ലോക വനിതാദിനവും മലയാളസിനിമയിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളും, മാക് എഴുതിയ കുറിപ്പ് വായിക്കാം
Firaz Abdul Samad
ശക്തമായ നായികാകഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ളവരാണ് മലയാളത്തിലെ നടിമാർ. നായികാപ്രാധാന്യമെന്നാൽ, നായികയെ പൊക്കിയടിക്കാൻ 3 ശിങ്കിടികളും, കാതടപ്പിക്കുന്ന മാസ്സ് ബിജിഎമ്മും, ഇടക്കിടക്ക് എല്ലാ ആണുങ്ങളെയും താഴ്ത്തിയുള്ള സംസാരവുമൊന്നുമല്ല വേണ്ടത്. മറിച്ച് മലയാള സിനിമയിൽ സ്ഥിരം കണ്ട് വരുന്ന പോലെ നായകനെ സമാധാനിപ്പിക്കാനും, അവന്റെ ഫ്റ്സ്ട്രേഷൻ തീർക്കാനും, ഒരുമിച്ച് ആടി പാടാനുമുള്ള വസ്തുവാക്കാതെ സ്വന്തമായ വ്യക്തിത്വമുള്ള, അഭിപ്രായ സ്വാതന്ത്ര്യമുള്ള, നായകന്റെ നിഴലായി മാത്രം ഒതുങ്ങാത്ത ശക്തമായ കഥാപാത്രങ്ങളും മലയാളത്തിൽ ഇനിയും നന്നായി ഉണ്ടാവണം എന്നാണ് എന്റെ അഭിപ്രായം. മായാനദിയും, കുമ്പളങ്ങിയുമൊക്കെ നായകന്മാരിലൂടെയാണ് കഥ പറഞ്ഞു പോകുന്നതെങ്കിൽ കൂടി അവിടെയൊക്കെ നായികമാർക്കും വ്യക്തമായ ഇമോഷൻസും, വ്യക്തിത്വവുമുണ്ട് എന്നത് തന്നെ മാറ്റത്തിന്റെ വലിയൊരു പ്രതീക്ഷയാണ്.
ലോക വനിതാ ദിനത്തിൽ ഞാൻ മലയാള സിനിമയിൽ കണ്ട കുറച്ചു ശക്തമായ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് പറയണമെന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ്. സ്വന്തമല്ലാത്ത മകളെ ഒരാളുടെയും സഹായമില്ലാതെ വളർത്തിയ വനജയും, തന്റെ ചുറ്റുമുള്ള സ്ത്രീകളെയും പെണ്കുട്ടികളെയും സ്വന്തം ജീവൻ പണയം വെച്ചും രക്ഷിക്കാൻ തയ്യാറാവുന്ന രോഹിണിയും, കുഞ്ഞുനാളിലേ സ്വന്തം അമ്മയെയും അച്ഛനെയും കൊന്നവനെ കെണിവെച്ചു കീഴ്പ്പെടുത്തിയ ഭദ്രയും, പാട്രിയാർക്കിയുടേയും അന്ധവിശ്വാസത്തിന്റെയും മുഖത്ത് വേസ്റ്റ് വെള്ളമൊഴിച്ച ഭാര്യയും, തന്റെ ജീവിതം നശിപ്പിച്ചവരെ ഒറ്റക്ക് വകവരുത്തിയ 22fkയിലെ ടെസ്സയുമൊക്കെ, ‘പെണ്ണൊരുമ്പെട്ടാൽ’ എന്ന തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ചൊല്ലിന്റെ കരണത്തടിയാണ്.
മേൽപ്പറഞ്ഞതിൽ നിന്നും തീർത്തും വത്യസ്ഥമാണ് അപ്പുവും, ഗായത്രിയും, ടെസ്സയുമൊക്കെ. അവർ അവർക്ക് വേണ്ടി തന്നെ നിലകൊള്ളാൻ തയ്യാറായ, ചുറ്റുമുള്ള എതിർപ്പുകളെ വകവയ്ക്കാത്ത, വ്യക്തമായ നിലപാടുകളുള്ള സ്ത്രീ കഥാപാത്രങ്ങളാണ്. ക്ലാരയാവട്ടെ മലയാള സിനിമ തെറ്റെന്ന് പറഞ്ഞ വേശ്യാവൃത്തിയെ പോലും മാറ്റി ചിന്തിപ്പിച്ച വിപ്ലവ കഥാപാത്രം. പ്രതിനായക കഥാപാത്രം ആണുങ്ങൾക്ക് മാത്രം കുത്തകയായ കേരളത്തിൽ അതിന്റെ പൂർണ്ണരൂപം താനാണ് എന്ന് വിളിച്ചുപറഞ്ഞ ആനപ്പറയിലെ അച്ചാമ്മയുമുണ്ട് ഈ കൂട്ടത്തിൽ. ലിസ്റ്റ് ഇവിടെ തീരുന്നില്ല..ഈ കഥാപാത്രമെല്ലാം ചെയ്ത നടിമാരോടൊപ്പം തന്നെ ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരന്മാരും പ്രശംസയർഹിക്കുന്നുണ്ട്. മറ്റൊരാളെ ആശ്രയിക്കാതെ നിങ്ങളുടെ ജീവിതം നിങ്ങളുടെ കൈപ്പിടിയിലൊതുക്കുക, അതിൽ കൈ വെക്കാൻ വരുന്നവരുടെ കരണത്തടിക്കുക.Happy Women’s Day to all the ladies out there. സ്നേഹത്തോടെ, മാക്..