ഒരു ഗോൾ ഉണ്ടാക്കിയ യുദ്ധം – ഫുട്ബോൾ യുദ്ധം / 100 മണിക്കൂർ യുദ്ധം .
കാൽപ്പന്തു കളിയുടെ മാന്ത്രിക താളം ഹൃദയത്തിലേറ്റു വാങ്ങിയ ഒരു ജനതയാണ് ലാറ്റിനമേരിക്കക്കാർ. ബ്രസീൽ , അർജന്റീന , കൊളംബിയ ഇങ്ങനെയുള്ള വമ്പന്മാർ മാത്രമല്ല മറ്റു ചില ഫുട്ബാൾ ശക്തികളും ഉണ്ട് ലാറ്റിനമേരിക്കൻ ഫുട്ബാളിൽ . ഇങ്ങനെ വമ്പന്മാരും അട്ടിമറി വീരന്മാരായ ചെറുമീനുകളും വാഴുന്ന ലാറ്റിനമേരിക്കൻ ഫുട്ബോളിൽ, ഹോണ്ടുറാസും എൽ സൽവാഡോറും തമ്മിലുള്ള 1970 ലോകകപ്പ് യോഗ്യത മത്സരം ഒരു വൻ ദുരന്തത്തിലവസാനിച്ച ചരിത്രം അധികമാരും കേട്ടിരിക്കാൻ വഴിയില്ല. അതിന് കാരണം മറ്റൊന്നുമല്ല , നമ്മുടെ കണ്ണിൽ പെടാത്ത പല ദരിദ്ര രാജ്യങ്ങളും കൂടെ ഉള്ളതാണ് ഈ ലോകം എന്നതു തന്നെയാണ്. 1969 ജൂൺ 27 നു മെക്സിക്കോയിൽ നടന്ന മത്സരത്തിൽ മൗറീഷ്യോ റോഡ്രിഗസ് എന്ന സാൽവഡോർ കളിക്കാരൻ കളി തീരാൻ 4 മിനുട്ടുകൾ മാത്രം അവശേഷിച്ചിരിക്കെ അടിച്ച , എടുത്തു പറയാൻ അത്ര സവിശേഷതകൾ ഒന്നും ഇല്ലാത്ത ആ ഗോൾ തുടങ്ങി വച്ചത് 3000 ത്തോളം പേരുടെ ജീവനെടുക്കുകയും ആയിരക്കണക്കിനാളുകൾക്ക് പലായനം ചെയ്യേണ്ടതിലും അവസാനിച്ച ഒരു വിനാശകാരിയായ യുദ്ധത്തിലായിരുന്നു.
യുദ്ധ പശ്ചാത്തലം
കേവലം ഒരു കാൽപന്ത് കളി ആണോ ഈ രണ്ടു അയൽ രാജ്യങ്ങളെ യുദ്ധത്തിന് പ്രേരിപ്പിച്ചത് ? അല്ല എന്നതാണ് സത്യം . ഏകദേശം ഒരേ സമയം സ്വാതന്ത്ര്യം നേടുകയും ഒരേ സംസ്കാരവും പൈതൃകങ്ങളും പിന്തുടർന്ന ഈ ദരിദ്ര രാജ്യങ്ങൾ തമ്മിൽ ഉള്ള എറ്റു മുട്ടലുകൾ കുറച്ചു വർഷങ്ങൾ മുമ്പ് തന്നെ തുടങ്ങിയിരുന്നു . അതിനു കാരണം അന്വേഷിക്കുമ്പോൾ നമ്മൾ ചെന്ന് നിൽക്കുന്നത് അയൽ വക്കത്തെ വല്യേട്ടനായ അമേരിക്കൻ ഐക്യനാടുകളിലെ ചില കുത്തക കമ്പനികളുടെ പടി വാതിലിൽ ആയിരിക്കും കൊലപാതകങ്ങളുടെ ലോക തലസ്ഥാനം എന്ന് ഇന്ന് അറിയപ്പെടുന്ന ഹോണ്ടുറാസ് എൽ സാൽവഡോറിന്റെ 5 ഇരട്ടി വലുതായിരുന്നെങ്കിലും സാൽവഡോർ ജനസംഖ്യ ഹോണ്ടുറാസിനെക്കാൾ 40 ശതമാനം അധികമായിരുന്നു. അമേരിക്കയിൽ ഐക്യനാടുകൾ “ബനാന റിപ്പബ്ലിക്കുകൾ” എന്ന് വിളിച്ചു കളിയാക്കുന്ന ഈ റിപ്പബ്ലിക്കുകളിലായിരുന്നു അവരുടെ കോർപറേറ്റുകൾ പഴ തോട്ടങ്ങൾ പാട്ടത്തിനെടുത്തു കൃഷി ചെയ്ത് കുറഞ്ഞ ചിലവിൽ അമേരിക്കൻ മാർക്കറ്റുകളിൽ പഴം എത്തിക്കുന്നത് . അക്കൂട്ടത്തിൽ പ്രമുഖനായിരുന്ന യുണൈറ്റഡ് ഫ്രൂട്ട് കമ്പനി എന്ന കോര്പറേറ്റ് ഭീമൻ ഹോണ്ടുറാസിലെ 10 ശതമാനത്തോളം ഭൂമിയുടെ ഉടമസ്ഥാവകാശം കൈയടക്കി വച്ചിരുന്നു . ജന പെരുപ്പത്താൽ വീർപ്പു മുട്ടുന്ന എൽ സാൽവഡോറിലെ ജനത മറ്റു വഴികളില്ലാതെ അതിർത്തി കടന്നു ചെന്ന് ഹോണ്ടുറാസിലെ കൃഷി സ്ഥലങ്ങൾ മേടിച്ചു കഠിനാധ്വാനത്തിലൂടെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിക്ക് വെല്ലു വിളി ഉയർത്തുകയും ചെയ്തു . ഇടയ്ക്കു പെട്ട് പോയതോ , പാവപ്പെട്ട ഹോണ്ടുറാസിലെ ജനതയും . സ്വന്തം ജനതയുടെ ദാരിദ്രവും യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുടെ നിര്ബന്ധവും സമ്മർദ്ദത്തിലാക്കിയ ഹോണ്ടുറാസ് ഗവൺമെൻറ് 1967 ൽ ഭൂപരിഷ്കരണ നിയമം കൊണ്ട് വന്നു . നിയമം വളരെ ലളിതം ആയിരുന്നു – എൽ സാൽവഡോർ കാരുടെ ഭൂമി പിടിച്ചെടുക്കുക , ഹോണ്ടുറാസ്കാർക്ക് കൊടുക്കുക. കുത്തക കമ്പനികൾക്കും സന്തോഷം , ഹോണ്ടുറസ് വൻകിട ഭൂവുടമകലക്കും സന്തോഷം. പക്ഷെ എൽ സാൽവദോർ ശക്തിയായി പ്രതിഷേധിച്ചത്തോടെ ഹോണ്ടുറാസിൽ എൽ സാൽവഡോർ കാർ കൂട്ടത്തോടെ അക്രമിക്കപ്പെടാൻ തുടങ്ങി. പിന്നീട് നടന്ന നര നായാട്ടിനു ഹോണ്ടുറാസ് ഗവണ്മെന്റും പട്ടാളവും കൂട്ട് നിന്നതോടെ രണ്ടു വശത്തും യുദ്ധ കാഹളം മുഴങ്ങി.
ലോക കപ്പ് ഫുട്ബോൾ മത്സരം
കലുഷിതമായി നിന്ന ഈ സാഹചര്യത്തിലേക്കാണ് 1970 ലെ ലോക കപ്പു മത്സരങ്ങളിലേക്കുള്ള യോഗ്യത മത്സരങ്ങൾകടന്നു വരുന്നത് . വൈകാതെ തന്നെ ലോകത്തിന് മനസ്സിലായി – ഇത് കളിയല്ല കയ്യാങ്കളി ആണ് . ആകെ 3 മത്സരങ്ങളായിരുന്നു ഈ രണ്ടു രാജ്യങ്ങൾക്കിടയിൽ ഒരുക്കിയിരുന്നത് . ഹോണ്ടുറാസ് തലസ്ഥാനം ആയ തെഗുസിഗൽപയിൽ നടന്ന ആദ്യ മത്സരം ഹോണ്ടുറാസ് 1 – 0 നു ജയിച്ചത് അവർ ആഘോഷിച്ചത് തങ്ങളുടെ രാജ്യത്തിലുള്ള എൽ സാൽവഡോറികളെ ആക്രമിച്ചു കൊണ്ടായിരുന്നു . തോൽവിയിലും ഹോണ്ടുറാസ്കാരുടെ വിജയാഘോഷങ്ങളിലും ഉള്ള സങ്കടം സഹിക്കാൻ വയ്യാത്ത ഒരു സാൽവഡോറിയൻ പെൺകുട്ടി സ്വയം വെടിവച്ചു മരിച്ചു . എൽ സാൽവഡോർ പ്രസിഡണ്ട് ഈ പെൺകുട്ടിയെ രക്ത സാക്ഷി ആയി പ്രഖ്യാപിക്കുകയും പെൺകുട്ടിയുടെ ശവ സംസ്കാര ഘോഷ യാത്ര തത്സമയം ടിവിയിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു കൊണ്ട് ദേശീയ വികാരം ആളി കത്തിച്ചു. എൽ സാൽവഡോറിൽ വച്ച് നടന്ന രണ്ടാമത്തെ മത്സരത്തിൽ 3 – 0 ന് വിജയിച്ചു തങ്ങളുടെ ലോക കപ്പു പ്രതീക്ഷകൾ കാത്തു സൂക്ഷിച്ച എൽ സാൽവഡോർ ശരിക്കും കുഴക്കിയത് ഫിഫാ യെയാണ് . മൂന്നാമത്തെ മത്സരം എവിടെ നടന്നാലും അത് എല്ലാ അർത്ഥത്തിലും ഒരു “മരണ കളി ” ആകുമെന്നറിയാമായിരുന്ന ഫിഫ ആ കളി മെക്സിക്കോയിലെ നിഷ്പക്ഷ വേദിയിലേക്ക് മാറ്റി.
അങ്ങനെ 1969 ജൂൺ 27 ആ വിധി നിർണായകമായ ദിവസം എത്തി. ഗ്യാലറികളിൽ തിങ്ങി നിറഞ്ഞിരുന്ന എൽ സാൽവഡോറികൾ ആർപ്പു വിളിച്ചിരുന്നത് “ഗോൾ, ഗോൾ ” എന്നല്ല മറിച്ചു ” കൊലപാതകികൾ ,കൊലപാതകികൾ (murderers, murderers) ” എന്നായിരുന്നു. 1700 ഓളം വരുന്ന മെക്സിക്കൻ പോലീസുകാർ നന്നേ പണിപ്പെട്ടാണ് സാൽവഡോറികളെയും ഹോണ്ടുറാസുകാരെയും കളിക്കളത്തിൽ അടക്കിയിരുത്തിയത് . അധ്വാനിച്ചു കളിച്ച രണ്ടു ടീമുകളും നിശ്ചിത സമയത്തിനുള്ളിൽ 2 ഗോളുകൾ വീതം അടിച്ചു കൊണ്ട് സമ നിലയിൽ പിരിഞ്ഞു . പ്ലേയ് ഓഫ് മത്സരം ആയതു കൊണ്ട് എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ, കളി അവസാനിക്കാൻ 4 മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഹോണ്ടുറാസ് ഡിഫെൻസിന്റെ കണ്ണ് വെട്ടിച്ചു പെനാൽറ്റി ബോക്സിലേക്ക് അലസമായി ഓടിക്കയറിയ എൽ സാൽവഡോർ കളിക്കാരൻ മൗറീഷ്യോ റോഡ്രിഗസ് എന്ന “പിപോ ” യുടെ കാലുകളിലേക്കു തന്റെ ടീമിന്റെ ഒരു ലോങ്ങ് പാസ് എത്തിപ്പെട്ടു .തന്റെ വലതു കാലുകളിലേക്കു ആ ബാൾ നീട്ടി പിടിച്ച ശേഷം മുമ്പിൽ നിസ്സഹാനായി നിൽക്കുന്ന ഹോണ്ടുറാസ് ഗോൾ കീപ്പർ വരേലയെ വെട്ടിച്ചു ഗോളടിക്കാൻ വലിയ പ്രഗൽഭ്യത്തിന്റെ ആവശ്യം ഒന്നും ഇല്ലായിരുന്നു . കളി കഴിഞ്ഞു കളിക്കാർ തമ്മിൽ കൈ കൊടുത്തും കെട്ടി പിടിച്ചും പിരിഞ്ഞപ്പോഴും “പിപോ” ക്ക് അറിയില്ലായിരുന്നു തന്റെ അവസാന നിമിഷ ഗോൾ സൃഷ്ടിക്കാൻ പോകുന്ന പ്രകമ്പനം. വിജയോന്മാദത്തിൽ മതി മറന്ന എൽ സാൽവഡോർ , ഹോണ്ടുറാസുമായുള്ള എല്ലാ നയ തന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചു. എൽ സാൽവഡോർ പൗരന്മാരുടെ നേർക്ക് നടക്കുന്ന അതിക്രമങ്ങളും അവർക്കു നഷ്ട പരിഹാരം കൊടുക്കണം എന്ന അവശ്യവും ആയിരുന്നു നയ തന്ത്ര ബന്ധം വിച്ഛേദിക്കാനായി പറഞ്ഞ കാരണം. 23 ലക്ഷം ജനസംഖ്യ ഉള്ള ഹോണ്ടുറാസിൽ 3 ലക്ഷം പേരും എൽ സാൽവഡോറികൾ ആയതു കൊണ്ട് അവർക്കു തിരിച്ചടിക്കാനായി എൽ സാൽവഡോർ വരെ പോകേണ്ടി വന്നില്ല . കൊലപാതകവും , ബലാത്സംഗവും ഒക്കെയായി ഫുട്ബാൾ തോൽവിക്ക് പകരം വീട്ടാൻ ഹോണ്ടുറാസുകാർ ഇറങ്ങിയതോടെ എൽ സാൽവഡോർ കാർ സ്വന്തം രാജ്യത്തിലേക്കുള്ള പലായനം തുടങ്ങി . അന്ന് വൈകിട്ട് തന്നെ അതിർത്തിയിൽ ഉടനീളം രണ്ടു രാജ്യത്തിന്റെയും സേനകൾ പരസ്പരം വെടി വയ്പ് ആരംഭിച്ചിരുന്നു .
യുദ്ധവും സമാധാനവും
ഏകദേശം 2 ആഴ്ചകൾക്കു ശേഷം 1969 ജൂലൈ 14 ന് രണ്ടു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പൂർണമായ ഏറ്റുമുട്ടലിലേക്കു വഴി മാറി. തങ്ങളുടെ പൗരന്മാരുടെ നേർക്കുള്ള ആക്രമങ്ങൾക്കു പകരം വീട്ടാൻ എൽ സാൽവഡോർ അതിർത്തി കടന്നു ഹോണ്ടുറാസിലേക്കു അധിനിവേശം നടത്തി. അമേരിക്കൻ ഐക്യ നാടുകളുടെ രഹസ്യ പിന്തുണ എൽ സാൽവഡോറിനു കിട്ടിയെങ്കിലും ഒരു സോവിയറ്റു ഇടപെടൽ ഭയപ്പെട്ട യുഎസ് നിഷ്പക്ഷത പാലിക്കാനാണ് ശ്രമിച്ചത് . സ്വന്തമായി ആധുനിക സൈനിക വിമാനങ്ങൾ പോലും ഇല്ലായിരുന്നിട്ട് പോലും കര യുദ്ധത്തിന് പുറമെ ഈ രാജ്യങ്ങൾ വ്യോമ യുദ്ധവും തുടങ്ങി. തങ്ങളുടെ യാത്രാ വിമാനങ്ങളിൽ ബോംബുകൾ കയറ്റി ശത്രു രാജ്യത്തിൽ കൊണ്ട് തള്ളിയായിരുന്നു ഇവരുടെ “വ്യോമ യുദ്ധം”. യുദ്ധത്തിന്റെ ആദ്യ ദിനങ്ങളിൽ എൽ സാൽവഡോർ വിജയം നേടി ഹോണ്ടുറാസ് തലസ്ഥാനം വരെ എത്തിയെങ്കിലും താമസിയാതെ ഹോണ്ടുറാസ് അയൽ രാജ്യമായ നിക്കരാഗ്വയുടെ സഹായത്തോടെ തിരിച്ചടിക്കാൻ തുടങ്ങി . തങ്ങളുടെ യാത്ര വിമാനങ്ങളും പഴഞ്ചൻ യുദ്ധ വിമാനങ്ങളും വച്ച് എൽ സാൽവഡോർ ഹോണ്ടുറാസ് തലസ്ഥാനം ആക്രമിച്ചപ്പോൾ , അതെ രീതിയിൽ ഉണ്ടാക്കിയെടുത്ത തങ്ങളുടെ “വ്യോമ സേന” യെ വച്ച് എൽ സാൽവഡോറിന്റെ എണ്ണ ശാലകൾ ഹോണ്ടുറാസും തകർത്തു തരിപ്പണം ആക്കി. സമ്പന്നരായ തങ്ങളുടെ അയൽ രാജ്യങ്ങൾക്കു ചിരിക്കാനുള്ള വക മാത്രം സമ്മാനിച്ച ഈ “ബനാന റിപ്പബ്ലിക്കുകൾ” ആണ് ലോക ചരിത്രത്തിൽ ‘അവസാനമായി’ പിസ്റ്റൺ എൻജിൻ പോർ വിമാനങ്ങൾ വച്ച് പോരാടിയത്. യുദ്ധം തുടങ്ങി നാലാം ദിവസം അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുടെ സംഘടന OAS (Organization of American States) ഇടപെട്ടു വെടിനിർത്തൽ പ്രഖ്യാപിച്ചു. 1969 ജൂലൈ 18 ന് വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും 1969 ഓഗസ്റ്റ് 2 നു മാത്രമാണ് എൽ സാൽവഡോർ സൈന്യം സ്വന്തം രാജ്യത്തിലേക്ക് പിന്മാറിയത് . വെറും നാലു ദിവസം മാത്രം നീണ്ടു നിന്നതിനാൽ ഈ യുദ്ധത്തിനെ പിന്നീട് 100 മണിക്കൂർ യുദ്ധം എന്ന് മറ്റു രാജ്യങ്ങൾ ( കളിയാക്കി) വിളിച്ചു. ഫുട്ബാൾ കളിയുടെ പേരിൽ തുടങ്ങിയ ഈ യുദ്ധത്തിൽ ഹോണ്ടുറാസിന്റെ വശത്തു 250 പട്ടാളക്കാരും 2000 പൗരന്മാരും മരിച്ചപ്പോൾ എൽ സൽവഡോറിന്റെ നഷ്ടം 900 പൗരൻമാരിലൊതുങ്ങി. 3 ലക്ഷത്തോളം എൽ സാൽവഡോറികൾ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയത് അവിടെയും രാഷ്ട്രീയ പ്രശ്നങ്ങൾ സൃഷ്ടിച്ചു . പിന്നീട് 70, 000 ഓളം പൗരന്മാർ മരിച്ച 1979 മുതൽ 1992 വരെ നടന്ന എൽ സാൽവഡോർ ആഭ്യന്തര യുദ്ധത്തിലേക്കാണ് ഈ തിരിച്ചെത്തൽ ചെന്നവസാനിച്ചത്.
എല്ലാം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഒരു ഫുട്ബോൾ മത്സരത്തിന്റെ പേരിൽ തുടങ്ങിയ ഈ 100 മണിക്കൂർ യുദ്ധത്തിൽ ആരാണ് വിജയിച്ചത്. അത് മറ്റാരുമല്ല ഇവരെ യുദ്ധത്തിലേക്ക് തള്ളി വിട്ട കോർപറേറ്റുകൾ തന്നെ. സ്വന്തം രാജ്യത്തിലേക്ക് മടങ്ങി വന്ന എൽ സാൽവഡോറികൾ കാണുന്നത് കൃഷി ഭൂമി മൊത്തം കയ്യടക്കി വച്ചിരിക്കുന്ന വൻകിട ഭൂ ഉടമകളെയും അവർക്കു സമ്പൂർണ പിന്തുണ നൽകുന്ന കോര്പറേറ്റുകളെയും ആണ് .സ്വന്തം രാജ്യത്തിൽ ഒരു സഹായവും കിട്ടാതെ ഈ അഭയാർത്ഥികൾ നരകിച്ചു . ഒരർത്ഥത്തിൽ തിരികെ വരുന്ന കർഷകർക്ക് ഭൂമി കൊടുക്കേണ്ടി വരുമോ എന്ന ഭയം ആണ് ഹോണ്ടുറാസുമായുള്ള യുദ്ധത്തിലേക്ക് എൽ സാൽവഡോറിന്റെ രാഷ്ട്രീയ നേതൃത്വത്തെ തള്ളി വിട്ടത്. ഹോണ്ടുറാസിന്റെ കാര്യമോ ? അധാനിക്കുന്ന കർഷകരെ ഓടിച്ചു വിട്ട ഹോണ്ടുറാസിലെ കൃഷി ഏറ്റെടുക്കാൻ അവിടുത്തെ മധ്യ വർഗത്തിന് കഴിഞ്ഞില്ല . കാല ക്രമേണ അക്രമത്തിലേക്കും അവ്യവസ്ഥയിലേക്കും തകർന്നു വീണ ആ ജനത ഇപ്പോൾ ലോകത്തിന്റെ കൊലപാതക തലസ്ഥാനം എന്ന പേരും പേറി കഴിയുന്നു . ആ.. പിന്നെ നമ്മുടെ ഫുട്ബാൾ കളിയുടെ ബാക്കി കഥ കേൾക്കണ്ട ? 3000 മനുഷ്യ ജീവിതങ്ങൾ കുരുതി കൊടുത്ത് ലോക കപ്പിലേക്കു യോഗ്യത നേടിയ എൽ സാൽവഡോർ ആദ്യ റൗണ്ടിൽ തന്നെ 3 റൗണ്ട് മാച്ചും തോറ്റു ലോക കപ്പിന് പുറത്തായതോടെ ദുരന്തം പൂർത്തിയായി.
കോസ്റ്റ റിക്കകാരനായ ഒരു സുഹൃത്ത് പറഞ്ഞ “football war” നെ പറ്റി കേട്ട എന്റെ മനസ്സിൽ കൂടെ രണ്ടു വികാരങ്ങളാണ് കടന്നു പോയത് . ഭയം – വികാരത്തിനടിമപ്പെട്ടു ഇതേ പോലെ നമ്മളും ചെന്ന് പെടാൻ എല്ലാ സാധ്യതയും ഉള്ള ഒരു “ക്രിക്കറ് ആണവ യുദ്ധ” ത്തിനെക്കുറിച്ചുള്ള ഭീതി. പിന്നെ ഉണ്ടായത് നിന്ദ്യവും ക്രൂരവുമായ ഒരാശ്വാസവും – നമ്മളേക്കാൾ മണ്ടന്മാരുടെ ലോകത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത് .
Refrences –
https://www.bbc.com/news/world-latin-america-48673853
https://www.si.com/…/03/football-war-honduras-el-salvador
https://militaryhistorynow.com/…/when-sports-fans…/
https://en.wikipedia.org/wiki/Football_War