അമ്മയ്ക്കും, സഹോദരിക്കും, ഭാര്യയ്ക്കും, മകള്‍ക്കും, കൂട്ടുകാരിക്കും വേണ്ടി

0
400

സീന്‍ – 1

സ്ഥലം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍. സമയം വൈകുന്നേരം അഞ്ചു മണി. അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ രണ്ടു ട്രെയിനില്‍ ഇരിക്കാനുള്ളത്ര ആള്‍ക്കൂട്ടം. പകുതിപ്പേരും വനിതകള്‍. 5.25 നു ഇവിടെ നിന്നു പുറപ്പെടേണ്ട ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ബോഗികള്‍ പ്ലാറ്റ്ഫോമിലേക്കു വന്നുകൊണ്ടിരിക്കുന്നു.ആണുങ്ങളില്‍ കുറേപ്പേര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് പാളത്തിലേക്കു ചാടുന്നു. പ്ലാറ്റ്ഫോമിന് എതിര്‍വശത്ത് നിരയായി നില്‍ക്കുന്നു. ട്രെയിന്‍ നില്‍ക്കുന്നു. ഓരോ ബോഗിയിലും ഉള്ള ആറുവാതിലുകളിലൂടെയും കയ്യൂക്കുള്ള പുരുഷന്മാര്‍ ഇരച്ചു കയറുന്നു. (ഒരു ബോഗിയില്‍, ഓരോ വശത്തും മൂന്നു വാതിലുകള്‍ വീതമുണ്ട്.) വിരലിലെണ്ണാവുന്ന പെണ്‍പുലികളും ഒപ്പം കയറിപ്പെടുന്നു. ഒരു മിനിറ്റിനുള്ളില്‍ ട്രെയിന്‍ ഫുള്‍. ഇരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും പുരുഷന്മാര്‍! ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കാലുകുത്താന്‍ ഇടയില്ലാത്ത വിധം സ്ത്രീകള്‍.

സീന്‍ – 2

സ്ഥലം കണ്ണൂര്‍. രാവിലെ ഏഴു മണിയോടെ പരശുറാം എക്സ്പ്രസ് എത്തിച്ചേരുന്നു. ട്രെയിന്‍ മിക്കവാറും നിറഞ്ഞാണു വന്നതെങ്കിലും ഇടയ്ക്കിടെ സീറ്റുകള്‍ ഒഴിവുണ്ട്. ഞാന്‍ ചാടിക്കയറി ഒരു സീറ്റ് ഒപ്പിച്ചു. എനിക്കെതിരെ ഇരുന്നത് ഒരു വീട്ടമ്മയും, അവരുടെ 15-16 വയസ്സു തോന്നിക്കുന്ന മകളും ആയിരുന്നു. തലശ്ശേരി ആയതോടെ ട്രെയിന്‍ നിറഞ്ഞു. ബാത്ത് റൂമുകള്‍ക്കിടയില്‍ പോലും ജനം തിങ്ങി നിറഞ്ഞു നില്‍ക്കുന്നു. കോഴിക്കോട് ആയപ്പോള്‍ പെണ്‍കുട്ടി ബാത്ത് റൂമില്‍ പോകാനാണെന്നു തോന്നുന്നു, എണീറ്റു. പക്ഷേ അടുത്തുള്ള ഇരു ബാത്ത് റൂമിലും ആളുണ്ട്. അവള്‍ മടങ്ങി വന്നു. എതിര്‍ ദിശയിലുള്ള ബാത്ത് റൂമുകള്‍ അകലെയാണ്. വണ്ടി നിര്‍ത്തിയതോടെ ജനം ഇരച്ചുകയറാന്‍ തുടങ്ങി. അവിടെ നിന്ന് എറണാകുളം വരെ നിന്നു തിരിയാന്‍ ഇടമില്ലാത്ത തിരക്ക്. തൃശ്ശൂര്‍ ആയി. എറണാകുളം ആയപ്പോള്‍, തങ്ങള്‍ കരുതിയിരുന്ന പൊതിച്ചോറ് അവര്‍ കഴിച്ചു. കയ്യിലിരുന്നകുപ്പിവെള്ളം കൊണ്ടു തന്നെ കയ്യും വായും കഴുകി. കണ്ണൂരിനപ്പുറം എവിടെ നിന്നോ യാത്രതിരിച്ച അവര്‍, കോട്ടയമായപ്പോള്‍ ഇറങ്ങിപ്പോയി.അതുവരെ ആ അമ്മയ്ക്കും മകള്‍ക്കും

ബാത്ത് റൂമില്‍ പോകാന്‍ കഴിഞ്ഞില്ല. പരശുറാമിന്റെ ലേഡീസ് കമ്പാര്‍ട്ട്മെന്റും നിറഞ്ഞുകവിഞ്ഞാണ് പോകുന്നതെന്ന് പറയേണ്ടതില്ലല്ലോ.

സീന്‍ – 3

അതേ പരശുറാം എക്സ്പ്രസ് തന്നെ. ആറേഴുവയസ്സുള്ള ഒരു പെണ്‍കുട്ടി. ആവര്‍ത്തനവിരസമായ ഒരു ഗാനവും പാടുന്നു. അവളേക്കാള്‍ ചെറിയൊരു ആണ്‍കുട്ടി ആള്‍ത്തിരക്കില്‍ കൈ നീട്ടി തെണ്ടുന്നു. കിട്ടിയ നാണയത്തുട്ടുകളില്‍ ഒന്നു രണ്ടെണ്ണം അവന്റെ കയ്യില്‍ നിന്നെടുത്ത് അവള്‍ പെറ്റിക്കോട്ടിനുള്ളില്‍ ഇടുന്നത് ശ്രദ്ധയില്‍ പെട്ടു. ഷൊര്‍ണൂരായപ്പോള്‍ അവര്‍ ഇറങ്ങി. കൌതുകത്തോടെ ഞാന്‍ അവരെ നോക്കി. അന്യദേശക്കാരനെന്നു തോന്നിക്കുന്ന ഒരാള്‍ അവളില്‍ നിന്ന് തുട്ടുകളും, നാണയങ്ങളും വാങ്ങി. അയാള്‍ തിരിഞ്ഞു നടന്നു. പെണ്‍കുട്ടി പെറ്റിക്കോട്ടില്‍ കയ്യിട്ട് നാണയത്തുട്ടുകള്‍ എടുത്തു. തൊട്ടടുത്ത കടയില്‍ നിന്നും ഏതോ മിഠായി അവള്‍ വാങ്ങി അനിയനും(ആണൊ ആവോ!)കൊടുത്തു, അവളും തിന്നു. എന്റെ മനസ് എവിടൊക്കെയോ പോയ നിമിഷങ്ങള്‍ ഒരു അലര്‍ച്ചയിലും നിലവിളിയിലും മുറിഞ്ഞു. മുടിക്കു കുത്തിപ്പിടിച്ച് തമിഴില്‍ അലറുകയാണ് നേരത്തേ പൈസ വാങ്ങിപ്പോയ ആള്‍. കുട്ടികള്‍ ചില്ലറ കൊടുത്ത് മിഠായി വാങ്ങിയത് അയാള്‍ കണ്ടു പിടിച്ചുകാണും…..

ആര്‍ക്കാണ് നമ്മള്‍ ഭിക്ഷകൊടുക്കുന്നത്?

ഇതും, ഇതിനപ്പുറവുമുള്ള കാഴ്ചകള്‍ യാത്രകളില്‍ നമ്മള്‍ കാണുന്നു. മിക്കപ്പോഴും നിസ്സംഗതപുലര്‍ത്തുന്നു. സൌമ്യ എന്നൊരു പാവം പെണ്ണ്‌ പിടഞ്ഞു വീണ് മണ്ണടിഞ്ഞിട്ട് നാളുകള്‍ ഏറേയായില്ല. ആ വാര്‍ത്തയറിഞ്ഞ ദിനങ്ങളിലെ ആത്മരോഷം ഇന്ന്, എത്രയാളുകള്‍ കൊണ്ടു നടക്കുന്നു?

ഇനിയും സൌമ്യമാര്‍ ജീവന്‍ വെടിയുമ്പോഴൊക്കെ മാത്രമേ നമ്മള്‍ പ്രതികരിക്കുകയുള്ളോ?

സുഹൃത്തുക്കളേ,

സ്ത്രീകളുടെ ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാനുദ്ദേശിച്ച് പലരും പല മാധ്യമങ്ങളിലും എഴുതി. അക്കൂട്ടത്തില്‍ ഒന്ന് ഇവിടെ ഞാനും. നമുക്കിത് മുന്നോട്ടു കൊണ്ടുപോവുകയും ഫലപ്രാപ്തിയിലെത്തിക്കുകയും വേണം. ഇതു വായിക്കുന്ന നിങ്ങളോരോരുത്തരും, ഇക്കാര്യത്തില്‍ തങ്ങളാല്‍ കഴിയുന്ന ശ്രമങ്ങള്‍ നടത്താനും, അത് ഇവിടെ അറിയിക്കാനും തയ്യാറാവനം എന്നഭ്യര്‍ത്ഥിക്കുന്നു.

ട്രെയിനില്‍ യാത്രചെയ്യുന്ന അമ്മയ്ക്കും, സഹോദരിക്കും, ഭാര്യയ്ക്കും, മകള്‍ക്കും, കൂട്ടുകാരിക്കും വേണ്ടി ചില ചിന്തകള്‍ ഇവിടെ ക്രോഡീകരിക്കുന്നു.

(ഈ ചര്‍ച്ച കണ്ടിട്ടില്ലാത്തവര്‍ക്ക് അതു കാണാം)

1.ഒരു ലേഡീസ് കമ്പാര്‍ട്ട്മെന്റ് കൊണ്ടു പരിഹരിക്കാവുന്നതല്ല ദിവസവും ട്രെയിന്‍യാത്ര ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍.

2. ഇപ്പോള്‍ തന്നെ, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അഭിപ്രായം പ്രകടിപ്പിച്ചവര്‍ ഉള്‍പ്പടെ മിക്കസ്ത്രീകളും യാത്രയില്‍, ലേഡീസ് കമ്പാര്‍ട്ട്മെന്റുകളില്‍ കയറാറില്ല.

3. ദീര്‍ഘ ദൂര ട്രെയിനുകളില്‍ ആകെയുണ്ടാവുന്ന ഒരു ലേഡീസ് കമ്പാര്‍ട്ട്മെന്റ് നടുഭാഗത്താക്കാന്‍ റെയില്‍ വേയ്ക്ക് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ട് എന്നാണറിയാന്‍ കഴിഞ്ഞത്. എന്നാല്‍ പരിഹരിക്കാനാവാത്ത ഒന്നല്ല അത്. റെയില്‍ വേ ഭരിക്കുന്ന വനിതാ മന്ത്രി തന്നെ അതിനുള്ള മുന്‍ കൈ എടുക്കും എന്നു പ്രത്യാശിക്കാം.

അതിനു കഴിയുന്നില്ലെങ്കില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റ് നിര്‍ത്തലാക്കി എല്ലാ ജനറല്‍ ബോഗികളിലും 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കുക. ഇപ്പോള്‍ 4-5 ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ ഉണ്ട് ദീര്‍ഘദൂരവണ്ടികളില്‍ (ലേഡീസ് കമ്പാര്‍ട്ട്മെന്റുള്‍പ്പടെ)

4. ദിനവും സര്‍വീസ് നടത്തുന്ന ഷട്ടില്‍ ട്രെയിനുകള്‍ / സ്ലീപ്പര്‍കോച്ചില്ലാത്ത പരശുറാം പോലെയുള്ള എക്സ്പ്രസ് ട്രെയിനുകളില്‍ ഒരു ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കൊള്ളാവുന്നതിന്റെ പത്തിരട്ടിയിലേറെ സ്ത്രീകളാണ് യാത്ര ചെയ്യുന്നത്. അവരുടെ സുരക്ഷ ഒരു കമ്പാര്‍ട്ട്മെന്റുകൊണ്ട് നിര്‍വഹിക്കാനാവില്ല. ഇത്തരം ട്രെയിനുകളിലാണ് ജീവനക്കാരികളും, വിദ്യാര്‍ത്ഥിനികളും ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത്. അല്ലാതെ ദീര്‍ഘദൂര ട്രെയിനുകളിലല്ല.

പരശുറാമിനു പുറമേ, വേണാട്, വഞ്ചിനാട്, വിവിധ ഇന്റര്‍സിറ്റി എക്സ്പ്രസുകള്‍, 100 ഓളം പ്രതിദിന ഷട്ടില്‍ ട്രെയിനുകള്‍ എന്നിവ ഗണത്തില്‍ വരും.

5. ഇത്തരം എല്ലാ ബോഗികളിലും 20-25 സീറ്റെങ്കിലും വച്ച് സ്ത്രീകള്‍ക്കു മുന്‍ഗണന എന്ന നിലയില്‍ കൊടുത്താല്‍ അത് അവര്‍ക്കു വലിയൊരു അനുഗ്രഹമാകും. അത്യാവശ്യം വേണ്ട സ്വകാര്യത കിട്ടുകയും ചെയ്യും. ആ എന്‍ഡിലുള്ള ബാത്ത് റൂം അവര്‍ക്കുപയോഗിക്കുകയും ചെയ്യാം. അവിടെ ആണുങ്ങള്‍ കൂടിനില്‍ക്കുന്നതുകാരണം ബാത്ത് റൂമിലേ പോകാതെ മണിക്കൂറുകള്‍ ഇരുന്നു ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് അത് വലിയ ആശ്വാസമാകും. പിന്നെ, അവര്‍ക്കനുവദിച്ചിട്ടുള്ള സീറ്റ് ഉറപ്പാക്കാനുള്ള ആര്‍ജവമൊക്കെ ഇന്നത്തെ യാത്രക്കാരികള്‍ക്ക് ഉണ്ട്.

ബോഗിയിലുള്ള മൂന്നു വാതിലുകളില്‍ ലേഡീസിനു മുന്‍ ഗണനയുള്ള ഭാഗത്തെ വാതിലില്‍ കൂടിയുള്ള പ്രവേശനം അവര്‍ക്കു മാത്രമായി നിജപ്പെടുത്തുക. ബാക്കി രണ്ടു വാതിലുകള്‍ പൊതുവായ പ്രവേശനമാര്‍ഗങ്ങള്‍ ആക്കി നിലനിര്‍ത്തുക.

6. ട്രെയിനുകളില്‍ സുരക്ഷ ശക്തമാക്കുക. അതിനു വേണ്ട സ്റ്റാഫിനെ നിയമിക്കുക. അതിനുള്ള ഫീസ് റെയില്‍ വേ ഇപ്പോള്‍ത്തന്നെ ഈടാക്കുന്നുണ്ടല്ലോ!

(ഇന്ന് ഒരു സ്ത്രീയെ ആക്രമിച്ചു. നാളെ തണ്ടും തടിയുമുള്ള പുരുഷന്മാരും ക്രിമിനലുകളാല്‍ ആക്രമിക്കപ്പെടുകയില്ല എന്നാരെങ്കിലും ധരിക്കുന്നെങ്കില്‍ അതു മൌഢ്യമാണ്!)

ഇനി അത് സംസ്ഥാനത്തിന്റെ ഉത്തരവ്വാദിത്തമാണെങ്കില്‍, അതു ചൂണ്ടിക്കാട്ടി, സംസ്ഥാന സര്‍ക്കാരിനു റെയില്‍വേ കത്തു നല്‍കുക.

7. ഭിക്ഷാടനം, നാടുതെണ്ടല്‍, കുട്ടികളെ ഉപയോഗിച്ചുള്ള പാട്ടുപ്രകടനങ്ങള്‍, സി.ഡി – പുസ്തകക്കച്ചവടങ്ങള്‍, ഇവ കര്‍ശനമായി നിരോധിക്കുക.

8.യാത്രക്കാരായ പുരുഷന്മാര്‍ സ്ത്രീകളോട് അനുഭാവപൂര്‍ണമായി പെരുമാറുകയും, സ്വന്തം വീട്ടിലെ സ്ത്രീകള്‍ക്ക് ആപത്തു വന്നാലത്തെപ്പോലെ ഉത്തരവാദിത്തത്തോടെ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യുക.

9. ട്രെയിനിലെ അപായച്ചങ്ങല വലിക്കാനുള്ളതാണ്. അപകടം വരുമ്പോള്‍ അതു വലിക്കുക തന്നെ ചെയ്യുക!

10. സീറ്റ് സംവരണം എന്നതുകൊണ്ട് ആണും പെണ്ണും ഇടകലര്‍ന്നിരിക്കരുതെന്ന് അര്‍ത്ഥമില്ല. ഒരു ബോഗിയില്‍ 20 സീറ്റ് വീതം കൊടുത്താലും, യാത്രചെയ്യുന്ന മുഴുവന്‍ സ്ത്രീകളുടെ എണ്ണത്തിന് ആനുപാതികമാവില്ല അത്. ദിവസവും യാത്ര ചെയ്യുന്നവര്‍ക്കറിയാം ഇക്കാര്യം.

108 സീറ്റാണ് പരശുറാം പോലുള്ള ഒരു ട്രെയിനിന്റെ ബോഗിയില്‍ ഉള്ളത്. അതില്‍ 20 എണ്ണം കഴിഞ്ഞാലുള്ള 88 സീറ്റുകളില്‍ പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും ഇരിക്കാം. കുടുംബമുള്ളവര്‍ക്ക് സകുടുംബം. അല്ലാത്തവര്‍ക്ക് സൌകര്യം പോലെ. എന്നാല്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് ആ മുന്‍ ഗണനാ സീറ്റുകള്‍ കൂടിയേ തീരൂ. (25 % സീറ്റുകള്‍ കൊടുക്കാം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം)

11.വിവരസാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച കാലത്ത്, ഗാര്‍ഡും എന്‍ജിന്‍ ഡ്രൈവറും തമ്മില്‍ ഫലപ്രദമായ ആശയവിനിമയത്തിന് ഫലപ്രദമായ സാങ്കേതികവിദ്യകള്‍ തേടുക. എമര്‍ജന്‍സി മാനേജ് മെന്റിന് നൂതനമാര്‍ഗങ്ങള്‍ ആവിഷ്കരിക്കുക.ചങ്ങല വലിക്കലിനു പകരം സംവിധാനങ്ങള്‍ യാത്രക്കാര്‍ക്കു വേണ്ടിയും ഏര്‍പ്പെടുത്തുക.

ഇനി, മറ്റു ചില നിര്‍ദേശങ്ങള്‍…..

1. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കര്‍ശന ശിക്ഷ ഏര്‍പ്പെടുത്തുക. തുടരെ തുടരെ ഒരാള്‍ ലൈംഗിക അതിക്രമങ്ങള്‍ നടത്തുകയാണെങ്കില്‍ അയാളുടെ ലൈംഗികാവയവം ആധുനിക ശസ്ത്രക്രിയാരീതിയിലൂടെ നീക്കം ചെയ്യുക.(മറ്റു മാര്‍ഗമില്ല!)

2. മയക്കുമരുന്ന് കച്ചവടം കര്‍ശനമായി അടിച്ചമര്‍ത്തുക.

3. പെണ്‍ കുട്ടികളോടും സ്ത്രീകളോടും മാന്യമായി പെരുമാറണം എന്ന ശീലം ആണ്‍കുട്ടികളില്‍ വളര്‍ത്താന്‍, എല്ലാ അമ്മമാരും അച്ഛന്മാരും നിര്‍ബന്ധമായും ശ്രമിക്കുക.

4. പെണ്‍കുട്ടികള്‍ ഒരാപത്തില്‍ പെട്ടാല്‍ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് അവര്‍ക്ക് സ്കൂള്‍ ക്ലാസുകളില്‍ തന്നെ നിര്‍ദേശം കൊടുക്കുക.

5. തന്റെ സഹപാഠിയായ ഒരു പെണ്‍ കുട്ടി അപകടത്തില്‍ പെട്ടതു ശ്രദ്ധയില്‍ പെട്ടാല്‍ അവളെ എങ്ങനെ സഹായിക്കണം എന്ന് ആണ്‍ കുട്ടികള്‍ക്കും പറഞ്ഞു കൊടുക്കുക/പഠിപ്പിക്കുക.

6. പുരുഷന്മാര്‍ ആണത്തത്തോടെ പ്രതികരിക്കാന്‍ തയ്യാറാവുക. സമൂഹത്തിലെ ഏതൊരു സ്ത്രീക്കു വേണ്ടിയും താന്‍ ഉയര്‍ത്തുന്ന ശബ്ദം, തന്റെ തന്നെ സഹോദരിക്കോ, അമ്മയ്ക്കോ, ഭാര്യയ്ക്കോ വേണ്ടി മറ്റൊരാള്‍ ഉയര്‍ത്തുന്നതാണെന്ന ബോധ്യം ഭൂരിപക്ഷം ആണുങ്ങള്‍ക്കെങ്കിലും ഉണ്ടാവണം.

ഇവിടെ വിവരിച്ചവയില്‍ റെയില്‍ വേയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ റെയില്‍വേ അധികാരികളെ അറിയിക്കുന്നതാണ്. പാസഞ്ചേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ അതും ചെയ്യാം.

നിര്‍ദേശങ്ങള്‍ ഇനിയും ഉണ്ടെകില്‍ അവയും ചേര്‍ക്കാം.