാക്കി .
അകാലത്തിൽ മരണപ്പെടേണ്ടവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു .

ഈ പറയുന്ന രഘുരാമനും ചെറിയൊരു പനിവന്നാൽ പോലും modern medical science നെ ആശ്രയിക്കുന്നയാളാണെന്നോർക്കണം .

‘പുണ്യപാപങ്ങൾ ‘ എന്നത് മതങ്ങൾ വികസിപ്പിച്ചെടുത്ത കൺസപ്റ്റ് ആണെന്ന് അറിയാമല്ലോ.
ശ്രീബുദ്ധൻ പറഞ്ഞത്.. ” മറ്റൊരു അർത്ഥവും കിട്ടാനില്ലാത്തപ്പോൾ.. ബഹുജനഹിതം പുണ്യവും , ബഹുജന അഹിതം പാപവും ” എന്നാണ് ,

എന്നാൽ ഭൂരിപക്ഷ ന്യൂനപക്ഷ സമൂഹത്തിൽ ഈ കാഴ്ച്ചപ്പാടിനേപ്പോലും നിരാകരിക്കേണ്ടതായുണ്ട് നമ്മുക്ക് .
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയാണ് പുണ്യമെന്നും ,അത് നിഷേധിക്കലാണ് പാപമെന്നും നിസംശയം പറയട്ടെ .!

ഒടുവിലായി..താഴ്വരയെ ആക്രമിക്കാനൊരുങ്ങിനില്ക്കുന്ന ദുഃർദ്ദേവതകളിൽ നിന്നും താഴ്വരയെ രക്ഷിക്കാൻ രാജപുരോഹിതൻ മനുഷ്യക്കുരുതിക്ക് കോപ്പുകൂട്ടുമ്പോൾ.., അതിന് പിന്തുണയെന്നപോലെ ശബ്ദങ്ങളുടെ ഒരുമഹാവേലിയേറ്റമുണ്ടാക്കി താഴ്വരയെ പടച്ചട്ടയണിയിക്കാനൊരുമ്പെടുന്ന ശ്രവണകൻ അല്പം കാലിക പ്രസക്തമായ കാഴ്ച്ചകൂടിയാണെന്ന് പറയാതെ വയ്യ .
ചന്ദ്രയാൻ 2 വിൻറെ വിജയത്തിനായി ഹോമവും പൂജയുമൊക്കെ നടത്തിയതുപോലെ താഴ്വരയിലെ മതവും ശാസ്ത്രവും പരസ്പരപൂരകങ്ങൾ മാത്രമല്ല സതീർത്ഥ്യരുമാണെന്നു വ്യക്തം .

മതത്തിൻറെ തോളിൽ കൈയ്യിട്ടു നടക്കുന്ന ശാസ്ത്രം ഒരു നല്ല ഫലിതം തന്നെ.

മേല്പ്പറഞ്ഞതുപോലെ .. ഒരു ബൈബ്ളിക്കൽ ഫാൻറസിയുടേതായ സൗന്ദര്യം സിനിമയുടെ കഥാമൂല്യത്തിൻറെ ഭാഗമായതിനാൽ നമ്മുക്ക് ഇനി PK യിലേക്ക് വരാം .

ഗുരു-വിൽ .. തികച്ചും അന്ന്യമായ മറ്റൊരു ലോകത്തിലേക്കു പോകുന്ന നായകനാണെങ്കിൽ , PK യിൽ മറ്റൊരു ലോകത്തുനിന്നും ഭൂമിയിലേക്ക് വരുന്ന നായകനാണുള്ളത് .

ആൺപെൺ വസ്ത്രധാരണ വൈവിദ്ധ്യം ഓർമ്മിപ്പിക്കാനും .. അത് സമൂഹം നമ്മിൽ അടിച്ചേല്പിക്കുന്നതിലെ അർത്ഥശൂന്യത വ്യക്തമാക്കാനും ആദ്യം തന്നെ pk യ്ക്ക് കഴിയുന്നു , ഒപ്പം മതാചാരഭാഗഭാക്കായ വസ്ത്രധാരണ നിയമങ്ങളേയും കിറുകൃത്യമായി വിമർശിക്കുന്നു .

ദൈവം എങ്ങനെയാണ് ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതെന്ന് അന്വേഷിച്ചിറങ്ങുന്ന pk നമ്മെ ചിരിപ്പിക്കുന്നതിനോടൊപ്പം ഗാഢമായി ചിന്തിപ്പിക്കുന്നുമുണ്ട് .

”ഈ ദൈവം വർക്കു ചെയ്യുന്നില്ല ,ഇതിൻറെ ബാറ്ററി തീർന്നെന്നു തോന്നുന്നു ” എന്നുപറയുന്ന pk നിങ്ങളെയും ചിന്തിപ്പിച്ചില്ലേ..?

താൻ ഏത് മതത്തിൽപ്പെട്ടവനാണെന്നറിയാൻ ദേഹപരിശോധന നടത്തുന്ന pk നവജാതശിശുക്കളുടെയും ദേഹപരിശോധന നടത്തി നിരാശനാകുന്നുണ്ട് .

കേവലം വസ്ത്രധാരണവും മുടിയും താടിയും മതചിഹ്നങ്ങളും നിർവ്വചിക്കുന്ന ഐഡൻഡിറ്റിക്കപ്പുറം മനുഷ്യർക്കെല്ലാം ഒരേ ഐഡൻഡിറ്റിയാണെന്നും നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട് pk.

ദൈവവും മതവും ഏറ്റവും നല്ല ചൂഷണോപാധികളാണെന്ന് ഏറ്റവും ലളിതമായും ശക്തമായും പറയുന്ന രംഗങ്ങൾ ആവർത്തിക്കേണ്ടതില്ലെന്നു കരുതട്ടെ..!

എന്നാൽ .. ആരാധനാദോഷങ്ങളാണ് നമ്മെ അന്ധരാക്കുന്ന ഇലാമാ പഴങ്ങൾ എന്നും, സത്യത്തെ മറയ്ക്കുന്ന മതിലുപോലെയാണ് മതങ്ങളുടെ വേലിക്കെട്ടുകൾ എന്നുമൊക്കെ പറഞ്ഞുവയ്ക്കുന്ന ഗുരുവിനേക്കാൾ എത്രയോ ദൂരം മുന്നിലാണ് PK.

” ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച ഈശ്വരനെ നിങ്ങൾ സംരക്ഷിക്കുമെന്ന്.., അല്ലേ..?, അങ്ങനെ ഈശ്വരനെ സംരക്ഷിക്കാൻ തുനിഞ്ഞിറങ്ങിയാൽ ഇവിടെ ചെരുപ്പുകൾ മാത്രമേ ബാക്കിയുണ്ടാകൂ , മനുഷ്യർ ഉണ്ടാകില്ല..!” .. എന്ന് ഉറച്ച ശബ്ദത്തിലാണ് ആൾദൈവത്തിനുള്ള , ലോകത്തിനു തന്നെയുള്ള PK യുടെ മറുപടി .

ഗുരു കണ്ടിറങ്ങിയ കാണികൾ അവരുടെ മതത്തിലെ തന്നെ നന്മതിന്മകൾ വേർതിരിച്ചെടുക്കാൻ , ഇരുട്ടിൽ തപ്പുക എന്ന സാഹസ്സം ചെയ്യുമ്പോൾ..
Pk കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും അല്പനേരത്തേക്കെങ്കിലും മതാതീതമായി ചിന്തിക്കും എന്നതാണ് വാസ്തവം .

മതാതീതമായ മനുഷ്യത്വം മാത്രമേ മാനവികതയ്ക്ക് വളമാകൂ എന്നതാണ് സത്യം .,
മറ്റെല്ലാ ഗിമ്മിക്കുകളും വെറും ജലരേഖകൾ മാത്രമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നിർത്തട്ടെ..!

© Rahul vijayan