ഒരു കുരു തന്നെ വില്ലൻ. അനുഭവം കൊണ്ടത് ഗുരുവുമായി. ഏതോ മുജ്ജന്മശാപം തന്ന മോശം ദശാസന്ധിയായെന്നോർമിപ്പിച്ചു പിന്നാമ്പുറത്തു, നമ്മുടെയൊക്കെ അമേധ്യപ്രവാഹ ദ്വാരത്തിന്റെ അടപ്പ് വരുന്ന ഭാഗത്തായിരുന്നു പ്രസ്‌തുത മ്ലേച്ഛ കുരുക്കൾ കൈകോർത്തുപിടിച്ചു വലിഞ്ഞുകയറി സ്ഥാനംപിടിച്ചത്. ഒന്നുംരണ്ടുമല്ല മൂന്നെണ്ണം. ആസനസ്ഥനാകാൻ വയ്യ, ശയ്യയിലമരാൻ വയ്യ, കുന്തം പോലെ നില്ക്കാനുംവയ്യ. ടോയ്‌ലറ്റിൽ പോകുന്ന കാര്യം ആലോചിക്കാനേ വയ്യ. എന്നാലോ എപ്പോപോകും എപ്പോപോകും എന്ന് വയറിൽ നിന്നും നിരന്തരം എൻക്വയറികൾ. കുരുക്കൾ ഉറങ്ങിക്കിടക്കുകയാണ് അവറ്റകളറിയാതെ ഒന്ന് പോകാം എന്ന് കരുതി പാത്തുംപതുങ്ങിയും ചെന്ന് കുത്തിയിരുന്നാലോ എല്ലാംകൂടി ഉണർന്നു വേണ്ടാ വേണ്ടാന്ന് കലപിലാ വേദനയും മോങ്ങലും തുടങ്ങും. ശരീരത്തിന്റെ വളരെ ഞെങ്ങിഞെരുങ്ങിയുള്ള ഭാഗമായതിനാൽ കഠിനവേദനയോടെയാണ് അവറ്റകളുടെ നിൽപ്പ്. വെറുതെ കിടന്നാലും നമ്മൾ കൈകൊണ്ടു ഞെക്കുന്ന എഫക്ട്. നാലഞ്ചുദിവസം വേദനയെണ്ണി കഴിഞ്ഞു. അങ്ങനെയാണ് വീടിനടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ അഭയംപ്രാപിച്ചത്.
ആശൂത്രീപ്പോകാൻ ഓട്ടോയിൽ കയറിയിരുന്നു. ഗട്ടറുകളിലും ഹമ്പുകളിലും വണ്ടി നൃത്തം ചവിട്ടുമ്പോഴുള്ള എന്റെ മുഖഭാവങ്ങൾ നൈസർഗിക അഭിനയത്തിന്റെ ഉദാഹരണങ്ങളായിരുന്നു. ‘പട്ടാളം’ സിനിമയിൽ നിതംബത്തിൽ പട്ടി കടിച്ച സലിംകുമാർ ചന്തി സീറ്റിൽ ഉറപ്പിക്കാതെ ബൈക്കോടിച്ചു പോകുന്നപോലായിരുന്നു ഞാൻ ഓട്ടോയിൽ പിന്നെയിരുന്നത്. ആശുപത്രിയിലെത്തി, ചെന്നുപെട്ടതോ ഒരു പുലിയുടെ മടയിൽ. അപ്പോഴാണ് മറവത്തൂർകനവ് എന്ന സിനിമയിൽ കുണ്ടിയിൽ വെടിയേറ്റ ശ്രീനിവാസൻ വൈദ്യരെ കാണിക്കാൻ ചെന്ന കാര്യം ഓർമയിൽ വന്നത്.
ഞാൻ വേദനയോടെയും ദൈന്യതയോടെയും പറഞ്ഞു
“ഡോക്ടർ കുണ്ടിയിൽ കുരു ഇരുക്ക് …”
“എന്തേലും ഇറുക്കിയതാണോ …”
“അല്ല ഡോക്ടർ..ഇത് അപ്പടിയുള്ള കുരുവല്ല… മൂന്നു പെരിയ കുരു…”
” അപ്പടികിപ്പടിയെന്ന് നിനക്കെങ്ങനെ അറിയും ശപ്പാ…”
“ഇത് തനിയെ വന്തത് ഡോക്ടർ ”
“മുണ്ടൂര് ”
“അത് തൃശൂരല്ലേ ഡോക്ടർ ?”
“ഫാ..മുണ്ട് അഴിക്കാൻ ”
അടുത്തുനിന്ന നേഴ്‌സുമാരെ കോള്മയിർകൊള്ളിച്ചു ഞാൻ ‘സ്ഫടികത്തിലെ’ ആടുതോമയെ പോലെ മുണ്ടുരിഞ്ഞു.
“ഫാ…വങ്കാ കുരുവും വച്ചുകൊണ്ടു നീ മോഹൻലാലിന് പഠിക്കുകയാ….”
ഡോക്ടർ അരിശത്തോടെ ചോദിച്ചു.
എന്റെ പ്ലിങ്ങിയ ചിരിയെ ഖണ്ഡിച്ചുകൊണ്ടു അദ്ദേഹം സൗമ്യനായി അലറി
“കേറിക്കിടക്കെടാ….ശുംഭാ…”
അദ്ദേഹം എന്തൊക്കെയോ സാധനങ്ങളിട്ടു കുരുക്കളിൽ അളിച്ചു. താപം, ശീതം, മിതശീതോഷ്ണം മുതലായ കാലാവസ്ഥകൾ അവിടെ മാറിമാറി അനുഭവപ്പെട്ടു. ശീതം ബാധിക്കുമ്പോൾ അതിലെങ്ങനെ രസിച്ചു, ഹാ ഈ അന്റാട്രിക്കൻ കാലാവസ്ഥ എന്ത് രസമെന്നോർത്തുകിടക്കുമ്പോഴാകും അടുത്ത നിമിഷം സഹാറ മരുഭൂമി എന്നെ ഞെരിപിരി കൊള്ളിക്കുന്നത്. അപ്പോൾ, “മ്ലേച്ഛാ..അടങ്ങിക്കിടക്കെടാ…” എന്ന് ഡാക്കിട്ടർ ആക്രോശിക്കും. ദൈവത്തിന്റെ മാലാഖമാരുടെ തുറിച്ചുനോട്ടത്തിൽ ചോർന്നുപോകുന്ന അഭിമാനം കുരുക്കളിൽ നിന്നും പഴുപ്പിന്റെ രൂപത്തിൽ ആയിരുന്നെങ്കിൽ നന്നായേനെ എന്ന് ഞാൻ മോഹിച്ചു. ഒരു മനുഷ്യന് ഇതേവരെ നേരിട്ടു തന്റെ ആസനം കാണാൻ സാധിക്കാത്തതിൽ അന്ന് ഞാനാദ്യമായി സങ്കടപ്പെട്ടു. കുരുക്കളെ ഞാൻ വീട്ടിലിരുന്നു നോക്കിയത് ഒരു ദർപ്പണത്തെ, അഭിമുഖമെന്നൊക്കെ പറയുന്നപോലെ ‘അഭിമൂല’മായി പിടിച്ചുകൊണ്ടായിരുന്നു. വളരെ ചെറിയ ദർപ്പണമായിരുന്നാൽ തന്നെ എന്റെ മഹാനിതംബത്തിന്റെ ചില കോണുകൾ മാത്രമേ അതിൽ തെളിഞ്ഞിരുന്നുള്ളൂ.
വിശദമായ പരിശോധനകൾക്കു ശേഷം ഡോക്ടർ കുരുവിനൊരു വിലയിട്ടു, 45000/-. സാധാരണ നമ്മുടെയൊരു സാധനം വിൽക്കുമ്പോൾ വിലകൂട്ടിയല്ലേ കൊടുക്കുന്നത്. ഇവിടെ നേരെ തിരിച്ചാണ്. വിലയല്പം കുറയ്ക്കാൻ പറ്റുമോ ഡോക്ടർ എന്ന് ഞാൻ കെഞ്ചി. ധർമ്മാശുപത്രിയല്ലെന്നു പറഞ്ഞു ദേഷ്യത്തോടെ അദ്ദേഹം എന്റെ കുരുവിലിൽ സ്പിരിറ്റ് പോലെന്തോ സാധനമെടുത്തു നിർദ്ദാക്ഷണ്യം അഭിഷേകംചെയ്തു. ‘അയ്യോ…’ എന്നുള്ള എന്റെ വിളി ആശുപത്രിയെ പ്രകമ്പനം കൊള്ളിച്ചു. എവിടെയൊക്കെയോ ഇരുന്ന എന്തൊക്കെയോ വസ്തുക്കൾ വീഴുന്ന ഒച്ചകൾ കേട്ടു, ഭൂമി കുലുക്കമെന്നു പറഞ്ഞു ഒന്നുരണ്ടുപേർ കുറേപേരെയും നയിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങിയോടി. പിന്നെയറിഞ്ഞു, ഗൈനക്കോളജി വാർഡിൽ അമ്പതിലേറെ പ്രസവങ്ങൾ ഒരുമിച്ചു നടന്നത്രെ, മൂത്രതടസ്സം ബാധിച്ചു വന്നവർ ഏറെ ദിവസങ്ങൾക്കു ശേഷം ധാരധാരയായി പെടുത്തത്രെ, മലബന്ധമുള്ളവർക്കു അനുസ്യൂതം ശോചനയുണ്ടായത്രേ.
ശബ്ദത്തിന്റെ പ്രഭവകേന്ദ്രം തിരക്കി എത്തിയ സെക്യൂരിറ്റിക്കാർ എന്നെ പഞ്ഞിക്കിടുന്നതിനു മുമ്പ് ഡോക്ടർ മടക്കി അയച്ചു. അതിനുശേഷം ആ ആശുപത്രിയിൽ ‘ഞെട്ടൽ തെറാപ്പി’ എന്നൊരു പുതിയ ചികിത്സാരീതി കൂടി നിലവിൽ വരികയും എന്നെ ചികിത്സിച്ച ഡോക്ടർ അതിന്റെ ഉപജ്ഞാതാവായി പേരെടുക്കുകയും ചെയ്തു. എന്റെ ശബ്ദം റിക്കോർഡ് ചെയ്തു ഭീമാകാരമായ സ്പീക്കറുകളിലൂടെ കേൾപ്പിച്ചാണ് ആ തെറാപ്പി ചെയ്തിരുന്നത്. അതിനുപറ്റിയ വൃത്തികെട്ട ശബ്ദം എനിക്കുമാത്രമേ ഉള്ളെന്നു അദ്ദേഹമെന്നെ തോളത്തുതട്ടി അഭിനന്ദിച്ചു. പിൽക്കാലത്തു ഈ ചികിത്സാരീതി ലോകമാസകലം വ്യാപിക്കുകയും ചെയ്തത്രേ.
പിറ്റേദിവസം അരയ്ക്കു താഴെ മരവിപ്പിച്ചു ഓപ്പറേഷൻ നടത്തി. രണ്ടുകാലുകൾ രണ്ടുവശത്തേയ്ക്കും പിടിച്ചു കെട്ടിവച്ചു നാലഞ്ചുപേർ ഇറച്ചിവെട്ടുന്നപോലെ ചില പ്രവർത്തികളിൽ ഏർപ്പെട്ടു. പ്രൈവറ്റ് ആശുപത്രിയാണ്, ശസ്ത്രക്രിയ കഴിയുമ്പോൾ ആവശ്യമുള്ളതൊക്കെ അതാതുസ്ഥലങ്ങളിൽ തന്നെ ഉണ്ടാകണേയെന്ന് പരദൈവമായ ഡിങ്കനോട് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ കണ്ണടച്ചുകിടന്നു. മരവിച്ചു വാഴത്തട പോലെ ആയിക്കഴിഞ്ഞ കാലുകൾ ആരെങ്കിലും വെട്ടിയെടുത്താൽ പോലും അറിയാത്ത അവസ്ഥ. ആസനത്തിലാണ് ശസ്ത്രക്രിയയെങ്കിലും ശരീരത്തിന്റെ വേറെയും ഭാഗങ്ങളിൽ കൊളുത്തിപ്പിടുത്തം അനുഭവപ്പെട്ടു. വല്ല കമ്പിയോ കൊളുത്തോ ഇട്ടു വൃക്ക അടിച്ചുമാറ്റുന്നതാണോ എന്ന ശങ്കയോടെ വെറുതെങ്ങനെ കിടന്നു.
ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്തൊരു നരകരാത്രിയായിരുന്നു അത്. ഓപ്പറേഷൻ കഴിഞ്ഞു വലിയ ഘോഷയാത്രയോടെയും പരിവാരങ്ങയുടെയും ഒബ്സർവേഷൻ വാർഡിൽ കൊണ്ടുകിടത്തി. എന്നെ പരിപൂർണ്ണമായി ഉറങ്ങാൻ വിട്ടു. ഉറക്കം മുറിയുമ്പോൾ യൂറിൻകാനിൽ ഉന്നംതെറ്റിച്ചു പെടുത്തു പലതവണ ബെഡിനെ നാശമാക്കിയതും മയങ്ങാനുള്ള ഇഞ്ചക്ഷന്റെ ആലസ്യത്തിൽ നൂൽബന്ധമില്ലാതെ എഴുന്നേറ്റുനിന്ന് ഫിറ്റായവരെ പോലെ കാബറേ ആടി ഒബ്‌സർവേഷൻ വാർഡിലെ നേഴ്‌സുമാരെ കഷ്ടത്തിലാക്കിയതും പിറ്റേന്നായിരുന്നു അറിയുന്നത്. ഇതിനുംവേണ്ടി എനിക്കെവിടെയാ മൂത്രമെന്നു ഞാൻ അമ്മയോട് അലറിയെങ്കിലും അലർച്ച മുറിവിന്റെ കേന്ദ്രബിന്ദുവിനെ സ്വാധീനിച്ചതിനാൽ ശബ്ദംതാഴ്ത്തി മൗനിയായി. ഓപ്പറേഷൻ ചെയ്തത് അത്രമാത്രം കോമ്പ്ലിക്കേറ്റഡ് ഭാഗം ആയതിനാൽ അനസ്തേഷ്യയുടെ വീര്യം വിട്ടപ്പോൾ കഠിന വേദനയും ബെഡിൽ എന്റെ ബട്ടർഫ്‌ളൈ നീന്തലും തുടങ്ങിയിരുന്നു.
റൂമിലേക്ക് മാറ്റിയതിനുശേഷമായിരുന്നു അതിലുംകഷ്ടം. ഡോക്ടർ വിധിച്ച ശിക്ഷാവിധി കഠിനമായിരുന്നു. ഒരാഴ്ച ടോയ്‌ലറ്റിൽ അപ്പികിപ്പി എന്നൊന്നും പറഞ്ഞോണ്ട് പോകരുത്. അതിനു സഹായകമായ കോൺസ്റ്റിപ്പേഷനെ സർവ്വശക്തിയുമെടുത്ത് ആവാഹിക്കണം. അതിനായി ബ്രെഡ് മാത്രം കഴിക്കുക. അങ്ങനെ ബ്രെഡും ജാമും മാത്രം മൂന്നുനേരം കഴിച്ചുതുടങ്ങി.
സുഖശോചനയുടെ ആത്മസുഹൃത്തുക്കൾ ആയ പഴവർഗ്ഗങ്ങളെ റൂമിനുപുറത്തുനിർത്തി. സന്ദർശകരുടെ കയ്യിൽ പഴങ്ങളില്ലെന്ന് ഉറപ്പുവരുത്താൻ ഒരു കിങ്കരനെ വാതിലിൽനിർത്തി.
റൂം ക്ളീൻ ചെയ്യാൻ വരുന്ന ഒരു പെൺകുട്ടി എന്നെ സ്ഥിരമായി ശ്രദ്ധിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരുദിവസം അവളെന്നോട് പട്ടണപ്രവേശത്തിലെ ഡയലോഗുകൾ പറഞ്ഞു.
“ചേട്ടൻ വന്നതില്പിന്നെ എനിക്ക് സുഖമാണ്. ചേട്ടൻ അപ്പിയിടാത്തതുകൊണ്ട് ബാത്ത്റൂം നല്ല വൃത്തിയായിത്തന്നെ കിടക്കും…”
“അതെന്താ പെണ്ണേ ഞാൻ ചുവരിലും തറയിലുമാണോ സാധിക്കുന്നത് ?”
“ചേട്ടൻ പഴഞ്ചോറ് കഴിക്കുമോ..?”
“നീ വിചാരിക്കുന്നതുപോലുള്ള ആപ്പഊപ്പ ഒന്നുമല്ല ഞാൻ..”
“ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ ?”
“എടീ പെണ്ണേ നിന്റെ ചാട്ടം എങ്ങോട്ടെന്ന് മനസ്സിലാകുന്നുണ്ട്. മാസം ആയിരത്തിലേറെ കവിതകളെഴുതുന്ന ഒരു മഹാകവിയാണ് ഞാൻ”
“ആയിരം കവിതയോ കവിയോ..നുണപറയല്ലേ ചേട്ടാ…വേലയും കൂലിയും ഇല്ലാതെ വിട്ടിലടിച്ചു നടക്കുന്നവനാണ് ചേട്ടനെന്നു ഹെഡ് നേഴ്സ് പറഞ്ഞു …”
“ഏതു ഹെഡ് നേഴ്സ്..അവളുടെ ഹെഡ് ഞാൻ പൊട്ടിക്കും ”
അതിലും കഷ്ടം, നേഴ്‌സുമാർ വരുമ്പോൾ ദിവസം രണ്ടുനേരം കുണ്ടിപൊക്കി കാണിക്കുക എന്നതായിരുന്നു. അതവരുടെ ജോലിയല്ലേ എന്നൊക്കെ മറ്റുള്ളവർക്ക് പറയാമെങ്കിലും ഞാൻ അനുഭവിച്ച ലജ്ജ ചെറുതൊന്നും ആയിരുന്നില്ല. അതിനുകാരണം, മുറിവ് ക്ളീൻ ചെയ്യാൻ ഒരു പ്രത്യേക പൊസിഷനിൽ കിടക്കുമ്പോൾ പിന്നാമ്പുറത്തു നിന്നൊരു ജാലകം തുറക്കപ്പെടുകയും അതുവഴി ഉമ്മറം കൂടി കാണാൻ സാധിക്കുകയും ചെയ്യും എന്നതുകൊണ്ടാണ്. അതുമായിബന്ധപ്പെട്ട മറ്റൊരു കാരണം, എനിക്ക് ചെറുപ്പം മുതൽ അറിയാവുന്നൊരു നേഴ്സ് (റൂം ക്ളീൻ ചെയ്യാൻ വന്ന പെണ്ണ് പറഞ്ഞ ഹെഡ് നേഴ്സ്)അക്കൂട്ടത്തിൽ ഉണ്ടായിരുന്നതിനാലുമാണ്. ഒന്നുകിൽ പകൽ അല്ലെങ്കിൽ രാത്രി അവൾ ദിവസവും വന്നു അതൊക്കെ ദർശിച്ചിട്ടു പോകുക പതിവായിരുന്നു. ഓളുടെ മുന്നിൽ പലകാലത്തും മസിലുപിടിച്ചൊക്കെ നടന്നിട്ടുള്ളതാണ്. ആശുപത്രിയിൽ വച്ച് എന്റെ മസിൽഎയർ മൊത്തം അവൾ തുറന്നുവിട്ടു. അങ്ങനെയാകാം തടിയുംകുറഞ്ഞു. ചില സമയത്തുള്ള ഓളുടെ കള്ളചിരിയാണ് എന്ത് അഭിമാനത്തിന്റെ കുരുവിനെ കൂടി പൊട്ടിച്ചത്.
ഒരാഴ്ച കഴിഞ്ഞപ്പോൾ, ജയിൽ മോചിതനായ ഒരാളുടെ ആശ്വാസത്തോടെ ഞാൻ ടോയ്‌ലറ്റിൽ പോയിരുന്ന് ‘അറബിക്കടലിളകി വരുന്നേ….’ ‘പ്രവാഹമേ ഗംഗാ പ്രവാഹമേ…’ എന്നീ പാട്ടുകൾ ഉച്ചത്തിലുച്ചത്തിൽ സാധകംചെയ്തു. ഓരോ പാട്ടിനുമൊടുവിൽ സംഗീതക്കച്ചേരിയെ ഓർമിപ്പിച്ചു ‘ഷഡ്ജം’ എന്നും പറയും. മുറിയിലുണ്ടായിരുന്ന അമ്മാവന്റെ മകൻ അതുകേട്ടു ഉറക്കെ വിളിച്ചുപറഞ്ഞു
“ഇപ്പോൾ അതിട്ടൂടാ ചേട്ടാ മുറിവ് കരിയട്ടെ….ജോക്കിയുടെ തന്നെ മേടിക്കാം”
പതിനഞ്ചുദിനങ്ങൾ കഴിഞ്ഞു വീട്ടിലെത്തി. ഏറെക്കാലം ദിനചര്യകൾ മാറ്റിയെഴുതേണ്ടിവന്നു. മനുഷ്യശരീരത്തിൽ ആസനാരോഗ്യം വഹിക്കുന്ന പങ്കിനെക്കുറിച്ചു അക്കാലങ്ങളിൽ ഞാൻ സ്ഥിരമായി ചിന്തിക്കുമായിരുന്നു. എന്നാൽ കുരുവുണ്ടാക്കിയ പൊല്ലാപ്പ് അവിടെയും നിന്നില്ല.
രണ്ടുമാസത്തിന് ശേഷം അബുദാബി രാജകുമാരന്റെ പ്രത്യേക ക്ഷണപ്രകാരം ഞാൻ അവിടം സന്ദർശിക്കുകയുണ്ടായി. അവിടെ എത്തിയ ശേഷമാണ് മരുവിലെ കള്ളിമുള്ളുകൾ പോലെ വേദനയേറിയ ആ സത്യം അറിയുന്നത്. രാജകുമാരൻ എന്നെ ക്ഷണിച്ചെന്നുപറഞ്ഞു എന്റെ അകന്നൊരു ബന്ധു എനിക്കു കൈമാറിയ ക്ഷണപത്രം ലേബർ ജോലിക്കുള്ള വിസ അഥവാ ഒരു ‘ക്ഷണന’പത്രമായിരുന്നെന്ന്. അവിടെ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു വിശിഷ്ടാതിഥിയായി കൊട്ടാരത്തിൽ ഒട്ടകപ്പാൽ കുടിക്കുന്ന സ്വപ്‌നങ്ങളെല്ലാം ബ്രെക്കുപോയി തലകീഴായി മറിഞ്ഞു.
കഠിനമായ ചൂടിലെ ജോലിയിൽ ഓപ്പറേഷൻ ചെയ്ത ഭാഗം വീണ്ടും പഴുക്കുകയും ആ മരുഭൂമിയിൽ കഷ്ടപ്പെടുകയും ചെയ്തു. അവിടെയുണ്ടായിരുന്ന ചില കപടബന്ധുക്കൾ മുറിവിൽ തിളച്ച മണ്ണുവാരിയിട്ടു വീണ്ടും പ്രശ്നം വഷളാക്കി. നാട്ടിലേക്ക് വിട്ടില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് പറഞ്ഞ എന്റെ ദുരവസ്ഥ കണ്ട കമ്പനിക്കാർ വിസ കാൻസൽ ചെയ്തു രണ്ടുമാസത്തെ എന്റെ ഹ്രസ്വപ്രവാസം അവസാനിപ്പിച്ചിട്ടു എന്നെ തിരിച്ചയച്ചു. കണ്ണിൽച്ചോരയില്ലാത്ത പരാമനാറികൾ ടിക്കറ്റുപോലും എടുത്തുതന്നില്ല. നാട്ടിലെ സുഹൃത്താണ് ടിക്കറ്റെടുത്തു അയച്ചുതന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിനിന്നപ്പോൾ എന്റെ ബോധമണ്ഡലങ്ങളിൽ ആ ഗുണപാഠം തെളിഞ്ഞു. ‘വേണ്ടാത്തിടത്തു കുരുപൊങ്ങിയാൽ ആനയും വീഴും’. നഷ്ടം രണ്ടുലക്ഷത്തിലേറെ.