കൃപാസനം നുണകൾ ഒരു തുടർകഥ!

917

Francis Joy എഴുതുന്നു 

മിസ്റ്റർ വി പി ജോസഫ് വലിയവീട്ടിൽ, രോഗികളുടെയും, സാമ്പത്തീക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെയും, മാനസീകാവസ്ഥയെ ചൂഷണം ചെയ്ത്, അവരുടെ അറിവില്ലായ്മയും, വിശ്വാസവും മുതലാക്കി മതം വിൽക്കുന്ന താങ്കൾ ഒരു ഫ്രോഡാണെന്ന് ആദ്യമേ തോന്നിയിരുന്നു, ഒരു നുണയനാണെന്നുകൂടി നിങ്ങൾ തന്നെ തെളിയിച്ചു. അതിനുള്ള ആദ്യ തെളിവ്: രോഗ സൗഖ്യത്തിനും, ഉദ്ദിഷ്ട ഭൗതിക കാര്യ സാധ്യതക്കുംവേണ്ടി കൃപാസനം പത്രം വിശ്വാസികൾ കീറിത്തിന്നുന്ന കാര്യം നവ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് വരെ നിങ്ങൾ അറിഞ്ഞിരുന്നില്ല എന്ന വലിയ നുണയാണ്.

കേരളത്തിലെ യുക്തിവാദികളുടെ നിരന്തരമായ ഇടപെടൽ മൂലമാണ് ഇതുവരെ നിങ്ങൾ തുടർന്നുകൊണ്ടിരുന്ന ‘പത്രം തീറ്റിക്കൽ’ നവ മാധ്യമങ്ങളിൽ ഇപ്പോൾ ഒരു ചർച്ചാ വിഷയമായതുതന്നെ; അതിൽ എനിക്കും വ്യക്തിപരമായ പങ്കുണ്ട്. താങ്കൾക്കെതിരെ കേരള യുക്തിവാദ സംഘം പ്രതിക്ഷേധവുമായി മുന്നോട്ടു പോകുന്ന അവസരത്തിൽ താങ്കളുടെ ഒരു ഏറ്റുപറച്ചിൽ വീഡിയോ കാണാൻ ഇടയായി. കുറ്റസമ്മതം നടത്തിയത് അംഗീകരിച്ചുകൊണ്ട്തന്നെ തുറന്നു പറയട്ടെ: ദയനീയം!

🔴 അത്ഭുത സാക്ഷ്യം

വരുന്നവർ എന്താണ് പറയാൻ പോകുന്നതെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല എന്ന നുണപറയാൻ നിങ്ങൾക്കാവില്ല; കാരണം: നിങളുടെ ഓഫീസിൽ, നിങ്ങളുടെ തന്നെ മുൻകൂട്ടിയുള്ള നിർദ്ദേശങ്ങൾ പ്രകാരം, നിങ്ങൾതന്നെ നിയമിച്ചിട്ടുള്ളവരുടെ അടുത്തുപോയി സാക്ഷ്യം എഴുതിക്കൊടുത്ത് പേരെഴുതി ഒപ്പിട്ടതിനു ശേഷമാണ് ഓരോ സാക്ഷ്യവും പറയുന്നത്. അവയിൽ തിരഞ്ഞെടുത്തവ മാത്രമേ നിങ്ങൾ ചീഫ് എഡിറ്ററായ കൃപാസനം പത്രം പ്രസിദ്ധീകരിക്കുന്നത്. അപ്പോഴും, ഏതൊക്കെ സാക്ഷ്യങ്ങളാണ് പ്രസിദ്ധീകരിക്കേണ്ടതെന്ന് നിങ്ങളുടെ നിർദേശപ്രകാരം തീരുമാനിക്കുന്ന ഒരു പാനൽ ഉണ്ടെന്ന് നിസംശ്ശയം പറയാം. അതായത് കൃപാസനം പത്രം കഴിക്കുകയും, പത്രത്തിൽ കിടന്നത് കൊണ്ടും, പത്രം ദേഹത്ത് വച്ച് പ്രാർത്ഥിച്ചത് കൊണ്ടും, സൗഖ്യം നേടുന്നു, പത്രം ഉപയോഗിച്ച് പക്ഷി മൃഗാതികളെ നിയന്ത്രിക്കുന്നു എന്നൊക്കെയുള്ള അവകാശ വാദങ്ങൾ പ്രസിദ്ധീകരിച്ച് പോരുന്നത് നിങ്ങളുടെ തന്നെ നിർദ്ദേശ പ്രകാരമാണ്, അറിവോടെയാണ്
എന്ന് സമ്മതിക്കേണ്ടി വരും.

🔴 “ഞാനൊരു വിഡ്ഡിയാണ്, പത്താം ക്ലാസിൽ എനിക്ക് നല്ല മാർക്ക് ഇല്ലായിരുന്നു. എല്ലാം ദൈവ കൃപയാലാണ് നടന്നു പോകുന്നത്.” അമൃതാനന്ദമയി, മുതൽ ഇന്ത്യയിലെ ആൾ ദൈവങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പറയണോ? ഗോമൂത്രവും, മുഹമ്മദ് നബിയുടെ മുടിയിൽ മുക്കിയ വെള്ളവും ഔഷധമായി വിൽക്കുന്നതും ഈ നാട്ടിൽ തന്നെയാണ്. ആത്മീയ കച്ചവടം നടത്തി വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കാൻവേണ്ടത് വിദ്യാഭ്യാസ യോഗ്യതയല്ല; ഉളുപ്പില്ലായ്മയും, വക്രതയും, കുറ്റബോധമില്ലായ്മയും മാത്രം മതി; അതിന് ഒരു ദൈവത്തിന്റെയും ആവശ്യമില്ല.

16 മിനിറ്റോളം സംസാരിച്ചതിൽ വിശ്വസിക്കത്തക്ക ഒന്നും തന്നെ എനിക്ക് കാണാൻ കഴിഞ്ഞില്ല.
താൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ദൈവ തീരുമാനത്താലും, പ്രബോധനത്താലും, മേലധ്യക്ഷൻമ്മാരുടെ നിയന്ത്രണത്തിലുമാണെന്ന് കുഞ്ഞാടുകളെ വിശ്വസിപ്പിക്കാൻ, നുണ പറഞ്ഞു ഫലിപ്പിക്കാൻ ചിലർ ഉപയോഗിക്കുന്ന തന്ത്രം താൻ ഇവിടെയും പയറ്റി. നിർദോഷകരമെന്നു തോന്നും വിധം കേൾവിക്കാരെ വിശ്വസിപ്പിക്കാനായി താൻ മുന്നോട്ടുവച്ച ആ തിയതിതന്നെ തനിക്ക് വിനയായി. ഒഴിവാക്കാമായിരുന്ന ആ തിയതിയാണ് എന്നെ സംശയിപ്പിച്ചത്.

🔴 “2018 മെയ് 12 ന് മെത്രാൻ വിളിച്ചു പറഞ്ഞു, അതിനുശേഷം പത്രം കഴിച്ചും, പത്രത്തിൽ കിടന്നും, പത്രം ദേഹത്ത് വച്ചും ലഭിക്കുന്ന അത്ഭുതങ്ങൾ ഒന്നുംതന്നെ പത്രത്തിൽ റിപ്പോർട് ചെയ്തിട്ടില്ല.” പല ഭാഷകളിലും കൃപാസനം പത്രം ഇറക്കുന്നതുകൊണ്ട് അത്‌ പരിശോധിക്കുന്നതിന് കഴിഞ്ഞില്ല. അങ്ങനെ ഒരു വാദം ശരിയാക്കാനും വഴിയില്ല. കാരണം മേൽപ്പറഞ്ഞ തിയതിക്കു ശേഷം പത്രം കഴിച്ച് രോഗശാന്തി നേടിയതും, പാത്രത്തിൽ കിടന്നും, പത്രം ദേഹത്ത് കെട്ടിവച്ചും ഉദ്ധിഷ്ഠകാര്യ ലബ്ധി നേടിയ സാക്ഷ്യങ്ങൾ കൃപാസനത്തിൽ പറയുകയുണ്ടായി. അതൊന്നും തനിക്കു ഓർമ്മയില്ലെങ്കിലും വിഡിയോകൾ ഇപ്പോഴും ഇന്റർനെറ്റിൽ ലഭ്യമാണ് മിസ്റ്റർ ജോസഫ്; പത്രത്തിൽ അടിച്ചില്ലെങ്കിലും സാക്ഷ്യം പറയുന്നുണ്ടല്ലോ. (ഈ പറഞ്ഞ തിയതിക്ക് ശേഷമുള്ള ഒരെണ്ണം വിഡിയോയിൽ കാണാം)

🔴 വിശ്വാസവും പ്രാർത്ഥനയും

വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നത് എന്തും ലഭിക്കുമെന്ന് ബൈബിൾ പറയുന്നു:
“ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വർഗസ്ഥനായ പിതാവ് നിറവേറ്റിത്തരും.” (Matthew 18:19) ഇത് വെറും വെള്ളത്തിൽ വരച്ച വരെപോലെയാണ്. പ്രാർത്ഥന ഫലിക്കില്ല. ചില ഉദാഹരണങ്ങൾ പറയാം.

▶️ – ജോൺ പോൾ രണ്ടാമൻ
27 വർഷത്തോളം മാർപാപ്പയായിരുന്നു. ഓരോ ദിവസവും ആഗോള കത്തോലിക്കാ സഭയിൽ അർപ്പിക്കപ്പെടുന്ന ഓരോ കുർബാനയിലും ഏറ്റവും കൂടുതൽ മനുഷ്യർ ചേർന്ന് പ്രത്യേകം പേരെടുത്ത് പറഞ്ഞ് പ്രാർത്ഥിക്കുന്ന ഏക വ്യക്തിയാണ് മാർപാപ്പ. എന്നിട്ടും, അവസാനത്തെ 5 വർഷത്തിൽ കൂടുതൽ കാലം, മരിക്കുന്നതു വരെ, പാർക്കിൻസൺസ് രോഗിയായിരുന്നു. ലോകത്തിൽ ഏറ്റവും കൂടുത്തൽ ആളുകൾ പ്രാർത്ഥിച്ചിട്ടും ഫലമുണ്ടായില്ല എന്ന് സാരം.

▶️ – ജോർജ്ജ് ആലഞ്ചേരി
50 ലക്ഷത്തിൽ പരം അംഗങ്ങളുള്ള സീറോമലബാർ സഭയുടെ മേലധ്യക്ഷൻ. ഈ സഭയിൽ അർപ്പിക്കുന്ന
ഓരോ കുർബാനയിലും പ്രത്യേകം പേരെടുത്ത് പറഞ്ഞ് ടിയാനുവേണ്ടി പ്രാർത്ഥിക്കുന്നു. എന്നിട്ടും 2017ൽ ഒരു പ്രാർത്ഥനയും ഫലിക്കാതെ എറണാകുളം ലിസി ആശുപത്രിയിൽ ആൻ‌ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നു. പ്രാർത്ഥിച്ചു മാറ്റാൻ ഒരു ധ്യാന കേന്ദ്രത്തിലും പോയില്ല, കൃപാസനം പത്രം വാങ്ങി വച്ചില്ല, അല്ലെങ്കിൽ വച്ചിട്ട്‌ ഫലിച്ചില്ല.

▶️ – മാത്യു ഇലവുങ്കൽ
കൃപാസനം പോലെ തന്നെ എല്ലാ രോഗങ്ങളും പ്രാർത്ഥിച്ചു മാറ്റുന്ന ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രം മുൻ ഡയറക്റ്റർ മിസ്റ്റർ മാത്യു ഇലവുങ്കൽ കഴിഞ്ഞ മാസമായിരുന്നു ഒരു മേജർ ഓപ്പറേഷൻ ചെയ്തത്. കഴിഞ്ഞ പ്രളയ കാലത്ത് രക്ഷിക്കാൻ വേണ്ടി ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതതും ഈ ധ്യാനകേന്ദ്രത്തിൽ നിന്ന് തന്നെയല്ലേ? പ്രാർത്ഥന ഗോവിന്ദ!

▶️ – ജോസഫ് കൊല്ലംപറമ്പിൽ 
ജഗദൽപൂർ രൂപതയിലെ മെത്രാൻ ജോസഫ് കൊല്ലംപറമ്പിൽ  സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീ ജെയ്‌സ് മരിച്ചത് കഴിഞ്ഞ ആഴ്ചയിലായിരുന്നു. ഇവർ ആരും പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ ആയിരുന്നില്ലേ?

▶️ – കഴിഞ്ഞ ഒരു വർഷക്കാലം കേരള കത്തോലിക്കാ സഭയിലെ എത്ര വൈദീക വിദ്യാർത്ഥികളും, വൈദീകരും, സന്ന്യാസിനികളും അകാലത്തിൽ രോഗങ്ങളാൽ മരിച്ചിട്ടുണ്ടെന്ന് നോക്കുക! എന്തുകൊണ്ട് അവരുടെയൊന്നും പ്രാർത്ഥന ഫലിച്ചില്ല?

🔶 – അത്ഭുതം
1000 പേർ തങ്ങളുടെ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ 10 പേർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറാൻ സാധ്യതയുണ്ട് (Probability) ആ സാദ്യതയെയാണ് അത്ഭുതമെന്ന് പറഞ്ഞ് നിങ്ങൾ ചൂഷണം ചെയ്യുന്നത് മിസ്റ്റർ ജോസഫ്.

🔴 വിശ്വാസം തെളിയിക്കാമോ?
മിസ്റ്റർ ജോസഫ് വലിയവീട്ടിൽ, നിങ്ങൾ കൃപാസനത്തിൽ നിന്നും വെഞ്ചിരിച്ച് നൽകുന്ന: തേൻ, ഉപ്പ്, എണ്ണ (ഉടമ്പടി തൈലം), കൃപാസനം പത്രം, കാശുരൂപം ഇവക്കൊക്കെ അത്ഭുതം ചെയ്യാനുള്ള കഴിവുണ്ടെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ, അടുത്ത നാല് ചൊവ്വാഴ്ചകളിൽ നിങ്ങളുടെ വിശ്വാസം തെളിയിക്കാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് ഇതാണ്.
1️⃣ -4° തണുപ്പുള്ള ഒരു ഐസ്ക്രീം എടുത്ത് വെഞ്ചിരിച്ച ഉപ്പും, തേനും, എണ്ണയും, കാശുരൂപവും ചേർത്ത് കൃപാസനം പാത്രത്തിൽ പൊതിഞ്ഞ് അൾത്താരയിൽ രാവിലെ 9 മുതൽ വൈകുന്നേരം കൃപാസനത്തിലെ പരിപാടികൾ കഴിയുന്നത് വരെ വക്കണം. പരിപാടി കഴിയുമ്പോൾ രാവിലത്തെ -4° തണുപ്പ് തന്നെ ആ ഐസ്ക്രീമിന് ഉണ്ടെങ്കിൽ ആ അത്ഭുതം അംഗീകരിച്ച് ഇനിയുള്ള കാലമെല്ലാം യാതൊരു ലാഭേച്ഛയും കൂടാതെ കൃപാസനത്തിൽ പ്രേഷിത വേല ചെയ്യാമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.

2️⃣ – എന്റ്റെ പ്രൊഫൈൽ ഫോട്ടോ കൃപാസനം പത്രത്തിൽ പൊതിഞ്ഞ്, അൾത്താരയിൽ വച്ച് എന്റ്റെ പേര് പറഞ്ഞ് മാനസാന്തരത്തിനായി പ്രാർത്ഥിക്കുകയും, അങ്ങനെ ഞാൻ മാനസാന്തരപ്പെട്ടാൽ കേരളത്തിലെ മുഴുവൻ യുക്തി / നിരീശ്വര വാദികളെ മാനസാന്തരപ്പെടുത്തി കൃപാസനത്തിൽ കൊണ്ടുവരാമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.

മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങൾ താങ്കൾ ഏറ്റെടുക്കുന്നതിന് വേണ്ടി കൃപാസനം മാതാവിന്റെ ചിത്രം എന്റ്റെ പ്രൊഫൈലിൽ (Temporary) ഒട്ടിക്കുന്ന.

നബി: ഇത് അറിഞ്ഞില്ല ആരും പറഞ്ഞില്ല എന്ന സ്ഥിരം പല്ലവി ആവർത്തിക്കാതിരിക്കാൻ, ഈ പോസ്റ്റിന്റെ ലിങ്ക് താങ്കളുടെ ഫേസ് ബുക്ക് പേജിൽ മെസ്സേജായി അയക്കുന്നു!

ഭാവുകങ്ങളോടെ….

Previous articleസൗഹൃദങ്ങൾ
Next articleഇന്ത്യയുടെ ആദ്യ ആഡംബര ക്രൂയിസ് കപ്പല്‍ – കർണ്ണിക (വീഡിയോ)
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.