പറക്കും തളികകൾ…. സത്യങ്ങൾ പുറത്തുവരുമ്പോൾ

തോമസ് ചാലാമനമേൽ

അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തെ റോസ്‌വെൽ പട്ടണം. 1947 ജൂലൈ മാസത്തിലെ ആദ്യ ആഴ്ചയിൽ പെയ്തിറങ്ങിയ ഒരു പേമാരിയുടെ സമയത്താണ് അമേരിക്കൻ ജനതയെ എന്നല്ല ലോകത്തെ തന്നെയും വിസ്മയിപ്പിച്ച ഒരു രഹസ്യത്തിന്‌ ഇവിടെ അരങ്ങൊരുങ്ങിയത്. തലേന്നത്തെ പേമാരി കഴിഞ്ഞു തൻ്റെ കൃഷിയിടം നോക്കാനെത്തിയ മാക്ക് റസ്സലിനു കാണാൻ കഴിഞ്ഞത് തൻ്റെ കൃഷിയിടത്തിൽ വീണു കിടക്കുന്ന അസാധാരണമായ ഒരു വസ്തുവായിരുന്നു. തകർന്നു കിടക്കുന്ന അതിൻ്റെ അവശിഷ്ടങ്ങൾ ചുറ്റുപാടും ചിതറിക്കിടപ്പുണ്ട്. തൻ്റെ കൃഷിയിടത്തിൽ കണ്ട ആ അവശിഷ്ടങ്ങളിൽ ചിലത് അദ്ദേഹം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത അവ എന്തിൻ്റെ ബാക്കിയാണെന്നറിയാൻ ആ പോലീസ് ഉദ്യോഗസ്ഥർ അവ അടുത്തുള്ള റോസ്‌വെൽ ആർമി എയർ ഫീൽഡിൽ എത്തിച്ചു. അന്ന് അവിടെ ക്യാമ്പ് ചെയ്തിരുന്നത് ആണവായുധങ്ങൾ പ്രയോഗിക്കാൻ പരിശീലനം ലഭിച്ച ലോകത്തിലെ തന്നെ ഏക സേനാവിഭാഗമായിരുന്ന 509 ബോംബ് ഗ്രൂപ്പ് എന്ന അമേരിക്കൻ വ്യോമസേനയുടെ ഒരു യൂണിറ്റായിരുന്നു.

ഇതേ സമയം മാക്ക് റസ്സലിൻ്റെ കൃഷിയിടത്തിൽ ഒരു പറക്കും തളിക തകർന്നുവീണു എന്ന വാർത്ത നാട്ടിൽ പരന്നു. പത്രങ്ങളിലെല്ലാം അത് വലിയ വാർത്തയായി. പക്ഷെ, കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. പിറ്റേന്നു തന്നെ റോസ്‌വെൽ ആർമി എയർ ഫീൽഡിലെ മിലിട്ടറി ഇൻറ്റെലിജൻസ് അടുത്തുള്ള പത്ര ഓഫീസുകളിലേക്ക് ഒരു വാർത്ത കൊടുത്തു. മാക്ക് റസ്സലിൻ്റെ കൃഷിയിടത്തിൽ തകർന്നു വീണത് പറക്കും തളിക ആയിരുന്നില്ല; മറിച്ച് കാലാവസ്ഥാ നിരീക്ഷണത്തിന് അയച്ച ഒരു ബലൂൺ ആയിരുന്നു അതെന്നായിരുന്നു ആ വാർത്ത.

ക്രമേണ നാട്ടുകാരും പത്രങ്ങളും ആ സംഭവം പാടേ ,മറന്നു. പക്ഷെ, ആ മറവിക്ക്‌ 33 വർഷമേ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. റോസ്‌വെൽ സംഭവത്തിന് പുതിയൊരു മാനം വന്നത് 1980-കളുടെ തുടക്കത്തിലാണ്. അന്യഗ്രഹജീവി ഗവേഷകനും അറിയപ്പെടുന്ന ആണവ ഭൗതീകശാസ്ത്രജ്ഞനുമായിരുന്ന സാൻറ്റൻ ഫ്രീഡ്മാൻ (Stanton Friedman) അന്നത്തെ ദൃക്‌സാക്ഷികളിൽ ചിലരെ കണ്ട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. തങ്ങൾ കണ്ട കാര്യങ്ങൾ തുറന്നു പറഞ്ഞ അവർ ഇക്കാര്യങ്ങൾ അന്ന് പുറത്തു പറയരുതെന്നു സേനാ ഉദ്യോഗസ്ഥർ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹത്തോടു വെളിപ്പെടുത്തി. പിന്നീട്, തൻ്റെ കണ്ടെത്തലുകളെ അദ്ദേഹം “Crash at Corona” എന്ന പുസ്തകരൂപത്തിൽ പുറത്തിറക്കി.

ഏതാണ്ട് ഇതേ സമയത്തു തന്നെയാണ് ഏരിയ 51-ൽ ജോലി ചെയ്തിരുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് ബോബ് ലസാർ (Bob Lazar) എന്ന ഒരു ശാസ്ത്രജ്ഞനും രംഗത്തെത്തിയത്. ഒന്നല്ല, ഒൻപത് അന്യഗ്രഹജീവികളുടെ പേടകങ്ങൾ താൻ ജോലി ചെയ്തിരുന്ന ഏരിയ 51-നു തെക്കുമാറിയുള്ള S4 എന്ന കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ബോബ് ലസാർ വെളിപ്പെടുത്തിയ കാര്യങ്ങളിൽ എന്തുമാത്രം സത്യമുണ്ട് എന്നറിയാൻ ലാസ് വേഗസ് പത്രപ്രവർത്തകനായിരുന്ന ജോർജ് നാപ്പ് (George Knapp) അദ്ദേഹവുമായി നീണ്ട അഭിമുഖങ്ങൾ നടത്തി. പിന്നീട് അവയെക്കുറിച്ച് വിശദമായി അന്വേഷിച്ച അദ്ദേഹം, ഏരിയ 51-ൽ ജോലി ചെയ്യുന്നതിനു മുൻപ് ബോബ് ലസാർ, മാൻഹാട്ടൻ പ്രോജെക്ടിൻ്റെ ഭാഗമായി രണ്ടാം ലോകമഹായുദ്ധ കാലത്ത് ആണവായുധങ്ങൾ രൂപകൽപ്പന ചെയ്യാൻ സ്ഥാപിക്കപ്പെട്ട ലോസ് അലമോസ് നാഷണൽ ലബോറട്ടറിയിലെ ഒരു ഊർജ്ജതന്ത്രജ്ഞനായിരുന്നു എന്ന് കണ്ടെത്തി. ബോബ് ലസാറിൻ്റെ പശ്ചാത്തലവും ശാസ്ത്രീയ അടിത്തറയും സത്യമാണെന്നു ബോധ്യമായ അദ്ദേഹത്തിനു പക്ഷെ, നെവാഡ മരുഭൂമിയിലെ രഹസ്യമിലിട്ടറി കേന്ദ്രമായ ഏരിയ 51-നെക്കുറിച്ച് തെളിവൊന്നും ലഭിച്ചില്ല. എന്നാൽ, 2013-ൽ വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖയിൽ ഏരിയ 51 എന്ന മിലിട്ടറി സങ്കേതം ഉണ്ടെന്ന് അമേരിക്കൻ ചാരസംഘടനയായ സി. ഐ. എയ്ക്ക് സമ്മതിക്കേണ്ടിവന്നു.

ബോബ് ലസാർ വെളിപ്പെടുത്തിയ കൂടുതൽ കാര്യങ്ങൾ യാഥാർഥ്യമാണെന്ന് മനസ്സിലാക്കാൻ പിന്നെയും കാലങ്ങൾ വേണ്ടിവന്നു. താൻ കണ്ട ഒൻപത് അന്യഗ്രഹ ജീവികളുടെ പേടകങ്ങളിൽ ഒരെണ്ണം പറക്കാൻ ശേഷിയുള്ളതാണെന്നും അതിൽ ആന്റി ഗ്രാവിറ്റി പ്രൊപൽഷനുവേണ്ടി Element 115 എന്നൊരു ഇന്ധനമാണ് ഉപയോഗിക്കുന്നതെന്നും ബോബ് ലസാർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇങ്ങനെയൊരു മൂലകം ഉണ്ടെന്നു സ്ഥിരീകരിക്കാൻ 2013 ആഗസ്റ്റ് 27 വരെ കാത്തിരിക്കേണ്ടി വന്നു. അന്നാണ്, സ്വീഡനിലെ ലൂണ്ട് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പീരിയോഡിക് ടേബിളിൽ ഒരു പുതിയ മൂലകം കൂടി ഉണ്ടെന്ന് കണ്ടെത്തുന്നത്. ആവണസംയോജനം വഴി ലഭിച്ച ഈ മൂലകത്തിന് അനൻപെൻഡിയം (Ununpentium) എന്നാണ് അവർ പേരു നൽകിയത്. ഇന്ന് പരീക്ഷണത്തിലിരിക്കുന്ന റോക്കറ്റ് ഇന്ധനമായ പ്ലൂട്ടോണിയവുമായി അസാധാരണമായ സാമ്യമുള്ള ഈ മൂലകമാണ് ബോബ് ലസാർ വെളിപ്പെടുത്തിയ Element 115 എന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ, 1979 മുതൽ 1985 വരെ ഏരിയ 51-ൽ ജോലി ചെയ്തിരുന്ന മുൻ അമേരിക്കൻ എയർ ഫോഴ്‌സ് പൈലറ്റ് ആയിരുന്ന ക്യാപ്റ്റൻ ഡേവിഡ് ഫ്രൂഹാഫും (Capt. David Fruehauf) ബോബ് ലസാർ പറഞ്ഞ കാര്യങ്ങൾ തീർത്തും സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

Unidentified flying object – UFO. Science Fiction image concept of ufology and life out of planet Earth. Clipping Path Included.

റോസ്‌വെൽ ആർമി എയർ ഫീൽഡിലെ 509 ബോംബിങ് ഗ്രൂപ്പിൻ്റെ ഇൻറ്റെലിജൻസ് തലവനായിരുന്നു ജെസ്സി മാർസൽ (Jesse Marcel Sr.) ആയിരുന്നു അന്ന് ആ കൃഷിയിടത്തിൽ ചിതറിക്കിടന്നിരുന്ന അവശിഷ്ടങ്ങൾ പരിശോധിക്കാൻ ആദ്യമെത്തിയ ഉദ്യോഗസ്ഥൻ. താൻ ശേഖരിച്ച അവശിഷ്ടങ്ങൾ ഒരു കാലാവസ്ഥാ ബലൂണിൻ്റെതായിരുന്നു എന്ന് പത്രക്കാരോട് വെളിപ്പെടുത്താൻ നിർബ്ബന്ധിക്കപ്പെട്ട അദ്ദേഹം പക്ഷെ, നേരായ കാര്യങ്ങൾ തൻ്റെ വീട്ടിൽ വെളിപ്പെടുത്തിയിരുന്നു എന്ന് അദ്ദേഹത്തിൻ്റെ മക്കൾ പറയുന്നു. ഫോയിൽ പോലെയുള്ള ലോഹഭാഗങ്ങളാണ് തനിക്കു ലഭിച്ചെന്നും അത് വളരെ കട്ടി കുറഞ്ഞതും കയ്യിൽ വച്ച് ചുരുട്ടി നിവർത്തിയാൽ തിരികെ പൂർവ്വ സ്ഥിതി പ്രാപിക്കുന്നതുമായ വിചിത്രമായ ഒരു ലോഹമായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തിയതായി മക്കൾ ഓർക്കുന്നു. റോസ്‌വെൽ സംഭവവുമായി ബന്ധപ്പെട്ടു തങ്ങളുടെ പിതാവ് വെളിപ്പെടുത്തിയ കാര്യങ്ങൾ “The Roswell Legacy: The Untold Story of the First Military Officer at the 1947 Crash Site” എന്ന പുസ്തകത്തിൽ മകൻ ജെസ്സി മാർസൽ ജൂനിയർ കാര്യമായിത്തന്നെ വിവരിക്കുന്നുണ്ട്. 2015 ഡിസംബർ 23-ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ ജോലി ചെയ്തിരുന്ന ശാസ്ത്രജ്ഞരാണ് ഇത്തരമൊരു ലോഹം തങ്ങൾ കണ്ടെത്തിയതായി വെളിപ്പെടുത്തിയത്. അസാധാരണമായ ശക്തിയുള്ളതും, വളരെ കട്ടി കുറഞ്ഞതും, അതികഠിനമായ ചൂടിനെ ചെറുക്കുന്നതും, ഏതു രീതിയിലും വളയ്ക്കാൻ കഴിയുന്നതുമായ ഈ ലോഹം കാറുകൾ, വിമാനങ്ങൾ, ബഹിരാകാശ പേടകങ്ങൾ എന്നിവ നിർമ്മിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണെന്ന് അവർ പറയുന്നു. റോസ് വെല്ലിൽ നിന്നും ജെസ്സി മാർസൽ വീണ്ടെടുത്തതും ഈ ലോഹഭാഗങ്ങൾ തന്നെയാകാമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

അതെ, കാലങ്ങൾ കഴിയുമ്പോൾ മൂടിവയ്ക്കപ്പെട്ട സത്യങ്ങൾ ഓരോന്നായി പുറത്തുവരുകയാണ്. തങ്ങൾക്കൊന്നുമറിയില്ല എന്ന അവസ്ഥയിൽ നിന്ന് എല്ലാം സത്യമായിരുന്നു എന്ന വെളിപ്പെടുത്തലിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു…അതുകൊണ്ട്, നിങ്ങൾ ഇതുവരെ പഠിച്ച ശാസ്ത്രത്തിൻ്റെ നിയമങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് ആകാശത്ത് ഒരു പറക്കും തളികയുടെ അസാധാരണ ദൃശ്യത്തിന് നിങ്ങൾ സാക്ഷികളാകുന്നെങ്കിൽ ഓർക്കുക, അത് ഒരു പക്ഷെ അന്യഗ്രഹജീവികളുടെ പേടകങ്ങൾ ആവണമെന്നില്ല, മറിച്ച് കാലങ്ങളായി മൂടിവയ്ക്കപ്പെട്ട ഒരു യാഥാർഥ്യത്തിൻ്റെ, മനുഷ്യൻ വർഷങ്ങൾക്കു മുൻപേ ആരിൽ നിന്നോ പകർത്തിയെടുത്ത സാങ്കേതീകവിദ്യയുടെ നേർക്കാഴ്ചകയായിരിക്കാം.

You May Also Like

ഹിറ്റ്ലറുടെ ക്ലോസറ്റ്‌ കണ്ടെത്തി

ഹിറ്റ്ലര്‍ തന്റെ സ്വകാര്യ ഉല്ലാസനൌകയില്‍ ഉപയോഗിച്ചിരുന്ന ക്ലോസറ്റ് അങ്ങ് ന്യൂ ജേഴ്സിയില്‍ ഉണ്ടെന്നറിയുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ന്യൂ ജേഴ്സിയിലെ ഒരു ഓട്ടോ റിപ്പയറിംഗ് ഷോപ്പ്‌ ആയ ഗ്രെഗ്സ് ഓട്ടോ റിപ്പയറിലാണ് വര്‍ഷങ്ങളായി ഈ ഹിറ്റ്ലറുടെ സ്വകാര്യ സ്വത്ത്‌ കിടക്കുന്നത്. മുകളില്‍ പറഞ്ഞ പോലെ തന്നെ അവിസോ ഗ്രില്ലേ എന്ന പേരുള്ള നാസി ലീഡറുടെ സ്വകാര്യ ഉല്ലാസനൌകയില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. 1952 മുതല്‍ തന്നെ ഇത് ഇവരുടെ കയ്യില്‍ ഉണ്ടെന്നു റിപ്പയര്‍ ഷോപ്പിന്റെ ഉടമയായ ഗ്രെഗ് കൊഹ്ഫെല്റ്റ്‌ പറയുന്നു.

വരാനിരിക്കുന്നത് സൂപ്പര് കണ്ടക്ടറുകളുടെ നാളുകൾ

വരാനിരിക്കുന്നത് സൂപ്പര് കണ്ടക്ടറുകളുടെ നാളുകൾ Sabu Jose ഇന്ന് ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഊര്ജത്തിന്റെ നഷ്ടത്തില് പകുതിയും…

എക്സ്ട്രീംലി ലാർജ് ടെലസ്കോപ്, ഭൗമേതര ജീവന്‍ തിരയാന്‍ ഇനി എല്‍റ്റ്

എക്സ്ട്രീംലി ലാർജ് ടെലസ്കോപ് ഭൗമേതര ജീവന്‍ തിരയാന്‍ ഇനി എല്‍റ്റ് Sabu Jose ലോകത്തിന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍…

ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടൻ ബ്രിട്ടിഷ് പാർലമെന്റിൽ ചോദിച്ച ഒരേയൊരു ചോദ്യം എന്ത് ?

ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടൻ കുറച്ചു കാലം ബ്രിട്ടിഷ് പാർലമെന്റിൽ അംഗമായിരുന്നു