മാനേഴ്സ് ഇല്ലായ്മയുടെ ഉസ്താദുമാർ

848

വിദേശത്തു(ഗൾഫിലല്ല)ജോലിചെയ്യുന്ന ഒരുകൂട്ടുകാരി അവിടത്തെ ചില കാര്യങ്ങൾ വാട്സാപ്പിൽ എന്നോട് സംസാരിച്ചകൂട്ടത്തിൽ തദ്ദേശീയരായ ചില പുരുഷന്മാർ ഡേറ്റിംഗിനു ക്ഷണിച്ച കാര്യവും പ്രണയാഭ്യർത്ഥന നടത്തിയ കാര്യവും സരസമായി സൂചിപ്പിച്ചു.
തന്റെ താത്പര്യമില്ലായ്മ അവൾ അവരോടു തുറന്നു പറഞ്ഞു. എന്നാൽ ആ പുരുഷന്മാർ പിന്നെയും അനവധിത്തവണ അവളെ മുഖാമുഖം കണ്ടപ്പോഴൊന്നും തങ്ങളുടെ പഴയ ആവശ്യം ഉന്നയിച്ചില്ലെന്നു മാത്രമല്ല ഒരു നോട്ടംകൊണ്ടുപോലും അസ്വസ്ഥതയുണ്ടാക്കിയതുമില്ല. നല്ല സുഹൃത്തുക്കളെപ്പോലെ അഭിവാദ്യംചെയ്തു കടന്നുപോകും. ഇനി നമ്മുടെനാട്ടിലെ യുവാക്കളെക്കുറിച്ചു ചിന്തിച്ചു നോക്കൂ. ഒരുവളോട് പ്രണയാഭ്യർത്ഥന നടത്തുമ്പോൾ അവൾ നിരസിച്ചാൽ വെറുപ്പിക്കാവുന്നിടത്തോളമൊക്കെ വെറുപ്പിക്കും. പിന്നെയും കാര്യം നടന്നില്ലെങ്കിൽ ആസിഡ് പ്രയോഗം നടത്താനോ പച്ചയ്ക്കു കത്തിച്ചുകൊല്ലാനോ ഒരുമടിയുമില്ല.

ഈ നാട്ടിലെ പുരുഷന്മാരിൽ കുറേയെണ്ണത്തിന് ‘ബോധമുള്ള’ മാനസികരോഗം ആണ്.
മാനേഴ്സ് എന്നൊന്ന് തൊട്ടുതീണ്ടിയിട്ടില്ല. ‘അങ്ങാടിയിൽ  തോറ്റാൽ അമ്മയ്ക്ക് നേരെ’യെന്നു പറയുന്നപോലെ അവർ സ്ത്രീകളെ മാത്രം പലകാര്യത്തിനും ശല്യപ്പെടുത്തുകയും വെർബലറ്റാക്കുകൾ കൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇവരെ വളർത്തി വഷളാക്കുന്ന വീട്ടുകാരെയാണ് ആദ്യം തല്ലേണ്ടതെന്നിരിക്കെ എല്ലാരും ചേർന്ന് പുതിയ തലമുറയിലെ പെൺകുട്ടികളിൽ ‘വളർത്തുദോഷം’ ആരോപിക്കാൻ മടികാണിക്കാറുമില്ല.

പഴയ നൂറ്റാണ്ടിന്റെ കഥപറയുന്ന പഴശ്ശിരാജ സിനിമയുടെ തുടക്കത്തിൽ പഴശ്ശിരാജ ഭാര്യയായ മാക്കത്തോട് യാത്രപറയുന്ന സീനുണ്ട് . പഴശ്ശി ആശ്വാസത്തോടെ പറയുകയാണ്, “എന്നെയവർ വേട്ടയാടും പക്ഷെ സ്ത്രീകളോട് അതിക്രമം കാട്ടില്ല. സായിപ്പിനെ എനിക്കറിയാം. സൂക്ഷിക്കേണ്ടത് നമ്മുടെ ആളുകളെ തന്നെയാണ്…” .പ്രാകൃതമായ യുദ്ധങ്ങളും കൂട്ടക്കുരുതികളും ഉള്ളൊരു കാലത്തിൽ സയൻസും സമത്വചിന്തകളും വികസിക്കാത്ത കാലത്തിൽ കേരളത്തിലെയൊരു രാജാവ് സായിപ്പിന്റെ മാനേഴ്‌സിന് കൊടുത്ത വലിയ അംഗീകാരം.
അതിലെ ചില സീനുകളിൽ ബ്രിട്ടീഷ് പട ആക്രമണം നടത്തുന്നിടങ്ങളിൽ നിന്നും സ്വർണ്ണവും പണവും കൊള്ളയടിക്കുന്നുണ്ട്. ഭീതിയോടെ നോക്കിനിൽക്കുന്ന അവിടത്തെ സ്ത്രീകളെ ശ്രദ്ധിക്കുന്നേയില്ല. നമ്മുടെ നാട്ടിലെ ആണുങ്ങളെങ്കിൽ ആദ്യം കൊള്ളയടിക്കുക സ്ത്രീയുടെ മാനമായിരിക്കും. അതിലൊരു സംശയവുമില്ല. ഇത്ര ദുഷിച്ച ചിന്തകളും മനോവൈകല്യങ്ങളും കൊണ്ടുനടക്കുന്ന പുരുഷസമൂഹം ഇവിടെമാത്രമാണ്. ഒരുപക്ഷെ കേരളത്തിൽ.

നമ്മുടെ നാട്ടിലെ രാജാക്കന്മാർ മറ്റൊരു രാജ്യത്തെ ആക്രമിച്ചു കീഴടക്കിയാൽ അവിടത്തെ സ്ത്രീകളെ കൂടി തന്റെ ലൈംഗികഅടിമകളാക്കി വയ്ക്കുന്നു. അല്ലെങ്കിൽ തെരുവോരത്തുവച്ചു വാണിഭം നടത്തുന്നു. സ്വപ്നങ്ങളെയും ബന്ധുക്കളെയും നഷ്ടപ്പെട്ട അവരുടെ അനന്തരജീവിതം നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. അത്തരം ശീലങ്ങൾ രേഖപ്പെടുത്തിയ ഒരു സംസ്കാരത്തിന്റെ പിന്തലമുറക്കാർ പിന്നെങ്ങനെ നന്നാകും.
ഇവിടെ പ്രണയവും രതിയും ഒരുതരം കൊള്ളയടിയാണ്.

ആദ്യ ഖണ്ഡികയിൽ ഞാൻ പറഞ്ഞതിന്റെ അനുബന്ധമായി ആ കൂട്ടുകാരി തന്നെ പങ്കുവച്ച മറ്റൊരു അനുഭവം പറയാം.

അവൾ അവിടൊരു വീട്ടിൽ കെയർടേക്കർ ആയാണ് ജോലിചെയ്യുന്നത്. ഒരു അമ്മുമ്മയെ പരിചാരിച്ചാൽമാത്രം മതി. അമ്മുമ്മയുടെ മക്കളെല്ലാം അവരവരുടെ വീടുകളിലാണ്. എന്നും എല്ലാവരുംകൂടി അമ്മുമ്മയെ കാണാൻവരും.ഒന്നുരണ്ടുമണിക്കൂർ അവിടെ ചിലവഴിക്കും. ചില ദിവസങ്ങളിൽ ആ കുടുംബത്തിലെ ഇളംതലമുറക്കാരി ആയ ഒരു സുന്ദരിക്കുട്ടി അവളുടെ കാമുകനുമായി എല്ലാരുമുള്ളപ്പോൾ കയറിവരും. കാമുകൻ എല്ലാർക്കും ഉമ്മയൊക്കെ കൊടുത്തു കുശലാന്വേഷണം നടത്തി ഇരിക്കുമ്പോൾ പെൺകുട്ടി അവനെയും വിളിച്ചുകൊണ്ടു ആ വീട്ടിലെ അവളുടെ മുറിയിൽ കയറി വാതിലടയ്ക്കും. ഏറെനേരം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ വിഭവസമുദ്ധമായ ഭക്ഷണം ഡൈനിംഗ് ടേബിളിൽ അവരെപ്രതീക്ഷിച്ചു ഇരിക്കുന്നുണ്ടാകും. എല്ലാരും ഒന്നിച്ചിരുന്നു ഫുഡടിക്കും. ശേഷം, നല്ലൊരു ദിവസത്തിന് നന്ദിയുംപറഞ്ഞു ചെക്കൻ യാത്രപറഞ്ഞു പോകും.

ഇത്തരം ചില കാഴ്ചകൾ ആദ്യമൊക്കെ അവൾക്കു അലോസരം ഉണ്ടാക്കിയിരുന്നു. പിന്നെ കാര്യങ്ങൾ സമചിത്തതയോടെ മനസിലാക്കിത്തുടങ്ങി. ഇന്ത്യ പോലെ യാഥാസ്ഥിതികത കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരു രാജ്യത്തിൽ നിന്നും ഒരു സാദാ പുരോഗമനവാദി പുറത്തുപോയാൽ പോലും ഇത്തരം കാഴ്ചകളിൽ അസഹിഷ്ണുത തോന്നും. അങ്ങനെ തോന്നാതിരിക്കണമെങ്കിൽ നമ്മളത്രയും വളരേണ്ടിയിരിക്കുന്നു. ആണിനും പെണ്ണിനും ഓരോരോ  ഉടലുകളാണെന്നും അതുതമ്മിൽ ബന്ധപ്പെട്ടാൽ ഇവിടൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നും വിശപ്പും ദാഹവും പോലെ ശരീരത്തിന്റെ സ്വാഭാവികമായ ഒരാവശ്യമാണ് സെക്സെന്നും മനസിലാക്കാൻ ഒരുപാട് വളരേണ്ടിയിരിക്കുന്നു. പരസ്പരം വിയർപ്പു പറ്റുന്നു എന്നല്ലാതെ ഒരുശരീരവും ഇവിടെ മലിനമാകുന്നില്ല. അഴുക്കടിയുമ്പോൾ ആണ് ശരീരത്തിന്റെ അശുദ്ധി ഉണ്ടാകുന്നത്. അത് വെള്ളം കൊണ്ടു അനായാസം കഴുകിക്കളയാവുന്നതയെയുള്ളൂ.

കുറെ ശുദ്ധിയശുദ്ധികൾ പഠിപ്പിച്ചു നമ്മുടെ തലമുറയെ പൂർവ്വികർ വഴിപിഴപ്പിച്ചതാണ്.
അതിന്റെ തെളിവാണ് സദാചാരപൊലീസിംഗും സ്ത്രീകളെ ചുട്ടുകൊല്ലാൻ പോലും മടിയില്ലാത്ത അവസ്ഥയും മറ്റുതരത്തിലുള്ള ആക്രമണങ്ങളും ഏതു മേഖലയിലും പുരുഷ മേൽക്കോയ്മയെ ചോദ്യം ചെയ്താലുള്ള വെർബൽറേപ്പുകളും കൂടിവരുന്നത്. ഒരു യുവതി സ്വയംഭോഗത്തെ കുറിച്ചുള്ള തന്റെ അനുഭവങ്ങളെ മറ്റു യുവതികൾക്കായി ഷെയർ ചെയ്തു. അതിനടിയിൽ അവളുടെ ശരീരത്തിന് വിലപറയാൻ വരുന്ന റാസ്‌ക്കൽസ് ആണ് അധികവും.

രണ്ടു സന്യാസിമാരുടെ കഥ നമ്മൾ വായിച്ചിട്ടില്ലേ

ഗുരുവുംശിഷ്യനും നദി മുറിച്ചുകടക്കാൻ നിൽക്കുന്നു. അതിഭയങ്കരമായ ഒഴുക്കുമുണ്ട്. ആ സമയത്താണ് ഒരു സ്ത്രീ അവിടേയ്ക്കു വരുന്നത്. അവൾക്കും അക്കരെ പോകണം. ഈ ഒഴുക്കിൽ തന്നെക്കൊണ്ടതു സാധിക്കില്ലെന്ന് മനസിലാക്കിയ അവൾ സന്യാസിമാരോട് കാര്യം പറഞ്ഞു. ഭവതിയെ ചുമലിലിരുത്തി ഞാൻ അക്കരെയെത്തിക്കാമെന്ന് ശിഷ്യൻപറഞ്ഞു. അത്തരത്തിൽ ചെയുകയുംചെയ്തു. അവർ മൂവരും അക്കരെയെത്തി. യുവതി നന്ദിപറഞ്ഞിട്ട് തന്റെ വഴിക്കു പോയി. ആശ്രമത്തിലെത്തുവോളം ഗുരുവുംശിഷ്യനും ഒന്നും സംസാരിച്ചില്ല. ഒടുവിൽ ഗുരു തന്റെ ഏറെനേരത്തെ മൗനത്തെ തുറന്നുവിട്ടു,

“ശിഷ്യാ താങ്കൾ ചെയ്തത് ഒട്ടും ശരിയായില്ല”
“എന്താ ഗുരോ …”
“അല്ല..താങ്കളാ സ്ത്രീയെ ചുമലിലേറ്റിയത്…”
“ഓ..അതോ അവരെ ഞാൻ ഇക്കരെ എത്തിയപ്പോൾത്തന്നെ ഇറക്കിവിട്ടിരുന്നല്ലോ”

ഇത്തരം ഗുരുക്കന്മാർ ആണ് നമ്മുടെ ആണുങ്ങൾ. സ്വയംഭോഗത്തെ കുറിച്ചൊരു പോസ്റ്റിട്ടാൽ ഏറെദിവസങ്ങൾ കഴിഞ്ഞാലും മറ്റുള്ള പോസ്റ്റുകൾക്കടിയിലും വന്നു പഴയ പോസ്റ്റിന്റെ ഓർമ പുതുക്കുന്നവർ. നല്ല ഒന്നാന്തരം ഞരമ്പുരോഗികൾ. വിവേകത്താൽ ആനന്ദം നേടിയ സ്വാമി വിവേകാനന്ദൻ ഒരിക്കൽ ഇവിടത്തെ ജാതീയത കണ്ടു ഭ്രാന്താലയം എന്ന് പറഞ്ഞെങ്കിൽ ഇന്നിവിടെ ജാതീയതയും വർഗ്ഗീയതയും സദാചാരവാദവും സ്ത്രീവിരുദ്ധതയും രാഷ്ട്രീയ കൊലകളും….അങ്ങനെ അനവധിഘടകങ്ങൾ കൊണ്ടാണ് ഭ്രാന്താലയമാകുന്നത്. കഴിയുന്നവർ ഏതെങ്കിലും രാജ്യങ്ങളിൽ പോയി രക്ഷപ്പെടുക. എത്യോപ്യയിലോ സുഡാനിലോ സൊമാലിയയിലോ എവിടേക്കാണെങ്കിലും. ഭ്രാന്തുപിടിച്ച ചാകുന്നതിനേക്കാൾ ഭേദമല്ലേ പട്ടിണി.