സോറിയാസിസിനെ പൊരുതിത്തോൽപ്പിച്ചു, കൊവിഡിനെയും… ഫിറോസിന് കൈമുതൽ ആത്മവിശ്വാസം

0
104

ഫിറോസിന്റെ അനുഭവക്കുറിപ്പ്

2005 – 2006 കാല ഘട്ടത്തിലാണു മാനസികമായ്‌ ഞാൻ ജീവിതത്തിൽ പൂജ്യമായ്‌ മാറി പിന്നെ അവിടെ നിന്ന് നെഗറ്റീവ്‌ സ്ഥിതിയിലേക്ക്‌ മാറുന്നത്‌, അന്ന് ഞാൻ വിവാഹിതൻ ആയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഇന്ന് ഞാൻ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല.

ശരീരത്തിന്റെ ചില ഭാഗങ്ങളിലാണു ഒരു മുറി ഉണ്ടായി ഉണങ്ങുന്നത്‌ പോലെ തൊലികൾ വന്ന് പോവുന്നത്‌ ഞാൻ ശ്രദ്ധിച്ചത്‌ 2005 ൽ ആയിരുന്നു, അന്ന് ഞാൻ UAE യിൽ ദുബായ്‌ വാട്ടർ & ഇലട്രിക്സിറ്റിക്ക്‌ കീഴെ അവീറിൽ ആണു ജോലി ചെയ്തിരുന്നത്‌. പതിവ്‌ പോലെ ഡോക്റ്ററെ പോയി കണ്ടപ്പോൾ അവർ ഈ സ്ഥലങ്ങളിൽ പുരട്ടാൻ ഓയിന്റ്മെന്റു മാത്രമാണു തന്നത്‌.

രണ്ടൊ മുന്നൊ ദിവസം മാത്രമായിരുന്നു ഈ മരുന്ന് പുരട്ടുന്നത്‌ കൊണ്ട്‌ ഈ അസുഖം മാറി നിന്നിരുന്നത്‌, അങ്ങിനെയൊരു ദിവസമാണു അന്നിട്ടിരുന്ന വെള്ളുത്ത ജട്ടിയിലെ രക്ത്ത്തതിന്റെ പാട്‌ ഞാൻ ശ്രദ്ധിച്ചത്‌, കൂടാതെ ശരീരത്തിലെ പല ഭാഗത്തും അതിലധികമായ്‌ തലയിലും ഈ അസുഖം പടർന്ന് പന്തലിച്ചിരുന്നു.ഈ അസുഖത്തിന്റ്‌ പേരെന്താണു എന്ന് പോലും എനിക്കറിയില്ലായിരുന്നു.
നിങ്ങൾ ആരെങ്കിലും 27 ആം വയസ്സിൽ മുടി വെട്ടാൻ പോയിട്ട്‌ കരഞ്ഞിട്ടുണ്ടൊ ?

എങ്കിൽ ഞാൻ കരഞ്ഞിട്ടുണ്ട്‌ മുടി വെട്ടി പാതി ആയപ്പോൾ എന്റെ തലയിലെ ഈ സ്കിന്നിന്റെ ചിതമ്പൽ കണ്ട്‌ ആ ബാർബർ എന്നെ അവിടെന്ന് പാതി വെട്ടിയ തലയുമായ്‌ ഇറക്കി വിട്ടിട്ടുണ്ട്‌, അന്ന് ഞാൻ കരഞ്ഞു കൊണ്ടാണു എന്റെ വീട്ടിലേക്ക്‌ ഞാൻ കയറി വന്നത്‌. അബുദാബി അഹ്‌ലിയ ഹോസ്പിറ്റലിലെ സ്കിൻ സ്പ്ഷ്യലിസ്റ്റാണു ആദ്യമായ്‌ എനിക്ക്‌ ഈ അസുഖത്തിന്റെ പേരു പറഞ്ഞു തന്നത്‌ ” സോറിയാസിസ്സ്‌ ” . അന്ന് എന്റെ ശരീരത്തിൽ എന്റെ മുഖം മാത്രമായിരുന്നു ഈ അസുഖം വരാൻ ‌ ബാക്കി ഉണ്ടായിരുന്നത്‌. ഗൂഗിളിൽ ഈ അസുഖത്തെ കുറിച്ച്‌ തിരഞ്ഞ ഞാൻ ആദ്യം മനസിലാക്കിയ സത്യം ഈ അസുഖത്തിനു ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ലായെന്നായിരുന്നു.

2006 അവസാനത്തിൽ ഫാമിലിയുമായ്‌ നാട്ടിലെത്തിയ ഞാൻ നേരെ പോയത്‌ ത്യശൂർ ഒരു ആയുർവ്വേദ കേന്ദ്രത്തിലേക്കായിരുന്നു, ഒരു മാസത്തെ ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞ്‌ വരുമ്പോൾ അദ്ദേഹവും പറഞ്ഞത്‌ ഇതായിരുന്നു ” ഞാൻ നിങ്ങൾക്കിവിടെ കഴിക്കാൻ മരുന്നായ്‌ ഒന്നും തന്നിട്ടില്ല പക്ഷെ, നിങ്ങളുടെ ഭക്ഷണ ക്രമം ഞാൻ നിയന്ത്രിച്ചിരുന്നു, ഈ ഭക്ഷണ രീതി ഒരു വർഷം നിങ്ങൾ തുടർന്നാൽ ഒരു പക്ഷെ ഈ അസുഖത്തെ നിങ്ങൾക്ക്‌ മാറ്റി നിർത്താൻ കഴിയും ”

അന്ന് അവിടെന്ന് കിട്ടിയിരുന്ന പോസ്റ്റീവ്‌ എനർജ്ജി ജീവിതത്തിൽ തുടരാൻ തന്നെ ആയിരുന്നു എന്റെ തീരുമാനം. ആ ഭക്ഷണ രീതിയും കൂടെ യോഗ പരിശീലിക്കാനും ഞാൻ തുടങ്ങുകയായിരുന്നു.എനിക്ക്‌ ഈ അസുഖത്തിൽ നിന്നും ജയിക്കണം എന്നതായിരുന്നു എന്റെ ലക്ഷ്യം.
ത്യശൂർ ആയുർവ്വേദ ആശുപത്രിയിൽ നിന്നും വീട്ടിൽ വന്ന അന്നു മുതൽ വീട്ടിൽ സന്ദർശകരുടെ തിരക്കായിരുന്നു, ഷർട്ട്‌ അഴിച്ച്‌ ശരീരം കാണിച്ച്‌ കൊടുക്കാനും തല കാണിച്ചു കൊടുക്കാനും അടുത്ത ബന്ധുക്കൾ ആവിശ്യപെട്ടപ്പോൾ അയൽവാസികൾ കയ്യിലും കാലിലും വന്ന പാടുകൾ കണ്ട്‌ ത്യപ്തിയടയുകയായിരുന്നു.വന്ന് കണ്ടവർ എല്ലാം സഹതാപത്തിലൂടെയായിരുന്നു എന്നെ നോക്കിയിരുന്നത്‌, ഭക്ഷണമായ്‌ ഞാൻ കഞ്ഞി മാത്രമാണു മൂന്ന് നേരം കഴിക്കുന്നതെന്നറിഞ്ഞ അവർ പിന്നെയുള്ള കഥകൾ ഇങ്ങിനെയാണു അവതരിപ്പിച്ചത്‌ ” എന്തുണ്ടായിട്ടെന്താ, ഫിറൂനു ഇനി മരണം വരെ കഞ്ഞിയെ കുടിക്കാൻ കഴിയുള്ളൂത്രെ ”

ഏകദേശം ഒന്നര വർഷം മുടങ്ങാതെ യോഗ ചെയ്തും, ഭക്ഷണം നിയന്ത്രിച്ചും ശരീരത്തിൽ 777 ഓയിൽ പുരട്ടി മസാജ്‌ ചെയ്തും കീറാമുട്ടിയായ സോറിയാസിസിനെ ഞാൻ 99.9% എന്റെ ശരീരത്തിൽ നിന്നും പമ്പ കടത്തുകയായിരുന്നു.ഇത്രയും പറയാൻ കാരണം ഇന്ന് നമ്മൾ മറ്റൊരു വൈറസ്സുമായ്‌ യുദ്ധത്തിലാണു, എനിക്കും വന്നിരുന്നു കോവിഡ്‌, എന്റെ അറിവ്‌ ശരിയെങ്കിൽ അത്‌ രണ്ടാം ജെനറേഷൻ വൈറസ്സ്‌ ആയിരുന്നു.അന്ന് തരക്കേടില്ലാത്ത രീതീയിൽ ഞങ്ങൾ ബുദ്ധിമുട്ടിയിരുന്നു, ചുമ, പനി, രുചി, മണം എന്നിവ നഷ്ടപെടൽ ആയിരുന്നു ലക്ഷണങ്ങൾ.

നെഗറ്റീവ്‌ ആയതിനു ശേഷം 200 മീറ്റർ പോലും നടക്കാനൊ ഓഫീസ്‌ സെറ്റെപ്പുകൾ കയറാനൊ എനിക്ക്‌ കഴിഞ്ഞിരുന്നില്ല, പിന്നീട്‌ പതിയെ പതിയെ നടന്ന് ഒരു ദിവസം ഒരു ക്ഷീണവുമില്ലാതെ അത്യാവിശ്യം നല്ല സ്പീഡിൽ 10-11 കിലോമീറ്ററുകൾ ഇന്ന് ഞാൻ നടക്കുന്നുണ്ട്‌. എനിക്കതിനു തുണയായത്‌ എന്റെ നിശ്ചയദാർഡ്യം തന്നെയാണു.ഇന്ന് പലരും വിശ്വസിക്കുന്നതും ചിന്തിക്കുന്നതും എനിക്കൊന്നും കോവീഡ്‌ വരില്ലായെന്നാണു, നല്ലൊരു ആത്മ വിശ്വാസം തന്നെയാണത്‌. എന്റെ സോറിയായിസ്സ്‌ പോകും എന്നും എനിക്ക്‌ 200 മീറ്റർ അല്ല 11 കിലോമീറ്റർ നടക്കാൻ പറ്റും എന്നും ഞാൻ വിശ്വസിക്കുക മാത്രമല്ല ചെയ്തത്‌ അതിനു വേണ്ടി കഠിനാദ്ധ്വാനവും ചെയ്തിരുന്നു, നിങ്ങളും ഞാനും ഈ കോവിഡ്‌ വരാതിരിക്കാനും ഇത്‌ തന്നെയാണു ചെയ്യേണ്ടത്‌ കഠിനാദ്ധ്വാനം.

ഇന്ന് ഇന്ത്യയിൽ വ്യാപിച്ച മൂന്നാമത്‌ ജനറേഷൻ വൈറസ്സിനെ പറ്റി CCMB യിലെ ഗവേഷകർ പറഞ്ഞത്‌ ബ്രിട്ടനിൽ പടർന്ന അതി ഭീകര വൈറസ്സിന്റെ 15 ഇരട്ടിയോളം അപകട കാരിയാണു ഈ വൈറസ്സ്‌ എന്നാണു.ഇന്ന് ഞാൻ കേട്ട മുന്ന് മരണ വാർത്തകളിലും ‌ ചെറുപ്പകാരയവരുടെ പേരുകളായിരുന്നു ഉണ്ടായിരുന്നത്‌.ഈ ഫോട്ടൊ എന്താണെന്ന് അറിയാമൊ ?ബാഗ്ലൂരിലെ ഒരു ശ്മശ്ശാനത്തിനു മുന്നിൽ മരണ പെട്ടവരെ ദഹിപ്പിക്കാൻ വേണ്ടി ഊഴം കാത്തു കിടക്കുന്ന ആംബുലൻസ്സുകളാണിത്‌.ഈ ഒരു അവസ്ഥയിൽ നിന്നും നമ്മുക്ക്‌ രക്ഷപെടണമെങ്കിൽ നമ്മൾ തന്നെയാണു കരുതലുകൾ സ്വീകരിക്കേണ്ടത്‌.

നന്ദി
ഫിറോസ്‌
0091 7373 290 202