world
ഇസ്രയേലിൽ ഇപ്പൊ നടക്കുന്നത് എത്നിക്ക് ക്ളെൻസിങ്ങ് ആണ് !
ഇസ്രയേലിൽ ഇപ്പൊ നടക്കുന്നത് എത്നിക്ക് ക്ളെൻസിങ്ങ് ആണു, വംശീയത ആണു എന്ന് മനസിലാക്കാൻ ഒരുപാട് ബുദ്ധിയൊന്നും വേണ്ട. 1948-ലെ യുദ്ധത്തിൻ്റെ സമയത്ത് ഒരുപാട് പലസ്തീനികൾ പലായനം ചെയ്തു. അന്ന് ജോർദ്ദാൻ്റെ
121 total views

ഇസ്രയേലിൽ ഇപ്പൊ നടക്കുന്നത് എത്നിക്ക് ക്ളെൻസിങ്ങ് ആണു, വംശീയത ആണു എന്ന് മനസിലാക്കാൻ ഒരുപാട് ബുദ്ധിയൊന്നും വേണ്ട. 1948-ലെ യുദ്ധത്തിൻ്റെ സമയത്ത് ഒരുപാട് പലസ്തീനികൾ പലായനം ചെയ്തു. അന്ന് ജോർദ്ദാൻ്റെ അധീനതയിലായിരുന്ന കിഴക്കൻ ജറൂസലേമിൽ യു.എൻ. ദുരിതാശ്വാസ ഏജൻസി കുറച്ച് വീടുകൾ വെച്ചു, ആ വീടുകളിലേയ്ക്ക് പലസ്തീനിയൻ അഭയാർത്ഥി കുടുംബങ്ങളെ (1948 – 52) പാർപ്പിച്ചു. ഏകദേശം 28 കുടുംബങ്ങളുണ്ടായിരുന്നു, അവർ മക്കളും കൊച്ചുമക്കളും അങ്ങനെ പല തലമുറകളായി ഈ വീടുകളിൽ താമസിക്കുന്നു. ഓരോ വീട്ടിലും രണ്ടും മൂന്നും തലമുറകൾ.
ഇസ്രയേലിൻ്റെ (വംശ) വിവേചനപരമായ നിയമങ്ങൾ കൊണ്ട് 1948-ലെ യുദ്ധത്തിൽ പലായനം ചെയ്ത പലസ്തീനികൾക്ക് തിരിച്ച് അവരുടെ വീട്ടിലേയ്ക്ക് വരാൻ പറ്റില്ല. അങ്ങനെ പലായനം ചെയ്ത പല കുടുംബങ്ങളും ജോർദ്ദാനിലും മറ്റ് അറബ് രാജ്യങ്ങളിലും ഉണ്ട്. എൻ്റെ ഒരു അടുത്ത സുഹൃത്ത് – ഒമാർ അബ്ബാസ് – അങ്ങനെ പലസ്തീനിയൻ ജോർദ്ദാനിയനാണു. (പുള്ളിക്ക് വേറെ ഒരു കളറുള്ള ജോർദ്ദാനിയൻ പാസ്പോർട്ട് ഉണ്ട്). പുള്ളിയ്ക്ക് വെസ്റ്റ് ബാങ്കിൽ ഒലിവ് തോട്ടങ്ങളുണ്ട്, പുള്ളിയാണു മൂത്ത മകൻ, അച്ഛൻ മരിച്ചു, ഇപ്പൊ ഒരു വൃദ്ധയായ ആൻ്റി ആണു തോട്ടം നോക്കുന്നത്. എല്ലാ വർഷവും ഒലിവ് കായ്കൾ പുള്ളിയ്ക്ക് അയച്ചുകൊടുക്കും. പുള്ളിയും ഞാനും ഐ.ബി.എമ്മിൽ ആയിരുന്നു, ഇസ്രയേലിൽ ഐ.ബി.എമ്മിൻ്റെ ഒരു കോൺഫറൻസ് നടന്നു, പുള്ളി അത് അറ്റൻഡ് ചെയ്യാൻ വിസയ്ക്ക് അപേക്ഷിച്ചു, കൊടുത്തില്ല. പുള്ളിയുടെ ആൻ്റി വൃദ്ധയായി, അവർ മരിച്ചുപോയാൽ തോട്ടത്തിനു വേറെ അവകാശികളില്ല, അനാഥമാകും.
ഷെയ്ഖ് ജറായിലേയ്ക്ക് വരാം. ഇസ്രയേലിൽ കുറച്ച് വർഷമായി തീവ്ര വലതുപക്ഷം പിടിമുറുക്കുന്നു. അവർ പല കേസുകളും കൊടുത്ത് ഈ പലസ്തീനിയൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു. ഒറ്റയടിക്ക് 28 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചാൽ വലിയ ലഹളയുണ്ടാകും എന്ന് കണ്ട് ഓരോ കേസിലും 4 കുടുംബങ്ങളെ വീതമാണു കുടിയൊഴിപ്പിക്കുന്നത്. അവർക്ക് കാശ് കൊടുക്കുന്നോ വേറെ സ്ഥലം കൊടുക്കുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ ചെയ്യുന്നത് കിഴക്കൻ ജറുസലേമിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിന്ന് അറബ് വംശജരെ / മുസ്ളീങ്ങളെ ഒഴിപ്പിച്ച് അവിടെ തീവ്ര വലതുപക്ഷ ജൂതരെ താമസിപ്പിക്കലാണു. അങ്ങനെ പല ഘട്ടങ്ങളായി ഒഴിപ്പിച്ച് ഇപ്പോൾ ഈ 28 കുടുംബങ്ങളിൽ 12 കുടുംബങ്ങളേ ബാക്കിയുള്ളൂ. ഇതിൽ 4 കുടുംബങ്ങളെക്കൂടി ഒഴിപ്പിക്കാനുള്ള വിധി വരുന്ന ഞായറാഴ്ച്ച വരാനിരിക്കയായിരുന്നു. ഇതിനെതിരെ ഒരു മാസത്തിലേറെയായി പ്രതിഷേധങ്ങൾ നടക്കുന്നു.
കോടതിവിധി ഏത് ലൈനിലായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇതിനെതിരെയുള്ള പ്രതിഷേധം അൽ-അക്സ പള്ളിയിൽ നിന്നുള്ള കല്ലേറായി, വെടിവെയ്പ്പും റോക്കറ്റ് ആക്രമണങ്ങളും ബോംബിങ്ങും ആയി. ഒരുപാട് പേർ മരിക്കുന്നു. എന്നെങ്കിലും പലസ്തീൻ രാജ്യം വരികയാണെങ്കിൽ അതിൻ്റെ തലസ്ഥാനമായി വിഭാവനം ചെയ്യുന്നത് കിഴക്കൻ ജറുസലേം ആണു. അത് ഒരിക്കലും നടപ്പാകാതിരിക്കാൻ കൂടെയാണു ഇസ്രയേലിൻ്റെ ഈ നടപടികൾ. ലോകം ഇസ്രയേലിനെ അവരുടെ വംശവിവേചന നടപടികൾക്ക് അക്കൗണ്ടബിൾ ആക്കിയാൽ മാത്രമേ കുറച്ചെങ്കിലും നീതി നടപ്പാകൂ. സൗത്ത് ആഫ്രിക്കയെപ്പോലെ ഇസ്രയേൽ ഒരു അപാർഥീഡ് രാജ്യം ആവുകയാണു.
122 total views, 1 views today