വെറുതെ കിട്ടിയ ഈ ഉപദേശം തള്ളിക്കളയരുതേ
പിന്നീടുള്ള ഉപദേശം മഹിളാജനങ്ങളോടാണ്. നിങ്ങള്‍ കഴിവതും ഒറ്റയ്ക്ക് യാത്ര ചെയ്യുക. പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍. ഒരു പക്ഷേ സര്‍ക്കാറിന്റെ ലക്ഷങ്ങളുടെ ധന സഹായം നിങ്ങളുടെ കുടുംബങ്ങളില്‍ എത്തിയേക്കാം.
95 total views

ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പതിറ്റാണ്ട് പകുതിയായി. കാലം ഏറെ മാറിയിരിക്കുന്നു. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്ന പരസ്യ വാചകത്തിനോടൊപ്പം നാട്ടുകാരുടെയും കാര്യം പറയാതിരുന്നതിന്റെ ഗുട്ടന്‍സ് എനിക്ക് മനസ്സിലായിരുന്നില്ല. ഇപ്പോള്‍ ചിലതൊക്കെ മനസ്സിലായി. ഇനിയും പലതും മനസ്സിലാകാന്‍ കിടക്കുന്നു. എന്റെ കഥയുംകാര്യവും ബ്ലോഗ്ഗിലൂടെ ഒരു ഉപദേശ പെരുമഴ തന്നെ നിങ്ങള്‍ക്ക് വേണ്ടി ഒരുക്കുന്നു.
പ്രകടനം മുദ്രാവാക്യം എന്നിവ പ്രതിഷേധ മാര്‍ഗ്ഗം എന്ന് മനസ്സിലാക്കിയവര്‍ക്ക് തെറ്റി. നമ്മുടെ ഉന്നം, മെയ്വയക്കം, കുതിര ശക്തി, മിനിറ്റില്‍ കൂടുതല്‍ തെറി പറയാനുള്ള ജിഹ്വ ശക്തി എന്നിവ അളക്കാനുള്ള ചെറിയ ഒരു ഏര്‍പ്പാട്. പോലീസ് ലാത്തി വീശുകയാണെങ്കില്‍ ആദ്യം ചോര പൊടിയുന്ന ഭാഗം വച്ചു തടുക്കണം. തലയാണ് അത്യുത്തമം. മൂക്ക്, പല്ല് ചുണ്ട് മുതലായ ഭാഗങ്ങള്‍ ആണെങ്കില്‍ ക്യാമറ ഫോക്കസ് ചെയ്യാന്‍ എളുപ്പം. അലറിക്കരയുന്നതോ, വസ്ത്രം നഷ്ടപ്പെടുന്നതോ ഒരു കുറച്ചിലായി കാണരുത്. പോലീസുകാരന് തോക്ക് എടുത്താല്‍ മാത്രം പോര വെടി വച്ചു എന്നു ഉറപ്പാക്കുക അല്ലെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ ബോറടിച്ചു ക്ലാസ്സില്‍ ഇരുന്നു പഠിക്കേണ്ടി വരും.
ഇരിക്കണമെങ്കില്‍ നിയമസഭയില്‍ മന്ത്രിമാരായി ഇരിക്കണം. മറ്റുള്ളവരുടെ അധികാര ജാഡ കാണാന്‍ വേണ്ടി പഴയ പുലികള്‍ വെറും എമ്മല്ലെമാരായി ഇരിക്കുമ്പോള്‍ വാക്കൌട്ട് അല്ലാതെ ഒരു പോംവഴി ഇല്ല. ഇനി പ്രത്യേകിച്ച് കാരണം ഒന്നും കിട്ടിയില്ലെങ്കില്‍ സീറ്റില്‍ നിന്നു എഴുന്നേറ്റു നില്ക്കാം. പിന്നെ ശാന്തനായി നടന്നു സ്പീക്കറുടെ അടുത്തെത്തി പതുക്കെ ‘താനെവിടുത്തെ സ്പീക്കര്‍ ആണടോ?’ എന്നു ചോദിക്കാം. എന്നിട്ടും ഒന്നും സംഭവിച്ചില്ലെങ്കില്‍ നിയമസഭയ്ക്കുള്ളില്‍ ഇരുന്നു അനുഭവിക്കുക തന്നെ.
മക്കളെ കലാലയങ്ങളില്‍ വിടുന്ന രക്ഷിതാക്കള്‍ അവര്‍ക്കു ലേറ്റസ്റ്റ് മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. ഇപ്പോള്‍ ചിലവാക്കുന്ന ചെറിയ തുക നിങ്ങള്‍ക്ക് സ്ത്രീധനം എന്നപേരില്‍ ഭാവിയില്‍ ചിലവാക്കേണ്ടി വരുന്ന വന്‍ തുകയില്‍ നിന്നും നിങ്ങളെ രക്ഷിച്ചെടുക്കും. അനാവശ്യമായി കാന്റീനിലും സിനിമ തിയറ്ററുകളിലും അലഞ്ഞു തിരിയുന്ന നിങ്ങളുടെ ആണ് കുളന്തകള്ക്ക് ബ്ലുടൂത്തും, എസ് എം എസും ചെറിയ ജോലി തിരക്കല്ല നല്‍കുന്നത്. ഒരു ഐപാടുകൂടി വാങ്ങി നല്കിയാല് അവരുടെ വീട്ടിലെ ശല്യവും കുറഞ്ഞു കിട്ടും.
പിന്നീടുള്ള ഉപദേശം മഹിളാജനങ്ങളോടാണ്. നിങ്ങള്‍ കഴിവതും ഒറ്റയ്ക്ക് യാത്ര ചെയ്യുക. പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍. ഒരു പക്ഷേ സര്‍ക്കാറിന്റെ ലക്ഷങ്ങളുടെ ധന സഹായം നിങ്ങളുടെ കുടുംബങ്ങളില്‍ എത്തിയേക്കാം. മനസ്സിലാകാത്തവര്‍ ഉണ്ടെങ്കില്‍ രാത്രികാലങ്ങളില്‍ ട്രെയിനില്‍ യാത്ര ചെയ്തു നോക്കട്ടെ. ഇനി ആണ്‍പ്രജകള്‍ ആണെങ്കില്‍ യാത്രയില്‍ ആവശ്യത്തിന് കാശ് കരുതുക. അടുത്തിരിക്കുന്ന ആരുടെയെങ്കിലും പോക്കറ്റടി നടന്നിട്ടുണ്ടെങ്കില്‍ നമ്മുടെ കയ്യിലുള്ള പൈസ കൊടുത്തു നമ്മുടെ ജീവന് രക്ഷപ്പെടുത്താം.
മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ കഴിവതും ഡോക്ടര്മാരാക്കുവാന് ശ്രമിക്കുക. ഇനി അവര്‍ പഠനത്തിന് അലസത കാട്ടുന്നുണ്ടെങ്കില്‍ കേരളത്തിലെ മികച്ച പകര്‍ച്ചവ്യാധികളുടെ പേരുകള്‍ പഠന മുറികളില്‍ ഒട്ടിച്ചു അവകളുടെ സീസണുകളിലെ ചാകര സ്വപ്നം കണ്ടു പഠനത്തില്‍ ഉത്സുകത കാട്ടാന്‍ പ്രേരിപ്പിക്കുക.
ഏതെങ്കിലും ബിസിനസ് ചെയ്യാനാണ് ഉദ്ദേശമെങ്കില്‍ മെഡിക്കല്‍ സ്റ്റോര്‍ തന്നെ തുടങ്ങുക. നമുക്ക് ഇഷ്ടമുള്ള വിലക്ക് വില്ക്കാമെന്നു മാത്രമല്ല അത് വാങ്ങി പോയവര്‍ തിരിച്ചു വന്നു ഒരു പ്രശ്നം സൃഷ്ടിക്കും എന്ന പേടിയും വേണ്ടാ. എന്നിട്ടും ആയുര്‍ദൈര്‍ഘ്യം ഉള്ളവന് ആണെങ്കില്‍ ഒറിജിനല്‍ മരുന്നു കൂട്ടത്തില്‍ തിരുകിയ മെഡിക്കല്‍ റപ്പിന്റെ തന്തക്ക് വിളിക്കാം.
യുവജനങ്ങള്‍ ഫേസ്ബുക്ക് ഒരാഴ്ചത്തേക്ക് തുറക്കാതിരിക്കുക. രണ്ടു ദിവസത്തിനകം ബി പി 150 കടക്കും. ഒരാഴ്ച പിന്നിടുമ്പോഴേക്കും 200 എത്തിയിട്ടുണ്ടാകും. അപ്പോള്‍ നമ്മള് കഴിക്കുന്ന ഗുളികയുടെ അതേ എഫക്റ്റ് ആണ് നമ്മുടെ നിത്യേനെയുള്ള ഫേസ്ബുക്ക് അഭ്യാസം എന്നു മനസ്സിലാക്കി, നമ്മളെ ഒരു മഹാ വ്യാധിക്കാരന് ആക്കിയ മുഴുവന്‍ ക്രെഡിറ്റും മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നല്കി ഡോസ് തെറ്റിക്കാതിരിക്കുക.
ഇനി ബ്ലോഗ്ഗര്‍മാരുടെ കാര്യം പറയുകയാണെങ്കില്‍ കഥ എഴുതുന്നവര്‍ കവിതയിലേക്കും, കവിത എഴുതുന്നവര്‍ കഥയിലേക്കും ലേഖനത്തിലേക്കും ആക്ഷേപഹാസ്യത്തിലേക്കും ചുവടു മാറ്റുക,കാരണം വല്ലവന്റെയും അടികൊണ്ടു എഴുത്ത് നിര്ത്തുമ്മുമ്പ് ചെയ്യാന്‍ പറ്റുന്ന പരമാവധി അലമ്പു കാണിച്ചു എന്ന ചാരിതാര്‍ത്ഥ്യം ഉണ്ടാകുമല്ലോ.
ഒട്ടേറെ ഉപദേശങ്ങള്‍ ബാക്കി നില്കുന്നുണ്ടെങ്കിലും ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ ഒരു ‘above average’ കേരളീയന് ആകുമെന്ന് ഞാന്‍ ഉറപ്പു നല്കുന്നു. സംശയങ്ങള്‍ക്കുള്ള മറുപടി തീര്‍ത്തും സൗജന്യം ആയിരിക്കും. അയക്കേണ്ട വിലാസം ‘ലുലു സൈന്യി’, ‘ഇങ്ങനയും ഒരു ജന്മം’, ‘കഥയും കാര്യവും പോസ്റ്റ്’, ‘കേരളം’ എന്ന തപാല്‍ വിലാസത്തില്‍ ബന്ധപ്പെടുക!
96 total views, 1 views today
