മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലന്റെ റിവ്യൂ…..
മുഹമ്മദ് സഗീർ പണ്ടാരത്തിൽ
സേലം മോഡേൺ തിയറ്ററിന്റെ ബാനറിൽ തിരുചെങ്ങോട് രാമലിംഗ സുന്ദരം എന്ന ടി ആർ സുന്ദരം നിർമ്മിച്ച് തമിഴ് ചലച്ചിത്ര സംവിധായകനായിരുന്ന ശേവക് റാം തെക്ചന്ദ് നൊട്ടാണി എന്ന എസ് നൊട്ടാണി സംവിധാനം ചെയ്ത ചിത്രമാണ് ബാലൻ.നാഗർകോവിൽ സ്വദേശിയും അർദ്ധ മലയാളിയുമായ എ സുന്ദരൻ പിള്ളയുടെ ‘വിധിയും മിസ്സിസ് നായരും’ എന്ന ചെറുകഥയെ ആസ്പദമാക്കി മുതുകുളം രാഘവൻ പിള്ളയാണ് ഇതിന്റെ തിരക്കഥ എഴുതിയത്. നാടകകൃത്ത്, കവി, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ഇദ്ദേഹം തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചത്.
നായകവേഷം ചെയ്ത കെ കെ അരൂർ എന്ന കെ. കുഞ്ചുനായരും ഇബ്രാഹിം എന്ന ഹാർമ്മോണിസ്റ്റും ചേർന്നാണ് ഇതിലുള്ള 23 ഗാനങ്ങൾക്കും സംഗീതം നൽകിയത്. അന്ന് തമിഴിലും ഹിന്ദിയിലും പ്രശസ്തമായ പല ഗാനങ്ങളുടെ സംഗീതങ്ങൾ അനുകരിച്ചാണ് ഇവർ ഇതിലെ ഗാനങ്ങൾ മിക്കതും ചിട്ടപ്പെടുത്തിയത്. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രവും മൂന്നാമത്തെ മലയാള ചിത്രവുമായ ബാലൻ 1938 ജനുവരി 19 ആം തിയതി കൊച്ചിയിലെ സെലക്ട് തിയേറ്ററിലാണ് അദ്യമായി പ്രദർശിപ്പിച്ചത്.
എം വി ശങ്കുവിന്റെ കഥാപാത്രമായ ഡോക്ടർ ഗോവിന്ദൻ നായരുടെ മക്കളാണ് മാസ്റ്റർ മദനഗോപാലിന്റെ കഥാപാത്രമായ ബാലനും ബേബി മാലതിയുടെ കഥാപാത്രമായ സരസയും. നല്ലവനും പണക്കാരനുമായ ഇയാളുടെ ഭാര്യ മരിച്ചു പോയതിനാൽ ഇദ്ദേഹം കെ എൻ ലക്ഷ്മിക്കുട്ടിയുടെ കഥാപാത്രമായ മീനാക്ഷിയെ പുനർവിവാഹം ചെയ്യുന്നു.അമ്മയില്ലാത്ത ആ കുട്ടികളെ അവർ ക്രൂരമായി പീഡിപ്പിക്കുന്നു. കുട്ടികളെ കൊല്ലാൻ വരെ അവർ ശ്രമിക്കുന്നു. അതറിഞ്ഞ ഗോവിന്ദൻ നായർ തന്റെ സ്വത്ത് മുഴുവൻ മക്കളുടെ പേരിൽ എഴുതി വെക്കുന്നു. എന്നാൽ മീനാക്ഷി തന്റെ മക്കളെ നല്ലപോലെ നോക്കുകയാണെങ്കിൽ ആ സ്വത്തിൽ ഒരു ഭാഗം അവർക്കും അനുഭവിക്കാൻ കഴിയും എന്ന് വ്യവസ്ഥയും ഇയാൾ അതിൽ എഴുതിവെക്കുന്നുണ്ട്. താമസിയാതെ ഗോവിന്ദൻ നായർ ഹൃദയസ്തംഭനത്താൽ മരണമടയുന്നു.
ഇതേ തുടർന്ന് മീനാക്ഷി കെ ഗോപിനാഥിന്റെ കഥാപാത്രമായ കിട്ടുപ്പണിക്കരെ വിവാഹം കഴിക്കുന്നു. പീഡനങ്ങൾ സഹിക്കാൻ കഴിയാതെ അവിടെ നിന്ന് ബാലനും സരസയും ഒളിച്ചോടുന്നു. അലച്ചിലും പട്ടിണിയും മൂലം അവർ വഴിയിൽ തളർന്നു വീഴുന്നു. അതുവഴി പോയ സി ഒ എൻ നമ്പ്യാരുടെ കഥാപാത്രമായ പ്രഭാകര മേനോൻ എന്ന വക്കീല്‍ അവരെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. അവർ ആ വീട്ടിൽ സ്വന്തം കുട്ടികളെപ്പോലെ വളരുന്നു.
ഗോവിന്ദൻ നായരുടെ മരണപത്രത്തിലെ കാര്യങ്ങൾ അതറിഞ്ഞ മീനാക്ഷി കുട്ടികളെ തേടിപ്പിടിക്കാൻ ഭര്‍ത്താവ് കിട്ടുപ്പണിക്കരെ ചുമതലപ്പെടുത്തുന്നു. സ്കൂളില്‍നിന്നു വരുന്ന വഴി കുട്ടികളെ കണ്ട പണിക്കർ അവരെ കൂട്ടിക്കൊണ്ടുപോയി കേളു എന്ന വേലക്കാരന്റെ വീട്ടില്‍ താമസിപ്പിക്കുന്നു. ഇതുകണ്ട ആലപ്പി വിൻസന്റിന്റെ കഥാപാത്രമായ ശങ്കുവെന്ന ഒരു കള്ളൻ കുട്ടികളെ അവിടെ നിന്നും കടത്തിക്കൊണ്ടു പോയി പല വിദ്യകളും കാട്ടി ജീവിക്കുന്നു. ഇതു കണ്ടുപിടിച്ച പണിക്കർ ശങ്കുവുമായി ഏറ്റുമുട്ടുന്നു. ഈ സന്ദർഭം മുതലാക്കി ബാലനും സരസയും രക്ഷപെടുന്നു. വീണ്ടും അനാഥരായി അലഞ്ഞുനടന്ന അവർ ഒരു സത്രത്തിൽ കിടന്നുറങ്ങുന്നു.
അന്നേരമാണ് തോട്ടം പണിക്ക് ആളേത്തേടി നടന്ന ഒരു കങ്കാണി സ്ത്രീ സരസയെ മാത്രം പിടിച്ചുകൊണ്ടുപോകുന്നത്. കുറച്ചു നാളുകൾക്കു ശേഷം ബാലനും ആ തോട്ടത്തിൽ എത്തിപ്പെടുന്നു. അവർ ജോലിക്കാരായി അവിടെ കഴിയുന്നു. കാലം കുറേ കടന്നുപോയി. ഇപ്പോൾ ബാലനും സരസയും യുവാവും യുവതിയും ആയി കഴിഞ്ഞിരിക്കുന്നു. അവരിപ്പോൾ യഥാക്രമം കെ കെ അരൂരും എം കെ കമലവുമാണ്.
ജീവിതത്തിൽ മടുപ്പ് തോന്നിയ പ്രഭാകരമേനോൻ തന്റെ കാമുകിയായ ഭാനുവിനേയും ഉപേക്ഷിച്ച് സുഖവാസത്തിനായി ആ തോട്ടത്തിൽ എത്തുന്നു.
കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ബാലനെയും സരസയെയും അവിടെ കണ്ട അയാൾ അവരെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. മീനാക്ഷിയുടെ കൈയ്യിൽ ഉണ്ടായിരുന്ന അച്ഛന്റെ മരണപത്രം ബാലന് കൈവശപ്പെടുത്തി മേനോനെ ഏല്‍പ്പിക്കുന്നു.തുടർന്ന് മേനോന് മീനാക്ഷിക്കും പണിക്കർക്കും എതിരെ കേസു കൊടുത്ത് അവര്‍ക്ക് എതിരായ വിധി സമ്പാദിക്കുന്നു. ഇതിൽ കോപാകുലയായ മീനാക്ഷി മേനോന്റെ നേര്‍ക്ക് വെടി ഉതിർക്കുന്നു. അത് തടുക്കാനായി മുന്നില്‍ ചാടിയ ബാലന് അവരുടെ ആ വെടികൊണ്ട് മരിക്കുന്നു. ബാലനെ കൊന്ന കുറ്റത്തിന് മീനാക്ഷി ജയിലിൽ പോകുന്നു.നാളുകൾക്കു ശേഷം, തീർത്തും അനാഥയായ സരസയെ മേനോൻ വിവാഹം കഴിക്കുന്നു. അവരുടെ ആദ്യത്തെ കുട്ടിക്ക് ബാലൻ എന്ന് പേരിടുന്നു. മരണപ്പെട്ട ബാലന്റെ ശവകുടീരത്തിൽ പൂക്കൾ അർപ്പിക്കുന്നതോടെ ഈ ചിത്രം പൂർണമാകുന്നു.
എ.ബി. പയസ്, സുഭദ്ര, ശിവാനന്ദൻ, പാറുക്കുട്ടി, എ വി പത്മനാഭൻ നായർ, ബേബി കൗസല്യ എന്നിവരാണ് മറ്റുപ്രധാന അഭിനേതാക്കൾ. 1937 ആഗസ്റ്റ് 17 ആം തിയതി സേലം മോഡൺ സ്റ്റുഡിയോയിൽ വെച്ച് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജർമ്മൻകാരനായ ബോഡോ ഗുഷ്കറും ചിത്രസംയോജനം വർഗ്ഗീസും കെ സി ജോർജുമാണ് നിർവ്വഹിച്ചിരിക്കുന്നത്. മദിരാശിയിലെ ശ്യാമളാ പിക്ചേഴ്സ് ആയിരുന്നു ഇതിന്റെ വിതരണം.