100% കുറ്റവാളിയായതുകൊണ്ടാണ് ഫ്രാങ്കോ വിചാരണയെ ഭയപ്പെടുന്നതെന്ന് ഇനിയുമാർക്കാണ് മനസ്സിലാകാത്തത് ?

81

Francis Jose

ഒരു ബിഷപ്പിനെതിരെ അതീവ ഗുരുതരമായ കുറ്റാരോപണങ്ങൾ ഉയർന്നപ്പോൾ ഒരു സമൂഹം മുഴുവനുമാണ് അപമാനിതരായത്. അദ്ദേഹം നിരപരാധിയാണെന്നും വിശുദ്ധനാണെന്നുമൊക്കെ വിളിച്ചു കൂവുന്ന സഭയുടെ നേതൃത്വത്തിന് അദ്ദേഹത്തെപ്പോലെ തന്നെ ഇതിലെ നിരപരാധിത്വം വിശ്വാസികളുടെ മുമ്പിൽ വ്യക്തമാക്കി തരുവാനുള്ള ബാദ്ധ്യതയിൽ നിന്ന് എങ്ങിനെ ഒഴിഞ്ഞു മാറാൻ സാധിക്കും.?

100% കുറ്റവാളിയായതുകൊണ്ടാണ് ഫ്രാങ്കോ വിചാരണയെ ഭയപ്പെടുന്നതെന്ന് ഇനിയുമാർക്കാണ് മനസ്സിലാകാത്തത്.? ഇത് പതിനാലാം തവണയാണ് വിചാരണയ്ക്കെത്തണമെന്ന കോടതി നിർദ്ദേശത്തിൽ നിന്നും അദ്ദേഹം ഒഴിവായി നില്ക്കുന്നത്. ഒരു സമൂഹത്തെ മുഴുവൻ അപമാനിതരാക്കിക്കൊണ്ട് ആ സമൂഹത്തിൻ്റെ തന്നെ മുതൽ മുടക്കിൽ കള്ളക്കളികൾക്ക് കരുക്കൾ നീക്കുന്ന അജപാലക വേഷമിട്ട ചെന്നായയെ ഇനിയും സഭാനേതൃത്വത്തിന് മനസ്സിലായിട്ടില്ലെന്നാണോ..!

അതോ വിശ്വാസി സമൂഹത്തെ വെറും കഴുതക്കൂട്ടമായാണോ ഇതിൻ്റെ നേതൃത്വം പരിഗണിച്ചിരിക്കുന്നത്..?ഈ മാന്യ ദേഹത്തിൻ്റെ വിടുതൽ ഹർജികൾ കോട്ടയം അഡീഷണൽ സെക്ഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിക്കളഞ്ഞതൊന്നും തലപ്പത്തിരിക്കുന്നവർ അറിഞ്ഞിട്ടില്ലയോ.?വിചാരണ നടത്താൻ തക്കതായ തെളിവുകളുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

ക്രിസ്തുവിൻ്റെ മാനവികദർശനങ്ങൾക്ക് എന്നും അപവാദവും തടസ്സവും ഇത്തരം വെള്ളയടിച്ച കുഴിമാടങ്ങൾ തന്നെയായിരുന്നു. ഇയാളെപ്പോലുള്ളവരുടെ രക്ഷയ്ക്കായി തിരി കത്തിച്ച് പ്രാർത്ഥിച്ചും, കൈമുത്തിയും അധികാരത്തിൻ്റെ പൊളപ്പിൽ പിശാചുക്കളായി മാറിയിട്ടുള്ളവരെ വിശുദ്ധരായി പ്രഖ്യാപിച്ചുമൊക്കെ സഭയെ കളങ്കപ്പെടുത്തി നാശത്തിലേയ്ക്ക് തള്ളിവിടുന്നത് ഇതിൻ്റെ നേതൃത്വം തന്നെയാണെന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യം.

ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത് ഫ്രാങ്കോയെ നിരപരാധിയെന്ന് ചിത്രീകരിക്കുന്നവർ അത് തെളിയിക്കുന്നതിന് ഭരണകൂടവുമായി സഹകരിക്കുക, അല്ലെങ്കിൽ.. അതായത് തെളിയിക്കാൻ നിരപരാധിത്വമൊന്നുമില്ല എന്നാണെങ്കിൽ ഇനിയും പാവം വിശ്വാസികളെ വിഡ്ഢികളാക്കി കുരങ്ങുകളിപ്പിക്കാതെ എത്രയും വേഗം സഭയ്ക്ക് കളങ്കമേല്പ്പിക്കുന്ന ഇത്തരം കപട ജന്മങ്ങളെ പുറത്താക്കി സഭയുടെ വിശുദ്ധി സംരക്ഷിക്കുക.