ആൽബർട്ട് ഐൻസ്റ്റീന് പ്രിയപ്പെട്ട നാല് ഇന്ത്യക്കാർ ആരൊക്കെയായിരുന്നു ?

579

എഴുതിയത്  : രജീഷ് പാലവിള (Rejeesh Palavila)

ആൽബർട്ട് ഐൻസ്റ്റീന് പ്രിയപ്പെട്ട നാല് ഇന്ത്യക്കാർ ആരൊക്കെയായിരുന്നു ?

ശാസ്ത്രലോകത്ത് എല്ലാക്കാലവും ഓർക്കപ്പെടുന്ന നാമധേയമാണ് ആൽബർട്ട് ഐൻസ്റ്റീൻ.ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തിന് നൽകിയ ചരിത്രപരമായ വ്യാഖ്യാനത്തിലൂടെ അനേകം സമസ്യകൾ പരിഹരിച്ച് ആധുനിക ഭൗതിക ശാസ്ത്രത്തിന് പുതിയ മാനങ്ങൾ നൽകിയ പ്രതിഭാധനനായ  മഹാശാസ്ത്രകാരൻ.ലോകംകണ്ട ഏറ്റവും വിനാശകരമായ മഹായുദ്ധത്തിന്റെ Image result for albert einsteinഭീകരമുഖമായ  ആറ്റംബോംബിന്റെ നിർമ്മാണത്തിൽ താൻ നിമിത്തമായതിൽ കുറ്റബോധത്തോടെ പാശ്ചാത്തപിച്ച ആൾ.ജർമ്മനി ആറ്റംബോംബുണ്ടാക്കുമായിരുന്നുവെന്നും അത് അതിലുംവലിയ നാശങ്ങൾ സൃഷ്ടിക്കുമായിരുന്നു എന്നും പറഞ്ഞ ആൾ.അങ്ങനെ ശാസ്ത്രലോകത്തും രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലും ഐൻസ്റ്റീൻ ഇനിയുമിനിയും വായിക്കപ്പെടും.

ആൽബർട്ട് ഐൻസ്റ്റീന് ശാസ്ത്ര രംഗത്തും ശാസ്ത്രേതര രംഗത്തും പ്രിയപ്പെട്ട ഒരുപിടി ഇന്ത്യക്കാരുണ്ടായിരുന്നു. ശാസ്ത്ര രംഗത്ത് സത്യേന്ദ്ര നാഥ്‌ ബോസ് ആയിരുന്നെങ്കിൽ മറ്റു രംഗത്ത് ടാഗോറും ഗാന്ധിയും നെഹ്‌റുവുമായിരുന്നു.ഗാന്ധി ഒഴിച്ച് മറ്റു മൂന്നുപേരും ഐൻസ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയവരാണ്.

(1)സത്യേന്ദ്ര നാഥ്‌ ബോസ് എന്ന ജീനിയസ്സിനെ ലോകം അറിഞ്ഞത് ഐൻസ്റ്റീന്ലൂടെയായിരുന്നു.ഒരു ശാസ്ത്ര വിദ്യാർത്ഥിയുടെ ചേതോവികാരത്തോടെ ബോസ് ഐൻസ്റ്റീന് അയച്ചുകൊടുത്ത ‘പ്ലാങ്ക്സ് നിയമവും പ്രകാശ കണികാ പരികല്പനയും’ (Planck’s Law and the Hypothesis of Light Quanta) എന്ന പ്രബന്ധം കൗതുകത്തോടെ വിലയിരുത്തുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കി ജർമ്മൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര ജേർണലിൽ Image result for satyendra nath boseബോസ്സിന്റെ പേരിൽ പ്രസിദ്ധീകരിച്ചതുംകൊണ്ടാണ് ബോസ്സിനെ ഐൻസ്റ്റീൻ സ്വീകരിക്കുന്നത്.ക്വാണ്ടം ഫിസിസ്‌കിൽ നിർണ്ണായകമായ അനേകം കണ്ടുപിടുത്തങ്ങൾക്ക് വഴിവെച്ച വിഖ്യാതമായ  ‘ബോസ്-ഐൻസ്റ്റീൻ’ സമവാക്യം സത്യേന്ദ്ര നാഥ്‌ ബോസും ആൽബർട്ട് ഐൻസ്റ്റീനും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെയും സംയുക്ത ശാസ്ത്രപരീക്ഷണങ്ങളുടേയും എല്ലാക്കാലത്തേയും ഓർമ്മയാണ്.നോബൽ സമ്മാനത്തിന് അർഹനായിരുന്നിട്ടും ബോസ്സ് തഴയപ്പെട്ടത് മറ്റൊരു ചരിത്രം.എങ്കിലും സത്യേന്ദ്ര നാഥ്‌ ബോസ് എന്ന പ്രതിഭയുടെ അനശ്വരനാമം ശാസ്ത്രമുള്ളിടത്തോളം ഓർക്കപ്പെടും.അതിന് വഴിത്തിരിവായത് ആൽബർട്ട് ഐൻസ്റ്റീൻ ആയിരുന്നുവെന്നത് ഇന്ത്യയ്ക്ക് മറക്കാനാവില്ല.

(2)1930ൽ ജൂലൈ 14ന് ജർമ്മനിയിലെ ബെർലിനിൽ ഐൻസ്റ്റീന്റെ വീട്ടിൽ വച്ചാണ് ടാഗോർ അദ്ദേഹത്തെ ആദ്യമായി കണ്ടത്.’ശാസ്ത്രം മതം മാനവികത’ തുടങ്ങിയ വിവിധവിഷയങ്ങളിൽ അവർ Image result for tagoreനടത്തിയ ചരിത്രപരമായ സംഭാഷണം  എക്കാലത്തും പ്രസക്തമാണ്.ടാഗോറിന്റെ കാഴ്ചപ്പാടുകളും വിശ്വമാനവിക ബോധവും  ഐൻസ്റ്റീനെ ആകർഷിച്ചിരുന്നു.അവസാനകാലം വരെ കത്തിടപാടുകളിലൂടെ ആ ആത്മബന്ധം തുടരുകയും ചെയ്തു.ടീച്ചർ എന്നർത്ഥം വരുന്ന ‘റാബ്ബി’ (Rabbi) എന്നായിരുന്നു ഐൻസ്റ്റീൻ ടാഗോറിനെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്.

 

(3)ഐൻസ്റ്റീന് എക്കാലത്തും പ്രിയങ്കരനായ മറ്റൊരു ഇന്ത്യൻ നേതാവ് ഗാന്ധിജി ആയിരുന്നു.അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ തന്റെ മുറിയിൽ മൈക്കിൾ ഫാരഡെയുടേയും  ജയിംസ് ക്ലർക്ക് മാസ്ക്വെല്ലിന്റെയും ചിത്രങ്ങൾക്കൊപ്പം ഗാന്ധിയുടെ ചിത്രവും  ഐൻസ്റ്റീൻ സൂക്ഷിച്ചിരുന്നു.ഗാന്ധിയെ നേരിട്ട് കാണാനുള്ള ആഗ്രഹം ഐൻസ്റ്റീൻ പ്രകടിപ്പിക്കുകയും ഗാന്ധി തന്റെ ആശ്രമത്തിലേക്ക് ഐൻസ്റ്റീനെ ക്ഷണിക്കുകയും ചെയ്തിരുന്നു.എന്നാൽ ആ കൂടിക്കാഴ്ച നടക്കാതെപോയി.നാസികളുടെ ജൂതവേട്ടകളും  രണ്ടാം Image result for gandhijiലോകമഹായുദ്ധത്തിന്റെ മനുഷ്യക്കുരുതികളും തീർത്ത യുദ്ധവിമുഖതയിലും സങ്കടത്തിലും ഗാന്ധിയുടെ സമാധാന സമരങ്ങളും അക്രമരാഹിത്യ സിദ്ധാന്തങ്ങളും  ഐൻസ്റ്റീനെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.മജ്ജയും മാംസവുമായി ഇങ്ങനെയൊരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിച്ചേക്കില്ലെന്ന് ഗാന്ധിയെക്കുറിച്ച് അദ്ദേഹം ഓർമ്മിച്ചു.ഗാന്ധിയുടെ സത്യാഗ്രഹ സമരത്തെയും അക്രമരാഹിത്യത്തെയും കുറിച്ച് ഐൻസ്റ്റീൻ പറഞ്ഞ പ്രസക്തമായ ഒരു വാചകമുണ്ട്.സത്യാഗ്രഹം പ്രായോഗികമായി വിജയിക്കാൻ ഇടയുള്ളത് പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണെന്നും നാസികളുടെ മുന്നിൽ അത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.വംശവെറി,ദേശീയത തുടങ്ങിയ നാസിസത്തിന്റെ പല ലക്ഷണങ്ങളും പേറുന്ന ഇന്ത്യയിലെ ഹിന്ദുത്വവാദികൾ ഗാന്ധിയുടെ നെഞ്ച് തുളച്ച് ഐൻസ്റ്റീൻ പറഞ്ഞത്  സത്യമാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു!’സത്യാഗ്രഹം’ വിജയിക്കുന്നത് കുറച്ചൊക്കെ മാന്യത കാണിക്കാൻ ഇടയുള്ള  ശത്രുവിന്റെ മുന്നിൽ മാത്രമാണെന്ന് ലോകത്തിന് അങ്ങനെ വ്യക്തമായി!

(4)തന്റെ സുഹൃത്തായിരുന്ന ബെർട്രൻഡ് റസ്സലിനെപ്പോലെ ഐൻസ്റ്റീനും നെഹ്രുവിന്റെ സുഹൃത്തായിരുന്നു. ഹിറ്റ്ലറുടെ  ജൂതവേട്ട ഭയന്ന  ഐൻസ്റ്റീൻ  ഇന്ത്യയിൽ അഭയം തേടാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ നെഹ്രുവിനും ഐൻസ്റ്റീനുമിടയിൽ  ഇസ്രായേൽ-പലസ്‌തീൻ വിഷയത്തിൽ ഉണ്ടായിരുന്ന വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകൾ അതിനു തടസ്സമായി എന്നുമൊരു അഭ്യൂഹമുണ്ട്.ജൂതരാഷ്ട്രം ആഗ്രഹിച്ചിരുന്ന  ഐൻസ്റ്റീനെ പലസ്‌തീൻ അനുകൂല നിലപാട് എടുത്തിരുന്ന നെഹ്‌റു ഇന്ത്യയിലേക്ക് ക്ഷണിച്ചില്ല എന്നാണ് കഥകൾ.നെഹ്‌റുവിരുദ്ധന്മാർ അതിന് Image result for nehruകൂടുതൽ പ്രചരണം ഇക്കാലത്ത് നടത്തുന്നുണ്ട്.അതിൽ പലതും വാസ്തവ വിരുദ്ധമാണ്.നെഹ്‌റു എക്കാലവും ഐൻസ്റ്റീന്റെ നല്ല സുഹൃത്തായിരുന്നു.ഇന്ത്യയിൽ അഭയം തേടാനുള്ള ഐൻസ്റ്റീന്റെ ആഗ്രഹത്തെ നെഹ്‌റു തടയുമെന്നത് വിശ്വസനീയമല്ല. അമേരിക്കയിലെ പ്രിസ്റ്റൺ സർവ്വകലാശാലയിൽ നെഹ്‌റു കുടുംബസമേതം ഐൻസ്റ്റീനെ സന്ദര്ശിക്കുകയും സൗഹൃദ സംഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.അയിത്തത്തെ ഭരണഘടനാവിരുദ്ധമാക്കിയ  ‘ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതി’യുടെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ഐൻസ്റ്റീൻ നെഹ്‌റുവിന് എഴുതിയ കത്തിൽ ഇസ്രായേൽ പലസ്തീൻ വിഷയത്തിൽ പലസ്തിനിലേക്കുള്ള ജൂതന്മാരുടെ സ്വതന്ത്ര കുടിയേറ്റത്തെ സംബന്ധിച്ച് ഇന്ത്യയുടെ പിന്തുണ തേടാൻ ശ്രമിക്കുന്നുണ്ട്.ആ വിഷയത്തിൽ നെഹ്‌റുവിന്റെ മറുപടി ‘ചേരി ചേരാ നയ’ത്തോടെയാണെന്നത് വ്യക്തമാക്കുന്നതാണ്.ഏതെങ്കിലും ഒരു വിഭാഗത്തെ നെഹ്‌റു തള്ളിക്കളയാൻ ആഗ്രഹിച്ചില്ല.

ജൂതന്മാരും അറബ് ജനതയും സമാധാനപരമായ കരാറുകൾ ഉണ്ടാക്കണം എന്നാണ് നെഹ്‌റു ആവശ്യപ്പെട്ടത്.വംശീയതയുടെ എല്ലാ വിധ രാഷ്ട്രീയത്തെയും ഖണ്ഡിച്ചുകൊണ്ടാണ് നെഹ്‌റു ഐൻസ്റ്റീന് മറുപടി പറയുന്നത്.സ്വാതന്ത്ര്യനന്തര ഭാരതത്തിൽ കലുഷിതമായ ആഭ്യന്തര പ്രശ്നങ്ങളിൽ വീണുകിടക്കുന്ന ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വിഷയങ്ങളിൽ സമയോചിതമായി ഇടപെടാനുള്ള പരിമിതികളെ കുറിച്ചും നെഹ്‌റു ഐൻസ്റ്റീനെ ധരിപ്പിക്കുന്നുണ്ട്.ഇവരുടെ കാര്യത്തിൽ വ്യാഖ്യാതാക്കൾ രണ്ടുപേരെയും ലോകത്തിനുമുന്നിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്നതാണ് ദുഃഖകരമായ യാഥാർത്ഥ്യം.

അനുബന്ധം:ഭൗതിക ശാസ്ത്രകാരനും നോബൽ സമ്മാനജേതാവുമായ സി.വി.രാമൻ  ഇന്ത്യൻ ഇൻസ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IIS)ഡയറക്റ്ററായിരിക്കുമ്പോൾ വിദേശികളായ ശാസ്ത്രകാരൻമാർക്കും  മറ്റുരാജ്യങ്ങളിലേക്ക് അഭയം തേടാൻ ആഗ്രഹിച്ച  ജൂതശാസ്ത്രകാരന്മാർക്കും പ്രവർത്തിക്കാൻ അവസരം ഉണ്ടാക്കാൻ പരിശ്രമിച്ചിരുന്നു.എന്നാൽ അദ്ദേഹം ആഗ്രഹിച്ചപോലെ അത് ഫലം കാണാതെപോയി. അതിൽ അദ്ദേഹം നിരാശനായിരുന്നു എന്ന് വായിച്ചിട്ടുണ്ട്.മറ്റൊന്ന് തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സർ.സി.പി രാമസ്വാമി ഐൻസ്റ്റീനെ തിരുവിതാംകൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയിലേക്ക് അന്നത്തെ ആറായിരം രൂപ ശമ്പളത്തിൽ നിയമിക്കാൻ ആഗ്രഹിച്ചിരുന്നതായി പറയപ്പെടുന്നു.അതിനുവേണ്ടി രാജാവുമായി നടത്തിയ ചില കത്തുകൾ അതിന്റെ തെളിവായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.

രജീഷ് പാലവിള

15/09/2019