Entertainment
ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Firaz Abdul Samad
നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്ത്, ഷെയ്ൻ നിഗം, പവിത്ര ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി തീയേറ്ററിൽ റിലീസ് ചെയ്ത റൊമാന്റിക് ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രമാണ് ഉല്ലാസം. വത്യസ്ഥ ജീവിത പശ്ചാത്തലമുള്ള രണ്ട് വ്യക്തികൾ ഒരു യാത്രയ്ക്കിടയിൽ കണ്ട് മുട്ടുന്നതും, ഇരുവരും ഒരുമിച്ച് മുന്നോട്ടുള്ള യാത്രയിൽ അടുക്കുന്നതും, പിന്നീടുള്ള അവരുടെ ജീവിതവുമൊക്കെയാണ് ചിത്രം പറയുന്നത്.
ഒരു ഡ്രാമ സ്വഭാവമുള്ള ചിത്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യം ഇമോഷനുകൾക്കാണ്, പ്രത്യേകിച്ചും ഒരു റൊമാന്റിക് ഡ്രാമ ആകുമ്പോൾ പ്രേക്ഷകന് കണക്ട് ആവുന്ന ചില കാര്യങ്ങൾ ചിത്രത്തിൽ ഉണ്ടാവണം. എന്നാൽ ഉല്ലാസത്തിലേക്ക് വരുമ്പോൾ, ക്ളീഷേകളുടെ ഒരു കൂമ്പാരത്തിന് മുകളിൽ, യാതൊരു വിധ മാനസികമായ അടുപ്പവും പ്രേക്ഷകന് തോന്നാൻ സാധ്യതയില്ലാത്ത രണ്ട് കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ചു വെക്കുകയാണ് സംവിധായകൻ. പിൽക്കാലത്ത് മലയാളത്തിലും, അന്യ ഭാഷകളിലും പല തവണ വന്ന് പോയ ഒരു കഥാപാശ്ചാത്തലത്തെ, ഒട്ടും രസിപ്പിക്കാത്ത തിരക്കഥയുടെയും, ക്രിഞ്ച് ഫെസ്റ്റ് ആയ സംഭാഷണങ്ങളുടെയും അകമ്പടിയോടെ ചിത്രം മുന്നോട്ട് നീങ്ങി, വളരെ പ്രഡിക്ടബിൾ ആയ ഒരു അവസാനത്തിൽ എത്തുന്നത്.
ടെക്നിക്കൽ മേഖലകളിൽ അൽപ്പം ഭേദമായി തോന്നിയത് ചിത്രത്തിന്റെ ക്യാമറ മാത്രമാണ്. ഷാൻ റഹ്മാൻ ഒരുക്കിയ ഗാനങ്ങളും, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവുമൊക്കെ ശരാശരിക്ക് താഴെ നിന്നു.അനാവശ്യമായ വലിച്ചു നീട്ടലുകളും, വികാരം തോന്നാത്ത ഫ്ളാഷ്ബാക്കും, ഓവർ മേലോഡ്രാമയുടെ അതിപ്രസരത്താൽ മുങ്ങിയ സംഭാഷണങ്ങളുമെല്ലാം ചിത്രത്തിൽ ആവശ്യത്തിലധികമുണ്ട്.
ഷെയ്ൻ നിഗം, പവിത്ര ലക്ഷ്മി എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്. എന്നാൽ അവിടെയും വില്ലനായി വരുന്നത്, അവരുടെ പ്രകടനങ്ങൾക്ക് പോലും വിലങ്ങുതടിയായി നിൽക്കുന്ന സംഭാഷണങ്ങളാണ്. സഹ താരങ്ങളായി വന്ന അജു വർഗ്ഗീസ്, ബേസിൽ ജോസഫ്, ദീപക് പറമ്പോൾ എന്നിവരുൾപ്പെടെ, ചെറുതും വലുതുമായ റോളുകളിൽ എത്തിയ എല്ലാവരുടെയും പ്രകടനങ്ങൾ മോശമായി അനുഭവപ്പെട്ടു.
കഴിഞ്ഞ ദിവസം തീയേറ്ററിൽ പോയി ആളില്ലാത്തത് കൊണ്ട് ഷോ മുടങ്ങി, ഇന്ന് വീണ്ടും അതേ പടത്തിന് തന്നെ പോകാനിറങ്ങിയ എന്റെ ഭാഗത്തും തെറ്റുണ്ട്. അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മോശം സിനിമാനുഭവങ്ങളിൽ ഒന്നായിരുന്നു, ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം.
മൂവി മാക് ഉല്ലാസത്തിന് നൽകുന്ന റേറ്റിംഗ്- 2/10..
NB- പ്രേക്ഷകൻ തീയേറ്ററിൽ നിന്ന് അകലുന്നതിന്റെ പ്രധാന കാരണം ഇറങ്ങുന്നതിൽ ഭൂരിഭാഗവും ഇത് പോലെ ക്യാഷ് കൊടുത്ത് കാണുന്നവരെ കളിയാക്കുന്ന ചിത്രങ്ങൾ കൂടിയാണ്.സ്നേഹത്തോടെ, മാക്.
1,168 total views, 4 views today