ചെയ്തികൾകൊണ്ട് മനസ്സിലാകുന്നത്, ‘മലയാളി അത്ര പൊളിയൊന്നുമല്ല’ എന്ന് തന്നെയാണ്

  0
  685

  Firaz Abdul Samad

  കല തന്നെയാണ് എക്കാലത്തും സമൂഹത്തിലെ മാറ്റങ്ങൾക്ക് വലിയൊരു പങ്ക് വഹിച്ചിരുന്നത്. അതിൽ തന്നെ ഈ ആധുനിക കാലത്ത് ഏറ്റവും ശക്തമായ കല സിനിമ തന്നെയാണ്. ഒരു സിനിമാസ്വാദകന്റെ സാമൂഹിക കാഴ്ചപ്പാടുകൾക്ക് തന്നെ മാറ്റം കൊണ്ട് വരാൻ സിനിമയ്ക്ക് കഴിയും. സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകൾ വരച്ചു കാണിക്കാനും, ജനങ്ങളെ മാറ്റി ചിന്തിപ്പിക്കാനുമൊക്കെ കാലഘട്ടത്തിനനുസരിച്ച് സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു കാലത്ത് ട്രാൻസ്‌ഫോബിക്കും, ഹോമോഫോബിക്കുമൊക്കെ ആയിരുന്ന ഒരു സാധാരണക്കാരനായ എന്നെ അതിൽ നിന്നെല്ലാം മാറ്റി ചിന്തിപ്പിക്കാൻ, ഞാൻ കണ്ട പല ഭാഷകളിലുള്ള സിനിമകളാണ് എന്നെ പ്രേരിപ്പിച്ചത്.

  May be an image of 9 people, beard, people standing and text that says ":: @MOVIEE മലയാളി അത്ര പൊളിയൊന്നുമല്ല! THE GODS'S OWN COUNTRY, KERALA IS JUST LIKE OTHER PARTS OF THE COUNTRY WHEN IT COMES TO RELIGION AND RELIGIOUS SLAVES TRYING TO PROTECT THEIR GODS."എല്ലാ രീതിയിലും മലയാള സിനിമ മാറുമ്പോളും, സംവിധായകർ കൈ വെക്കാൻ പേടിക്കുന്ന ഒരു മേഖലയാണ് മതം എന്നത്. കാരണം മറ്റൊന്നുമല്ല, മതത്തെയും, ദൈവങ്ങളെയും സംരക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയ ദൈവത്തിന്റെ പോരാളികൾ, സിനിമയേയും, സംവിധായകനെയും, നടീ-നടന്മാരെയുമൊക്കെ ആക്രമിക്കാൻ തയ്യാറായി ഇരിപ്പുണ്ട് എന്ന വസ്തുത തന്നെയാണ് കാരണം. പണ്ട് കമൽ ഹാസൻ സിനിമകൾ ഇറങ്ങുമ്പോൾ ഒന്നിന് പിറകെ ഒന്നായി ഓരോ മതങ്ങളും ‘ബഹിഷ്കരണം’ എന്ന കലാരൂപവുമായി മുന്നോട്ട് വന്നിരുന്നു. പിന്നീടത് ഹിന്ദി സിനിമകളിലെ ഹിന്ദു വിരുദ്ധതയും, ഇസ്‌ലാമോഫോബിയയും, ലൗ ജിഹാദുമൊക്കെയായി ശക്തി പ്രാപിച്ച്, സംവിധായകന്റെയും എഴുത്തുകാരന്റെയും freedom of expression എന്ന വസ്തുതക്ക് മുകളിൽ വടിവാളായി നിൽക്കുമ്പോൾ നമ്മൾ മലയാളികളും ഒട്ടും പിറകിലല്ലാ.

  ഫഹദിന്റെ ട്രാൻസ് ഇറങ്ങിയപ്പോൾ വൃണപ്പെട്ടത് കൃസ്തീയ മതത്തിലെ ഒരു വിഭാഗം ആളുകളുടെ വിശ്വാസത്തിനാണെങ്കിൽ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വന്നപ്പോൾ ഹിന്ദുക്കൾക്കാണ് വൃണപ്പെട്ടത്. അതിന് ശേഷം ബിരിയാണി വന്നപ്പോളാകട്ടെ അത് ഇസ്ലാമോഫോബിയ എന്ന ലേബലിൽ ചാപ്പ കുത്തപ്പെട്ടു. ഈ കൂട്ടത്തിലെ ലേറ്റസ്റ്റ് എൻട്രിയാണ് നാദിർഷ-ജയസൂര്യ കോംബോയിൽ വരുന്ന ഈശോ എന്ന ചിത്രം. റിലീസ് പോലുമാകാത്ത ചിത്രത്തിന്റെ പേരും, ടാഗ്‌ലൈനുമാണ് ഇത്തവണ മതവികാരം വൃണപ്പെടാൻ കാരണം, ഒപ്പം നാദിർഷയുടെ തന്നെ കേശു ഈ വീടിന്റെ നാഥനും ബോയ്ക്കോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് the so called കൃസ്തീയ വിശ്വാസികൾ. അതിന്റെ കൂടെ സംവിധായകന്റെ മതവും കൂടി ചേർത്ത് അയാളെ ‘ജിഹാദി’ ആക്കാനും ഇവിടെ ആളുകളുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു വസ്തുതയാണ്..

  ഈ 21ആം നൂറ്റാണ്ടിലും, പുരോഗതിയുടെ തലപ്പത്ത് നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന കേരളത്തിലെ മതസൗഹാർദ്ദം കാണണമെങ്കിൽ യൂട്യുബിലെയും ഫേസ്ബുക്കിലെയും കമന്റുകൾ വായിച്ചാൽ മതിയാകും. വൃണപ്പെടാൻ റെഡിയായി മതങ്ങളും വിശ്വാസികളും ഉള്ളിടത്തോളം കാലം, ഈ കലാരൂപം ഇങ്ങനെ തന്നെ മുന്നോട്ട് പോകും. മലയാളി പൊളിയാണ് എന്ന് 100 തവണ സ്റ്റാറ്റസ് ഇട്ട് വിളിച്ചു കൂവിയിട്ടുമൊരു കാര്യവുമില്ല, ചെയ്തികൾകൊണ്ട് മനസ്സിലാകുന്നത്, ‘മലയാളി അത്ര പൊളിയൊന്നുമല്ല’ എന്ന് തന്നെയാണ്.