കുഞ്ഞു നാളിൽ ഞാൻ കരുതിയിരുന്നത് ലാലേട്ടന്റെ സ്വന്തം അച്ഛനാണ് തിലകൻ എന്നാണ്
ഒരേ സമയം വില്ലനാവാനും, നായകന്റെ മുകളിൽ നിൽക്കുന്ന സഹനടനാവാനുമൊക്കെ കഴിയുന്ന ഒരു നടനായിരുന്നിട്ട് കൂടി എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അസാധ്യ കോമഡി ടൈമിങ്ങുള്ള തിലകൻ
119 total views

Firaz Abdul Samad
മലയാള സിനിമയിൽ ഒരു കാലത്തും പഞ്ഞമില്ലായിരുന്ന ഒരു മേഖലയാണ് സഹ നടന്മാർ എന്നത്. ബാക്കിയുള്ള ഇന്ഡസ്ട്രികളിലെ നടന്മാർ നായക സ്ഥാനത്തിന് വേണ്ടി കടിപിടി കൂടിയപ്പോൾ, ഇങ്ങു കേരളത്തിൽ, നായകന്മാരോളം തന്നെ ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ ഒട്ടേറെ സഹനടന്മാരുണ്ട് മലയാള സിനിമക്ക്. ജഗതി, ജഗദീഷ്, ശങ്കരാടി, സിദ്ധിഖ്, സായി കുമാർ, ഇന്നസെന്റ് മുതൽ സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പൻ വിനോദ് ജോസ് വരെ എത്തി നിൽക്കുന്നു ഈ ലിസ്റ്റ്.
മേൽപ്പറഞ്ഞ ലിസ്റ്റിൽ ഞാൻ ഉൾക്കൊള്ളിക്കാത്ത ഒരു വ്യക്തിയുണ്ട്, സാക്ഷാൽ തിലകൻ. മറ്റുള്ളവരിൽ നിന്ന് വത്യസ്തമായി ഒരു പ്രത്യേക സ്ഥാനം മലയാളികളുടെ മനസ്സിൽ ഉണ്ടാക്കിയെടുക്കാൻ തിലകൻ ചേട്ടന് കഴിഞ്ഞത്, ഒരിക്കലും പകരം വെക്കാനില്ലാത്ത അഭിനയ പാടവവും, മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത കഥാപാത്രത്തിലേക്കുള്ള പരകായ പ്രവേശവുമൊക്കെയാണ്.
കുഞ്ഞു നാളിൽ ഞാൻ കരുതിയിരുന്നത് ലാലേട്ടന്റെ സ്വന്തം അച്ഛനാണ് തിലകൻ എന്നാണ്. ഒരു കാലത്തെ എല്ലാ നായകന്മാരുടെയും അച്ഛനായി അഭിനയിച്ചിട്ടുണ്ടെങ്കിൽ കൂടി, ലാലേട്ടനും തിലകൻ ചേട്ടനും തമ്മിലുള്ള അസാമാന്യ കെമിസ്ട്രി തന്നെയാണ് അതിന് കാരണവും. കിരീടത്തിലെ അച്യുതൻ നായരും, സ്ഫടികത്തിലെ ചാക്കോ മാഷും, പവിത്രത്തിലെ ഈശ്വരൻ പിള്ളയുമൊക്കെ വത്യസ്ഥമായ കഥാപാത്ര ശൈലിയും, അതിന് മുകളിൽ നിൽക്കുന്ന അവതരണവും കൊണ്ട് വേറിട്ട് നിന്ന എവർഗ്രീൻ കഥാപാത്രങ്ങളാണ്.
ഒരേ സമയം വില്ലനാവാനും, നായകന്റെ മുകളിൽ നിൽക്കുന്ന സഹനടനാവാനുമൊക്കെ കഴിയുന്ന ഒരു നടനായിരുന്നിട്ട് കൂടി എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അസാധ്യ കോമഡി ടൈമിങ്ങുള്ള തിലകൻ ചേട്ടൻ എന്ന ഹാസ്യ സാമ്രാട്ടിനെയാണ്. മൂക്കില്ലാ രാജ്യത്തിലെ കേശവൻ ചേട്ടനും, നാടോടിക്കാറ്റിലെ അനന്തൻ നമ്പ്യാരുമൊക്കെ തിലകൻ ചേട്ടന്റെ കോമഡി ടൈമിങ്ങിനെ ഏറ്റവുമധികം ഉപയോഗിച്ച കഥാപാത്രങ്ങളാണ്.
120 total views, 1 views today
