മലയാളസിനിമയിലെ ആദ്യ സൂപ്പർഹിറ്റ് സിനിമ ഏതാണ്? മലയാള സിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ ആര്? ഹിന്ദിയിലേക്ക് ഡബ് ചെയ്‌ത ആദ്യ മലയാള ചിത്രം ഏതാണ്?
അറിവ് തേടുന്ന പാവം പ്രവാസി
👉 മലയാളത്തിൽ ആദ്യത്തെ സൂപ്പർഹിറ്റ് ചിത്രമാണ് ജീവിത നൗക. 1951 ൽ റിലീസ് ചെയ്ത ജീവിത നൗകയ്ക്ക് ഇപ്പോൾ 70 വയസ്സ് തികയുന്നു. മലയാള സിനിമയുടെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്കും. വിഗതകുമാരൻ, മാർത്താണ്ഡവർമ്മ എന്നീ നിശബ്ദ ചിത്രങ്ങൾക്കു ശേഷം മലയാളം സംസാരിച്ചെത്തിയ ആദ്യ സിനിമ ബാലൻ റിലീസ് ചെയ്തത് 1938 ൽ ആണ്. പിന്നാലെ ജ്ഞാനാംബിക, പ്രഹ്ലാദൻ, നിർമല, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളും പുറത്തിറങ്ങി. മലയാളത്തിൽ സിനിമകൾ നിർമിക്കുകയെന്ന ലക്ഷ്യത്തോടെ, ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപമാണ് ഉദയ പിക്ചേഴ്സ് എന്ന സംരംഭത്തിന് കുഞ്ചാക്കോ തുടക്കമിട്ടത്; 1942 ൽ.
1947 ലെ ക്രിസ്മസ് ദിനത്തിൽ ആലപ്പുഴ പാതിരപ്പള്ളിക്കു സമീപം ഉദയ സ്റ്റുഡിയോയ്ക്കു തറക്കല്ലിട്ടു. 1949 ൽ ‘വെള്ളിനക്ഷത്രം’ എന്ന സിനിമയിലൂടെയാണ് ഉദയയുടെ നക്ഷത്രോദയം. ഉദയയുടെ ബാനറിൽ കുഞ്ചാക്കോയും , തിരുവല്ലക്കാരൻ കെ.വി.കോശിയും ചേർന്ന് 1950 ൽ നിർമിച്ച ‘നല്ലതങ്ക’ എന്ന ചിത്രം സാമ്പത്തികമായി വിജയമായിരുന്നു. ഒരു ലക്ഷത്തോളം രൂപ ചെലവിലാണ് നല്ലതങ്ക നിർമിച്ചത്.സിനിമയുടെ വിജയം കോശി – കുഞ്ചാക്കോ കൂട്ടുകെട്ടിന് ആവേശമായി. അങ്ങനെയാണ് ജീവിതനൗകയുടെ തുടക്കം. ഉദയയുടെ ബാനറിൽ കെ ആൻഡ് കെ (കോശി ആൻഡ് കുഞ്ചാക്കോ) പ്രൊഡക്‌ഷൻസിന്റെ കഥയ്ക്ക് തിരക്കഥയും , സംഭാഷണങ്ങളുമെഴുതിയത് മുതുകുളം രാഘവൻപിള്ളയാണ്. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലന്റെ തിരക്കഥാകൃത്തും , നടനും , ഗാനരചയിതാവുമെല്ലാമായിരുന്നു മുതുകുളം രാഘവൻപിള്ള. കെ.വെമ്പു സംവിധാനം ചെയ്ത ചിത്രം 1951 മാർച്ച് 15 ന് ആണ് തീയറ്ററിലെത്തിയത്.
അപ്പോഴേക്കും സിനിമയുടെ നിർമാണച്ചെലവ് വളരെ വർധിച്ചു– 5 ലക്ഷം രൂപ!.പാവപ്പെട്ടവളായ ലക്ഷ്മിയും , വിദ്യാസമ്പന്നനും , മധ്യവർത്തി സമൂഹത്തിന്റെ പ്രതിനിധിയുമായ സോമനും തമ്മിലുള്ള പ്രണയവിവാഹവും തുടർന്നുള്ള സംഭവങ്ങളുമാണ് ‘ജീവിതനൗക’യുടെ കഥ. അന്നത്തെ സാമൂഹികാന്തരീക്ഷം തെളിഞ്ഞു നിന്ന ചിത്രം പ്രേക്ഷകരുടെ ഹൃദയത്തിൽ കൊണ്ടു. സോമൻ എന്ന കഥാപാത്രത്തെ തിക്കുറിശി സുകുമാരൻ നായരാണ് അവതരിപ്പിച്ചത്. ബി.എസ്.സരോജ ലക്ഷ്മിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
തിക്കുറിശ്ശിയുടെ ജ്യേഷ്ഠൻ രാജുവിനെ അന്നത്തെ നാടകരംഗത്തെ അതികായൻ സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ രംഗത്തെത്തിച്ചു. രാജുവിന്റെ ഭാര്യ ജാനുവിന്റെ വേഷമിട്ട പങ്കജവല്ലിയാണ് പ്രതിനായിക. ക്രൂരയായ ചേട്ടത്തിയമ്മയായി പങ്കജവല്ലി തകർത്തഭിനയിച്ചു.കേരളത്തിലെ ഒരു കാലഘട്ടത്തിന്റെ ചിത്രീകരണം കൂടിയായിരുന്നു ആ സിനിമ. തിക്കുറിശ്ശി സുകുമാരൻ നായർ, ബി.എസ്.സരോജ, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, പങ്കജവല്ലി, മുതുകുളം രാഘവൻപിള്ള, ബേബി ഗിരിജ, എസ്.പി.പിള്ള, മാത്തപ്പൻ, മുളവന, നാണുക്കുട്ടൻ, ജഗദമ്മ, ഗോപിനാഥൻ, സി.ആർ.രാജകുമാരി, ഇന്ദിര ആചാര്യ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ബേബി ഗിരിജയാണ് ബി.എസ്.സരോജത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത്.നർമമുഹൂർത്തങ്ങളും , ജീവിതഗന്ധിയായ സന്ദർഭങ്ങളും ,
ഗാനങ്ങളുമെല്ലാം ചേരുംപടി ചേർത്ത കൃത്യമായ ഫോർമുലയിൽ ആദ്യമായിറങ്ങിയ ചിത്രമെന്ന നിലയിൽ ജീവിത നൗകയെ ജനങ്ങള്‍ ഹൃദയം കൊണ്ട് സ്വീകരിച്ചു. പിഎൽജെ റൂമെസിന്റെ കലാസംവിധാനവും , ബാലസുബ്രഹ്മണ്യത്തിന്റെ ഛായാഗ്രഹണവും, കെ.ഡി.ജോർജിന്റെ എഡിറ്റിങ്ങും ചിത്രത്തിനു ജീവനേകി. അഭയദേവിന്റെ മനോഹരമായ വരികൾക്ക് വി.ദക്ഷിണാമൂർത്തി സംഗീതം നൽകി. പി.ലീല, കവിയൂർ രേവമ്മ, തൃച്ചി ലോകനാഥൻ, മെഹബൂബ്, കണ്ടശാല തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചത്.
പ്രശസ്ത ഗായകൻ മെഹബൂബിന്റെ സിനിമാപ്രവേശവും ഈ ചിത്രത്തിലൂടെയായിരുന്നു. ചിത്രം കേരളത്തിൽ വമ്പൻ ഹിറ്റായി. 5 ലക്ഷം രൂപ ചെലവിൽ നിർമിച്ച ചിത്രം 30 ലക്ഷത്തിലധികം രൂപയുടെ കളക്‌ഷൻ നേടി റെക്കോർഡിട്ടു. തിരുവനന്തപുരത്ത് തുടർച്ചയായി 284 ദിവസം തീയറ്ററുകളിൽ പ്രദർശിപ്പിച്ചു. എറണാകുളത്ത് 107 ദിവസവും , കോഴിക്കോട്ട് 175 ദിവസവും , കൊല്ലം, ആലപ്പുഴ, കോട്ടയം, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ 100 ദിവസവും ചിത്രം തുടർച്ചയായി പ്രദർശിപ്പിച്ചു.
ജീവിതനൗകയുടെ വിജയത്തോടെ തിക്കുറിശ്ശി മലയാളത്തിലെ ആദ്യ സൂപ്പർസ്റ്റാർ ആയി. തമിഴിലും സിനിമ റീമേക്ക് ചെയ്തു. തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കു ജീവിത നൗക മൊഴിമാറ്റിയെത്തി. ഹിന്ദിയിലേക്ക് ഡബ് ചെയ്‌ത ആദ്യ മലയാള ചിത്രവും ജീവിതനൗകയായിരുന്നു.ജീവിതനൗകയിൽ പ്രധാന കഥാപാത്രമായ സോമന്റെ കോളജിൽ മഹാകവി വള്ളത്തോളിന്റെ മഗ്ദലന മറിയം കാവ്യം നാടകമായി അവതരിപ്പിക്കുന്ന രംഗമുണ്ടായിരുന്നു.
ആ കാവ്യത്തിലെ ചില വരികൾ സിനിമയിൽ ഉൾപ്പെടുത്തിയതിനെതിരെ മഹാകവി കേസ് നൽകുകയുണ്ടായി.മൊത്തം പതിനഞ്ച് വരികളാണ് സിനിമയിലേക്ക് സ്വികരിച്ചത്. ഒരു വരിക്കു നൂറു രൂപാ വീതം പ്രതിഫലം നിശ്‌ചയിച്ചു. ആ പണം കൃത്യമായി നൽകി. പിന്നീട് ഈ ചിത്രത്തിൽ മഹാകാവ്യത്തിലെ നാലു വരികൾകൂടി ചേർക്കേണ്ടി വന്നു. മുൻ കരാർ പ്രകാരം ഈ നാലു വരികൾക്കു നാനൂറു രൂപ ഉദയായിൽനിന്നു മഹാകവിക്ക് അയച്ചു കൊടുത്തു. എന്നാൽ വള്ളത്തോൾ ഈ തുക അംഗീകരിച്ചില്ല. ആ നാലു വരികൾക്ക് തനിക്ക് ആയിരം രൂപ വീതം വേണമെന്ന് ആവശ്യപ്പെട്ടു. അതായത് നാലായിരം രൂപ. ഇന്നത്തെ നാലു ലക്ഷം രൂപയുടെ വിലയാണത്. വള്ളത്തോളിന്റെ ഈ നിലപാട് അംഗീകരിക്കാൻ നിർമ്മാതാക്കൾക്കായില്ല.
ഉദയായ്‌ക്കെതിരെ ആലപ്പുഴ കോടതിയിൽ മഹാകവി കേസ് ഫയൽ ചെയ്‌തു. മരണം വരെ വള്ളത്തോൾ ഈ കേസുമായി പോയി. പിന്നീടാണ് ഉദയായ്‌ക്കു മോചനമായത്.പ്രശസ്ത സാഹിത്യകാരൻ എൻ.എസ്.മാധവന്റെ “ലന്തൻബത്തേരിയിലെ ലുത്തീനിയകൾ” എന്ന നോവലിൽ ജീവിതനൗകയെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. എറണാകുളത്തെ പഴയ തീയറ്ററുകളിൽ ഒന്നായ ലക്ഷ്മണിൽ ജീവിത നൗക പ്രദർശിപ്പിച്ച കാലത്തെയാണ് അതിൽ പറയുന്നത്. ‘ജീവിതനൗക കാണണമെങ്കിൽ കൊടടാ കൊടടാ നാലണ’ എന്ന പാട്ട് പാടി ആളുകൾ നടന്നിരുന്നുവെന്നും പറയുന്നുണ്ട്. ജീവിതനൗക എന്ന സിനിമയായിരുന്നു മെഹബൂബിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്. ആ സിനിമയ്ക്കു വേണ്ടി പാടാൻ നടൻ മുത്തയ്യയാണ് മെഹബൂബിനെ സംഗീത സംവിധായകനായ ദക്ഷിണാമൂർത്തിയോടു നിർദേശിക്കുന്നത്. ‘അകാലേ.. ആരു കൈവിടും നീ താനേ നിൻ സഹായി..’ എന്നതായിരുന്നു ആദ്യഗാനം.
മെഹബൂബിന്റെ പാട്ടുകേട്ടപ്പോൾ ദക്ഷിണാമൂർത്തി സിനിമയിലെ മറ്റു ഗാനങ്ങൾകൂടി പാടാൻ ആവശ്യപ്പെട്ടു. തുടർന്ന് ആ സിനിമയിലെ അഞ്ചുഗാനങ്ങൾകൂടി അദ്ദേഹം പാടി. പിന്നീടു മലയാള സിനിമ ഈ ഗായകനെ കൈവിട്ടില്ല.ആ ഗാനത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു; ദുലാരി (1949) എന്ന ചിത്രത്തിനു വേണ്ടി നൗഷാദിന്റെ ഈണത്തിൽ റഫി പാടിയ ‘സുഹാനി രാത് ഡൽ ചുകി…’ എന്ന ഗാനത്തിന്റെ അതേ ഈണത്തിലൊരുക്കിയ പാട്ടായിരുന്നു അത്. ഈ പാട്ടു കേട്ട് വിസ്മയിച്ച റഫി, മെഹബൂബിനെ അനുമോദിച്ചത് കൊച്ചിയിലെ പഴയ തലമുറയുടെ ഓർമയാണ്.
ജീവിത നൗകയിൽ 14 ഗാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. സിനിമയുടെ തുടക്കത്തിൽ ബേബി സരോജ നൃത്തംചെയ്ത് അവതരിപ്പിക്കുന്ന ‘ആനത്തലയോളം വെണ്ണതരാമെടാ ആനന്ദ ശ്രീകൃഷ്ണ വാ മുറുക്ക്…’ എന്നു തുടങ്ങുന്ന ഗാനം പാടിയത് സിനിമയിൽ അഭിനയിച്ച സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരും , അദ്ദേഹത്തിന്റെ മകൾ പുഷ്പവും കൂടിയാണ്. ‘തോർന്നീടുമോ കണ്ണീർ’ (പി.ലീല), ‘വന ഗായികേ വാനിൽ വരൂ ഗായികേ…’ തുടങ്ങിയ ഗാനങ്ങൾ ഇപ്പോഴും ആസ്വാദകർക്കു പ്രിയപ്പെട്ടവയാണ്. സിനിമയിലെ പല പ്രണയ സംഭാഷണങ്ങളും ഗാനങ്ങളുടെ രൂപത്തിലാണ് അവതരിപ്പിച്ചതെന്നതും പ്രത്യേകതയാണ്.
തിക്കുറിശ്ശിയുടെയും , സരോജത്തിന്റെയും ഒന്നര വയസ്സുള്ള മകന്‍ ഗോപിയായി സിനിമയിൽ വേഷമിട്ടത് കുഞ്ചാക്കോയുടെ മകൻ ബോബൻ ആയിരുന്നു. ചുരുക്കം ചില സീനുകളിൽ മാത്രമേ ബോബന്‍ പ്രത്യക്ഷപ്പെട്ടുള്ളൂ. ഗോപിയുടെ മുതിർന്ന വേഷത്തിൽ ആലപ്പുഴക്കാരനായ ചാർലി ലിവേര ആണ് വേഷമിട്ടത്. പ്രേംനസീർ നായകനായ കിടപ്പാടം, വിശപ്പിന്റെ വിളി, അച്ഛൻ എന്നീ ഉദയാ ചിത്രങ്ങളിലും ചാർലി മുഖം കാണിച്ചു. നിർമാതാക്കളിൽ ഒരാളായിരുന്ന കെ.വി.കോശിയുടെ ഉടമസ്ഥതയിലുള്ള ഇരവിപേരൂർ വള്ളംകുളം തേളൂർ കണ്ടത്തിൽ വീട്ടിലും ജീവിതനൗകയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചതായി പഴമക്കാർ ഓർക്കുന്നുണ്ട്.
‘ജീവിതനൗക’ എന്ന സിനിമയിൽ ബി.എസ്.സരോജം എന്ന നായികയ്ക്കു ശബ്ദം നൽകിയത്, അതേ സിനിമയിൽ അഭിനയിച്ച മുതുകുളം ജഗദമ്മ എന്ന നടിയാണ്.എന്നാൽ, താനാണ് സരോജത്തിനു ശബ്ദം കൊടുത്തതെന്ന് ആദ്യകാല ഡബ്ബിങ് ആർട്ടിസ്റ്റ് കൊച്ചിൻ അമ്മിണി പിൽക്കാലത്ത് അവകാശപ്പെട്ടു. ഇതിൽ ആരാണ് യഥാർഥത്തിൽ സരോജത്തിന്റെ ശബ്ദത്തിന്റെ ഉടമയെന്ന് ഇന്നും വ്യക്തമല്ല.കെ.വി.കോശി, എം.കുഞ്ചാക്കോ എന്നിവർ ചേർന്ന് ആരംഭിച്ച നിർമാണ കമ്പനിയായിരുന്നു കെ ആൻഡ് കെ പ്രൊഡക്‌ഷൻസ്, ജീവിതനൗകയുടെ വമ്പൻ വിജയത്തിനു ശേഷം വിശപ്പിന്റെ വിളി (1952) എന്ന സിനിമ കൂടി നിർമിച്ചു. വിശപ്പിന്റെ വിളി. പരാജയപ്പെട്ടതോടെ കമ്പനി പൊളിഞ്ഞു. കോശിയും , കുഞ്ചാക്കോയും വെവ്വേറെ സിനിമ നിർമിക്കാൻ തീരുമാനിച്ചു.1954–ൽ കോശി ‘പുത്രധർമ്മം’ ആരംഭിച്ചു. കുഞ്ചാക്കോ ആകട്ടെ ഉദയായുടെ ബാനറിൽ ‘അവൻ വരുന്നു’ എന്ന ചിത്രവും തുടങ്ങി. കടുത്ത വാശിയോടെയാണ് ചിത്രീകരണം നടന്നത്.പുത്രധർമ്മത്തിൽ ഉദയായെ പരിഹസിക്കാനായി ഒരു കോഴിയെ ഹാസ്യനടൻ ഓടിച്ചിട്ട് പിടിക്കുന്ന രംഗം ഉൾപ്പെടുത്തിയിരുന്നു.
ഉദയായുടെ ചിഹ്‌നം കൂവുന്ന കോഴി ആയിരുന്നല്ലോ. ഇതറിഞ്ഞ്, കുഞ്ചാക്കോ തന്റെ സിനിമയിൽ അതിനു പ്രതികാരം ചെയ്തത് രസകരമായാണ്– ‘നിന്റെ പുളിച്ചു നാറിയ പുത്രധർമം എനിക്കുവേണ്ട’ എന്ന ഡയലോഗ് പലകുറി ആ സിനിമയിൽ പ്രയോഗിച്ചു. സിനിമകൾ പുറത്തിറങ്ങിയതോടെ പുത്രധർമം പ്രതീക്ഷിച്ച വിജയം നേടിയില്ല. അവൻ വരുന്നു വിജയമാകുകയും ചെയ്തു. അതോടെ കെ.വി.കോശി നിർമാണ രംഗത്തു നിന്നു പിന്മാറുകയായിരുന്നു.