സ്ത്രീകള്‍ക്കായി – 2: യാത്രക്കാരികളുടെ ശ്രദ്ധക്ക്

363

0XrPOCIAd_M------

ഇന്ന്‌ ജോലിക്കായോ മറ്റാവശ്യങ്ങല്ക്കായോ യാത്രചെയ്യേണ്ടാത്തതായ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അതു സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയുടെ ലക്ഷണമാണ്, ഒപ്പം നമ്മുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും. പക്ഷെ ഈ യാത്രകള്‍ കൂടുന്നതിനനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമവും കൂടി വരുന്നു. സ്ത്രീകള്‍ക്ക് ഇവിടെ വഴി നടക്കാനോ യാത്ര ചെയ്യാനോ ഉള്ള അന്തരീക്ഷം ഇല്ലെന്നും അതിനാല്‍ കഴിയുന്നതും വീട്ടില്‍ ഇരിക്കുന്നതാണ് നല്ലതെന്നും ഉള്ള ഒരു പൊതുബോധം രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുന്നു. വീണ്ടും അടുക്കളയില്‍ ഒതുങ്ങാന്‍ ഒരു സുവര്‍ണാവസരം. ഒന്നുകില്‍ ഈ സുവര്‍ണാവസരം ഉപയോഗിച്ച് അടുക്കളയില്‍ സ്ഥിരതാമാസമാക്കുക അല്ലെങ്കില്‍ പൊരുതി ജയിക്കുക. ഇതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കുന്നവര്‍ക്കായാണ് ഈ ലേഖനം. ഒന്നാമത്തെ ഗ്രൂപിനും വായിച്ചിരിക്കാവുന്നതാണ്.

നാമോരോരുത്തരും ഒരല്‍പം ശ്രദ്ധിച്ചാല്‍ നമുക്കെതിരെ മാത്രമല്ല മറ്റുള്ളവര്‍ക്കെതിരെ വരാനിരിക്കുന്നതുമായ അക്രമങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനോ തടയാനോ പറ്റും.

യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയുന്നതിന് മുന്‍പേ നമ്മുടെ ഹാന്‍ഡ് ബാഗില്‍ അത്യാവശ്യം വേണ്ട കുറച്ചു ടൂള്‍സ് നെ കുറിച്ച് പറയാം. മേക്കപ്പ് കിറ്റിന്റെ കൂട്ടത്തില്‍ അതു കൂടി സെറ്റ് ചെയ്യുക.
ആദ്യം വേണ്ടത് ഉപയോഗശൂന്യമായ രണ്ടോ മുന്നോ ചെറിയ താക്കോലുകള്‍ ആണ്. ഇതാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം.

ഇതു യാത്രയില്‍ ആയിരിക്കുമ്പോള്‍ കയ്യില്‍ തന്നെയാണ് പിടിക്കേണ്ടത്. അവയുടെ ചെയിന്‍ ഊരിക്കളഞ്ഞ ശേഷം വളയത്തില്‍ ഇട്ടു സൂക്ഷിക്കുക. അതു നടുവിരലില്‍ മോതിരം പോലെ ഇട്ട ശേഷം താക്കോലുകള്‍ കൈക്കുള്ളില്‍ വയ്ക്കുക. അല്‍പ്പം ബുദ്ധിമുട്ടാണ് എന്നാലും വേറെ എത്രയോ ബുദ്ധിമുട്ടുകള്‍ ഒരു ആവശ്യവുമില്ലാതെ സഹിക്കുന്നു..
കൂട്ടത്തില്‍ ഇതു കൂടി ഇരിക്കട്ടെന്നെ.. അപ്പൊ ഇത് കൊണ്ടുള്ള ഉപയോഗം മനസ്സിലായിക്കാണുമല്ലോ.. അപ്രതീക്ഷിതമായി ഒരു ആക്രമണമുണ്ടായാല്‍ അപ്രതീക്ഷിതമായിത്തന്നെ ഒരു തിരിച്ചടി. നമുക്കും തയ്യാറെടുപ്പുകള്‍ ഒന്നും വേണ്ട.

അവന്റെ മുഖത്തു ഒരു X ഓ Y ഓ വരച്ചു കൊടുക്കുക. ശ്രദ്ധിക്കേണ്ട കാര്യം..വരക്കുന്നത് അവനെ ഇക്കിളിയിടാനായിരിക്കരുത്..

അവന്റെ കണ്ണ് ഒന്നെങ്കിലും ഫ്യൂസ് ആക്കണം. ഇല്ലെങ്കില്‍ പണി പാളുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
അങ്ങനെ നമ്മുടെ ആദ്യത്തെ ടൂള്‍ റെഡി ആയി. രണ്ടാമത് വേണ്ടത് ഒരു ബോട്ടില്‍ പെപ്പര്‍ സ്‌പ്രേ ആണ്.
കടകളില്‍ ഇതു വാങ്ങാന്‍ കിട്ടും. 300 രൂപ മുതലങ്ങോട്ടാണ് വില. ബോട്ടില്‍ മുതല്‍ കീ ചൈനിന്റെയും പേനയുടെയും രൂപത്തില്‍ വരെ ഇവ ലഭ്യമാണ്. വില അതിനനുസരിച്ച് കൂടുമെന്ന് മാത്രം. ഇവ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. തുറന്നു മുഖത്തടിച്ചു കൊടുക്കുക. 5 7 അടി ദൂരം വരെ അകലത്തില്‍ ഇതു ടാര്‍ഗറ്റ് ചെയ്യാന്‍ കഴിയും. മുഖത്തടിച്ചു കഴിഞ്ഞാല്‍ പിന്നെ നില്‍ക്കണ്ട..അവന്‍ നക്ഷത്രമെണ്ണി തീരും മുന്‍പേ ഓടുക. എന്നിട്ട് കഴിയുമെങ്കില്‍ അടുത്ത പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുക. പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കപ്പെട്ട ആള്‍ക്ക് അത് സ്ഥിരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് അറിവ്. മാത്രമല്ല സ്വയ രക്ഷക്കായി ഇതുപയോഗിക്കുന്നത് നിയമ വിധേയവുമാണ് .
തിരുവനന്തപുരത്തു ഇത് ജനറല്‍ ഹോസ്പിട്ടലിനടുത്തുള്ള Rampart Servicesല്‍ കിട്ടും. മറ്റു സ്ഥലങ്ങളിലെ കാര്യം അറിയില്ല. മറ്റു കടകള്‍/സ്ഥലങ്ങള്‍ അറിയാവുന്നവര്‍ ദയവായി പറഞ്ഞു തരൂ. പെപ്പര്‍ സ്‌പ്രേ കിട്ടുന്ന കടകള്‍ അടുത്തെങ്ങും ഇല്ലാത്തവര്‍ ഒട്ടും വിഷമിക്കേണ്ടതില്ല. പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഡിയോ സ്‌പ്രേ. ചെറിയ ഒരെണ്ണം വാങ്ങി ബാഗില്‍ സൂക്ഷിക്കുക. അടിക്കുമ്പോള്‍ കണ്ണില്‍ തന്നെ അടിക്കുക. പെപ്പര്‍ സ്‌പ്രേ യുടെ അത്ര തന്നെ ഫലം കിട്ടിയില്ലെങ്കിലും തല്ക്കാല രക്ഷക്കൊക്കെ അതുപകരിക്കും.

അപകടരഹിതമായ എന്നാല്‍ വളരെ ഫലപ്രദമായ മറ്റൊരു ആയുധമാണ് stun gun. ഇതിന്റെ പ്രവര്‍ത്തനം വളരെ സിമ്പിള്‍ ആണ്. ഓണ്‍ ചെയ്തു എതിരാളിയുടെ ശരീരത്തിന് നേരെ പിടിച്ചു ബട്ടണ്‍ അമര്‍ത്തുകയെ വേണ്ടു. ആള്‍ അവിടെ വീഴും.

ഇത് പ്രയോഗിക്കുമ്പോള്‍ ഒരു തരം ഇലക്ട്രിക് നോയ്‌സ് ഉണ്ടാകുകയാണ് ചെയ്യുന്നത് എന്ന് ഞാന്‍ എവിടയോ വായിച്ചു, ഒപ്പം നേരിയ ഷോക്കും. അതെല്‍ക്കുന്ന ആളിന്റെ ശരീരത്തിലെ nervous communication കുറച്ചു നേരത്തേക്ക് ആകെ തകരാറിലാവുകയും ആള്‍ വീണു പോകുകയും ചെയ്യും. തിരിച്ചു സാധാരണ സ്ഥിതിയിലാകാന്‍ എടുക്കുന്ന സമയം കൊണ്ട് ഓടി രക്ഷപ്പെടാനും കഴിയും.

ഇതിന്റെ ഏറ്റവും വലിയ ഗുണം, ശരീരത്തില്‍ ഇവിടെ പ്രയോഗിച്ചാലും നമ്മള്‍ ഉദ്ദേശിക്കുന്ന ഫലം തന്നെ കിട്ടുമെന്നതാണ്. പെപ്പര്‍ സ്‌പ്രേ മുഖത്ത് തന്നെ അടിക്കണമെങ്കില്‍ ഇതു ശരീരത്തില്‍ എവിടെയും, തിരിഞ്ഞു നിന്നാല്‍ പോലും പ്രയോഗിക്കാന്‍ സാധിക്കും. സ്വയം സുരക്ഷക്കായി പലരും മുളകുപൊടി, കുരുമുളകുപൊടി മുതലായവ ബാഗില്‍ സൂക്ഷിക്കുന്നത് കണ്ടു വരാറുണ്ട്. അതിനു ഒരു പ്രശ്‌നം ഉള്ളത്, മുളകുപൊടി എടുത്തു തൂകുമ്പോള്‍ നമ്മുടെ കണ്ണിലും വീഴാന്‍ സാധ്യത ഉണ്ടെന്നതാണ്. മാത്രമല്ല ബാഗിന്റെ ഉള്ളറകളില്‍ എവിടെയെങ്കിലും ഒള്പ്പിച്ചു വച്ചാല്‍ എടുത്തു പ്രയോഗിക്കാന്‍ ബുദ്ടിമുട്ടാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. മൊട്ടുസൂചി, ബ്ലേഡ് മുടലായവയുടെ കാര്യവും അങ്ങനെ തന്നെ. അതുകൊണ്ട് അവ ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആവശ്യം വന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്നതിന് വ്യക്തമായ പ്ലാനിംഗ് വേണം. Practice Makes it Perfectഎന്നല്ലേ.

ഇനിയും ഉപയോഗപ്രദമായ ധാരാളം ടൂള്‍സ് കാണും . ലഭ്യമായവയില്‍ നമുക്ക് ഏറ്റവും സൌകര്യപ്രദമായ ഒന്നോ രണ്ടോ തിരഞ്ഞെടുക്കുക, അവ ബാഗില്‍ കൃത്യമായ സ്ഥാനത്തു സൂക്ഷിക്കുക. ഇടക്കൊക്കെ എടുത്തു അവ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിച്ചു ഉറപ്പു വരുത്തുക. നമ്മളില്‍ മിക്കവര്‍ക്കും അവ ജീവിത കാലത്തൊരിക്കല്‍ പോലും ഉപയോഗിക്കേണ്ടി വരില്ല. എന്നാല്‍ നമ്മള്‍ എന്തും നേരിടാന്‍ സജ്ജരാനെന്നുള്ള ബോധം ആത്മവിശ്വാസം കൂട്ടും. അതു നമ്മുടെ യാത്രാ സമയത്ത് മാത്രമല്ല ജീവിടത്തിലുടനീളം സഹായകരമാകും.

അപ്പോള്‍ നമ്മുടെ ടൂള്‍സ് റെഡി ആയി. ഇനി യാത്രക്കൊരുങ്ങാം. അപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുറേയുണ്ട്. അവ വഴിയെ പറയാം.

(തുടരും..)