തൊട്ടപ്പനെന്ന സിനിമക്ക് നൽകുന്ന സല്യൂട്ട് വിനായകനുതന്നെയാണ്

0
357

Vineetha Vijayan

കണ്ടൽക്കാടുകളതിരിടുന്ന, കണ്ണെത്താ ദൂരം നീളുന്ന ചിറകളുള്ള ഓരുവെള്ളത്തിന്റെ കനച്ചമണമുള്ള മീൻ കെട്ടുകളുടെ കാവൽപ്പുരകളുടെ പത്തായമുറപ്പിക്കുന്ന കാൽത്താളങ്ങളുടെ കായൽത്തുരുത്തി ലേക്കാണ് സാറയും അവളുടെ തൊട്ടപ്പനായ ഇത്താക്കും അവരുടെ ജീവിതം തൊട്ടറിയാൻ കാഴ്ചക്കാരെ കൂട്ടുവിളിക്കുന്നത്…
ഓർക്കാപ്പുറത്തുള്ള ഒച്ചയനക്കങ്ങളും ആരവങ്ങളും ആർപ്പുവിളികളും ശ്വാസമടക്കിപ്പിടിക്കലും ഈ സിനിമയിലൊരേടത്തും നിങ്ങളെ കാത്തു നിൽക്കുന്നില്ല. സ്നേഹം കൊണ്ടുള്ളു നിറഞ്ഞേക്കാം, കണ്ണിലത് നനവായേക്കാം.. ജീവിതം പോലെയല്ല, ജീവിതം തന്നെയാകയാലാകണം, അത്രമേലങ്ങ് സിനിമയാകാതെ പോയത്..

Image result for thottappanകള്ളനായ ജോണപ്പൻ. ജോണപ്പനെ തന്റെ ഉടൽപ്പാതിയായിക്കരുതുന്നവൻ ഇത്താക്കെന്ന സഹകള്ളൻ. അവരൊന്നിച്ചു നടത്തിയ ഒരു കളവ്, മുതൽ വിൽക്കാനുള്ള ശ്രമത്തിനിടയിൽ പിന്നീടു പതിനേഴു കൊല്ലം നീണ്ട തിരച്ചിലിലും കണ്ടെത്താനാവാത്ത വിധം കൈവിട്ടു പോയി ഇത്താക്കിന് ജോണപ്പനെ.. തനിക്ക് നഷ്ടപ്പെട്ട പാതിയുടലിന് മുഴുജീവിതം കൊണ്ട് കടം വീട്ടിയാണ് ഇത്താക്കവനെ കാക്കുന്നത്.കൂട്ടുകാരൻ ജോണപ്പന്റെ – മകൾ സാറക്കൊച്ചിന് അയാൾ തൊട്ടപ്പനും അപ്പനുമാവുന്നത് ,ഇത്താക്ക് പറയുന്നുണ്ട് അയാളുടെ ജീവിതം വാക്കിൽ ” ഇത്താക്കിന് ഒറ്റ ജീവിതേ ഒള്ളൂ, അതെന്റെ സാറക്കൊച്ചിന് വേണ്ടിയാണ് “. ഇത്താക്കിന്റെ സാറക്കൊച്ചിനും അങ്ങനെയാവാതെ പറ്റില്ല, കൈക്കുഞ്ഞായിരിക്കേ ചേർത്തു പിടിച്ച ആ വിരലുകളാണ് അവൾക്കെന്നും കരുതലായത്, നിലാവിൽ കായൽപ്പരപ്പിലേക്ക് വള്ളത്തുഴച്ചിലായത്, സങ്കടങ്ങളിൽ കായലാഴങ്ങളിലെ സ്വാന്തനച്ചൂടിലേക്ക് അവളെ കൊണ്ടുപോയത് തൊട്ടപ്പനെന്ന സ്നേഹമാണ്.
തൊട്ടപ്പന് ഇഷ്ടമായതുകൊണ്ടാണ് വില്ലനും പ്രതിനായകനുമായ ഇസ് മു വെന്ന ഇസ്മായിലിനോട് സാറ അടുക്കുന്നതു പോലും. ആ ഇഷ്ടം പോലും അവളുടെ തൊട്ടപ്പന്റെ ഒരൊറ്റ അരുതു വിലക്കിൽ കാര്യകാരണങ്ങൾ പോലും തിരക്കാതെ ഉപേക്ഷിച്ചു കളയാൻ അവൾക്കാവുമായിരുന്നു. ലോകത്ത്മറ്റെന്തിനേക്കാൾ ദൃഢവും ഊഷ്മളവുമായി ഉള്ളു തൊട്ടവർ സ്നേഹിക്കയാലാണ് തൊട്ടപ്പാ എന്ന നെഞ്ഞു കീറിയ അവളുടെ നിലവിളിയിൽ നിന്ന്മരിച്ചു മണ്ണടിഞ്ഞാലും അവളുടെ തൊട്ടപ്പനറ്റ് പോവാതെ കണ്ണീരും ചോരയുമായി കാണുന്നവന്റെ നെഞ്ചിലേക്ക് ഇറ്റുന്നത്.. അത്രയാഴത്തിലാണ് ആ രണ്ടാത്മക്കളെ, അവരുടെ സ്നേഹത്തെ തൊട്ടപ്പനെന്ന ചലച്ചിത്രത്തിലാക്കിയിരിക്കുന്നത്

Image result for thottappanതൊട്ടപ്പനേക്കുറിച്ച് എഴുതുക എന്നാൽ സാറയെയും ഇത്താക്കിനെയും കുറിച്ച് എഴുതുക തന്നെയാണ്. അതിനപ്പുറവും ഇപ്പുറവു മുള്ളതെല്ലാം അവരിലേക്കുള്ളവ മാത്രമാണ്.അടച്ചു പൂട്ടിയ വ്യവസ്ഥകൾക്കകത്ത് ജീവിക്കുന്ന സർവ്വ ഗുണസമ്പന്നയായ നായികയല്ല സാറ. തന്റെ നേരേ നീളുന്ന കൈകളെ, തെറിയെ, നോട്ടത്തെ നേർക്കുനേർനിന്ന് ചെറുക്കുന്ന തെറിപ്പു പിടിച്ച പെണ്ണ്.. കുറ്റമെന്നോ കുറവെന്നോ പൊതു സമൂഹം വിലയിരുത്തിയേക്കാവുന്ന എന്തിനേയും ചേർത്തു പിടിച്ച് അതുകൂടിച്ചേർന്ന തന്റെ ജീവിതത്തെ സ്നേഹിക്കുന്നവൾ. കക്ക വാരിയും കഞ്ഞിപ്പുരയിൽ വിറകൂതിയും വിഴുപ്പലക്കിയും തൊഴിലെടുത്തുജീവിക്കുമ്പോഴും കള്ളന്റെ മകളെന്ന പഴിയും നോട്ടവും പുല്ലുപോലെ കണ്ട് എന്നേലും വന്നേക്കുമെന്ന് അപ്പനെ കാക്കുന്നവൾ.. പ്രേക്ഷകർ ആഗ്രഹിക്കുന്ന, പ്രതീക്ഷിക്കുന്ന അവസാനരംഗത്തിലേക്ക് എത്തുംവരേക്കും ചോർന്നു പോകാതെ, കൈക്കരുത്തുള്ള മനസ്സുറപ്പുള്ള സാറയെന്ന പെൺകുട്ടിയിലേക്ക് ആദ്യ ചിത്രമോയെന്ന് അത്ഭുതപ്പെടുത്തും വിധം ആയാസരഹിതമായി പകർന്നാടിയ പ്രിയംവദ മികച്ച കടന്നുവരവാണ് മലയാള സിനിമയിലേക്ക് നടത്തിയിരിക്കുന്നത്. ഫ്രാൻസിസ്നെറോണയുടെ മൂലകഥയിലെ തൊട്ടപ്പന്റെ മോഷണ വിദ്യകൾ ഇരുളിൽ പിന്തുടർന്ന് പഠിക്കുന്ന പെൺകുട്ടിയുടെ ഒട്ടും പറഞ്ഞു പഴകിയിട്ടില്ലാത്ത നായിക, സാറയെയായിരുന്നു ഷാനവാസ് കെ.ബാവക്കുട്ടി പ്രിയംവദ ക്ക് അഭിനയിക്കാൻ ഒരുക്കിയിരുന്നതെങ്കിൽ എന്ന് ആശിച്ചു പോവും വിധം ഭംഗിയായി അവർ തന്റെ വേഷം ചെയ്തു.
ധീരോദാത്തരും അതി പ്രതാപ ഗുണവാന്മാരും വിഖ്യാത വംശജരുമായ മലയാള സിനിമാ നായകരെ തന്റെ സാന്നിദ്ധ്യം കൊണ്ട്, അനായാസമായ അഭിനയ പകർച്ചകൊണ്ട് അസാധുവാക്കിക്കൊണ്ടാണ്, കരിയറിലെ തന്റെ ആദ്യത്തെ ടൈറ്റിൽ റോൾ, വിനായകൻ ഗംഭീരമാക്കിയിരിക്കുന്നത്.”കാപ്പിരി” എന്ന് Image result for thottappanപരിഹാസരൂപേണ വിളിക്കപ്പെടുന്ന, മെല്ലിച്ച, കറുത്ത, നാട്ടുമ്പുറത്തുകാരനായ ഇത്താക്ക് എന്ന കള്ളനെ” മോഷ്ടിക്കുന്നതൊന്നും ചേക്കു വിട്ടു കൊണ്ടുപോകാത്തവരും നന്മയുടെ നിറകുടങ്ങളായ ഡോൺ മാരുമായ സവർണ്ണ കള്ളന്മാർക്കു കൽപ്പിക്കപ്പെടുന്നതു പോലെ; പണക്കാരന്റെ കയ്യിൽ നിന്ന് അനാഥരിലേക്ക് പണമെത്തിക്കുന്ന, മകൾ ബലാത്സംഗം ചെയ്യപ്പെട്ട നിരാലംബ നു വേണ്ടി പ്രതികാരം ചെയ്യുന്ന ,മനുഷ്യരിൽ നിന്ന് മോഷ്ടിക്കാതെ അമ്പലോം പളളിം മാത്രം തിരഞ്ഞു ‘ പോവുന്ന എത്തിക്സുള്ള കള്ളനാക്കാൻ സംവിധായകനും തിരക്കഥാകൃത്തും നടത്തിയ നന്മപ്പെടുത്തൽ ഏച്ചുകെട്ടലുകൾ മുഴച്ചിരിക്കുന്നുവെന്നു തന്നെ പറയേണ്ടിരിക്കുന്നു. പരമ്പരാഗത മൂല്യ സങ്കല്പങ്ങളിലെ നായകനെ പ്രേക്ഷകന് സമ്മാനിക്കാനുള്ള ത്വര കൊണ്ട് തിരക്കഥാകൃത്തും സംവിധായകനും ചോർത്തിക്കളഞ്ഞിരിക്കുന്നത് ” കള്ളൻ ഇത്താക്ക് ” എന്ന കഥാപാത്രത്തിന്റെ സത്യസന്ധതയാണ്. ഇതെല്ലാമായിരിക്കേയും തന്നിലേൽപിക്കപ്പെട്ട കഥാപാത്രത്തിന്റെ ഉള്ളു തൊട്ടറിഞ്ഞ് തന്റെ സ്വാഭാവിക ചലനങ്ങളിലൂടെ, പെരുമാറ്റത്തിലൂടെ, നോട്ടത്തിലും ഭാഷയിലും കൂടെ തൊട്ടപ്പനെ തന്റെ സിനിമയാക്കിയ വിനായകനാണ് ആ സിനിമയുടെ നട്ടെല്ലും നാവുമായി നിൽക്കുന്നത്… തൊട്ടപ്പനെന്ന സിനിമക്ക് നൽകുന്ന സല്യൂട്ട് വിനായകനുതന്നെയാണ് നൽകേണ്ടത്….
മികച്ച ശബ്ദചിത്ര സന്നിവേശവും മനോഹര ഗാനങ്ങളും ചേർന്ന് ഒരു നിമിഷം പോലും പ്രേക്ഷകനെ മടുപ്പിക്കാത്ത നല്ല സിനിമ തന്നെയാണ് തൊട്ടപ്പൻ.
അപ്പോ..
എല്ലാരോടുമായിട്ട് ഒന്ന്
തൊട്ടപ്പനെ കാണണം..

Image result for thottappan