തോരാത്ത മഴയുള്ള ഒരു ദിവസമായിരുന്നു അന്ന്. മീനച്ചിലാര്‍ കര കവിഞ്ഞൊഴുകി തുടങ്ങിയിരുന്നു. മാക്രികള്‍ നിലക്കാതെ കരയുന്ന ശബ്ദം കേട്ടപ്പോള്‍ അപ്പച്ചന് പറഞ്ഞു, വെള്ളം ഇനിയും കേറാനുള്ള പുറപ്പാടാണെന്നു തോന്നുന്നു എന്ന്. വെള്ളം പൊങ്ങിയതിനാല്‍ ചെക്കുട്ടിയുടെ കടത്തുവള്ളം കടത്തു കടവില്‍ നിന്നും കവലയിലേക്കു നീണ്ടു കിടക്കുന്ന വഴിയിലൂടെ ബസ്നസ്റ്റൊപ്പിനടുത്തു വരെ കാലത്തെ മുതല്‍ സര്‍വീസ് നടത്തി. ഈരാറ്റുപേട്ടയില്‍ നിന്നും എട്ടരക്ക് വരേണ്ടിയിരുന്ന അവസാനത്തെ വണ്ടി എത്തിയിട്ടുണ്ടായിരുന്നില്ല.അപ്പച്ചനെ കൂടാതെ മറ്റു മൂന്നുപേരും കൂടി കടതുവള്ളതിനടുത്തു നില്ക്കുന്നുണ്ടായിരുന്നു. ചേക്കുട്ടി അപ്പോഴും ഷാപ്പില് തന്നെ ആയിരുന്നു.
കവലയില്‍ കടകള്‍ക്ക് താഴെ വരെ വെള്ളം ഒഴുകാന്‍ തുടങ്ങിയിരുന്നു. കടനടത്തുന്ന മേഴ്സിക്കുട്ടി കുറെ വലിയ ചാക്ക് കെട്ടുകളിലായി സാധനങ്ങള്‍ കെട്ടി വെക്കാന്‍ തുടങ്ങി.മേഴ്സിക്കുട്ടിയുടെ കെട്ടിയോന് ഗീവര്‍ഗീസിനെ അവിടെ എങ്ങും കണ്ടില്ല.മിക്കവാറും ഷാപ്പില് ആയിരിക്കും.ഗീവര്‍ഗീസ് കള്ളു കുടിച്ചു മേഴ്സിക്കുട്ടിയെ തല്ലുന്നതു ഒരു സ്ഥിരം കാഴ്ച ആയിരുന്നതിനാല്‍ ആരും പിടിച്ചു മാറ്റാനോ സമാധാനം പറയാനോ ഒന്നും മിനക്കെടാരില്ലയിരുന്നു. എത്ര അടിയും ചവിട്ടും കൊടുത്താലും പിറ്റേന്ന് ഗീവര്‍ഗീസ് വീണ്ടും കടയുടെ നിരകള്‍ തുറന്നു കൊടുക്കാനും, സാധനങ്ങള്‍ പാലായില്‍ നിന്നും വാങ്ങി കൊണ്ടുവരാനും സഹായിക്കുമായിരുന്നു.
മേഴ്സിക്കുട്ടി വളരെ കാര്യപ്രാപ്തി ഉള്ള ഒരു സ്ത്രീ ആയിരുന്നു. അവരുടെ ഒറ്റ മിടുക്കുകൊണ്ടായിരുന്നു വീട് കഴിഞ്ഞു പോന്നിരുന്നത്. മീന്‍ പിടിത്തം അല്ലാതെ വേറെ ഒരു പണിക്കും ഗീവര്‍ഗീസ് പോയിരുന്നില്ല.എന്നാല്‍ അതില്‍ അയാള്‍ ഒരു ഉസ്താദ് തന്നെ ആയിരുന്നു താനും.പിടിച്ചു കിട്ടുന്ന മീന്‍ വീട്ടിലേക്കു എത്തിയില്ലെങ്കിലും ഷാപ്പില് കൊടുക്കുകയായിരുന്നു പതിവ്.പിന്നെ നാട്ടുമ്പുറത്ത് തന്നെ ഉള്ള ചില വലിയ വീടുകളിലും.പണി ഒന്നും ചെയ്യുകയില്ലെങ്കിലും കൃത്യമായി എല്ലാ വൈകുന്നേരവും മേഴ്സിക്കുട്ടിയില്‍ നിന്നും പണം വാങ്ങാന്‍ എത്തും. കള്ളു കുടിച്ചാല്‍ അടി ഉറപ്പാണ് എന്നറിഞ്ഞു കൊണ്ട് തന്നെ പണം കൊടുക്കുകയും ചെയ്യും. കച്ചവടം കുറഞ്ഞ ദിവസങ്ങളില്‍ പണം കൊടുക്കാന്‍ വിസമ്മതിച്ചാല്‍ കള്ളു കുടിക്കാന്‍ തുടങ്ങും മുന്‍പ് തന്നെ അടി തുടങ്ങുമായിരുന്നു.കൈയില്‍ കിട്ടുന്ന എന്തും എടുത്തു എറിയാനും ഒരു മടി ഉണ്ടായിരുന്നില്ല..
തന്റെ മൂന്ന് ആണ്മക്കള് എങ്ങനെ ജീവിക്കുന്നു എന്നോ,എന്ത് കഴിക്കുന്നു എന്നോ ഉള്ള ചിന്തകള്‍ അയാള്‍ക്കില്ലായിരുന്നു.മക്കള്‍ ഏതു തരത്തില്‍ പഠിക്കുന്നു എന്നതുല്പ്പെടെയുള്ള കാര്യങ്ങള്‍ അയാള്‍ക്ക് അന്യമായിരുന്നു .മൂത്തമകന് വയസ്സ് പതിനെട്ടായപ്പോള്‍ തന്നെ ഒരു ഓട്ടോ ഓടിച്ചു നടക്കാന്‍ തുടങ്ങി. ബുദ്ധിമാനായിരുന്നു അവന്.ഒരു പൈസ അവന് അപ്പച്ചന്കള്ള് കുടിക്കാന്‍ കൊടുക്കില്ലായിരുന്നു. തനിക്കു കിട്ടാതെ പോയ വിദ്യാഭ്യാസം അനുജന്മാര്ക്ക് കൊടുക്കാന്‍ വേണ്ടി രാപകലില്ലാതെ അവന് അധ്വാനിച്ചു.
തന്റെ അപ്പനെ കുരുവിളക്ക് വെറുപ്പായിരുന്നു.അമ്മയെ എന്നും തല്ലുന്ന കാഴ്ച കണ്ടുകൊണ്ടായിരുന്നല്ലോ അവന് വളര്‍ന്നത്.മുതിര്‍ന്നപ്പോഴും തടസ്സം പിടിക്കാന്‍ അവന് ചെല്ലുമായിരുന്നില്ല.കാരണം ഒരിക്കല്‍ ഗീവര്‍ഗീസിനെ പിടിച്ചു തള്ളിയ കുരുവിളയെ തലങ്ങും വിലങ്ങും തല്ലി ആയിരുന്നു മേഴ്സിക്കുട്ടി തന്റെ ദേഷ്യം തീര്‍ത്തത്. മേഴ്സിക്കുട്ടിക്ക് തല്ലു കൊള്ളുന്നതില്‍ കുഴപ്പമില്ലാത്ത സ്ഥിതിക്ക് നാട്ടുകാര്‍ക്കും തനിക്കും എന്ത് താല്പര്യം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു.
പക്ഷെ സത്യം ഉള്ളവനായിരുന്നു ഗീവര്‍ഗീസ്.കള്ളും ചാരായവും കുടിക്കും എന്നതൊഴിച്ചാല്‍ വേറെ സ്വഭാവ ദൂഷ്യങ്ങള്‍ ഒന്നും അയാള്‍ക്കില്ലായിരുന്നു. അന്യന്റെ ഒരു പൈസ പോലും ആഗ്രഹിക്കാത്ത ഒരു സാധാരണ മനുഷ്യന്. എന്നാല്‍ നേരെ എതിരായിരുന്നു കുരുവിള.എങ്ങനെ എങ്കിലും പണം ഉണ്ടാക്കണം എന്ന ചിന്ത മാത്രമേ അവനില്‍ ഉണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ ഓട്ടോയില്‍ ആരോ മറന്നു വെച്ച പേഴ്സ് തിരിയെ കൊടുക്കാനായി അപ്പനും മകനും തമ്മില്‍ തര്‍ക്കം ഉണ്ടായി. അവസാനം അപ്പന്റെ നിര്‍ബന്ധത്തിനു വഴങ്ങി പേഴ്സ് തിരിയെ കൊടുത്ത കുരുവിളയെ അഭിനന്ദിക്കാനായി പള്ളി വികാരി യോഗം വിളിച്ചപ്പോഴും കുരുവിളയുടെ ഉള്ളില്‍ എടുക്കാന്‍ പറ്റാതായ പണത്തെ പറ്റി ഉള്ള വിഷമം ആയിരുന്നു.
എട്ടരക്കുള്ള വണ്ടി വന്നപ്പോള്‍ ഒന്‍പതു കഴിഞ്ഞു. പാലായില്‍ കുറി നടത്തുന്ന ഔസേപ്പ് ചേട്ടന് മാത്രമേ അക്കരയ്ക്കു പോകാനായി ഉണ്ടായിരുന്നുള്ളൂ.എന്നിട്ടും വള്ളം ഇറക്കാന്‍ ചേക്കുട്ടി എത്തിയില്ല. അവസാനം അപ്പച്ചന് തന്നെ ഷാപ്പില് പോയി വിളിച്ചുകൊണ്ടു വരേണ്ടി വന്നു. നടക്കാന്‍ പറ്റുന്നതുപോയിട്ടു കിടക്കാന്‍ പോലും പാകത്തില്‍ ആയിരുന്നില്ല ചേക്കുട്ടി.ആറ്റില്‍ ആണെങ്കില്‍ നല്ല ഒഴുക്കും. ഔസേപ്പ് ചേട്ടന് തന്റെ കൈയില്‍ ഇരുന്ന പെട്ടി മേഴ്സിക്കുട്ടിയുടെ കൈയില്‍ ഏല്പിച്ചു വീട്ടിലേക്കു പോകാന്‍ ഒരുങ്ങിയത് തന്നെ ചെക്കുട്ടിയെ വിശ്വാസം ഇല്ലാത്തതുകൊണ്ടായിരുന്നു.ഏതെങ്കിലും കാരണവശാല്‍ പെട്ടി വെള്ളത്തില്‍ എങ്ങാനും നഷ്ട്ടപ്പെട്ടാലോ .എന്നാല്‍ കുറിപ്പണം പെട്ടിയില്‍ ഉള്ള കാര്യം മേഴ്സിക്കുട്ടിയോടു ഔസേപ്പ് ചേട്ടന് പറഞ്ഞില്ല.കുറിക്കാരുടെ ആധാരവും ചില കണക്കു പുസ്തകങ്ങളും എന്നെ പറഞ്ഞുള്ളൂ.
മേഴ്സിക്കുട്ടി നിരകള്‍ എടുത്തു വെക്കുബോഴേക്കും ഗീവര്‍ഗീസ് എത്തി.പതിവിനു വിപരീതമായി കാലില്‍ നില്ക്കാവുന്ന അവസ്ഥയില്‍ ആയിരുന്നു അയാള്‍.രണ്ടുപേരും കൂടി സാധനങ്ങള്‍ എടുത്തു വെച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു കുരുവിള എത്തിയത്. കടയില്‍ വെള്ളം കയറിയേക്കാം എന്നോര്‍ത്ത് മേഴ്സിക്കുട്ടി കുറെ സാധനങ്ങള്‍ ഓട്ടോയില്‍ കയറ്റി. കുരുവിള കുറെ സാധനങ്ങള്‍ പെറുക്കി വെള്ളം എത്താത്ത ഇടത്ത് വെക്കുന്നതിനിടെയായിരുന്നു അപ്പച്ചന്റെ നിലവിളി കേട്ടത്. ചെക്കുട്ടിയുടെ വള്ളം മുങ്ങിയത്രേ.കൂടെ ഉണ്ടായിരുന്ന ആള്‍ക്കാരെ ആരെയും കാണുന്നില്ല.കൂരിരുട്ടും, വെള്ളത്തിന്റെ ഒഴുക്കും. അപ്പച്ചന് എങ്ങനെയോ നീന്തി പറ്റി.
ഗീവര്‍ഗീസിന്റെ കെട്ട് ഇറങ്ങി. അയാള്‍ കടവിനടുതെക്ക് ഓടിപ്പോയി. പിന്നീട് അറിഞ്ഞും കെട്ടും വന്ന ആള്‍ക്കാരുടെ ബഹളം ആയിരുന്നു. കുറെ പേര് കൊച്ചു വള്ളത്തില്‍ തപ്പാന്‍ പോയി. പെട്രോമാക്സുകളുമായിആള്ക്കാര് വരുന്നുണ്ടായിരുന്നു.വന്നവരോടൊക്കെ മേഴ്സിക്കുട്ടി സംഭവം വിവരിച്ചു കൊണ്ടേ ഇരുന്നു. ഗീവര്ഗീസും തപ്പാന്‍ പോയി എന്ന് പറഞ്ഞു .പന്ത്രണ്ടു മണിയോട് കൂടി ശാന്തമ്മയും മകനും വീടിലേക്ക് പോയി. വീട്ടില്‍ എത്തിയ ഉടന്‍ അമ്മയും മകനും കൂടി ഔസേപ്പ് ചേട്ടന്റെ പെട്ടി തുറന്നു നോക്കി. ഒരു വലിയ തുക. പിന്നെ കുറെ സ്വര്‍ണാഭരണങ്ങളും.
കുറച്ചു നേരത്തിനു ശേഷം ഗീവര്‍ഗീസ് പരിക്ഷീണനായി വന്നപ്പോഴും അമ്മയും മകനും പണം എണ്ണി തിട്ടപ്പെടുതുകയായിരുന്നു. ഗീവര്‍ഗീസ് സ്വാഭാവികമായും പറയാറുള്ളത് തന്നെ പറഞ്ഞു. അക്കരെ ഔസേപ്പ് ചേട്ടന്റെ വീട്ടില്‍ കാലത്തേ ഏല്‍പ്പിക്കാം എന്ന്. പതിവിനു വിപരീതമായി ഈ തവണ മേഴ്സിക്കുട്ടി ആയിരുന്നു അത് വേണ്ട എന്ന് പറഞ്ഞത്. ഒരു വലിയ വാഗ്വാദം തന്നെ അപ്പനും അമ്മയുമായി നടന്നു. പിന്നെ പെട്ടിക്കു വേണ്ടി രണ്ടുപേരും കൂടി ഒരു പിടിവലി. കുരുവിളയുടെ കൈവശം അപ്പോള്‍ കിട്ടിയത് ഒരു ചെറിയ വിറകു മുട്ടി ആയിരുന്നു.
കാലത്തേ അപകടം നടന്ന കടവിനടുത്തു തടിച്ചു കൂടിയ ജനക്കൂട്ടത്തില്‍ തല തല്ലി കരയാന്‍ മേഴ്സിക്കുട്ടിയും മക്കളും ഉണ്ടായിരുന്നു. രാത്രി വള്ളം മുങ്ങിയവരെ അന്വേഷിച്ചിറങ്ങിയ ഗീവര്ഗീസും തിരിച്ചെത്തിയില്ല എന്നും പതിവുപോലെ മദ്യ ലഹരിയില്‍ ആയിരുന്നു അപ്പന് എന്നും കുരുവിള ഏങ്ങല് അടിച്ചുകൊണ്ട് പറഞ്ഞു.
ഊത്ത പിടിക്കാന്‍ പോയ വലക്കാരായിരുന്നു പിറ്റേന്ന് ഗീവര്‍ഗീസിന്റെ ജഡം ഒരുപാട് താഴെ പനവേലിക്കടവിലെ പൊന്തക്കാട്ടില്‍ തങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത് .