Firaz Abdul Samad
അഞ്ജലി മേനോൻ ചിത്രങ്ങൾ എന്നും എന്നിലെ സിനിമാസ്വാദകന് വളരേ പ്രിയപ്പെട്ടത് തന്നെയാണ്. മഞ്ചാടിക്കുരു മുതൽ കൂടെ വരെയുള്ള അവരുടേതായി വന്ന എല്ലാ ചിത്രങ്ങളും ഇഷ്ടപ്പെട്ട വ്യക്തി എന്ന നിലയ്ക്ക്, അഞ്ജലി മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വണ്ടർ വിമൻ എന്ന ചിത്രത്തിൽ അതീവ പ്രതീക്ഷയുണ്ടായിരുന്നു എനിക്ക്. ഗർഭിണികളായ കുറച്ചു സ്ത്രീകൾ ഒരു സ്പെയ്സിൽ ഒത്തുകൂടുന്നതും, ഒരു സ്ത്രീ അവരുടെ മനസ്സിനെയും ശരീരത്തെയും കുഞ്ഞിന് ജന്മം നൽകുന്നതിനായി പാകപ്പെടുത്തുന്നതുമാണ് ചിത്രത്തിന്റെ കഥയുടെ ഇതിവൃത്തം. 80 മിനിറ്റ് ദൈർഘ്യം മാത്രമുള്ള ചിത്രം റിലീസ് ആയിരിക്കുന്നത് സോണി ലിവിൽ ആണ്.
അഞ്ജലിയുടെ സിനിമകളുടെ പ്രത്യേകത, അവരുടെ കഥാപാത്രങ്ങൾ പ്രേക്ഷകനുമായി ഉണ്ടാക്കിയെടുക്കുന്ന ഇമോഷണൽ കണക്ഷൻ തന്നെയാണ്. എന്നാൽ വണ്ടർ വിമനിലേക്ക് വരുമ്പോൾ, അങ്ങിങ്ങായി കാണുന്ന ചില മോമന്റ്സ് അല്ലാതെ, എന്നിലെ പ്രേക്ഷകനുമായി ഒരു കഥാപാത്രത്തിനും കൃത്യമായ ബോണ്ടിങ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ല. പൂർണ്ണമായും ഒരു സ്ത്രീപക്ഷ സിനിമ തന്നെയാണ് ചിത്രം, എന്നാൽ അതിനെ എത്രത്തോളം ഇമ്പാക്റ്റ്ഫുള്ളായി അവതരിപ്പിക്കുന്നു എന്നതിലാണ് കാര്യം. പലയിടത്തും, കഥാ സന്ദർഭങ്ങളിലും, സംഭാഷണങ്ങളിലുമെല്ലാം വല്ലാത്തൊരു ആർട്ടിഷ്യാലിറ്റി തോന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തെ പിറകോട്ട് വലിച്ച ഏറ്റവും വലിയ ഘടകം. ഗോവിന്ദ് വസന്തയുടെ സംഗീതവും, മനേഷ് മാധവന്റെ ക്യാമറയും, പ്രവീണിന്റെ കട്ടുകളുമെല്ലാം ശരാശരി നിലവാരം പുലർത്തി.
പല ചിന്താഗതിയുള്ള, പല ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള, വ്യത്യസ്ഥ റ്ററെയ്നുകളിലുള്ള സ്ത്രീകളെ, അവരുടെ ഗർഭാവസ്ഥ ഒത്തൊരുമിപ്പിക്കുന്ന കോൺസപ്റ്റാണ് ചിത്രം മുന്നോട്ട് വെക്കുന്നതെങ്കിലും, അതിനെ കൃത്യമായി അവതരിപ്പിക്കാൻ ചിത്രത്തിന് കഴിയുന്നില്ല. ഒരു പോയിന്റിൽ പോലും എന്നിലെ പ്രേക്ഷകനെ എക്സൈറ്റ് ചെയ്യിക്കാൻ ചിത്രത്തിനായില്ല.പ്രകടനങ്ങളിൽ മികച്ചു നിന്നു എന്ന് തോന്നിയത് നദിയ മൊയ്ദു, പദ്മപ്രിയ, നിത്യാ മേനൻ, അർച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവരാണ്. പാർവതിയുടെ പ്രകടനം എവിടെയോ മുഴച്ചു നിൽക്കുന്ന ഫീലാണ് തന്നത്. അത് പോലെ തന്നെ സയനോര തീർത്തും മിസ്കാസ്റ്റ് ആയാണ് അനുഭവപ്പെട്ടത്.ആകെത്തുകയിൽ, മുന്നോട്ട് വെച്ച ആശയത്തിന് വേണ്ടി കാണാവുന്ന, അഞ്ജലി മേനോൻ മാജിക്ക് പ്രകടമല്ലാത്ത, ശരാശരിക്ക് താഴെ നിൽക്കുന്ന അനുഭവമായിരുന്നു എനിക്ക് വണ്ടർ വിമൻ. മൂവി മാക് വണ്ടർ വിമന് നൽകുന്ന റേറ്റിങ്- 5.5/10..സ്നേഹത്തോടെ, മാക്..