കാട്ടിൽ ഉള്ള കടുവകളുടെ എണ്ണം എടുക്കുന്നത് എങ്ങനെ ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
കടുവ കാട്ടിലൂടെ നടക്കുമ്പോൾ നനവുളള മണ്ണിൽ അതിന്റെ കാല്പാട് പതിയുന്നു. ഒരു കടുവയുടെ കാല്പാട് മറ്റൊന്നിന്റേതിൽ നിന്നും തിരിച്ചറിയത്തക്കവണ്ണം ഭിന്നമായിരിക്കും. പാദത്തിന്റെ വലുപ്പം, വിരലിന്റെ ആകൃതി എന്നിവയിൽ ഉളള വ്യത്യാസം പ്രകടമായിരിക്കും. വെള്ളം കുടിക്കാനും, ഇര തേടാനും സഞ്ചരിക്കുന്ന വഴികളിൽ കാണാനിടയുളള കാല്പാട് നോക്കി കടുവയുടെ സാന്നിദ്ധ്യം അനുമാനിക്കാം. കാല്പാടിന്റെ നീളം, വീതി, വിരലുകളുടെയും ഉളളംകാലിൻറയും നീളം എന്നിവ അളന്ന് നിശ്ചയിക്കാവുന്നതാണ്.
‘പ്ലാസ്റ്റർ ഓഫ് പാരീസ്’ ഉപയോഗിച്ച് കാല്പാടുകളുടെ തനി രൂപം തന്നെ ഉണ്ടാക്കാവുന്നതുമാണ്. ഇങ്ങനെ ഒരു കടുവയുടെ കാലടിയുടെ അളവും അത് മണ്ണിൽ പതിഞ്ഞ വ്യക്തമായ രൂപവും കിട്ടിക്കഴിഞ്ഞാൽ മറ്റു കടുവകളുടെതുമായി താരതമ്യം ചെയ്യാവുന്നതാണ്. ഈ പഠനം അവയുടെ വ്യത്യാസങ്ങൾ എടുത്തു കാണിക്കും.ഒറ്റയ്ക്ക് ജീവിക്കുന്ന കടുവയെ ഇണചേരുന്ന അവസരത്തിൽ മാത്രമെ ഇണയായി (ആണും, പെണ്ണും ഒപ്പമായി) കാണുകയുളളു.
അല്ലാത്ത അവസരങ്ങളിൽ ഉദ്ദേശം 40 ചതുരശ്രകിലോമീറ്ററോളം വിസ്തൃതിയുളള വനാന്തരങ്ങളിൽ ഒറ്റയ്ക്ക് ഇരതേടി നടക്കുന്നു. അവ സാധാരണയായി മറ്റൊന്നിന്റെ വാസസ്ഥലത്തേക്കു അതിക്രമി ക്കാറില്ല. ഒരു കടുവ ആധിപത്യം സ്ഥാപിച്ചിടത്ത് മറ്റൊരു കടുവ ഇരതേടി വന്നുപെട്ടാൽ ഉടൻ തന്നെ അവിടെ നിന്നു മാറിപ്പോവും. ഇണചേരുമ്പോഴും, കുഞ്ഞുങ്ങൾ കൂടെയുള്ളപ്പോഴും മാത്രമെ അവയെ ഒരിടത്ത് കാണുകയുളളു
ഇക്കാരണത്താൽ ഒരു കടുവ ഒരിടത്തു ഉളളതായി മനസ്സിലായാൽ അവിടെ രണ്ടാമതൊന്ന് ഉണ്ടാവാനിടയില്ല.ആൺ കടുവയുടെയും,പെൺകടുവയുടെയും കാലടിപ്പാടുകൾ തമ്മിലും, ഒന്നിന്റെ തന്നെ മുന്നിലെയും, പിന്നിലെയും കാല്പാടുകൾ തമ്മിലും പ്രകടമായ വ്യത്യാസം ഉണ്ടാവും.മുന്നിലേത് വലുതും, പിന്നിലേക്ക് ചെറുതുമായിരിക്കും. നടക്കുമ്പോൾ പിൻകാലടികൾ മുൻപാദങ്ങൾ വെച്ചിടത്തു തന്നെ വെയ്ക്കാനിടയുള്ളതുകൊണ്ട് മുൻകാലടികൾ വ്യക്തമായി മണ്ണിൽ കാണില്ല.
അതുകൊണ്ട് പിൻപാദങ്ങളുടെ അടയാളമാണ് സംഖ്യാനിർണ്ണയത്തിനുപയോഗിക്കുക. ആൺകടുവകളുടെ പാദങ്ങൾ നീളവും ,വീതിയും അളന്നുനോക്കിയാൽ ഏതാണ്ട് തുല്യമായും പെൺകടുവകളുടേത് നീളം കൂടുതലായും കാണാം. അതിനാൽ ആൺകടുവയുടെ കാലടി സമചതുരത്തിലും, പെൺകടുവയുടെ കാലടി ദീർഘചതുരത്തിലും ഉള്ള ചട്ടക്കൂട്ടിൽ ഒതുങ്ങി നിൽക്കുന്നതായി കാണാം.