മനസിൽ കാടുള്ള മൃഗത്തെ മെരുക്കാനാകില്ല

2880

പീനമാമംഗത്തിലെരിയുന്ന മാനസം തേടുന്നു ആരുണ്യശാദ്വലങ്ങള്‍
കർമ്മത്രയങ്ങളിലമരുന്നയീശ്വരരെന്‍ വിധി കാണുകയില്ലയെന്നോ
മനുഷ്യന്റെഹുങ്കോടെയെന്നെയണിയിച്ച ബന്ധനമാലയിലെന്നുമെന്നും
ചത്വരവാസത്തിലമരുന്നനേരത്തിലെന്നുള്ളിൽ കാടെന്നുംപൂത്തുനിൽക്കും

‘അതെ, മനസിൽ കാടുള്ള മൃഗത്തെ മെരുക്കാനാകില്ലെന്ന് എവിടെയോ വായിച്ചതായോർക്കുന്നു. അർത്ഥവത്തായ ഒരുപാട് തത്വശാസ്ത്രമാനങ്ങളുള്ള ആ വാചകം കേൾക്കുമ്പോൾ കവിത്വമുള്ളവരും ചിന്തകരും മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേയ്ക്കൂളിയിടുന്നു. എന്നാൽ നമ്മുടെ സമൂഹത്തിന്റെ ബാഹ്യമായ കാഴ്ചകളിൽ, ചിലപ്പോഴെങ്കിലും അങ്ങനെ മെരുങ്ങാത്ത ഒരു മൃഗം അതിന്റെ ‘തനിക്കൊണം’ പുറത്തെടുക്കുന്നുണ്ട്. ആന തന്നെയാണ് വില്ലൻ, അല്ല നായകൻ. ഭൂമിമുഴുവൻ തങ്ങൾക്കു തീറെഴുതിത്തന്നതാണെന്നു കരുതുന്ന മനുഷ്യൻ മറ്റു ജന്തുജാലങ്ങളിൽ തങ്ങളുടെ അധീശത്വം അടിച്ചേൽപ്പിക്കുമ്പോൾ അവയും പ്രതികരിക്കുന്നു. ‘അണമുട്ടിയാൽ ചേരയും കടിക്കുമല്ലോ.

പ്രകൃതി തന്റെ എല്ലാ വന്യതയും ഗാംഭീര്യവും കൊടുത്തു സൃഷ്ടിച്ച ആനയെ പുരാതനകാലംമുതൽക്കു തന്നെ മനുഷ്യൻ തടവിലാക്കി ഉപയോഗിക്കാൻ തുടങ്ങിയെന്ന് സിന്ധുനദീതട സംസ്കാരകാലത്തെ ചരിത്രരേഖകൾ പറയുന്നു. രാജാക്കന്മാരുടെ സൈന്യങ്ങളിലെ ആനപ്പട വിഖ്യാതമായിരുന്നല്ലോ. ഇന്ത്യൻ ചക്രവർത്തിമാരുടെ സൈന്യത്തിലെ ആനപ്പട പല വൈദേശികആക്രമണകാരികളെയും ഭയപ്പെടുത്തിയിരുന്നു. ആനകളുടെ എണ്ണം സൈനികശക്തിയുടെയും ഈയടുത്തകാലംവരെ സമ്പത്തിന്റെയും തറവാട്ടു മഹിമയുടെയും മാനദണ്ഡം തന്നെയായിരുന്നു.

പുരാണകഥകളിലും ഇതിഹാസങ്ങളിലും ആനകൾ യുദ്ധത്തിലും അല്ലാതെയും വന്നുപോകുന്നുണ്ട്. ആനയുടെ തലയുള്ള ഗണപതിയെ ഹിന്ദുക്കൾ ആരാധിക്കുന്നു. ഇന്ദ്രന്റെ ഐരാവതം പുരാണങ്ങളിൽ പ്രശസ്തമാണല്ലോ. മഹാഭാരതയുദ്ധത്തിൽ അശ്വത്ഥാത്മാവ് കൊല്ലപ്പെട്ടു എന്ന് ദ്രോണരെ വിശ്വസിപ്പിക്കാൻ ധർമ്മദേവനെക്കൊണ്ട് നുണപറയിച്ചു. എന്നാൽ കള്ളം പറഞ്ഞെന്നു അദ്ദേഹത്തിന് പശ്ചാത്താപം തോന്നാതിരിക്കാൻ അശ്വത്ഥാത്മാവ് എന്നുപേരിട്ട ആനയെ ഭീമൻ പ്രഹരിച്ചു കൊല്ലുകയുണ്ടായി. ദേവാസുരയുദ്ധത്തിലും ആനകൾ പങ്കെടുത്തിരുന്നു. വേറെയും രസകരമായ കഥകൾ ആനകളെക്കുറിച്ചുണ്ട്. പണ്ട് ആനകൾക്ക് നാല് കൊമ്പുകളും ചിറകുകളും ഉണ്ടായിരുന്നെന്നും ഏതോ മുനിയുടെ ശാപം കാരണമാണ് ഇപ്പോഴത്തെ രൂപമായെന്നും ഐതീഹ്യം. അതുപോലെ എട്ടുദിക്കുകളെ പരിപാലിക്കുന്ന അഷ്ടദിഗ്ഗജങ്ങൾ. ബുദ്ധമത്തിന്റെ ഒരു ചിഹ്നമായ വെളുത്ത ആന… ഇങ്ങനെ ആനപുരാണം നീണ്ടുപോകുമ്പോൾ അവയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ പഴക്കം വ്യക്തമാകുന്നു.

തിരുവമ്പാടി കുട്ടിശ്ശങ്കരൻ എന്ന ആന തന്റെ പാപ്പാനെ യമപുരിക്കയച്ച ദിവസമാണ് ഞാനീ ആർട്ടിക്കിൾ എഴുതുന്നത്. കുട്ടിശ്ശങ്കരന്റെ കുത്തേറ്റുമരിക്കുന്നത് പത്താമത്തെ പാപ്പാനാണ് എന്ന വസ്തുതയാണ് ഏറെ ഞെട്ടിക്കുന്നത്. 2004 മുതൽ ഈ ആനയെക്കൊണ്ട് നരഹത്യ ചെയ്യിക്കുന്നവർക്കു യാതൊരു കൂസലുമില്ല. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊന്നാൽ ശിക്ഷിക്കുന്ന രാജ്യത്തിൽ പത്തോളം കുടുംബങ്ങളെ അനാഥമാക്കിയ ആനയുടെ ഉടമസ്ഥർ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി അഹങ്കാരത്തിന്റെ തിടമ്പേറ്റി നിൽക്കുന്നു. മദപ്പാടുള്ളതിനാൽ എഴുന്നള്ളിപ്പിനു പങ്കെടുക്കുന്നതിൽ വനംവകുപ്പ് വിലക്കിയിരുന്ന ആനയാണ് കുട്ടിശ്ശങ്കരൻ എന്നിരിക്കെ പണത്തിനുവേണ്ടി മനുഷ്യജീവനുകളെ നിസ്സാരവത്കരിക്കുന്ന പ്രവണത മറ്റുപലതിലുമെന്നപോലെ ഇതിലും അഭംഗുരംതുടരുന്നു. ഏഷ്യൻഭൂഖണ്ഡത്തിൽ വർഷാവർഷം നൂറിലേറെ മനുഷ്യർ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു.

ആനയൊരു നാട്ടുമൃഗമല്ലെന്ന് എല്ലാർക്കും അറിയാം. അത് വന്യജീവിതന്നെയാണ്. കരയിലെ ഏറ്റവും വലിയ ജീവി. കാടിന്റെ സ്വാതന്ത്ര്യത്തിൽ ചിന്നംവിളിച്ചും ബന്ധുക്കളോടൊപ്പം മേഞ്ഞും സ്വച്ഛമായി വിഹരിക്കുന്നവർ. ആനയും മനുഷ്യനെപ്പോലെ ബന്ധുക്കൾക്കൊപ്പം ജീവിക്കാൻ ഇഷ്ടമുള്ളജീവിയാണ്. മനുഷ്യന് ഏകാന്തത എത്രമാത്രം ഭീകരമാകുന്നു. അങ്ങനെ തന്നെയാണ് ആനക്കും വാരിക്കുഴികൾ തീർത്തു ചതിയുടെയും കുടിലതയുടെയും ജനിതകഗുണങ്ങൾ കാണിക്കുന്ന മനുഷ്യർ അവയെ തടവിലാക്കി ഭേദ്യംചെയ്യുന്നു. ചങ്ങലയിലെ ഗതികേടുകൾകൊണ്ടും സ്വാതന്ത്ര്യമോഹം നിഷ്ഫലമെന്ന അറിവുള്ളതുകൊണ്ടുമാകാം അവയുടെ മെരുങ്ങൽ. അല്ലാതെ നായയെപോലെ ജനിതകത്തിൽ അടിമത്തം സൂക്ഷിച്ചു മനുഷ്യന്റെ കൂടെ ഇണങ്ങിജീവിക്കാൻ ആഗ്രഹം ഉള്ളതുകൊണ്ടൊന്നുമല്ല.

ബൃംഹണനാദം മുഴക്കുമ്പോളാക്ഷണം ദണ്ഢനമേകുന്ന ദുര്‍വിധിയില്‍
ബാഹുബലമെന്നതെന്തിനീ രൂപത്തില്‍ ഭൂഷണമൊന്നേയേകുന്നുള്ളൂ
ആരണ്യഗഹ്വരഭൂവിലെ ബാല്യം ശുഷ്കമായെങ്കിലുമോര്മ്മയുണ്ട്
നിര്ഭായമോടെയാ ബാന്ധവ്യാഘോഷങ്ങളെല്ലാമവിസ്മൃതമായിട്ടില്ല

ആനയെ മെരുക്കാൻ മനുഷ്യർ ചെയുന്ന ക്രൂരത വിവരണാതീതമാണ്. ഇടുങ്ങിയ കൂടുകളിലിട്ടു ഭേദ്യംചെയ്തും പരിക്കേൽപ്പിച്ചും പട്ടിണിക്കിട്ടും അവയെ കൊല്ലാക്കൊല ചെയ്യുന്നു. മനുഷ്യരൂപമുള്ള മനുഷ്യന്റെ ദൈവങ്ങളെ സാഷ്ടംഗം നമസ്കരിക്കാൻ അവയെ പഠിപ്പിക്കുന്നു. വിഗ്രഹങ്ങളെ പുറത്തേറ്റി താങ്ങാനാകാത്ത കൊടുംവെയിലിലും നടത്തിക്കുന്നു. കാട്ടിലെ വിഭവസമൃദ്ധമായ ആഹാരം വിലക്കപ്പെടുമ്പോൾ മനുഷ്യൻ നല്കുന്നവയിൽ അവർ സംതൃപ്തികണ്ടെത്തേണ്ടിവരുന്നു. അതുപോലെ തന്നെയാണ് ആനകളുടെ ലൈംഗികമായ തൃഷ്ണകളെ വിലങ്ങണിയിച്ചു വയ്ക്കുന്നത്. ആ തൃഷ്ണകൾ മനുഷ്യനുള്ളതുപോലെ തന്നെയാണ് മറ്റുജീവികൾക്കും എന്നോർക്കണം. നിങ്ങള്ക്ക് ആനയോടു സ്നേഹമുണ്ടെങ്കിൽ നോക്കേണ്ടത് നെറ്റിപ്പട്ടത്തിലോ കൊമ്പുകളിലോ അല്ല അവയുടെ കാലുകളിലേക്കാണ്. ചങ്ങലയുരഞ്ഞ കൊടും വൃണങ്ങളുമായി അവരനുഭവിക്കുന്ന വേദനയാണ് കാണേണ്ടത്. ചുട്ടുപൊള്ളുന്ന ടാറിട്ട റോഡിൽ നിൽക്കുമ്പോൾ കുളമ്പുകൾ ഇല്ലാത്ത അവയുടെ പാദങ്ങൾ അനുഭവിക്കുന്ന പൊള്ളലാണ് കാണേണ്ടത്. അസഹ്യമായ ഉത്സവാരവങ്ങളിൽ നിങ്ങൾ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നൃത്തംവയ്ക്കുമ്പോൾ അവയൊന്നും താങ്ങാനാകാതെ നിൽക്കുന്ന ആനകളുടെ കഷ്ടതയാണ് കാണേണ്ടത്. നിങ്ങൾ കപടസ്നേഹത്തോടെ നൽകുന്ന ഒരു കുല പഴത്തിനോ ശർക്കരയ്ക്കോ തീർക്കാനാകുന്ന പാപമല്ല ഇതൊന്നും.

അന്ധദൈവ സമക്ഷത്തിലെരിവെയിലേറ്റും മമഗാത്രമോടെയിന്നു
ബന്ധുരമാംപട്ടം ചൂടിയെന്നാലുമീയുള്ളിലെ വേദന മാഞ്ഞീടുമോ
നയനാഭിരാമമെന്നോതുന്നു ചുറ്റിനുമെന്‍ നയനങ്ങളില്‍ ഭീതിയല്ലോ,-
യുത്സവമാനസമാടിത്തിമിര്‍ക്കുമ്പോളേതിനും മൂകനാം സാക്ഷിയല്ലോ

തൃണമൊന്നുപോലുമിന്നില്ല കുളിര്‍ക്കുവാ,നാതപമാളും പാദങ്ങളി,-
ലംഗാരതുല്ല്യമാമമ്മ തന്മേനി കുളിരണിയിയ്ക്കും സ്വയമെനിയ്ക്കായി
ചാലിട്ടൊഴുകുന്നൊരശ്രുവര്‍ഷങ്ങളിലോര്‍മ്മതന്നോളം കളകളമായി
വക്ത്രം നിറയുമാ വേദന കാണുവനാകില്ല ബന്ധുരപ്പട്ടമില്ലേ

കേരളത്തിൽ മാത്രം കാണാൻ കഴിയുന്ന ഒരു പ്രത്യേക ഇനം സംഭവങ്ങളാണ് ‘ആനപ്രേമികൾ’. അതിനവർക്ക് സംഘടനതന്നെയുണ്ട്. അറിയപ്പെടുന്ന ഒരു സിനിമാനടൻ തന്നെ ആനപ്രേമത്തിന്റെ വക്താവായി പലപ്പോഴും അവതരിക്കാറുണ്ട്. എന്താണ് ഈ പ്രേമം ? ഒരു വന്യജീവിയെ അതിന്റെ സ്വാതന്ത്ര്യങ്ങളും ജീവിതവും വിലക്കി തന്റെതല്ലാത്ത നാട്ടിൽ തടവിലിടുന്നതാണോ സ്നേഹം ?.’ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിലെന്ന വരികൾ കുഞ്ഞുന്നാളിലെങ്കിലും ഇത്തരക്കാർ പഠിച്ചിട്ടുണ്ടാകില്ലേ. ആന കാട്ടിൽ എല്ലാവിധ സന്തോഷത്തോടെയും വിഹരിച്ചു നടക്കുമ്പോഴാണ് ആനപ്രേമികൾ സന്തോഷിക്കേണ്ടത്. ആനയെ കൊമ്പിനുവേണ്ടി നിഷ്ടൂരമായി കൊന്നൊടുക്കുന്ന നാട്ടിൽ അതിനെതിരെ പോരാടിയാണ് തങ്ങളുടെ ആനപ്രേമം പ്രദര്ശിപ്പിക്കേണ്ടത്.

വംശനാശത്തിന്റെ ഭീതിയിലാണ് ആനകൾ എന്ന് നമ്മളോർക്കണം. അതുകൊണ്ടുതന്നെ ദിനോസറുകളെ പോലെ ഭാവിയിൽനമുക്ക് ആനകളുടെ അസ്ഥികൂടങ്ങൾ ഉദ്ഖനിച്ചു മ്യൂസിയങ്ങളിൽ സൂക്ഷിക്കേണ്ട അവസ്ഥയുണ്ടാകും. ഭാവിതലമുറകൾ ‘അന്ധൻ ആനയെക്കണ്ടതുപോലെ’ ആനയെന്ന മൃഗത്തെ തെയ്യായി തെറ്റായി സങ്കല്പിച്ചു പഠിക്കേണ്ടിവരും. ആനകൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമെന്നുളളത് തികച്ചും വ്യാജമായ പ്രചാരണമാണ്. പല ക്ഷേത്രങ്ങളും ആനയെഴുന്നള്ളിപ്പ് ഒഴിവാക്കി രഥങ്ങളിലും മറ്റുമാക്കി . പലക്ഷേത്രങ്ങളിലും എഴുന്നള്ളത്ത് നിർത്തലാക്കി. തൃശൂർ പൂരംപോലുള്ള ഉത്സവങ്ങളിൽ നിന്നും ആനകളെ ഒഴിവാക്കണം എന്നുപറഞ്ഞപ്പോൾ ആചാരവാദികൾ വ്യാപകമായ പ്രതിഷേധം ഉയർത്തിയിരുന്നു. അല്ലെങ്കിലും ദൈവത്തിന്റെയും മനുഷ്യന്റെയും സന്തോഷത്തിനു മറ്റുജീവികൾക്കു ഇരയാകാനേ പറ്റൂ.

കാട്ടിലെ വേട്ടക്കാരേക്കാൾ നിർദ്ദയരാണ്‌ നാട്ടിലെ വേട്ടക്കാർ. ഒരുകൂട്ടർ കൊമ്പെടുക്കാൻ മസ്തകത്തിൽ ഉന്നംപിടിക്കുമ്പോൾ മറ്റൊരുകൂട്ടർ സ്വാർത്ഥതയ്ക്കു വേണ്ടി അതിന്റെ ജീവിതത്തെ കുഴിയിൽ വീഴ്ത്തുന്നു. കാട്ടിൽ ഒരു വെടിക്കു ചാകുന്നതാണ് ഭേദമെന്നു, ചിന്താശക്തിയുണ്ടെങ്കിൽ കരയിലെ ഏറ്റവുംവലിയ മൃഗം ചിന്തിച്ചുപോയേക്കാം. മഹാകവി വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മകൻ’ എന്ന വിഖ്യാതകവിത(1944) വായിക്കാത്ത മലയാളികൾ ഉണ്ടാകില്ല. മദപ്പാട് മാറുന്നതിനുമുന്നെ എഴുന്നള്ളത്തിനു നിർത്തിയ ആനയുടെ വികാരവിചാരങ്ങളിലൂടെയാണ് കവിത കടന്നുപോകുന്നത്. അതിലെ വരികൾ നമ്മെയേതെങ്കിലും പൂരപ്പറമ്പിൽ കൊണ്ട് നിർത്തിയേക്കാം. ആന ഇടയുന്നതും തളയ്ക്കുന്നതും സാധിച്ചില്ലെങ്കിൽ വെടിവച്ചുകൊല്ലുന്നതും നമ്മൾ കണ്ടിട്ടുംകേട്ടിട്ടും ഉണ്ടാകാം. വെടിയേറ്റു വീഴുന്നതിനുമുന്നെയുള്ള അതിന്റെ ചിന്തകൾ നമ്മൾ അറിയാൻ ശ്രമിച്ചിട്ടുണ്ടാകില്ല. അവിടെയാണ് ഈ ആർട്ടിക്കിളിന്റെ പേരിനെക്കുറിച്ചു കൂടുതൽ മനസിലാക്കേണ്ടത്. കാട്ടിലെ സന്തോഷങ്ങളും സ്വാതന്ത്ര്യവും പ്രണയവും സഹജീവികൾക്കൊപ്പമുള്ള ക്രീഡകളും കാടിന്റെ സ്വാഭാവികമായ കുളിർമയോടെ നാടിന്റെ ഉഷ്ണക്കലിയിൽ നിന്നുകൊണ്ട് അവനോർക്കുമ്പോൾ എങ്ങനെ മനുഷ്യനോട് ഇടയാതിരിക്കും. ലോകവേട്ടക്കാരാണ് മനുഷ്യൻ. മനുഷ്യരിലെ തന്നെ മുന്തിയ വേട്ടക്കാരൻ ക്ഷേത്രമതിലിൽ കയറി ഉന്നംപിടിച്ചു കാഞ്ചിവലിക്കുമ്പോൾ, ദ്യോവിനെ വിറപ്പിക്കുന്ന അവന്റെ നിലവിളി കേട്ടുവോ മനുഷ്യരുടെ ദൈവം? കേട്ടുകാണില്ല, എന്നാൽ പുത്രസങ്കടം കല്ലിച്ചുകിടക്കുന്ന സഹ്യന്റെ ഹൃദയം അതുകേട്ടുകാണുമെന്ന് ചോദിക്കുകയും പറയുകയും ചെയ്തുകൊണ്ട് കവിതയവസാനിപ്പിക്കുന്ന പ്രിയകവി അനുവാചകരുടെ ഹൃദയത്തിൽ ചിരന്തനമായ നീറ്റലാണ് കോരിയിടുന്നത്.
(ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-
ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!
എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര-
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ)

ആനകളോടുള്ള നമ്മുടെ ബന്ധത്തിനും സ്നേഹത്തിനും അനവധി ഉദാഹരണങ്ങൾ നിരത്താൻ സാധിച്ചേയ്ക്കാം. കേരളസംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ് ആന. കേരളസർക്കാരിന്റെ സിമ്പലും ആനയാണ്. ഇന്ത്യ ആതിഥേയത്വം വഹിച്ച രണ്ടാമത്തെ ഏഷ്യൻ ഗെയിമിന്റെ ചിഹ്നം അപ്പു എന്ന ആനയാണ്. ഇന്ത്യയിലെ ചില രാഷ്ട്രീയ കക്ഷികളുടെ ചിഹ്നവും ആനയാണ്. ആനയോടുള്ള പ്രതിപത്തികൊണ്ടു മലയാളത്തിൽ അനവധി സിനിമകളും നമ്മൾ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഗുരുവായൂർ കേശവൻ, ആനയ്‌ക്കൊരുമ്മ, ഗജകേസരിയോഗം, അടിവേരുകൾ, ഗജരാജമന്ത്രം, സമ്മാനം, പട്ടാഭിഷേകം, ആനച്ചന്തം, ആന അലറലോടലറൽ…ഇവയിലൊക്കെ പ്രധാനകഥാപാത്രം ആന തന്നെയാണ്. കൂടാതെ മറ്റനേകം സിനിമകളിലും ആനകൾ പ്രധാനകഥാപാത്രങ്ങളായി വന്നുപോകുന്നു.

അനവധി പഴഞ്ചൊല്ലുകളും ആനകളുമായി ബന്ധപ്പെട്ടുണ്ട്. ‘ആനകൊടുത്താലും ആശകൊടുക്കരുത്’ , ‘ആനക്കാര്യത്തിൽ ചേനക്കാര്യം’, ‘ആനയ്ക്ക് ആനയുടെ വലിപ്പമറിയില്ല’, ‘ആനയ്ക്കും അടി പിഴയ്ക്കും’, ‘ആനയ്‌ക്കെതിരില്ല, ആശയ്ക്കതിരില്ല’, ‘ആനച്ചോറ് കൊലച്ചോറ്‌’, ‘ആനപ്പുറത്തു പോകുകയുംവേണം ആളുകൾ കാണാനുംപാടില്ല’, ‘ആനപ്പുറത്തിരുന്നു ആരാന്റെ വേലി പൊളിക്കരുത്’, ‘ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ല’, ‘ആനയുടെ കയ്യിൽ വടികൊടുക്കരുത്’, ‘ആനവായിൽ അമ്പഴങ്ങ’, ‘ആനയെ പേടിക്കണം ആനപ്പിണ്ടത്തെയും പേടിക്കണോ ?’, ആനയ്ക്ക് പന ചക്കര’ …. ഇത്തരം പഴഞ്ചൊല്ലുകൾ ആനകളുടെ മാഹാത്മ്യത്തെയും ധീരതയെയും മഹത്വത്തെയും വലിപ്പത്തെയും തന്നെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യന് അവയോടുള്ള ഭയഭക്തിബഹുമാനങ്ങളേയും.

ഈ സ്നേഹത്തിന്റെയൊക്കെ മറവിൽ കൊടിയപീഡനം അനുഭവിക്കേണ്ടിവരുന്ന യഥാർത്ഥ ആനകളെ ഇനിയും കാണാതെപോകരുത്. ആനകളെ തടിമില്ലിലും ഉത്സവാഘോഷങ്ങളിലും കൊല്ലാതെകൊല്ലുന്നതിനെതിരെ ശക്തമായ നടപടികൾ ആവശ്യമാണ്. അവർ തലയെടുപ്പോടെ കാടിന്റെ ഹരിതാഭയിൽ സ്വച്ഛന്ദമായി വിഹരിക്കട്ടെ. പരിസ്ഥിതിക്ക് ചെയുന്ന മഹത്തായ സേവനങ്ങൾ തുടരട്ടെ. കാട്ടരുവികളിൽ നീരാടി തിമിർക്കട്ടെ. അവയുടെ അഭിമാനത്തിന്റെ കൊമ്പുകൾ ശില്പങ്ങളാകാനുള്ളതല്ല. വാലിലെ രോമങ്ങൾ മോതിരങ്ങളാകാനുള്ളതല്ല. മനുഷ്യനെപ്പോലെ എല്ലാ അവകാശങ്ങളോടെയും ഭൂമിയിൽ ജീവിക്കാൻ അവർക്കും സാധിക്കണം. ആനപ്പുറത്തിരുന്നില്ലെങ്കിൽ പ്രസാദിക്കാത്ത മൂർത്തികൾ മനുഷ്യന്റെ സങ്കൽപം മാത്രമാണ്. മൃഗങ്ങൾക്കു ദൈവമില്ല. ആന നമ്മുടെ അഹങ്കാരവും അഭിമാനവുമല്ല. അവ സ്വതന്ത്രജീവികളാണ്. കാട്ടുമൃഗങ്ങൾ…

തിടമ്പേറ്റം,കുടമാറ്റം,നൂറുനൂറഭ്യാസമോടെയമരുന്ന വ്യര്‍ത്ഥജന്മം
അദ്രിരാജസമനായി വളര്‍ന്നാലും കുടിലമാം ബുദ്ദിയതില്ല തന്നെ
മൃഗപതീ ശൗര്യമടിയറ വച്ചൊരു ധീരമാം രൂപമിതെന്നോ ശങ്ക ,-
യിനിയെന്റെ കണ്ണുനീര്‍ ഭൂമിയ്ക്കു ഭാരമായേകുവാനില്ല മനുഷ്യന്മാരേ ..