ഒരു ബന്ധുവീട് സന്ദര്‍ശിച്ചതിന് ശേഷം ബസ്സില്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു അയാള്‍. പെട്ടെന്നു, തടാകം ഒന്നു കണ്ടുപോയാലോ എന്നൊരാഗ്രഹം. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കപ്പുറമാണ്. ഓണം വെക്കേഷന് വീട്ടിലെത്തിയതാണ് കക്ഷി. തരം കിട്ടുമ്പോഴൊക്കെ തടാകം സന്ദര്‍ശിക്കുന്നത് അയാളുടെ ഒരു മോഹമായിരുന്നു. ഇന്നത്തെപ്പോലെ ആളും ബഹളവുമൊന്നും അന്നുണ്ടായിരുന്നില്ല. ശാന്ത സുന്ദരമായ പ്രകൃതിയുടെ മടിത്തട്ടില്‍ പക്ഷികളുടെ കലപില ശബ്ദം കേട്ടു കുഞ്ഞോളങ്ങളുമായി തടാകം സന്ദര്‍ശകരെ കാത്തു കിടന്നു. തടാകത്തിന് ചുറ്റുമുള്ള റോഡ് ആ അടുത്തകാലത്താണ് മൂന്നു മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്തത്. ഒറ്റക്കും തെറ്റക്കും വരുന്ന സന്ദര്‍ശകര്‍ മടുപ്പിക്കുന്ന ഏകാന്തത അകറ്റാന്‍ ഉറക്കെ വര്‍ത്തമാനം പറഞ്ഞു തടാകത്തിന് ചുറ്റും നടന്നു മടങ്ങിപ്പോയി.
അയാള്‍ ചെല്ലുമ്പോള്‍ സമയം മൂന്നു മണി കഴിഞ്ഞു. സന്ദര്‍ശകര്‍ ആരുമില്ല. തടാകക്കരയിലെ മരത്തിന്‍റെ ചോട്ടില്‍ കുറച്ചു നേരം ഇരുന്നു. പക്ഷികളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. പതുക്കെ എഴുന്നേറ്റ് തടാകത്തിന്‍റെ ചുറ്റുമുള്ള റോഡില്‍ കൂടി അലസമായി നടന്നു. രണ്ടു കിലോമീറ്ററില്‍ കൂടുതല്‍ നീളമുണ്ട് റോഡിന്. നടന്നു നടന്നു, ഉപേക്ഷിക്കപ്പെട്ട ശ്മശാനത്തിന്‍റെ അടുത്തെത്തിയപ്പോള്‍ അയാള്‍ നിന്നു. വെള്ളക്കാരുടെ പേരുകള്‍ കൊത്തിയ ഫലകങ്ങള്‍ വായിച്ചു കുറച്ചു സമയം കളഞ്ഞു. അടുത്തുള്ള സിമെന്‍റ് ബഞ്ചില്‍ ഇരുന്നു അല്‍പ്പം വിശ്രമിച്ചു. വീണ്ടും നടന്നു. പക്ഷികളുടെ ശബ്ദം വേര്‍തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. പലതരം പക്ഷികളുടെ ശബ്ദങ്ങള്‍ കൂടിക്കലര്‍ന്നു ഒരു കോറസ് ആയി മാറിയിരുന്നു. പെട്ടെന്നു ചീവീടുകളും ആ സമൂഹഗാനത്തിന്‍റെ ഭാഗമായി. നാലു മണി ആയിട്ടേയുള്ളൂ. പക്ഷേ ഏകാന്തതയുടെ ആഴം കൂടിയത് പോലെ. അയാള്‍ അലസ്സ ഗമനം മതിയാക്കി, അല്‍പ്പം വേഗം നടക്കാന്‍ തുടങ്ങി.
പെട്ടെന്നു തടാകക്കരയിലെ കാഴ്ച അയാളെ അത്ഭുത പരതന്ത്രനാക്കി. മരത്തിന്‍റെ ചോട്ടില്‍ ഒരു ദേവത. സ്വര്‍ണത്തലമുടിയും ചെമപ്പ് കലര്‍ന്ന വെള്ള നിറവുമുള്ള ഒരു വനദേവത. ചില പെയിന്‍റിങ്ങുകളില്‍ കാണുന്നത് പോലെ ആ മാലാഖ പൂര്‍ണ്ണ നഗ്ന്നയായിരുന്നു. ഒരു നിമിഷം അയാള്‍ കണ്ണുകള്‍ അടച്ചു തുറന്നു. സ്വപ്നമല്ല. ആ മാലാഖ അവിടെത്തന്നെയുണ്ട്. വെറുതെ തടാകത്തിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു ദേവത. അയാള്‍ പതുക്കെ മുന്നോട്ട് നടന്നു. ജീവിതത്തിലാദ്യമായി ഒരു വനദേവതയെ കണ്ടതിന്‍റെ സന്ത്രാസത്തിലായിരുന്നു ആ ചെറുപ്പക്കാരന്‍. അടുത്തയിടെ അയാള്‍ കൂടുതല്‍ കൂടുതല്‍ നിരീശ്വരവാദിയായി മാറിക്കൊണ്ടിരിക്കയായിരുന്നു. ഇതിപ്പോള്‍ അയാളുടെ യുക്തി വാദങ്ങളൊക്കെ തകിടം മറിക്കുന്ന കാഴ്ചയായിപ്പോയി. അയാള്‍ അല്‍പ്പം തിരക്കിട്ട് നടന്നു. പെട്ടെന്നു ആ ദേവത അയാളെ കണ്ടു. അയാള്‍ ഒന്നു ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ വനദേവത പ്രതികരിച്ചില്ല. പതുക്കെ നടന്നു തടാകത്തില്‍ നിന്നു വെള്ളം പുറത്തേക്ക് ഒഴുകുന്ന തോട്ടിലെക്കിറങ്ങി, അവിടെ ഉള്ള കലുങ്കിന്‍റെ അടിയിലേക്ക് കയറിപ്പോയി. പോകരുതേ എന്നുവിളിച്ച് പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷേ ആ ഉദ്വോഗത്തില്‍ അയാളുടെ നാക്ക് ചലിച്ചില്ല.
അയാള്‍ ആകെ നിരാശനായി. വിലപ്പെട്ടതെന്തൊ നഷ്ടപ്പെട്ടത് പോലെ ഒരു തോന്നല്‍. ചെറുപ്പക്കാരന്‍ ആ പരിസരം ആകെ തിരഞ്ഞു. കലുങ്കിന്റെ അടിയില്‍ വരെ നോക്കി. ഇല്ല വനദേവത ഒരിടത്തുമില്ല. തന്റെ അടക്കമില്ലായ്മയാണ് ദേവത പോകാന്‍ കാരണമെന്നു അയാള്‍ക്ക് തോന്നി. അയാള്‍ മരത്തിന്റെ ചുവട്ടില്‍ വെറുതെ ഇരുന്നു. എവിടെ നിന്നോ ഒരു ശബ്ദം കേട്ടു തുടങ്ങി. ഉടുക്ക് കൊട്ടുന്നതുപോലെ. ആദ്യം വനദേവത. പിന്നീട് ഉടുക്ക് കൊട്ടുന്ന ശബ്ദം. ചെറുപ്പക്കാരന് ഭയമായി തുടങ്ങി. പക്ഷേ അയാളുടെ ജിജ്ഞാസ ഭയത്തെ അതിജീവിച്ചു എന്നു പറയാം. ഉടുക്കിന്റെ ശബ്ദം കേട്ട ദിക്ക് തിരഞ്ഞു അയാള്‍ നടക്കാന്‍ തുടങ്ങി. തടാകത്തിന്റെ ഒരു വശത്തുള്ള കുന്നിന്‍ മുകളില്‍ നിന്നാണ് ശബ്ദം വരുന്നത്. ആരോ ലയിച്ചു കൊട്ടുന്നത് പോലെ. ചെറുപ്പക്കാരന്‍ ആ ഭാഗത്തേക്ക് നടന്നു. കാട്ടില്‍ രണ്ടു വശവും മരക്കൊമ്പുകള്‍ കൊണ്ട് അതിരിട്ട ഒരു ഒറ്റയടിപ്പാത കുന്നിന്‍ മുകളിലേക്കു പോകുന്നു. ഒന്നു സംശയിച്ചെങ്കിലും ധൈര്യം സംഭരിച്ചു അയാള്‍ മുകളിലേക്കു കയറാന്‍ തുടങ്ങി. വളഞ്ഞു തിരിഞ്ഞു പോകുന്ന വഴിയിലൂടെ ഒരു ഇരുന്നൂറടി കയറിക്കാണും, പെട്ടെന്നു ഉടുക്കിന്റെ ശബ്ദം നിലച്ചു. കിളികളുടെയും ചീവീടുകളുടെയും ശബ്ദവും പെട്ടെന്നു നിലച്ചത് പോലെ. അയാളാകെ പരിഭ്രമിച്ചു. ആരോ തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും ഉടന്‍ ആക്രമിക്കപ്പെട്ടേക്കാമെന്നും ചെറുപ്പക്കാരന് തോന്നി. യാത്ര മുറിച്ച് അവിടെ ഇറങ്ങാന്‍ തോന്നിയ നിമിഷത്തെ അയാള്‍ ശപിച്ചു. പുറകോട്ടു നടക്കാനും ധൈര്യം വന്നില്ല. എന്താണ് ചെയ്യേണ്ടത് എന്നു തീരുമാനിക്കാന്‍ ആകാതെ നിന്ന നിമിഷത്തില്‍ വീണ്ടും ഉടുക്കിന്റെ ശബ്ദം. നെറ്റിയില്‍ അടിഞ്ഞ വിയര്‍പ്പ് തുടച്ചു കളഞ്ഞു അയാളൊന്നു ചിരിച്ചു. വീണ്ടും മുന്നോട്ട് നടക്കാന്‍ തുടങ്ങി.
അതിര് കെട്ടിത്തിരിച്ച വഴിയിലൂടെയുള്ള നടത്തം പുല്ലുമേഞ്ഞ ഒരു കുടിലിന്റെ മുന്നിലെത്തിച്ചു. ഭിത്തികളില്ലാത്ത കുടിലിന്റെ തറ ചാണകം മെഴുകിയതാണ്. അവിടെ പഴുത്തു തുടങ്ങിയ വലിയ കപ്പളങ്ങകള്‍ (പപ്പായ) .മൂന്നു നാലു ശൂലങ്ങള്‍ തറയില്‍ കുത്തി നിര്‍ത്തിയിട്ടുണ്ട്. മനുഷ്യര്‍ ആരെയും കണ്ടില്ല. കുറച്ചപ്പുറത്ത് നിന്നു ഉടുക്കിന്റെ ശബ്ദം തുടര്‍ന്ന് കേള്‍ക്കാം. വേലികെട്ടിയ വഴിയിലൂടെ അയാള്‍ മുന്നോട്ട് പോയി. വീണ്ടും പുല്ലുമേഞ്ഞ ഒരു വീട്. മണ്‍കട്ട കൊണ്ട് ഭിത്തി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. വീടിന്റെ വരാന്തയില്‍ ഇരുന്നു ഒരാള്‍ എല്ലാം മറന്നു ഉടുക്ക് കൊട്ടുന്നു. മുപ്പത്തഞ്ചു വയസ്സു തോന്നിക്കുന്ന ഒരു സായിപ്പ്. ഭിത്തിയില്‍ വരച്ചു കഴിഞ്ഞ കുറച്ചു പെയിന്റിങ്ങുകള്‍. എല്ലാം പ്രകൃതി ദൃശ്യങ്ങളാണ്. വരാന്തയില്‍ സ്റ്റാണ്ടില്‍ വരച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രം. ചെറുപ്പക്കാരന്‍ ഒന്നും മിണ്ടാനാകാതെ ഒരു നിമിഷം അങ്ങിനെ നിന്നു. പെട്ടെന്നു അപരിചിതന്റെ സാന്നിദ്ധ്യം ചിത്രകാരനറിഞ്ഞു. വെടിപൊട്ടുന്ന പോലെ രണ്ടു ചോദ്യങ്ങള്‍ ചെറുപ്പക്കാരന്റെ നെഞ്ചില്‍ തറച്ചു.
“who are you, what do you want”?.
അയാള്‍ വിക്കി വിക്കി കാര്യങ്ങള്‍ പറഞ്ഞു. ഇത് വഴി വന്നപ്പോള്‍ തടാകം കാണാന്‍ എത്തിയതാണ്. ഇവിടെ ഒരു ചിത്രകാരന്‍ താമസിക്കുന്നു എന്നു കേട്ടിരുന്നു. ഉടുക്ക് കൊട്ടുന്നത് കേട്ടപ്പോള്‍ ജിജ്ഞാസ കൊണ്ട് കയറി വന്നതാണ്. (വനദേവതയെ കണ്ടകാര്യം മിണ്ടിയില്ല). ചിത്രകാരന്‍ കുറച്ചു നേരം ചെറുപ്പക്കാരനോട് സംസാരിച്ചു. അയാളും ഭാര്യയുമാണ് അവിടെ താമസം. മനുഷ്യരില്‍ നിന്നും അകന്നു പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി ഈ തടാക പരിസരത്ത് താമസിക്കുകയാണ്. ചെറുപ്പക്കാരന്‍ ആ തറയിലിരുന്നു സായിപ്പിന്റെ സംസാരം ശ്രദ്ധിച്ചു. യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപക ജോലി ഉപേക്ഷിച്ചു പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുകയാണദ്ദേഹം. തന്റെ ചിത്രങ്ങള്‍ വിറ്റു കിട്ടുന്ന തുകയാണ് വരുമാനം. പഴങ്ങളും പച്ചക്കറികളുമാണ് പ്രധാന ആഹാരം.
സായിപ്പിനോട് യാത്രപറഞ്ഞു തിരിച്ചു നടക്കുമ്പോള്‍ ചെറുപ്പക്കാരന്‍ ചുറ്റും നോക്കി. വനദേവത അവിടെ എവിടെയെങ്കിലും ഉണ്ടോ…………