“മുസ്ലിമല്ലേ നീ..ഇത് ഹിന്ദുരാജ്യമാണ്…മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നവർക്കു ജീവിക്കാൻ വേറെ രാജ്യങ്ങൾ ഉണ്ട്…സമീപ ഭാവിയിൽ തന്നെ നിങ്ങളൊക്കെ ഇവിടെ നിന്നുപോകേണ്ടിവരും”

0
204

Fousia Kalapatt

ഞാൻ പഠിച്ചിരുന്ന കാലഘട്ടങ്ങളിൽ അതായത് ഒരു തൊണ്ണൂറുകളിലോക്കെ വളരെ സൗഹാർദപരമായ അന്തരീക്ഷമായിരുന്നു ഇന്നത്തെ അപേക്ഷിച്ചു ഉണ്ടായിരുന്നത് എന്നാണ് അനുഭവം.

ജാതിയും മതവുമൊന്നും സൗഹൃങ്ങളെ ബാധിച്ചിരുന്നില്ല .അവരവരുടെ വിശ്വാസങ്ങളിൽ നിന്നുകൊണ്ട് മറ്റുമതങ്ങളെയും സ്നേഹിച്ചരുന്നവരായിരുന്നു ചുറ്റുമുള്ളവരെല്ലാവരും തന്നെ…മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ എറണാകുളത്തപ്പനെ തൊഴാനും കലൂർപള്ളിയിൽ മുട്ടിപ്പായി നിന്ന് ആർദ്ര സംഗീതം കേട്ടുകൊണ്ട് പ്രാർത്ഥിക്കാനും കഴിഞ്ഞിട്ടുണ്ട് ..പല അമ്പലങ്ങളിലും കൂട്ടുകാർ എന്നെയും കൂട്ടും .അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്നെഴുതിയത് കണ്ടാൽ ബാഗിൽ നിന്ന് പൊട്ട് എടുത്തു കുത്തിത്തന്ന് എന്നെയും ഹിന്ദുവാക്കും..അവരേക്കാളൊക്കെ ആചാരങ്ങൾ പാലിച്ചു ഞാൻ ഒരു ശക്തിയെ മനസ്സിൽ ധ്യാനിച്ച് ആ അന്തരീക്ഷം നന്നായി വിനിയോഗിച്ചു പ്രാർത്ഥിക്കും .അപ്പോൾ കിട്ടുന്ന പോസിറ്റിവ് എനര്ജി കുറെ ദിവസങ്ങൾ കൂടെയും കാണും ..

നാളെ നമുക്ക് അമ്പലത്തിൽ പോകാം നീ നേരത്തെ എത്തണം എന്ന് കൂട്ടുകാരികൾ പറഞ്ഞാൽ തലേദിവസം മുതൽ ഞാൻ സസ്യാഹാരിയായി, രാവിലെ കുളിച്ചു ശുദ്ധിയായി കൂട്ടുകാരികൾക്കൊപ്പം അമ്പലത്തിലേക്ക് പോകും.തൊഴാൻ നിൽകുമ്പോൾ പ്രതിഷ്ഠയുടെ നേരെ തന്നെ നില്കാതെ ലേശം ഒന്ന് ചരിഞ്ഞു നിന്ന് യാചിക്കാൻ നില്കും പോലെ കൈകൾ പിടിക്കണം എന്നൊക്കെ അവർക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട് ..സ്വന്തം മതത്തിൽ നിന്ന് ലഭിക്കാത്ത പല അറിവുകളും എന്നിൽ നിന്നറിഞ്ഞു അവരെന്നെ ചേർത്തുപിടിച്ചു സന്തോഷം അറിയിച്ചിട്ടുണ്ട് ..എല്ലാ മതത്തിലും പറയുന്നത് ഒന്നുതന്നെയാണെന്നു മനസ്സിലാക്കി എല്ലാമതങ്ങളെയും ആരാധനാലയങ്ങളെയും ബഹുമാനിക്കാനും സ്നേഹിക്കാനും അറിയുന്ന ഒരു കുടുംബമാണ് കൂടെ ഉള്ളതും എന്ന് അഭിമാനത്തോടെ പറയട്ടെ..

ഇന്ന് നമ്മുടെ നാട്ടിലെ വർഗീയ വിദ്വേഷം ദിനംപ്രതി കൂടിവരുന്ന കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു..മുൻപൊന്നും ഇല്ലാതിരുന്ന വെറുപ്പുളവാക്കുന്ന ഒരു എത്തിനോട്ടം നമുക്കിടയിൽ വ്യാപാരിക്കുന്നുണ്ട്. ഒരു വ്യക്തി തന്റെ മാനസികമായ സന്തോഷത്തിന് വേണ്ടി കൂട്ടുകാർക്കൊപ്പം ഒരു കല്യാണത്തിനോ മറ്റേതെങ്കിലും ചടങ്ങുകളിലോ പങ്കെടുക്കുമ്പോൾ അവരിലൊരാളായി മാറി അവരുടെ ആചാരങ്ങളിൽ ,അനുഷ്ടാനങ്ങളിൽ പങ്കുകൊള്ളുന്നതിൽ എന്താണ് തെറ്റ് ?ചില ദിവസങ്ങളിൽ മനസ്സ് പറയുമ്പോൾ അടുത്തുള്ള അമ്പലത്തിന്റെ അന്തരീക്ഷത്തിൽ മനസ്സിനെ സ്വസ്ഥമാക്കാൻ ശ്രമിക്കാറുണ്ട് ഞാൻ .. പ്രകൃതിയെ വല്ലാതെ പ്രണയിക്കുമ്പോൾ സർപ്പക്കാവുകളിൽ ആ പ്രണയത്തെ അറിയാൻ പോകാറുണ്ട്…അവിടെ മറഞ്ഞിരിക്കുന്ന സർപ്പങ്ങളെ ആരാധനയോടെ കാണാൻ ശ്രമിക്കാറുണ്ട്…സർപ്പപ്രതിഷ്ടകളിൽ വല്ലാത്തൊരിഷ്ടത്തോടെ നോക്കിനിക്കാറുണ്ട്.

ഒരു ആരാധനാലയങ്ങളിലും ഞാൻ വഴിപാടോ കാശോ കൊടുക്കാറില്ല.അന്നദാനം ആണ് ഏറ്റവും വലിയ പുണ്യം എന്ന്‌ വിശ്വസിക്കുന്നത് കൊണ്ടും, ദൈവങ്ങളെ കാശെറിഞ്ഞല്ല മനസ്സ് നന്നാക്കിയാണ് അനുഗ്രഹം നേടാൻ സാധിക്കു എന്ന് ചെറുപ്പത്തിലെ പറഞ്ഞു തന്ന അറിവും അതിനു കാരണമായിട്ടുണ്ടാകും.ഓരോആരാധനാലയങ്ങളെയും ബഹുമാനത്തോടെ കണ്ട് മനുഷ്യനായി ജീവിക്കാൻ ഓരോരുത്തരും തെയ്യാറാകുന്ന ഒരു മനസ്സുണ്ടാക്കിയെടുത്താൽ ഒരു വർഗീയതക്കും നമ്മുടെ സംസ്കാരത്തെ മതസൗഹാർദത്തെ തോൽപ്പിക്കാനാവില്ല.ഒരസുഖം വന്നാൽ തീരുന്ന ഈഗോ പ്രശ്നങ്ങളാണ് ഇവിടെ ഉള്ളു …സ്വജാതിയല്ലാത്തോണ്ട് നിങ്ങളുടെ അവയവം എന്റെ ജീവൻ രക്ഷിക്കാൻ സ്വീകരിക്കില്ല എന്നു ഒരാളും പറഞ്ഞു കേട്ടിട്ടില്ല..

എന്റെ ഒരു കൂട്ടുകാരിയിൽ ഈ അടുത്തുണ്ടായ മാറ്റം എന്നെ അത്ഭുതപ്പെടുത്തി .വർഗീയ ചെകുത്താൻ വീശിയ വലയിൽ ക്കുടുങ്ങി എന്നോട് അകൽച്ച സൂക്ഷിക്കാൻ തുടങ്ങിയപ്പോൾ ഒരുദിവസം ഞാനവളോട് തുറന്നു ചോദിച്ചു എന്താണീ അകൽച്ചക്ക് കാരണം എന്ന് ..മുസ്ലിമല്ലേ നീ ..ഇത് ഹിന്ദുരാജ്യമാണ് ..മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നവർക്കു ജീവിക്കാൻ വേറെ രാജ്യങ്ങൾ ഉണ്ട് ..സമീപ ഭാവിയിൽ തന്നെ നിങ്ങളൊക്കെ ഇവിടെ നിന്നുപോകേണ്ടിവരും ..എന്തായാലും അകലേണ്ടി വരും. നേരത്തെ ആയിക്കോട്ടെ.. എന്നായിരുന്നു മറുപടി … ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരുസൗഹൃദത്തിനു പോലും സംഭവിച്ച അപച്യുതി.. അത്രയ്ക്കാണ് വളർച്ച ആ മനസ്സിനുള്ളൂ എന്ന് കരുതി ആശ്വസിച്ചു. ചിലരെ പറഞ്ഞു മനസ്സിലാക്കാനും പ്രയാസമാണ്.. ജാതി മത താര രാഷ്ട്രിയ തിമിരം ബാധിച്ചവർക്ക് ചികിത്സ ബുദ്ധിമുട്ടാണ്. അവർ നല്ല കേൾവിക്കാരുമാകാറില്ല.

എല്ലാവേദ ഗ്രന്ഥങ്ങൾക്കും സ്ഥാനമുള്ള എന്റെ വീട്ടിലിരുന്ന് അഭിമാനത്തോടെ തന്നെ പറയാൻ പറ്റും ഞാൻ മതസ്നേഹിയല്ല മനുഷ്യസ്നേഹിയാണെന്ന് എല്ലാമതങ്ങളെയും ബഹുമാനിക്കുന്നവളാണെന്ന് മതത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, രാഷ്ട്രീയത്തിന്റെ പേരിൽ, താരാരാധനയുടെ പേരിൽ ഒരു ബന്ധങ്ങളെയും അകറ്റിയിട്ടില്ല എന്ന് .

NB:അവൻ അല്ലെങ്കിൽ അവൾ ആ ജാതിയിൽപെട്ടതാ, ആ സൗഹൃദം സൂക്ഷിക്കണം എന്നൊന്നും പറഞ്ഞ് ഒരു പാട് സ്നേഹം കാണിക്കാനും എന്റെ സുരക്ഷിതത്വം ഓർത്ത് വ്യാകുലപ്പെടാനും ആരും വരണ്ട.. വേണ്ടാത്തോണ്ടാ…