Firaz Abdul Samad
തുടക്കം തന്നെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഒരു സിനിമ കാണാൻ ഒരു സാധാരണക്കാരൻ മിനിമം 100 രൂപ ചിലവാക്കി, അവന്റെ ജീവിതത്തിലെ രണ്ടര മണിക്കൂർ സമയം മാറ്റി വെച്ച് പോകുന്നുണ്ടെങ്കിൽ, ആ സിനിമ അയാൾക്ക് ഇഷ്ടപ്പെട്ടോ ഇല്ലിയോ എന്ന് എവിടെ വേണമെങ്കിലും പറയാൻ അവകാശമുണ്ട്. മനഃപൂർവ്വമുള്ള ഡീഗ്രേഡിങ്ങിനെ കുറിച്ചല്ല ഞാൻ പറഞ്ഞത്, ആത്മാർത്ഥമായി അഭിപ്രായം പങ്ക് വെക്കുന്നവരെ കുറിച്ചാണ്. അതിന് അവർ എത്ര തിരക്കഥയെഴുതി, എത്ര സിനിമ ചെയ്തു തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നത് തീർത്തും ബാലിശമായ പ്രവണതയാണ്, അത് ആരായിരുന്നാലും.
ഇനി ചിത്രത്തിലേക്ക് വരാം.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത്, നിവിൻ പോളി, സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗ്ഗീസ്, സാനിയ ഇയപ്പൻ, ഗ്രെയ്സ് ആന്റണി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ, വിട്ടു പിരിഞ്ഞ കുറച്ചു സുഹൃത്തുക്കളുടെയും, അവരുടെ ഒത്തു ചേരലിന്റെയും കഥ പറയുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്.
സുഹൃദ് ബന്ധങ്ങളെ വരച്ചു കാട്ടുന്ന ചിത്രങ്ങളോട് എന്നും ഒരു പ്രത്യേക ഇഷ്ടമുള്ള ആളാണ് ഞാൻ. പലർക്കും ഒട്ടും ഇഷ്ടപ്പെടാത്ത പല ചിത്രങ്ങളും ഈ ഒരു ഫാക്ടർ കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ തിരക്കഥ, സംവിധാനം, സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, കളറിങ്, പശ്ചാത്തല സംഗീതം തുടങ്ങി എല്ലാ മേഖലകളും അമ്പേ പരാജയമാണ് സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിൽ. വളരെ മികച്ച ഒരു ബേസ് പ്ലോട്ട് ഉണ്ടായിട്ട് കൂടി, അതിനെ എത്രത്തോളം അരോചകമായി അവതരിപ്പിക്കാം എന്നതിന്റെ ഉദാഹരണമാണ് ചിത്രം. കഥാപാത്രങ്ങളോട് ഒരു രീതിയിലുള്ള അടുപ്പവും തോന്നിക്കാത്ത, കഥാപാത്രങ്ങൾ എന്തിന് ഇങ്ങനെയൊക്കെ ചെയ്യുന്നു എന്നതിന് വ്യക്തമായ ഒരു ലോജിക്കൽ റീസനിങ്ങും കൊടുക്കാത്ത തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റിവ്.
ആദ്യ പകുതി അത്രമേൽ അസഹനീയമായി പോകുമ്പോൾ, രണ്ടാം പകുതി ഒരു പരിധി വരെ ആശ്വാസമാണ്. പ്രത്യേകിച്ചും, രണ്ടാം പകുതിയിൽ വരുന്ന ഫ്ളാഷ് ബാക്ക് സീനുകൾ മാത്രമാണ് ചിത്രത്തിൽ അൽപ്പമെങ്കിലും ഇമോഷണലി കണക്ട് ആയത്. പ്രകടനങ്ങളിൽ മികച്ചത് എന്ന് പറയാൻ ആരെയും തോന്നുന്നില്ല. അത്രയ്ക്ക് കാലിബറുള്ള നടീ നടന്മാരെ കിട്ടിയിട്ടും, ആരെയും വേണ്ട വിധം ഉപയോഗിക്കാൻ സംവിധായകനായിട്ടില്ല. യുവാക്കളെ ത്രസിപ്പിക്കുക എന്നതാണ് ചിത്രത്തിന്റെ ഉദ്ദേശം എന്ന് കരുതുന്നു, എന്നാൽ ഒരു യുവാവായ, സാമാന്യം ഒരുവിധ സിനിമകളൊക്കെ അൽപ്പ സ്വല്പമെങ്കിലും ഇഷ്ടപ്പെടുന്ന എനിക്ക് പോലും ചിത്രം വളരേ മോശം അനുഭവമായിരുന്നു.