അവരും പറക്കട്ടെ!

മുരളി തുമ്മാരുകുടി (Muralee Thummarukudy)എഴുതുന്നു

ബോംബെയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്ത് അനവധി ബന്ധുക്കളും സുഹൃത്തുക്കളും വിദേശത്തേക്ക് പോകുന്നതിന് മുൻപും വിദേശത്തു നിന്നും വരുന്ന വഴിക്കും എൻറെയടുത്ത് വന്നു താമസിച്ചിരുന്ന കഥ ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പതിനഞ്ചു മിനുട്ട് ദൂരത്തിലായിരുന്നു എന്റെ വീട്. അതുകൊണ്ട് ആളുകളെ വിമാനത്താവളത്തിൽ പോയി സ്വീകരിക്കുന്നതും യാത്രയാക്കുന്നതും എളുപ്പവുമായിരുന്നു.

അന്ന് ഞാൻ ഇന്ത്യക്ക് പുറത്ത് ഒരിക്കൽ പോലും യാത്ര ചെയ്തിട്ടില്ല. ഓരോ തവണയും വിമാനത്താവളത്തിൽ ആരെയെങ്കിലും യാത്രയാക്കിയിട്ട് വരുന്പോഴെല്ലാം ഞാൻ വിദേശത്ത് പോകുന്നതിനെപ്പറ്റി ചിന്തിക്കും. ചില രാത്രികളിൽ സ്വപ്നം കാണുക കൂടി ചെയ്യും. അന്ന് കൂടെ വന്നു താമസിച്ചവരാരും തന്നെ “മുരളി ഒരിക്കൽ ഞങ്ങളെ സന്ദർശിക്കുന്നോ?” എന്ന് ചോദിച്ചില്ല. ഭാഗ്യത്തിന് ഞാനും ഒരിക്കൽ വിമാനം കയറി നാടുകടന്നു. ഇന്നും തുടരുന്ന പ്രവാസം.

ആദ്യത്തെ വിദേശയാത്ര കഴിഞ്ഞിട്ട് ഇപ്പോൾ ഇരുപത്തിയഞ്ച് വർഷമായി. എങ്കിലും വിദേശ യാത്ര ചെയ്യാൻ പറ്റാതിരുന്ന കാലത്തെ നിരാശ ഇപ്പോഴും ഞാൻ ഓർക്കുന്നതുകൊണ്ട് ഏറ്റവും കൂടുതൽ ആളുകളെ വിദേശത്ത് എത്തിക്കാൻ ഞാൻ പുറത്തു പോയ അന്ന് തൊട്ട് ശ്രമിക്കുന്നുണ്ട്. ഏറെ ബന്ധുക്കളും, കൂട്ടുകാരും, എന്നെ വിമാനത്താവളത്തിൽ വിളിക്കാൻ വരുന്ന ടാക്സി ഓടിക്കുന്ന ബേബി ചേട്ടനും, എനിക്ക് വിദേശ യാത്രക്ക് ടിക്കറ്റ് ശരിയാക്കിത്തന്ന ട്രാവൽ ഏജന്റും ആദ്യമായി വിദേശയാത്ര ചെയ്‍തത് എൻറെ പ്രേരണയാലും നിർബന്ധത്താലുമാണ്.

ഓരോ തവണ കൊച്ചി എയർപോർട്ടിൽക്കൂടി കടന്നു പോരുന്പോഴും ഞാൻ ഓർക്കുന്ന ഒരു കാര്യമുണ്ട്. അവിടെ ജോലിചെയ്യുന്ന നൂറു കണക്കിന് ആളുകളുണ്ട്. ടോയ്‌ലറ്റ് ക്ളീൻ ചെയ്യുന്നവർ മുതൽ ഡ്യൂട്ടി ഫ്രീയിൽ ജോലി ചെയ്യുന്നവർ വരെ. ഇമിഗ്രെഷനിൽ ഇരിക്കുന്ന ഓഫിസർമാർ മുതൽ ലഗേജ്‌ കൈകാര്യം ചെയ്യുന്നവർ വരെ. ഓരോ ദിവസവും അവർ വിമാനത്താവളത്തിൽ വരുന്നു, വിദേശത്തേക്ക് വരികയും പോവുകയും Image may contain: 1 personചെയ്യുന്ന ആയിരക്കണക്കിന് ആളുകളെ കാണുന്നു. അവരിൽ എത്ര പേർ വിമാനയാത്ര ചെയ്തിട്ടുണ്ടാകും?, അവരിൽ കുറേ പേർക്കെങ്കിലും വിദേശത്ത് ഒരിക്കലെങ്കിലും പോകണം എന്നുണ്ടാവില്ലേ?

വിദേശ യാത്ര ഇപ്പോൾ അത്ര ചിലവുള്ള കാര്യമൊന്നുമല്ല. മുപ്പതിനായിരം രൂപ ഉണ്ടെങ്കിൽ ശ്രീലങ്കയിലോ ദുബായിലോ സിംഗപ്പൂരോ ഒരു ചെറിയ പാക്കേജ് ടൂർ സംഘടിപ്പിക്കാം. കോടിക്കണക്കിന് ലാഭമുള്ള കൊച്ചി വിമാനത്താവളം ഓരോ വർഷവും അവിടെ ജോലി ചെയ്യുന്നവരിൽ അൻപത് പേർക്കെങ്കിലും ഇങ്ങനൊരു അവസരമുണ്ടാക്കി കൊടുക്കണം (അങ്ങനെ ഉണ്ടോ എന്നെനിക്കറിയില്ല). വേണമെങ്കിൽ അങ്ങനെ ഒരാവശ്യത്തിന് യാത്രക്കാരിൽ നിന്നും വോളണ്ടറി ആയി ഒരു ഫണ്ട് കളക്റ്റ് ചെയ്യുകയും ആകാം.

ടെൽ അവീവിലെ വിമാനത്താവളത്തിലെ ഒരു ടിപ്പ് ബോക്സ് കണ്ടപ്പോൾ ഓർമ്മ വന്നത്..

മുരളി തുമ്മാരുകുടി

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.