മറ്റുള്ള ക്രൈം ത്രില്ലർ സിനിമകളിൽ നിന്നും മെമ്മറീസിനെ മാറ്റി നിർത്തുന്ന ഘടകം അതാണ്

0
108

Firaz Abdul Samad

ഒരു ത്രില്ലർ സിനിമയുടെ നട്ടെല്ല് അതിന്റെ തിരക്കഥയാണ്. ഒരു തരക്കേടില്ലാത്ത കഥ പോലും നല്ലൊരു തിരക്കഥയുണ്ടെങ്കിൽ ഗംഭീര സിനിമയാകും. പല ഭാഷകളിലുള്ള ത്രില്ലർ സിനിമകൾ കണ്ട അറിവ് വെച്ച് മലയാളത്തിൽ ഇപ്പോൾ അങ്ങനെ ഒരു ത്രില്ലർ സിനിമ ചെയ്യാൻ ഏറ്റവും മികച്ച സംവിധായകൻ ജീത്തു ജോസഫാണ് എന്നാണ് എന്റെ അഭിപ്രായം.

ഇന്നലെ മെമ്മറീസ് എന്ന ചിത്രം ടീവിയിൽ കാണുമ്പോളാണ് അതിലുള്ള കൊലപാതകിയെ ഐഡന്റിഫൈ ചെയ്യുന്ന സീനിലെ തിരക്കഥയ്ക്കും, സംവിധാന മികവിനുമുള്ള പങ്കും വീണ്ടും ശ്രദ്ധിക്കുന്നത്. ഒരേ സമയം പ്രേക്ഷകന്റെ സംശയം ഒന്നിൽ നിന്ന് മറ്റൊരാളിലേക്കും, അവിടെ നിന്ന് വീണ്ടും ഷിഫ്റ്റ് ആയി വേറൊരാളിലേക്കും ഞൊടിയിടയിൽ കൊണ്ടു പോകാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല, അത് മൂലം ഉണ്ടാകുന്ന സെക്കന്റുകൾ നീണ്ട് നിൽക്കുന്ന ഒരു അഡ്രെനാലിൻ റഷും, സസ്പെൻസ് ഡെവലപ്മെന്റുമാണ് മെമ്മറീസിനെ മറ്റ് ത്രില്ലറുകളിൽ നിന്ന് വത്യസ്ഥമാക്കുന്നത്. ആ വ്യക്തികളെ സംശയിക്കാനുള്ള വ്യക്തമായ കാരണങ്ങളും സംവിധായകൻ തിരക്കഥയുടെ പലയിടത്തായി പറഞ്ഞു വെക്കുന്നുണ്ട്. ഇവിടെ പ്രധാനമായും എടുത്ത് പറയേണ്ടത് ക്യാമറയുടെ മൂവ്മെന്റും, ആ സമയത്ത്‌ വരുന്ന ബിജിഎം ഉം, നടീ നടന്മാരുടെ പെർഫോർമൻസും തന്നെയാണ്. അതിൽ സംവിധായകന്റെ പങ്ക് എടുത്തു പറയേണ്ടതാണ്.

അങ്ങനെ ചിന്തിച്ചപ്പോളാണ് ഇതേ പോലെയുള്ള സീനുകൾ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളിലും ഉണ്ട് എന്ന കാര്യം ശ്രദ്ധിക്കുന്നത്. ദൃശ്യത്തിൽ പറമ്പിൽ കുഴിച്ചിട്ടിരിക്കുന്നത് പശുക്കുട്ടിയെ ആണെന്ന് കാണിക്കുമ്പോൾ വരുന്ന ബിജിഎം ഉം അവിടെ വരുന്ന ഷോട്ട് ഡിവിഷൻസുമാണ് ആ സീനിനെ ഇലവേറ്റ് ചെയ്യുന്നത്. ദൃശ്യം 2 വിലേക്ക് വരുമ്പോൾ ഇത് കണ്ടെടുത്ത ബോഡി വരുണിന്റേതല്ല എന്ന് ജഡ്ജി പറയുന്ന സീനിലാണ്. മുകളിൽ പറഞ്ഞ അതേ ഫോർമുലയിൽ, 3 സിനിമകളിൽ ഒരേ പോലെ പ്രേക്ഷകനെ പ്രകമ്പനം കൊള്ളിക്കുക, സസ്പെൻസ് ഇലമെന്റ് നിലനിർത്തിക്കൊണ്ട് തന്നെ പ്രേക്ഷകനെ മുൾമുനയിൽ നിർത്തുക എന്ന് പറയുന്നത് തന്നെയാണ് ജീത്തു ജോസഫ് എന്ന സംവിധായകന്റെ മികവ്.

അഞ്ചാം പാതിരയിലും, രാച്ചസനിലുമൊക്കെ ഇതേ പോലെയുള്ള സീനുകൾ വന്നെങ്കിലും, ഇതിന് ഇന്ത്യൻ സിനിമയിൽ തുടക്കം കുറിച്ചത് മെമ്മറീസിലൂടെ ജീത്തു ജോസഫ് തന്നെയാണ്. അതിന്റെ പെർഫെക്ഷൻ ഇന്നും മറ്റുള്ള സിനിമകളിൽ നിന്നും മെമ്മറീസിനെ മാറ്റി നിർത്തുന്നു എന്ന കാര്യം, ഏതൊരു ക്രൈം ത്രില്ലർ സിനിമ ഇറങ്ങിയാലും മെമ്മറീസുമായി താരതമ്യപ്പെടുത്തുന്നു എന്നതിൽ നിന്ന് വ്യക്തമാണ്. കാത്തിരിക്കുന്നു റാമിനായി..