സാബു ജോസ്

ഫാസ്റ്റ്‌

ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയാണ് 2016 സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫാസ്റ്റ് (Five hundred meter Aperture Spherical Telescope – FAST). ചൈനയിലെ ഗിഷു പ്രവിശ്യയിലെ പിംഗ്ടാംഗ് ഗ്രാമത്തിലാണ് സഥാപിച്ചിരിക്കുന്നത്. 30 ഫൂട്‌ബോള്‍ കോര്‍ട്ടിന്റെ വലിപ്പമുണ്ട് ഈ ഭീമന്‍ ദൂരദര്‍ശിനിക്ക്. 500 മീറ്ററാണ് ഡിഷ് ആന്റിനയുടെ വ്യാസം. 1,96,000 ചതുരശ്രമീറ്ററാണ് ദൂരദര്‍ശിനിയുടെ കളക്ടിംഗ് ഏരിയ. 2011 ലാണ് ദൂരദര്‍ശിനിയുടെ നിര്‍മാണമാരംഭിച്ചത്. 4450 പ്രതിഫലകങ്ങള്‍ ഒന്നിച്ചുചേര്‍ത്താണ് വലിയ ഡിഷ് നിര്‍മിച്ചിരിക്കുന്നത്. 110 ദശലക്ഷം യു.എസ്. ഡോളറാണ് നിര്‍മാണച്ചെലവ്. നിലവിലുള്ള ഏറ്റവും വലിയ റേഡിയോ ടെലസ്‌ക്കോപ്പായ അറേസിബോ ഒബ്‌സര്‍വേറ്ററിയേക്കാള്‍ പത്തുമടങ്ങ് സംവേദനക്ഷമമാണ് ഫാസ്റ്റ്. ആകാശത്തിന്റെ 40 ഡിഗ്രി ഭാഗമാണ് ഫാസ്റ്റിന്റെ നിരീക്ഷണപരിധി. അറേസിബോയ്ക്ക് ഇത് 20 ഡിഗ്രി മാത്രമാണ്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ ഭാഗമായ ചൈനീസ് നാഷണല്‍ ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയാണ് ദൂരദര്‍ശിനിയുടെ നിര്‍മാതാക്കള്‍. ഡോ. റെന്‍ഡോംഗ് നാന്‍ ആണ് പദ്ധതിയുടെ ഡയറക്ടറും പ്രധാന ശാസ്ത്രജ്ഞനും.

റേഡിയോ ദൂരദര്‍ശിനികളുടെ പ്രസക്തി

ഗലീലിയോ ഉപയോഗിച്ച ഒറ്റക്കുഴല്‍ ദൂരദര്‍ശിനിയില്‍ നിന്ന് 21-ാം നൂറ്റാണ്ടില്‍ എത്തിയപ്പോഴേക്കും ദൂരദര്‍ശിനികളും നിരീക്ഷണ ജ്യോതിശാസ്ത്രവും ഒരുപാട് വളര്‍ന്നുകഴിഞ്ഞു. അന്ന് നിരവധി ബഹിരാകാശ, ഭൂതല ദൂരദര്‍ശിനികള്‍ പ്രപഞ്ച പ്രതിഭാസങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദൃശ്യപ്രകാശം മാത്രമല്ല, വിദ്യുത് കാന്തിക സ്‌പെക്ട്രത്തിലെ എല്ലാ വികിരണങ്ങളും ഇന്ന് പ്രപഞ്ചനിരീക്ഷണത്തിനായി ദൂരദര്‍ശിനികളില്‍ ഉപയോഗിക്കുന്നുണ്ട്. സ്‌പെക്ട്രത്തിലെ തരംഗദൈര്‍ഘ്യം കൂടുതലുള്ള റേഡിയോ തരംഗങ്ങള്‍ക്കാണ് ഇതില്‍ പ്രമുഖസ്ഥാനം. തരംഗദൈര്‍ഘ്യം കൂടുതലായതുകൊണ്ട് തടസ്സങ്ങള്‍ മറികടക്കാന്‍ റേഡിയോ തരംഗങ്ങള്‍ക്ക് കൂടുതല്‍ ശേഷിയുള്ളതാണ് ഇതിനു കാരണം. എന്നാല്‍ ടെലിവിഷന്‍, റേഡിയോ, റഡാര്‍ എന്നിവയുടെ സിഗ്നലുകള്‍ റേഡിയോ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ (Electromagnetic Interference) സൃഷ്ടിക്കാറുണ്ട്. അതു കൊണ്ടുതന്നെ ഇത്തരം ദൂരദര്‍ശിനികള്‍ ജനവാസകേന്ദ്രങ്ങളില്‍ നിന്ന് അകന്നായിരിക്കും സ്ഥാപിക്കുക. പ്രസിദ്ധമായ ചില റേഡിയോ ദൂരദര്‍ശിനികളെ പരിചയപ്പെടാം.

അറേസിബോ ഒബ്‌സര്‍വേറ്ററി

1963 ല്‍ നിര്‍മാണം പൂര്‍ത്തിയായ റേഡിയോ ദൂരദര്‍ശിനിയാണ് പ്യൂവര്‍ട്ടോറിക്കയിലെ അറേസിബോ. 305 മീറ്ററാണ് ഡിഷിന്റെ വ്യാസം. 73,000 ചതുരശ്രമീറ്ററാണ് ദൂരദര്‍ശിനിയുടെ കളക്ടിങ് ഏരിയ. റേഡിയോ ആസ്‌ട്രോണമി, അന്തരീക്ഷപഠനം, റഡാര്‍ ആസ്‌ട്രോണമി എന്നി മേഖലകളിലാണ് അറേസിബോ ദൂരദര്‍ശിനി ഉപയോഗപ്പെടുത്തുന്നത്. നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ഈ ദൂരദര്‍ശിനി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 38,778 അലുമിനിയം പാനലുകളുപയോഗിച്ചാണ് ദൂരദര്‍ശിനിയുടെ ഡിഷ് നിര്‍മിച്ചിട്ടുള്ളത്. ഓരോന്നിനും മൂന്നടി വീതിയും ആറടി നീളവുമുണ്ട്. നാല് റഡാര്‍ ട്രാന്‍സ്മിറ്ററുകളും ഈ ദൂരദര്‍ശിനിയ്ക്ക് അനുബന്ധമായി ഉണ്ട്.

റടാന്‍ – 600

576 മീറ്റര്‍ ഡിഷുള്ള റടാന്‍ – 600 (Radio Astronomical Telescope of the Academy of Sciences) 1974 ല്‍ ആണ് പ്രവര്‍ത്തനമാരംഭിച്ചത്. റഷ്യയിലെ കാക്കസസ് പര്‍വതനിരയിലാണ് ഈ ദൂരദര്‍ശിനിയുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് 970 മീറ്റര്‍ ഉയരത്തിലാണ് ദൂരദര്‍ശിനി സ്ഥാപിച്ചിട്ടുള്ളത്. 610 MHz മുതല്‍ 30 GHz വരെയുള്ള വേവ് ബാന്‍ഡിലാണ് ദൂരദര്‍ശിനി ആകാശനിരീക്ഷണം നടത്തുന്നത്. സൂര്യന്റെ അന്തരീക്ഷമായ കൊറോണയേക്കുറിച്ചുള്ള പഠനമാണ് റടാന്‍ – 600 മുഖ്യമായും നടത്തുന്നത്. ലോകത്തിലെ ആദ്യത്തെ മള്‍ട്ടി എലമെന്റ് റിഫ്‌ളക്ടര്‍ റേഡിയോ ടെലാസ്‌ക്കോപ്പാണ് റടാന്‍ – 600. ഭൗമേതരജീവന്‍ തിരയുന്ന സെറ്റി (Search for Extra Terrestrial Intelligence – SETI) ദൗത്യത്തിന് ഈ ദൂരദര്‍ശിനി സഹായം ചെയ്യുന്നുണ്ട്.

എഫെല്‍സ്‌ബെര്‍ഗ്

1972 ല്‍ പ്രവര്‍ത്തനമാരംഭിച്ച എഫെല്‍സ്‌ബെര്‍ഗ് 100 മീറ്റര്‍ റേഡിയോ ദൂരദര്‍ശിനി ജര്‍മനിയിലെ റൈന്‍ – വെസ്റ്റ്ഫാലിയ പ്രദേശത്താണ് സ്ഥാപിച്ചിരിക്കുന്നത്. പൂര്‍ണമായും തിരിക്കുവാന്‍ കഴിയുന്ന ഈ ദൂരദര്‍ശിനി 29 വര്‍ഷക്കാലം ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനി എന്ന സ്ഥാനം അലങ്കരിച്ചിരുന്നു. 100 മീറ്ററാണ് ഡിഷിന്റെ വ്യാസം. മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റേഡിയോ ആസ്‌ട്രോണമിയാണ് ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഫൈനൈറ്റ് എലമെന്റ് മെത്തേഡ് (FEM) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം. ദര്‍പ്പണങ്ങള്‍ സ്വതന്ത്രമായി തിരിച്ച് ക്രമീകരിക്കുന്നതുവഴി നിരീക്ഷണത്തിന്റെ കൃത്യത വര്‍ധിപ്പിക്കുന്ന രീതിയാണിത്. ജ്യോതിശാസ്ത്ര നിരീക്ഷണത്തിനാണ് എഫെല്‍സ്‌ബെര്‍ഗ് പ്രാധാന്യം കൊടുക്കുന്നത്.

ഗ്രീന്‍ബാങ്ക് ടെലസ്‌ക്കോപ്പ്

പൂര്‍ണമായും തിരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയാണ് ഗ്രീന്‍ബാങ്ക് ടെലസ്‌ക്കോപ്പ്. വെസ്റ്റ് വിര്‍ജിനിയയിലെ ഗ്രീന്‍ബാങ്കിലാണ് ഈ ദൂരദര്‍ശിനിയുള്ളത്. 1991 ല്‍ ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2000 ഓഗസ്റ്റ് 22 നാണ് പൂര്‍ത്തീകരിച്ചത്. 100 മീറ്ററാണ് ഡിഷിന്റെ വ്യാസം. 7854 ചതുരശ്രമീറ്ററാണ് ദൂരദര്‍ശിനിയുടെ കളക്ടിങ് ഏരിയ. ജ്യോതിശാസ്ത്ര ഗവേഷണമേഖലയിലാണ് ഈ ദൂരദര്‍ശിനിയുടെ സംഭാവന കൂടുതലുള്ളത്. അറ്റക്കാമ ലാര്‍ജ് മില്ലിമീറ്റര്‍ അറേ (ALMA), വെരി ലാര്‍ജ് അറേ (VLA) വെരി ലോംഗ് ബേസ്‌ലൈന്‍ അറേ (VLBA) എന്നീ ദൂരദര്‍ശിനികളുമായി ചേര്‍ന്നാണ് ഗ്രീന്‍ബാങ്ക് ടെലസ്‌ക്കോപ്പ് പ്രവര്‍ത്തിക്കുന്നത്. 450 അടി ഉയരമുള്ള ഈ ദൂരദര്‍ശിനിയുടെ ഭാരം 8500 ടണ്‍ ആണ്. പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമുള്ള പള്‍സാറുകള്‍, ക്വാസാറുകള്‍ പോലെയുള്ള ജ്യോതിശാസ്ത്രപ്രതിഭാസങ്ങളെ തിരഞ്ഞുപിടിക്കുന്നതിന് ഗ്രീന്‍ബാങ്ക് ടെലസ്‌ക്കോപ്പ് ശാസ്ത്രജ്ഞരെ സഹായിക്കുന്നുണ്ട്. റേഡിയോ തരംഗങ്ങള്‍ക്കുപുറമേ മൈക്രോവേവ് തരംഗദൈര്‍ഘ്യത്തിലും പ്രപഞ്ചനിരീക്ഷണം നടത്താന്‍ ഈ ദൂര്‍ദര്‍ശിനിയ്ക്കു കഴിയും. യു.എസിലെ നാഷണല്‍ റേഡിയോ ആസ്‌ട്രോണമി ഒബ്‌സര്‍വേറ്ററിയാണ് ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

ലവെല്‍ ടെലസ്‌ക്കോപ്പ്

ഇംഗ്ലണ്ടിലെ ചെഷയറിലാണ് ഈ ദൂരദര്‍ശിനിയുള്ളത്. 1975 ഓഗസ്റ്റ് 2 ന് പ്രവര്‍ത്തനമാരംഭിച്ച ദൂരദര്‍ശിനിയുടെ നിയന്ത്രണം ജോഡ്‌റെല്‍ ബാങ്ക് ഒബ്‌സര്‍വേറ്ററിക്കാണ്. 76.2 മീറ്ററാണ് ഡിഷിന്റെ വ്യാസം. ദൂരദര്‍ശിനിയുടെ കളക്ടിങ് ഏരിയ 4560 ചതുരശ്രമീറ്ററാണ്. 5 GHz വരെയുള്ള തരംഗദൈര്‍ഘ്യത്തിലാണ് ലവെല്‍ ആകാശനിരീക്ഷണം നടത്തുന്നത്. 250 Feet Telescope എന്നായിരുന്നു ഈ ദൂരദര്‍ശിനി ആദ്യം അറിയപ്പെട്ടത്. പിന്നീടിത് മാര്‍ക്ക് I ടെലസ്‌ക്കോപ്പ് എന്നറിയപ്പെടാന്‍ തുടങ്ങി. 1987 ലാണ് സര്‍. ബെര്‍ണാഡ് ലവെലിന്റെ സ്മരണയില്‍ ദൂരദര്‍ശിനിയ്ക്ക് ലവെല്‍ ടെലസ്‌ക്കോപ്പ് എന്ന് നാമകരണം ചെയ്തത്. ദൂരദര്‍ശിനികള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനായിരുന്നു സര്‍. ബെര്‍ണാഡ് ലവെല്‍. 22.9 മീറ്ററാണ് ദൂരദര്‍ശിനിയുടെ ഫോക്കല്‍ ദൂരം.

Leave a Reply
You May Also Like

പീരങ്കിപന്തുകളുടെ വലിപ്പമുള്ള ക്രസ്റ്റൽ നിറച്ച ദിനോസർ മുട്ടകൾ ചൈനയിൽ നിന്നും കണ്ടെത്തി

Anup Sivan പീരങ്കിപന്തുകളുടെ വലിപ്പമുള്ള ക്രസ്റ്റൽ നിറച്ച ദിനോസർ മുട്ടകൾ ചൈനയിൽ നിന്നും കണ്ടെത്തി. പുതിയ…

പ്രപഞ്ചം തണുത്തുറയുന്നു

സാബു ജോസ് ഫേസ്ബുക്കിൽ എഴുതിയത് പ്രപഞ്ചം തണുത്തുറയുകയാണ്. നിരവധി ഭൂതല, ബഹിരാകാശ ദൂരദർശിനികളുടെ സംഘാതമായ ഗാമ…

ഉല്‍ക്കാപതനം – എന്തുകൊണ്ട്, എങ്ങനെ?

അടുത്തിടെ വരെയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് നമ്മുടെ ഭൂമി പണ്ട് കാലത്ത് ഇത്തരം ഇടികള്‍ ഒരുപാട് ഏറ്റുവാങ്ങിയിട്ടുണ്ട് എന്നാണ്. കൂട്ടിയിടി എന്ന്‍ കേള്‍ക്കുമ്പോ മനസ്സില്‍ വരുന്ന ഒരു ‘ആഘാതം ഏല്‍പ്പിക്കലിനും’ അപ്പുറമാണ് ഒരു ഉല്‍ക്കാപതനത്തിന്റെ അനന്തരഫലങ്ങള്‍. ഒരു ഉദാഹരണം എന്ന രീതിയില്‍ 1 km വലിപ്പവും വെള്ളത്തെക്കാള്‍ 2.5 മടങ്ങ് സാന്ദ്രതയും (density) ഉള്ള ഒരു ഉല്‍ക്ക സെക്കന്‍റില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയില്‍ പതിക്കുന്നു എന്ന്‍ സങ്കല്‍പ്പിക്കുക. ഇത്തരം ഒരു കൂട്ടിയിടിയുടെ ഫലങ്ങള്‍ ഒരേ സമയം പല രൂപത്തിലാവും ഭൂമി അഭിമുഖീകരിക്കുക. അത് നമുക്കൊന്ന് പരിശോധിക്കാം.

മനുഷ്യക്കുരുതിയ്ക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങള്‍ – ഭാഗം 4

എട്ടു മീറ്റര്‍ നീളം, 2.1 മീറ്റര്‍ വ്യാസം, 27000 കിലോ ഭാരം. ഒരു ഭീമകായനായിരുന്നു, സാര്‍ ബോംബ. അതുവരെ ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ബോംബ്.