നിങ്ങൾ കാമുകിയെ ശല്യപ്പെടുത്തി ആണോ പ്രണയം പേടിച്ചുമേടിച്ചതു ? എങ്കിൽ പ്രണയമല്ല, ‘stalking’ ആണ്

0
292

Firaz Abdul Samad

പണ്ടാണെങ്കിൽ, ഒരാളോട് ഇഷ്ടം തോന്നുക, കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അയാളുടെ പിറകെ നടന്ന് വളക്കാൻ ശ്രമിക്കുക, വളഞ്ഞില്ലേൽ വളയുന്നത് വരെ അയാൾ പോകുന്നിടത്തെല്ലാം ചെല്ലുക, കഴിയുമെങ്കിൽ അയാളുടെ വീട്ടിൽ മതിൽ ചാടി അയാളുടെ റൂമിന്റെ ജനലിൽ കൂടി അയാളറിയാതെ അയാളെ നോക്കി നിൽക്കുക, അയാളെ അവസാനം ‘യെസ്’ എന്ന് പറയിക്കുക. ഇപ്പോളാണെങ്കിൽ മുകളിൽ ഉള്ളതെല്ലാം അതേ പോലെ നിർത്തിക്കൊണ്ട് ഒന്ന് രണ്ട് കാര്യം കൂടി ഉണ്ടാകും, ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി മെസ്സേജ് അയച്ച് തന്റെ സ്നേഹം അറിയിക്കുക (മറുപടി തരുന്നത് വരെ), വാട്‌സ്ആപ്പ് നമ്പർ കണ്ട് പിടിച്ച് അതിൽ മെസ്സേജ് അയക്കുക, കഴിയുമെങ്കിൽ ഫോണിൽ വിളിച്ച് അവരെ കൊണ്ട് ഇഷ്ടമാണ് എന്ന് പറയുന്നത് വരെ വിളിച്ചു കൊണ്ടേയിരിക്കുക.

Past To Present Who Can Replace Mohanlal Mukesh And Other If Vandanam Is  Remade Now Dulquer Salmaan Nithya Menen - Filmibeatമേൽപ്പറഞ്ഞതൊക്കെ വായിക്കുമ്പോൾ നിങ്ങൾക്കത് പ്രണയമായി തോന്നുന്നുണ്ടെങ്കിൽ, അതിന്റെ പ്രധാന കാരണം നമ്മുടെ നാട്ടിലെ സിനിമയും, അത് ഇക്കാലമത്രയും നമുക്ക് പ്രണയമെന്ന പേരിൽ ഫീഡ് ചെയ്ത് തന്ന ‘stalking’ എന്ന പ്രക്രിയയുമാണ്. ഒരാളുടെ പ്രൈവറ്റ് സ്പേസിൽ അതിക്രമിച്ച് കടന്ന്, അവരെ ഉപദ്രവിക്കാവുന്നതിന്റെ പരമാവധി ഉപദ്രവിച്ചതിന് ശേഷം അവർ സമ്മതം മൂളുന്നത് ഇത്രയും നാൾ ഒളിപ്പിച്ചു വെച്ച ഇഷ്ടം കൊണ്ടാണെന്ന് സിനിമ നമ്മളെ പഠിപ്പിച്ചു, പക്ഷെ അതവരുടെ ഗതികേട് മൂലമാണ് എന്നതാണ് വസ്തുത. അല്ലെങ്കിൽ പ്രേമം മൂത്ത് ഈ പിറകെ നടക്കുന്നവന്മാർ പെട്രോളുമായും, ആസിഡുമായും, മിനിമം തെരുവോരത്തെ ‘തേപ്പുകാരി’ എന്ന് വിളിച്ചുള്ള ഒരു കൂട്ടച്ചിരിയുമായൊക്കെ അത് പരിണമിച്ചേക്കാം എന്ന ഭയവും ഒരു വശത്ത്. അതിശയോക്തിയല്ല, നടക്കുന്ന കാര്യമാണ്.

തട്ടത്തിൻ മറയത്ത് എന്ന ചിത്രം വ്യക്തിപരമായി ഒരുപാട് ഇഷ്ടമുള്ള ചിത്രമായിരുന്നു, പക്ഷെ പിന്നീടെപ്പോളോ കുറച്ചു ബോധം വന്നപ്പോൾ ചിന്തിക്കുമ്പോൾ അതിൽ വിനോദ് ചെയ്യുന്നതൊക്കെ പ്രണയമായി കാണാൻ മനസ്സ് അനുവദിച്ചില്ല. പക്ഷെ അത് ആദ്യമായി കണ്ട 9ആം ക്ലാസുകാരനെ അത് വല്ലാതെ പിടിമുറുക്കിയിട്ടുണ്ടായിരുന്നു, അത് ചെന്നെത്തിയത് സ്കൂളിൽ പഠിച്ചിരുന്ന ജൂനിയർ പെണ്കുട്ടിയുടെ പിറകെയുള്ള നടത്തത്തിൽ. സ്കൂളിൽ ആ കുട്ടി എവിടെ പോയാലും പിറകെ നടന്ന്, ബസിന്റെ പിറകെ സൈക്കിൾ ചവുട്ടി വിട്ട്, അവളുടെ വീട് കണ്ടുപിടിച്ച് അതിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നുമൊക്കെ ഞാൻ അതിനെ പ്രണയമായി കണ്ടു. ഇപ്പോൾ ഓർക്കുമ്പോൾ ആ കുട്ടിക്ക് എത്രത്തോളം ബുദ്ധിമുട്ട് ഞാൻ ഉണ്ടാക്കിയിട്ടുണ്ടാവും എന്ന് ഞാൻ ചിന്തിക്കും. ഇതൊക്കെ തന്നെയാണ് ഇവിടെ ഭൂരിഭാഗം ആണ്കുട്ടികളുടെയും അവസ്ഥ.

ഈ അടുത്ത് അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലും കല്ലുകടിയായി തോന്നിയത് ഇതേ കാര്യം തന്നെ. മുൻപ് പലപ്പോഴും നമ്മൾ കണ്ട ഒരുപാട് ചിത്രങ്ങളിലും പ്രണയമെന്ന വ്യാജേന കാണിക്കുന്നത് ‘stalking’ ആണ്.
സെക്‌സ് എഡ്യൂക്കേഷൻ കൊടുക്കുന്നതിനൊപ്പം തന്നെ ഡേറ്റിങ് എന്താണെന്നും, പ്രണയം എന്താണ് എന്നുമൊക്കെ പുതിയ തലമുറയെ പഠിപ്പിക്കേണ്ട കാലം കഴിഞ്ഞു. ഇനിയെങ്കിലും അത് ചെയ്തില്ലെങ്കിൽ പ്രണയത്തിന്റെ പേരിൽ ഇനിയും ഇവിടെ അതിക്രമങ്ങൾ നടന്ന് കൊണ്ടേയിരിക്കും. സ്നേഹത്തോടെ, മാക്..